അവസാനം നീയൊരു
കവിതയെഴുതും.....
ഉള്ളു നീറി,
ഹൃദയം പുറത്തെടുത്ത്
രക്തത്തിൽ ചാലിച്ച
വരികളാൽ നീയവയ്ക്ക്
ജീവൻ നൽകും...

നീയും ഞാനുമായി
പിറവിയെടുത്ത്
നമ്മളായി ഒടുങ്ങാൻ
കൊതിച്ച ഇരുആത്മക്കളുടെ
ആശകൾ ചേർത്തുകൊണ്ട്
നിന്റെ തൂലിക
അവയെ നിറയ്ക്കും...

പിന്നിൽ നിന്നാക്കരം
പിടിച്ചൊന്നു നെഞ്ചോടണച്ച്
പറയാൻ കൊരുത്തിട്ട
വാക്കുകളും
തൊണ്ടയിൽ നിന്നാരോ
കൊത്തി വലിക്കും...

വീണ്ടുമൊരു പിൻവിളിക്കായ്
നിന്റെ നാവൊന്നു പിടയും.
രക്തം വറ്റിയ ഹൃദയത്തിൽ
നിന്നെയും ചേർത്തുകൊണ്ട്
ആറടി മണ്ണിനടിയിൽ
ഞാനന്ന് നിദ്രയിൽ
ആണ്ടിട്ടുണ്ടാവും...

പിന്നൊരിക്കൽ
എന്റെ മീസാനരികിൽ
നീ വരും.....

പാടാൻ ബാക്കിവെച്ച
ഈണങ്ങളന്ന് നീ
ഓർത്തെടുത്ത് മൂളും...

അടിത്തട്ടുകളിൽ നിന്നും
ആഴത്തിൽ
സ്പർശിച്ചു കൊണ്ട്
ഒരിറ്റു കണ്ണുനീർ
നിന്റെ മിഴികളിൽ നിന്നും
എന്റെ മണ്ണിലേക്ക്
ഇറ്റ് വീഴും
അത്രമാത്രം...

അത്രമാത്രം മതിയാവും
നിന്റെ സാനിധ്യം
ഞാനൊന്നറിയാൻ....

അത്രമേലാഴത്തിലറിഞ്ഞ
ഇരു ഹൃദയങ്ങളുടെ
ഒന്ന് ചേരൽ
മണ്ണും വിണ്ണുമന്നു കൊതിക്കും...

അവസാന തുള്ളിയോടൊപ്പം
ഇറ്റു വീണ
ആ ഒറ്റവരി കവിത
നീയെനിക്കായ് നൽകും...

അകലുന്ന നിൻ
ചവിട്ടടികൾ ശ്രവിച്ച്
ഞാനുമുറങ്ങും...

ഇനിയുമൊരിക്കൽ കൂടി
നിൻ വരവും കാത്ത്....!

കൂടുതൽ വായനയ്ക്ക്