"ശശിയേട്ടാ നിങ്ങള് തിരികെ വരുമ്പോൾ മാങ്ങാ അച്ചാറിൻ്റെ കാര്യം മറക്കല്ലേ. കിട്ടിയാൽ ഒരു ചക്കയും വേണം." റോയിയുടെ മെസേജ്. 

"എൻ്റെ പൊന്നു സുഹൃത്തേ മറക്കില്ല."

ഭാര്യയ്ക്കും മക്കൾക്കുമടുത്തേക്ക് എത്തിയപ്പോൾ എല്ലാം മറന്നു. കൂട്ടുകാരെല്ലാം കൊണ്ടുവരേണ്ട നാടൻ സാധനങ്ങളുടെ ലിസ്റ്റ് തന്നിട്ടുണ്ട്. ഇന്നലെ രാത്രി റോയിയും ജയേട്ടനും വീഡിയോ കാൾ ചെയ്തപ്പോൾ 'ചക്കയും മാങ്ങയുമൊക്കെ ഇഷ്ടം പോലെ തിന്നു' എന്ന് ഒരു ഗമയ്ക്ക് ഞാൻ പറഞ്ഞപ്പോൾ കൊതിയനായ റോയിയുടെ സങ്കടം ഒന്നു കണേണ്ടതായിരുന്നു. ഞങ്ങളുടെ മുറിയിലെ ഏക അച്ചായനാണ് റോയി. ഒരു തനി നാട്ടുമ്പുറത്തുകാരൻ. ചക്കയും മാങ്ങയും കപ്പയുമൊക്കെയാണ് ആ പഹയന് ഇഷ്ടം.

ഏതായാലും ആ കൊതിയന് ഒരു ചക്ക കൊണ്ടുപോയി കൊടുക്കണം. കുറച്ചേറെ മാങ്ങാ അച്ചാറും ഉണ്ടാക്കണം.

വീടിന് തൊട്ടടുത്താണ് മൂസാക്കയുടെ മാവിൻ തോട്ടം.കുട്ടിക്കാലം മുതൽ ആ മാവിൽ തോട്ടം സ്വന്തമെന്ന പോലെയാണ് കൈകാര്യം ചെയ്യുന്നതെങ്കിലും അവിടെപ്പോയി ഇനി മാങ്ങ പറിക്കാനൊന്നും വയ്യ എന്ന് തീരുമാനിച്ചു. അടുത്ത ദിവസം രാവിലെ തന്നെ ഞാൻ മാങ്ങ വാങ്ങാൻ മാർക്കറ്റിലേക്ക് പോകാനൊരുങ്ങി.

"എങ്ങോട്ടാ ഏട്ടാ ?", സീമന്തിനി ചോദിച്ചു.
"ചന്തവരെ."
"എന്തിന് ?" പിറകേ അവളുടെ ചോദ്യം.

ഞാൻ ലക്ഷ്യമറിയിച്ചപ്പോൾ അവൾ വിലക്കി.
"ചന്തയിൽ പോകേണ്ട ഏട്ടാ, അവിടെ ചിലപ്പോൾ നല്ലതായിരിക്കില്ല കിട്ടുക.
തന്നെയുമല്ല, ഇത് കൊണ്ടുപോകാനുള്ളതല്ലേ. നമുക്ക് മൂസാക്കയുടെ തോട്ടത്തിൽ പോയി പറിക്കാം."

വീട്ടിലെ ജോലികളൊക്കെ തിരക്കിട്ട് തീർത്ത്, കുട്ടികളെ ഒരുക്കി സ്കൂളിലും വിട്ട് അവളും എൻ്റെ കൂടെ വന്നു.
ഇളം വെയിൽ ഒളിച്ചു കളിക്കുന്ന മാവിൻ തോട്ടം. പലയിനം മാവുകൾ നിരനിരയായി പൂത്തുലഞ്ഞ് നിറയെ കായ്കളുമായി നിൽക്കുന്നു. മാമ്പൂക്കളുടെ മണം പരത്തുന്ന ഇളം കാറ്റ്. മാവിൻ പൂങ്കുലകൾ കാണാൻ ഒരു പ്രത്യേക ഭംഗിയുണ്ട്. ചിലതിലൊക്കെ കണ്ണി വിരിയുന്നതേയുള്ളൂ. സീസൺ ആകാൻ രണ്ടു മാസം കൂടിയുണ്ട്.
മാങ്ങ പാതിവളർച്ചയെ ആയിട്ടുള്ളൂ. അത്യാവശ്യമല്ലേ, കുറച്ച് പറിക്കുക തന്നെ.

ഞാൻ മാവിൽ വലിഞ്ഞുകയറി കുറേ മാങ്ങകൾ പൊട്ടിച്ച് നിലത്തിട്ടു .അവൾ എല്ലാം പെറുക്കി കുട്ടയിൽ നിറച്ചു. കുറച്ചുനേരത്തിനകം ചൂടേറിയ വെയിൽ ശക്തികാട്ടിത്തുടങ്ങി.
"ഇത്രയും മതി.വാ പോകാം" ഞാൻ പറഞ്ഞു.

"ഇതൊന്നുമായില്ല ഏട്ടാ . ഏട്ടനും കൂട്ടുകാർക്കും കൂടി കഴിയ്ക്കേണ്ടതല്ലേ?" അവളുടെ ചോദ്യം ഞാൻ കേട്ടതായി ഭവിച്ചില്ല. തിരികെ വീട്ടിൽ ചെന്ന്,അത് പാകം ചെയ്ത് അച്ചാറാക്കി ഭരണിയിലാക്കിയപ്പോഴേക്കും അവൾ വല്ലാതെ ക്ഷീണിച്ചിരുന്നു. ഇനിയുമുണ്ട് ഇതുപോലെ കുറേ കലാപരിപടികൾ.

ഏത്തക്കുല രണ്ടെണ്ണം വാങ്ങി വറുക്കണം. ചക്ക കിട്ടിയാൽ അതും. ചമ്മന്തിപ്പൊടിയും, വലോസുപൊടിയും ഉണ്ടാക്കണം. ഓരോ പ്രവാസിയും കൊതിയോടെ കാത്തിരിക്കുന്ന ഒന്നാണ് നാട്ടിൽ നിന്നും വരുന്നവർ കൊണ്ടുവരുന്ന ആ സ്നേഹപായ്ക്കറ്റുകൾക്കായി.

പോകാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി.എല്ലാം പായ്ക്ക് ചെയ്തു വെച്ചു. പക്ഷേ, ചക്ക മാത്രം കിട്ടിയില്ല. പലയിടത്തും അന്വേഷിച്ചു. ഒരിടത്തും മൂത്ത ചക്ക ഇല്ല.

റോയിയോട് എന്തുപറയും ! മാർക്കറ്റിലും പോയി അന്വേഷിച്ചു. സീസൺ ആവാത്തത് ചക്ക കൊണ്ട്
മാർക്കറ്റിലുമില്ല.

റോയിയോട് വിളിച്ചു വിവരം പറഞ്ഞു. "എന്താ ശശിയേട്ടാ നിങ്ങളീ പറയുന്നത്. നമ്മുടെ നാട്ടിൽ ഒരു ചക്ക കിട്ടാനില്ലെന്നോ ?"

അയാൾ ആകെ കലിപ്പിലാണ് എന്നു തോന്നുന്നു.
"ശശിയേട്ടൻ ഒരു കാര്യം ചെയ്യൂ. എൻ്റെ അമ്മാവൻ്റെ വീട് അവിടെ അടുത്താണ്. അമ്മാവനോട് ഞാൻ വിളിച്ചു പറയാം. എൻ്റെ അമ്മാവൻ കൊണ്ട് വന്നു തരും.ശശിയേട്ടൻ അത് ഇങ്ങ് കൊണ്ടുവന്നാൽ മാത്രം മതി."

ഞാൻ മന:പൂർവ്വം ചക്ക ഒഴിവാക്കിയതാണ് എന്നവനു തോന്നിക്കാണും. സത്യത്തിൽ ചക്ക കിട്ടാനില്ല എന്ന കാര്യം അവന് ഉൾക്കൊള്ളാനായിട്ടില്ല.

വൈകിട്ട് 5 മണിക്ക് ഒരു വാഹനം ഗേറ്റിനു വെളിയിൽ വന്ന് ഹോൺ അടിച്ചു. ഞാൻ നോക്കിയപ്പോൾ
പരിചയമില്ലാത്ത ആളാണ്.

"സൗദിയിലുള്ള ശശിയുടെ വീടല്ലേ ഇത് ?" അയാൾ ചോദിച്ചു.

"അതെ ഞാൻ തന്നെയാണ് ശശി."

"ഞാൻ റോയിയുടെ അമ്മാവനാണ്. റോയിക്ക് ഒരു ചക്കയും കൊണ്ടുവന്നതാണ്." ആഗതൻ പറഞ്ഞു.

"വരുമെന്ന് റോയി പറഞ്ഞിരുന്നു. കണ്ടതിൽ സന്തോഷം. വരൂ ഇരിക്കൂ." ഞാനയാളെ വീട്ടിലേയ്ക്ക് ക്ഷണിച്ചു.

വണ്ടിയിൽ നിന്നും അയാൾ രണ്ട് ചക്കകൾ എടുത്ത് വെളിയിൽ വെച്ചു.

"ഈ വലിയ ചക്ക റോയിക്കാണ്. ഈ ചക്ക നിങ്ങൾക്കും." ചെറിയ ചക്ക ചൂണ്ടിക്കാട്ടി അമ്മാവൻ പറഞ്ഞു.

സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. ഈ വർഷം ആദ്യമായാണ് ഒരു ചക്ക കാണുന്നതു തന്നെ.

"സീമന്തിനി ദേ ഈ ചക്ക നമുക്കാണ്‌. ഇപ്പോൾ തന്നെ നമുക്ക് വേവിക്കാം."
ഞാൻ ഭാര്യയെ വിളിച്ചു പറഞ്ഞു. അവൾ സന്തോഷത്തോടെ ആ ചക്കയുമായി അകത്തേക്ക് പോയി. അന്ന് അത്താഴത്തിന് രുചികരമായ ചക്കപ്പുഴുക്കും ഉണ്ടായിരുന്നു.

റോയിയുടെ അമ്മാവനെക്കുറിച്ച് അവൻ പലപ്പോഴും പറയാറുണ്ട്.
അമ്മാവനാണെങ്കിലും അവർ സുഹൃത്തുക്കളെപ്പോലെയാണ്. ഏതായാലും റോയി വിളിച്ചു പറഞ്ഞ ഉടനെ മരുമകനുള്ള ചക്കയുമായി എത്തിയ മാമൻ സ്നേഹമുള്ളവൻ തന്നെ.

അടുത്ത ദിവസം രാവിലെയായിരുന്നു ഫ്ലൈറ്റ്. ഞാൻ റൂമിലെത്തിയപ്പോൾ സഹമുറിയൻമാരൊക്കെ ഡ്യൂട്ടി കഴിഞ്ഞ് എത്തീട്ടുണ്ട്. എല്ലാവരും ആവേശത്തോടെ കെട്ട് പൊട്ടിച്ച് ചിപ്സും, അവലോസ് പൊടിയും മറ്റു പലഹാരങ്ങളും എടുത്തു കഴിക്കാൻ തുടങ്ങി.

റോയി ഒന്നും കാര്യമായി കഴിച്ചില്ല. അവൻ്റെ ലക്ഷ്യം ചക്കയാണ് .

അവൻ ആ വലിയ കാർബോർഡ് പെട്ടി പൊട്ടിച്ചു. വലിയ ഭംഗിയുള്ള ചക്ക കണ്ടപ്പോൾ തന്നെ അവൻ്റെ മുഖം സന്തോഷം കൊണ്ട് വിടർന്നു.

"എത്ര കാലമായി ഇതുപോലെ ഒരു ചക്ക കണ്ടിട്ട്. ശശിയേട്ടാ എൻ്റെ അമ്മാവൻ്റെ സ്നേഹം കണ്ടോ?"
അവൻ ആവേശത്തിലാണ്.

റോയി ഒരു കത്തിയുമായി വന്നു. ചക്ക മുറിച്ചു. നല്ല വലിപ്പമുള്ള ചക്ക ആയതുകൊണ്ട് മുറിക്കാൻ ഇത്തിരി പാടുപെട്ടു. ചക്കയിൽ നിന്നും അരക്ക് (പശ) ഒഴുകി.

രണ്ടാക്കി മുറിച്ചു ചക്ക തുണ്ടികൾ വേർപെടുത്തിയപ്പോൾ അതിലേക്കു നോക്കിയ റോയി
കണ്ണു മിഴിച്ച് നിന്നുപോയി. മൂപ്പെത്താത്ത ചെറിയ ചക്കച്ചുളകൾ.

റോയിയുടെ അമ്മാവൻ്റെ സമ്മാനം കണ്ട് കൂട്ടുകാരെല്ലാം മൂക്കത്ത് വിരൽ വെച്ചു നിന്നു പോയി.

പിന്നീട് പലവട്ടം ഞാൻ നാട്ടിൽ പോയി വന്നെങ്കിലും ഒരിക്കൽ പോലും റോയി 'ചക്ക ' കൊണ്ടുവരണം എന്ന് പറഞ്ഞിട്ടില്ല.

കൂടുതൽ വായനയ്ക്ക്