പ്രിയ തോമസ്..

നീണ്ട മുപ്പത്തിയെട്ട് വർഷങ്ങൾക്കു ശേഷം പഴയ സതീർത്ഥ്യൻ തോമസിൻ്റെ ഫോൺ കാൾ എന്നെ വീണ്ടും പഴകാലത്തിലേക്കെത്തിച്ചു. ശരിക്കും എൻ്റെ കണ്ണു നിറഞ്ഞു പോയി.

നമ്മുടെയെല്ലാം ഓര്‍മ്മകളുടെ ആരംഭം തന്നെ പള്ളിക്കൂടമുറ്റത്തല്ലേ? വലിയ മൈതാനവും അങ്ങിങ്ങായ് പുഷ്പവൃഷ്ടി നടത്തുന്ന പൂത്തുലഞ്ഞ പൂവാകകളും. ഓടിട്ട സ്കൂളിലെ മരത്തിന്റെ ബഞ്ചും ഡസ്ക്കും. ഡസ്ക്കിൽ കോറിയിട്ട ചിത്രങ്ങളും പ്രിയമുള്ളവരുടെ പേരുകളും.

കൂട്ടുകാർ തരുന്ന സ്നേഹോപഹാരങ്ങൾ മഷിത്തണ്ട്, ചായപ്പെൻസിൽ, തീപ്പെട്ടിപ്പടം , വളപ്പൊട്ട്, മയിൽ പീലി, നെല്ലിക്ക, പേരയ്ക്ക, ചാമ്പങ്ങ, പലയിനം പൂക്കൾ. അതിൽ പ്രധാനം ഇലഞ്ഞിപ്പൂക്കൾ വാഴനാരിൽ കോർത്ത മാലയാണ്. 

ഇത്തിരി സമയം കിട്ടിയാലുടൻ കൊത്തങ്കല്ല് കളി, സാറ്റ് കളി, അക്കുകളി, പാമ്പും കോണിയും, പറഞ്ഞാൽ തീരില്ല.

മറവിയുടെ മടിത്തട്ടിൽ നിന്നും ഓർത്തെടുക്കാൻ ശ്രമിയ്ക്കുമ്പോൾ, ഒരുപാട് നഷ്ടബോധത്തോടെ മാത്രം ഓർ‌മ്മയിൽ‌ തെളിയുന്ന ഒരു കാലമാണ് അത്. ഉത്തരവാദിത്വങ്ങളുടെയോ, ആകുലതയുടേയോ അമിതഭാരമില്ലാതെ കളിയും ചിരിയും പേരിനു പഠിപ്പുമായി ബാല്യം ആസ്വദിച്ച കാലം. മഷിത്തണ്ടും, മയിൽപീലിയും, പെൻ‌സിൽ തുണ്ടുകളും നൽകി സൗഹൃദങ്ങൾ‌ സമ്പാദിച്ചിരുന്ന കാലം.
ജാതി-മത, ആൺ-പെൺ വിവേചനങ്ങളില്ലാതെ നല്ല സൗഹൃദങ്ങൾ‌ മാത്രം എല്ലാവരും മനസ്സിൽ സൂക്ഷിച്ചിരുന്ന കാലം. സുഹൃത്തിന്റെ കയ്യിൽ‌ വീഴുന്ന ചൂരൽ കഷായം കണ്ട് അവന്റെ വേദനയിൽ പങ്കു ചേർന്ന് സ്വന്തം കണ്ണു നിറച്ചിരുന്ന കാലം. പാഠപുസ്തകത്തിന്റെ താളുകളിൽ മയില്‍പ്പീലി തണ്ട് സൂക്ഷിച്ച് അത് പെറ്റു പെരുകുമെന്ന് വിശ്വസിച്ച് പ്രാർ‌ത്ഥിച്ചു നടന്ന കാലം.

എഴുതിയ ഞാൻ പോലും മറന്നു പോയ എൻ്റെ കവിതയുടെ ഒരു വരി പോലും മറക്കാതെ ഇന്നും ഓർമ്മയിൽ സൂക്ഷിച്ചതിനും അത് ഇമ്പമായി പാടിതന്നതിനും ഒരു പാടു നന്ദിയുണ്ട്. കേട്ടു കഴിഞ്ഞപ്പോള്‍ ഒത്തിരി സുഖമുള്ള ഒരു ഫീലിങ്ങായിരുന്നു മനസ്സില്‍. എന്തൊരു തെളിമയോടെ ബാല്യകാലത്തെ ഓര്‍ത്തു വച്ചിരിക്കുന്നു. എന്റെ മനസ്സിലെ ഓര്‍മ്മകളൊന്നും ഇത്ര വ്യക്തമല്ല. പോരാത്തതിന് വർഷങ്ങൾ ഏറെ കൊഴിഞ്ഞു പോയതു കൊണ്ട് ആകപ്പാടെ കുഴഞ്ഞുമറിഞ്ഞ കുറെ ചിത്രങ്ങളാണ് മനസ്സിലുള്ളത്.

ഒന്നാം ക്ലാസിലെ ക്ലാസ് ടീച്ചര്‍ വേറോനിക്ക ടീച്ചറും, ചാക്കോസാറും, എന്തെഴുതിയാലും പ്രോൽസാഹിപ്പിക്കുന്ന മലയാള അധ്യാപകൻ ശശീന്ദ്രൻ മാഷും, ഡ്രോയിംഗ് മാഷും എന്നും എൻ്റെ ഓർമ്മകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഞാൻ വരച്ച ചിത്രങ്ങൾ എല്ലാവരുടേയും മുൻപിൽ ഡ്രോയിംഗ് മാഷ് ഉയർത്തിക്കാട്ടിയപ്പോൾ സന്തോഷത്തോടെ അതിലേറെ അഭിമാനത്തോടെ നിന്ന രംഗം ഇന്നലെ എന്നപോലെ ഓര്‍ക്കുന്നുണ്ട്. പിന്നെ സ്ക്കൂളിൽ ഉണ്ടാക്കുന്ന ഉപ്പുമാവിന്റെ മണവും രുചിയും. അത് വാങ്ങിക്കഴിക്കരുതെന്ന് വീട്ടില്‍ നിന്ന് വിലക്കുണ്ടെങ്കിലും കൂട്ടുകാരികള്‍ ആരെങ്കിലും തരുന്നത് വാങ്ങി കഴിക്കും.

ജൂൺ മാസത്തിലെ മഴയിൽ കുളിച്ച് (കുടയുണ്ടെങ്കിലും) ഈറനോടെയാവും ക്ലാസിൽ എത്തുക .ബാല്യത്തിലെ ഓര്‍മ്മകള്‍ക്ക് ഇന്നും കുളിരാണ്.

ഓർമ്മകളിൽ ഒരു നഷ്ടബാല്യത്തിന്റെ മഴ പെയ്യുന്നു.
ഒരു പാട് സ്നേഹത്തോടെ ആ പഴയ ചങ്ങാതി.

മോളി.

കൂടുതൽ വായനയ്ക്ക്