നനുത്ത പുലരിയില്‍
അഗ്രഹാരത്തെരുവിന്‍ മുറ്റങ്ങളില്‍
അരിപ്പൊടിക്കോലങ്ങളായ്,
ചിത്രവൈവിദ്ധ്യങ്ങളായ് വിടരും
മായക്കാഴ്ചകള്‍ക്ക് മുകളിലൂടെ,
പ്രസിദ്ധമാം
വിശ്വനാഥക്ഷേത്രത്തെ വലം വച്ച്
കടന്നു പോകുന്ന മന്ദാനിലന്‍

കല്പാത്തിപ്പുഴയില്‍ ന്യത്തം
ചെയ്യാന്‍ തുടങ്ങുന്ന ഓളങ്ങള്‍
തുലാമാസവെയിലിന്‍ പൊന്‍പ്രഭയില്‍
ഗ്രാമവീഥികളില്‍ രഥോല്‍സവത്തിന്‍
കൊടിയേറ്റിന്‍ പുത്തനുണര്‍വ്.
അതിരറ്റ ഉന്‍മേഷത്തിന്‍,ആവേശത്തില്‍
മനസ്സുകള്‍ അശ്വവേഗങ്ങളായ്
തുടിക്കുന്ന ദിനങ്ങള്‍.

കല്‍ച്ചട്ടിത്തെരുവിലൂടെ, സ്വയം മറന്ന്
ഇടകലര്‍ന്നൊഴുകുന്ന പുരുഷാരം
വര്‍ണ്ണബലൂണുകളായ്, വള, പീപ്പി, മാലകളായ്
പുതിയൊരു വസന്തോല്‍സവത്തിന്‍
ആഹ്ളാദത്തില്‍ വേലിയേറ്റം.

മലയാളമണ്ണില്‍ തലമുറകളായ്
ഇഴയടുപ്പമായ് തമിഴ് സംസ്ക്യതിയുടെ
മാഹാത്മ്യം.
ഒരേ ജനതയായ്
ഒരേ മനസ്സായ്, ഭക്തിപാരമ്യത്തില്‍
കൂറ്റന്‍ ദാരുരഥചക്രങ്ങള്‍ക്കൊപ്പം
അണി ചേരുന്ന ഭക്തസഹസ്രങ്ങള്‍.
കീര്‍ത്തനങ്ങളായന്തരീക്ഷത്തിലുയരുന്ന
ദക്ഷിണഭാരതശുദ്ധ സംഗീതത്തിന്‍
മനോഹരരാഗങ്ങള്‍.
തനിആവര്‍ത്തനത്തിന്‍ മന്ദ്രധ്വനികള്‍
മഹദ് പ്രതിഭാസംഗമവേദികള്‍

പത്ത് ദിനങ്ങളില്‍
ആഘോഷത്തിമിര്‍പ്പുകളായ്
ഉല്‍സവപ്പെരുമയേറുന്നു.
മനസ്സിന്‍ വാനില്‍
ഉദിച്ചുയരും വിശാലാക്ഷീസമേതനാം
വിശ്വനാഥന്‍ടെ തേജോരൂപം.
ഓര്‍മ്മകളുടെ വര്‍ണ്ണപ്പൂത്തിരികളായ്
രഥോല്‍സവകാഴ്ചകള്‍.

കൂടുതൽ വായനയ്ക്ക്