ആദ്യമായ് മദ്രസ്സയിൽ പോകുന്ന കുട്ടിയുടെ വിഭ്രാന്തി എനിക്കും അനുഭവപ്പെട്ടിരുന്നു. പുതിയ പാന്റും കുപ്പായവും ധരിച് ഉപ്പയുടെ കയ്യും പിടിച്ച് മദ്രസ്സയിൽ വന്നുകൊണ്ടിരിക്കുന്നപുതിയ വിദ്യാർത്ഥികളിൽ

ഒരുവനായി ഞാനും അയൽവാസിയും പള്ളിസെക്രട്ടറിയുമായ ഹാജിയാരുടെ കയ്യും പിടിച്ച് മദ്രസയുടെ പടിവാതിൽ ചവിട്ടി. പഴയകുട്ടികൾ പ്രവേശനോത്സവത്തിന്റെ ഉത്സാഹത്തിൽ ശബ്ദിക്കുന്നു. അതിനിടയിൽ എന്തുചെയ്യണമെന്നറിയാത്ത ഒരുപറ്റം പുതിയ കൂട്ടുകാരിൽ പാന്റിന്റെ കീശയിൽ കയ്യിട്ട് പുളിങ്ങാചിരിയുമായി ഞാനും നിന്നു. പ്രവേശനോത്സവം കയിഞ്ഞ് മിഠായിയുമായി വീട്ടിലേക്ക് ഒറ്റ ഓട്ടമായിരുന്നു. മദ്രസയുടെ തൊട്ടപിറകിൽ തന്നെ വീട്. അതുകൊണ്ട് തന്നെ മദ്രസയിൽ പോകുന്നതും വരുന്നതും ഒറ്റക്ക് തന്നെ. ഒന്നാം ക്ലാസ്സിലെ ക്ലാസ്സ് ഉസ്താദ് ഖാദർ ഉസ്താദ് ആയിരുന്നു. ഉമ്മ വീട്ടിൽനിന്ന് രാവിലെ പണിക്ക് പോകും. ഞാൻ രാവിലെ ചായയും കുടിച് പുസ്തകം എടുത്ത് മദ്രസയിൽ പോയി തിരിച്ചു വരുമ്പോൾ പൂമുഖത്ത് തൂക്കുപാത്രത്തിൽ ചായയും ടിഫിൻ ബോക്സിൽ കറിയും അപ്പവും ഉണ്ടാവും. വീട് ശൂന്യവും. അതും കയിച് നേരെ ബാഗുമെടുത്ത് സ്കൂൾ ബസ് കാത്തിരിക്കും. സ്കൂളിൽ നിന്ന് വൈകുന്നേരം വന്നാൽ ബാഗ് ഉമ്മറത്തുവെച്ച് നേരെ ഗ്രൗണ്ടിലേക്ക് വെച്ചുപിടിക്കും. കളികയിഞ്ഞുവിയർത്തു വരുമ്പോയേക്കും ഉമ്മ എത്തിയിരിക്കും. പിന്നെ ഉമ്മ പിടിച്ച് കുളിപ്പിച്ച് വീട്ടിൽ കയറ്റും ഇതാണ് എന്റെ ഒരുദിവസം. അങ്ങനെയിരിക്കെ ഒരു ദിവസം ഇന്നലെ പഠിപ്പിച്ച അക്ഷരങ്ങൾ ഖാദർ ഉസ്താദ് എല്ലാവരോടും ചോദിച്ചു. എല്ലാവരും പറഞ്ഞുകൊടുത്തു. എനിക്കും വേറെ ഒരുത്തനും കിട്ടിയില്ല. ഉസ്താദ് വിട്ടില്ല . പൊതിരെ തല്ലി. രണ്ടാൾക്കും നല്ലവണ്ണം തുടക്ക് കിട്ടി. കരച്ചിലായി പിടിച്ചിലായി....... പിന്നെ ഒരുദിവസം പോലും പഠിക്കാതെ വന്നിട്ടില്ല. അന്നുമുതൽ ഞാൻ തന്നെയായി ക്ലാസ്സിൽ ഒന്നാമൻ എന്നും. അന്ന് വൈകുന്നേരം ഉമ്മ കുളിപ്പിക്കുമ്പോൾ തുടയിലെ ചുവന്നസീബ്രലൈൻ കണ്ട് ഉമ്മ ചോദിച്ചു. 'ആരാടാ അന്നെ ഇങ്ങനെ അടിച്ചത്.' ഞാൻ പറഞ്ഞു 'ഞാൻ പഠിക്കാഞ്ഞിട്ട് ഉസ്താദ് അടിച്ചതാണ്. ഞാൻ പഠിക്കാഞ്ഞിട്ടല്ലേ '. ചെറിയ പ്രായത്തിൽ ഇമ്മാതിരി അടി അടിച്ചതിന്റെ ഗൗരവത്തിലെ ഉമ്മാന്റെ ചോദ്യം എന്റെ നിഷ്കളങ്കമായ ഈ ഉത്തരത്തിൽ അലിഞ്ഞില്ലാതെയായി. 

ഖാദർ ഉസ്താദിനെ ഞാൻ ഇന്നും ആ ഒരടിയുടെ കാരണം കൊണ്ട് ഓർക്കുന്നു. ആ അടി തന്നെയാണ് പിന്നെയുള്ള ക്ലാസ്സുകളിൽ അടിതെറ്റാതെ നടത്തിയതും വളർത്തിയതും എന്ന് ഇടയ്ക്കിടെ ഓർമകളിൽ തികട്ടിവരും. 

അതിന് ശേഷം മൂന്ന് നാല് ക്ലാസ്സുകളിൽ എന്നെ പഠിപ്പിച്ചത് സൈദലവി ഉസ്താദാണ്. ഉസ്താദും എന്നെ പഠഭാഗത്തിന് പുറമെ ജീവിതവും പഠിപ്പിച്ച അദ്ധ്യാപകനായിരുന്നു എന്ന് എനിക്കിന്ന് മനസ്സിലാകുന്നു. ഖാദർ ഉസ്താദിന്റെ അടികിട്ടിയമുതൽ എന്നും ക്ലാസ്സിലെ ഒന്നാമൻ ഞാൻ ആയിരുന്നു. ആ ഒരു പരിഗണയും ഉപ്പ ഇല്ലാത്ത കുട്ടി എന്നഒരു പരിഗണനയും എനിക്ക് സൈദലവി ഉസ്താദ് തന്നിരുന്നു. മറ്റുള്ളകുട്ടികളെക്കാൾ ശ്രെദ്ധ എന്റെ കാര്യത്തിൽ ഉസ്താദിന് ഉണ്ടായിരുന്നു. ഉസ്താദ് തൊട്ടടുത്ത മഹല്ലിലെ ഖാളിയായിരുന്നു. ഞങ്ങളുടെ മദ്രസയിൽ പഠിപ്പിക്കുന്നുമുണ്ട്. ക്ലാസ്സ് കഴിഞ്ഞാൽ ഉസ്താദ് മഹല്ലിലേക്ക് പോകും. അങ്ങനെ കാലം കയിഞ്ഞ് പോകുന്നസമയത്താണ് സ്കൂൾ അവധി വരുന്നത് . ആ സമയത്ത് ഉമ്മാക്ക് പണി ഉസ്താദിന്റെ മഹല്ലിൽ ആയിരുന്നു. അപ്പോൾ ഞാൻ മദ്രസ വിട്ടാൽ വീട്ടിൽ അടങ്ങിയിരിക്കില്ലെന്ന ഉറപ്പും പേടിയും കാരണം ഉമ്മ ഉസ്താദിനോട് പറഞ്ഞു 'ഉസ്താദേ.. ക്ലാസ്സ് കയിഞ്ഞ് നിങ്ങൾ നിങ്ങളെ മഹല്ലിലേക്ക് വരുമ്പോൾ ഇവനെയും കൊണ്ട് വരുമോ എനിക്ക് അവിടെയാണ് പണി '. ഉസ്താദ് സമ്മദം പറഞ്ഞു. അങ്ങനെ മദ്രസ വിടുമ്പോൾ ഉസ്താദ് എന്നെ വിളിച് പറയും വീട്ടിൽ പോയി ചായ കുടിച് പള്ളിയിലേക്ക് വാ. ഞാൻ അവിടെ ഉണ്ടാവും.'

ഞാൻ തലയാട്ടി വീട്ടിൽ പോയി ഉമ്മ എടുത്തുവെച്ച ചായ കുടിച് വേഗം പള്ളിയിൽ പോകും. അപ്പോൾ ഉസ്താദുമാർ ചായ കുടിക്കുകയായിരിക്കും. വാ ചായകുടിക്കാം എന്ന് പറഞ് അവരെന്നെ ക്ഷണിക്കും . ഞാൻ ചിരിച്ചുകൊണ്ട് വേണ്ടെന്ന് നിരസിക്കും. അവരുടെ ചായ കുടി കഴിയുന്നത് വരെ പള്ളിയിൽ ചുറ്റിയടിക്കും. ഓരോ മുക്കും മൂലയും പരിശോധിക്കും. ഓരോ സാധനങ്ങൾ എടുത്ത് ഇതെന്താ ഉസ്താദേ ന്നും ചോദിച് ഉസ്താദുമാരെ ചൊടിപ്പിക്കും. അവർക്കതൊക്കെ ഹരമായിരുന്നെന്ന് ആ വികൃതി പയ്യൻ ഇന്ന് ഓർക്കുന്നു. ചായകുടിക്കഴിഞ്ഞാൽ ഉസ്താദ് എന്നേം കൊണ്ട് നടക്കും. കാലൊടിയൻ കുന്നെന്ന ഒരു കുന്ന് കയറി ഇറങ്ങിയാണ് ഉസ്താദ് മദ്രസയിൽ വരാറും പോവാറും. ഞങ്ങൾ കളി തമാശകൾ പറഞ് കുന്ന് കയറി ഇറങ്ങും. എന്നെ ഉമ്മാന്റെ അടുത്താക്കി ഉസ്താദ് പള്ളിയിൽ പോകും. ഇത് ഒരു പതിവായി. അങ്ങനെ ഒരു ദിവസം ഞങ്ങൾ കുന്ന് കയറുമ്പോൾ വഴിയിൽ കെട്ടിയ ഒരു എരുമ ഞങ്ങളുടെ നേരെ വന്നു. റബ്ബറിന് ഉണ്ടാക്കിവെച്ച പ്ലൈറ്റൊറത്തിലൂടെ ഞാനും ഉസ്താദും കയറി ഓടുന്നതിനിടയിൽ ഞാൻ വീണതും ഉസ്താദ് എഴുന്നേൽപ്പിച് മൂട്ടിലെ പൊടിതട്ടിത്തന്നതും ഇന്നും ഞാൻ സ്നേഹത്തോടെ ഓർക്കുന്നു. ഉസ്താദ് ആണ് എന്റെ ജീവിതത്തിലെ പ്രിയപ്പെട്ട അദ്ധ്യാപകൻ.ഉസ്താദ് കൈ പിടിച്ച് കയറി ഇറങ്ങിയത് കുന്നല്ലായിരുന്നു. ജീവിതത്തിലേക്കായിരുന്നു.  

സ്കൂളിന്റെ കാര്യം എടുത്ത് പറയുകയാണെങ്കിൽ എൽ പി സ്കൂളിലും എനിക്ക് നേരത്തെ പറഞ്ഞ രണ്ട് പരിഗണനകൾ കിട്ടിയിരുന്നു. നാലാം ക്ലാസ്സ് വരെ ഞാൻ സൈലന്റ് ആയിരുന്നെങ്കിൽ നാലിൽ ഞാൻ വൈലന്റ് ആയി. സ്കൂളിലെ സീനിയർ ബാച്ച് ആവുമ്പോൾ സ്വാഭാവികം ആണല്ലോ. നാലാം ക്ലാസ്സിലെ ക്ലാസ്സ് ടീച്ചറെയും ഞാൻ ഇന്ന് സ്നേഹത്തോടെ ഓർക്കുന്നു. ക്ലാസ്സ് ടീച്ചർ വേണു മാഷ് കാലങ്ങളായി സൂക്ഷിച്ചുപോരുന്ന മാഷിന്റെ മരത്തിന്റെ കസേരയുടെ കൈ ഒരബദ്ധത്തിൽ എന്റെ അടുത്ത് നിന്ന് പൊട്ടുകയും മാഷ് വരുന്നതിന് മുമ്പ് ഇന്സുലേഷൻ ടാപ് ഉപയോഗിച്ച് ഒട്ടിച്ചുവെച്ചതും മാഷ് വന്നപ്പോൾ ഒരു പെൺകുട്ടി പറഞ്ഞുകൊടുത്തതും പൊതിരെ കിട്ടിയതും..... 

ആഹ... ഈ അടുത്ത് മാഷിനെ കാണാൻ സ്കൂളിൽ പോയിരുന്നു.. മാഷിപ്പോൾ ഹെഡ്മാസ്റ്റർ ആണ്. സുഖവിവരങ്ങൾ അന്വേഷിച് പഴയഓർമ്മകൾ പൊടിതട്ടിയെടുത്തു ഞാനും വേണു മാഷും.

കൂടുതൽ വായനയ്ക്ക്