(ഷൈലാ ബാബു)
 
ജീവിതയാത്രയാം നർത്തനവേദിയിൽ,
വേഷങ്ങളാടിത്തകർത്തിടുന്നു.

സ്വരങ്ങളിൻ താളത്തിൽ പാദങ്ങളിളകുന്നു,
മിന്നുന്നു വദനത്തിൽ ഭാവങ്ങളും.
കുഞ്ഞായിരുന്നവൾ,കുഞ്ഞേച്ചിയായ് മാറി,
ചേച്ചിതന്നനിയത്തിക്കുട്ടിയായി!

വാത്സല്യപുത്രിയായ് സ്വപ്നങ്ങൾനെയ്തവൾ,
ഐശ്വര്യ ദേവിയാം ലക്ഷ്മിയായി!

ജീവനിൽ പാതിയാം പതിവ്രത പത്നിയായ്
നിർമല രാഗത്തിൻ പര്യായമായ്!

സ്നേഹം തുളുമ്പിടും മരുമകളായവൾ,
ചേട്ടത്തിയമ്മയായ് വിനയമായി!

തോഴിയായുറ്റവൾ നാത്തൂനായ് സ്വയം,
കമ്പികൾ പൊട്ടാത്ത വീണയായി.!

അമ്മിഞ്ഞപ്പാലേകുമമ്മയായ് ജീവനായ്,
മാലാഖക്കുഞ്ഞുങ്ങൾ സ്വർഗമായി!

അദൃശ്യമാം ചൈതന്യശക്തിയാ-
ലവളെന്നുമനുദിന രംഗങ്ങൾ ധന്യമാക്കി!

മുള്ളാൽമുറിഞ്ഞിടും ഹൃത്തടമൊക്കെയും,
മൂടുന്നു പുഞ്ചിരിപ്പൂക്കളാലെ!

വേഷങ്ങൾ പലതരം മാറിയണിയുന്നു,
വേദികൾ വിസ്മയമാക്കിടുന്നു!

അവസാനരംഗത്തിൽ മുത്തശ്ശിയായവ-
ളേവർക്കും ഭാരമാം രോഗിണിയായ്!

ഒരുനാളിലമ്മയാമുർവിയെപ്പുൽകവേ,
ഓർമയായ് മറയുന്നു ഭൂതലത്തിൽ!