(അണിമ എസ് നായർ )

ശേഖരൻ നായർ പത്രമെടുക്കാനായി രാവിലെ മുറ്റത്തിറങ്ങിയതാണ്. അപ്രതീക്ഷിതമായി നെറ്റിയിലേക്ക് അടർന്നുവീണ ഒരു മഴത്തുള്ളി... അയാൾക്കു ചിരി വന്നു. അതു കണ്ണിലേക്കു ചാലിട്ടപ്പോൾ വല്ലാത്തൊരു സുഖാനുഭൂതി. മഴ വീണ്ടും തിമർത്തു പെയ്യാനുള്ള പുറപ്പാടിൽത്തന്നെയാണ്...

എല്ലാം ഒന്നിൽ നിന്ന് അടർന്നൊഴുകി ഒന്നിൽ എത്തിച്ചേരുമ്പോൾ, മഴനീരിനൊപ്പം അലിഞ്ഞിറങ്ങുവാൻ വെമ്പൽ കൊള്ളുന്ന എന്റെ മിഴിനീരും കടലിലേക്കാകുമോ ഒടുവിൽ എത്തിച്ചേരുക...! 
കടലോളം ചിന്തകൾക്ക് വഴിവയ്ക്കാതെ പത്രവുമെടുത്ത് ശേഖരൻ നായർ വീടിനകത്തേയ്ക്ക് നടന്നു. ഗ്ലാസ്സിൽ ഒഴിച്ചുവച്ച ചായ കുടിക്കുവാനുള്ള തുടക്കത്തിലായിരുന്നുവല്ലോ, പത്രക്കാരന്റെ സൈക്കിൾ ബെൽ കേട്ടത്.

ചായയും പത്രവുമായി കോലായിലെ ചാരുകസേരയിൽ വന്നിരുന്ന അയാൾ, പത്രത്താളുകൾ വളരെ വേഗം മറിച്ചു. ഏതോ ഒന്നിൽ കണ്ണുടക്കി. ചുണ്ടുകൾ തമ്മിൽ കോർത്തു.  ആ താള് നെഞ്ചോട് ചേർത്ത് വിങ്ങിപ്പൊട്ടി. സുലേഖ, എന്റെ സുലേഖ...!

മകന്റെ വരവിൽ അവൾ ഏറെ സന്തോഷിച്ചിരുന്നു. പലതരം അച്ചാറുകളും, എണ്ണപ്പലഹാരങ്ങളും ഒരുക്കി. സദ്യയ്ക്കുള്ള വാഴയില വരെ മുറിഞ്ഞു. വെളുപ്പിനെ നാലരയ്ക്ക് എയർപോർട്ടിൽ എത്തണം എന്നാണ് അവൻ വിളിച്ചപ്പോൾ പറഞ്ഞത്. അവനെ കൂട്ടാൻ പോകും നേരം  നാലാമത്തെ സാരിയിലും അവൾ  സംതൃപ്തയായിരുന്നില്ല.
'ഇനിയിപ്പോൾ ഇത് മതി'. 
സമയം വൈകി എന്ന് പറഞ്ഞ് കാറിന്റെ മുൻ സീറ്റിൽ കയറിയ അവളുടെ മുഖം, മകനെ കാണുന്നതിലുള്ള സന്തോഷത്തിലപ്പുറം, പക്വതയില്ലാത്ത അവന്റെ  പിണക്ക കാലവുമെല്ലാം ഓർത്തിട്ടാകണം കണ്ണിൽ അല്പം നനവ് പടർന്നിരുന്നു. അവളുടെ കണ്ണ് കലങ്ങിയാൽ പൊടിയുന്നത് എന്റെ നെഞ്ചാണ്. ഞാൻ ഒന്നും ചോദിച്ചില്ല.
'ഇനിയും താമസമുണ്ടോ,  പോകരുതോ'?. 
'മം.. പോകാം...'
വണ്ടി മെല്ലെ മുന്നോട്ട് നീങ്ങി.

അവളെ മുൻപ് ഒരിക്കലും ഇത്രയും അസ്വസ്ഥയായി ഞാൻ കണ്ടിട്ടില്ല. വേഗത്തെ കോപം കൊണ്ട് അടക്കാൻ അവൾക്കേ കഴിഞ്ഞിട്ടുള്ളൂ. എന്നാലോ, വളരെ വേഗം  വിടാത്തതിലായി എന്നോട് വഴക്ക്. ഞാൻ വണ്ടി ചവിട്ടി വിട്ടു. റോഡിന്റെ വശത്ത്  പൈപ്പ് പൊട്ടി കിടന്നിരുന്നതിനാൽ അതിന്റെ പണികൾക്കായുള്ള പൈപ്പുകൾ റോഡിൽ നിരത്തിയിട്ടിരുന്നു. അല്പം ദൂരത്തു നിന്നു തന്നെ ഞാൻ അത് കണ്ടുവെങ്കിലും, അടുത്തെത്തിയപ്പോൾ വളയം നിയന്ത്രിച്ചത് എന്റെ കൈകൾ ആയിരുന്നില്ല. വണ്ടി നേരെ കമ്പികളിൽ ഇടിച്ച്, നാലു മലക്കം മറിഞ്ഞ് നേരെ ഇല്ലിക്കൽ ആറിന്റെ ആഴങ്ങളിലേയ്ക്ക് വീണു. ഞാൻ അപ്പോൾ അവളെ ഒരു മിന്നായം കണക്കെ കണ്ടിരുന്നു. അവൾ കണ്ണുകൾ മുറുകെ അടച്ചിരിക്കുന്നു. പിന്നെ ഒന്നും ഓർമയില്ല...

ചായയുടെ ചൂട് മാറിത്തുടങ്ങി. ഒരു കവിൾ കുടിച്ച് ഗ്ലാസ്സ് മേശമേൽ വച്ചു. 

'ഓരോരോ ശീലങ്ങളെ, മഴ അല്പം ഒന്ന് തോർന്നിട്ടേയുള്ളൂ. ബാബുവും രമേശും നടക്കുവാൻ പോകുന്നതാകും. അവരുടെ  ഉച്ചത്തിലുള്ള വർത്തമാനം മതിയാകുമല്ലോ കൊഴുപ്പ് ഇറങ്ങാൻ.'
'തിരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുന്നുവെന്നാണ് വാർത്തയിൽ. ശരീരം ഇതുവരെ കിട്ടിയിട്ടില്ല. അടിയൊഴുക്ക് ഉണ്ടാകും. ഓരോരോ കാര്യങ്ങളേ...' 
പത്രത്തിലെ ഫോട്ടോയിൽ അവൾക്കൊപ്പം ചേർന്നു നിൽക്കുന്ന എന്നെ കണ്ടാൽ ഏറിയാൽ ഒരു മുപ്പത്തിയൊൻപത് വയസ്സ്. കൂടില്ല. സൗന്ദര്യത്തിലും കുറവില്ല. അതായിരിക്കുമല്ലോ എനിക്കവളെ കിട്ടിയതും....'
ചൂട് മാറിയ ചായയ്‌ക്കരികിൽ  മാറോടണച്ച പത്രവുമായി ശേഖരൻ നായർ ശയ്യയിലേയ്ക്ക് വീണു. മഴ വീണ്ടും കരുത്താർജ്ജിച്ചു തുടങ്ങിയിരുന്നു...!
 
✍️അണിമ എസ് നായർ

കൂടുതൽ വായനയ്ക്ക്