(O.F.Pailly)

തടവറയിലെന്നേകാന്ത ദുഃഖങ്ങളിൽ,
കുളിർതെന്നലായ് നീയൊഴുകിവന്നു.
തളരുന്നകരങ്ങളിൽ ശക്തിയേകി,
താഴുകൾമെല്ലെ തുറന്നുതന്നു.
നിത്യസ്മരണയായ് തീർന്നുവെന്നിൽ നീ,
നിതാന്തമാം നിൻ സ്നേഹവായ്പിൽ.

തെളിനീരണിഞ്ഞ ജലാശയത്തിൻ,
അരികിലേക്കെന്നെ നീയാനയിച്ചു.
ആത്മാവിൻ ദാഹം ശമിപ്പിച്ചു നീ,
അന്ധകാരങ്ങളകറ്റിയെന്നിൽ.
അകലുന്നു ദുഃഖത്തിനാവരണം 
നിൻ കാരുണ്യമെന്നിൽ നിറഞ്ഞിടുമ്പോൾ.

ലോകമോഹങ്ങൾതൻ തടവറയിൽ,
അറിയാതെ ഞാനകപ്പെട്ടുപോയ്.
അപരാധബോധത്താൽ തളർന്നയെൻ്റെ,
അകതാരിൽ വന്നു നീ വിളിച്ചു.
അവിവേകമെല്ലാം പൊറുത്തീടണേ,
അവനിയിൽ ശാന്തിവിതച്ചീടണേ.

കൂടുതൽ വായനയ്ക്ക്