ചിതലെടുക്കും മുമ്പേ കണ്ടെടുക്കണം
മറവിയിൽ മാഞ്ഞു തുടങ്ങിയോരെൻ രൂപം
ചിരിച്ചും ചിണുങ്ങിയും നേർത്തൊരോർമയായ രൂപം
ചിന്തകൾ ശബ്ദങ്ങളായി ചോദ്യങ്ങളായുയർന്ന മാത്രയിൽ
മാറ്റിവരക്കപ്പെട്ടൊരെൻ സ്വന്തരൂപം.

മങ്ങി ത്തുടങ്ങിയ ചായങ്ങളും അവ്യക്തമായ ഭാവങ്ങളും.
മെനയാൻ മറന്നു ഞാൻ.
മറ്റാർക്കോ വേണ്ടി ധൃതിയിൽ
മെനഞ്ഞേതോ വ്യർത്ഥ രൂപം.

സ്വന്തമാണെനിക്ക് എന്റേതല്ലാത്ത പലതും.
കൈവിട്ടതോ എന്റെ സ്വന്തമായതും.
അറിയില്ല ഇതാരുടേതെന്നു.
പേറി നടക്കുന്നു ഞാൻ ആരുടേതോ.

മറവിയിൽ അലിഞ്ഞു പോയി
ഉടവു തട്ടിയ എന്റേതായൊരു മുദ്ര
മറ്റാരോ ആണ് ഞാൻ മറ്റുള്ളവർക്ക്
എനിക്കോ ഞാൻ അപരിചിതയും

ഓർത്തെടുക്കാൻ വെമ്പുന്നു മനസ്സ്
ആർത്തിരമ്പുന്നോരായിരം ചോദ്യങ്ങൾ
ആർക്കുവേണ്ടി നീ ഹോമിച്ചു നിന്നെ
മൃതിയടഞ്ഞോരായിരം സ്വപ്നങ്ങളും?

വീണ്ടെടുക്കണം നീ
മങ്ങിയൊരാ രൂപം
ചിറകുകൾ നൽകേണം
പാറിപ്പറക്കട്ടെ വർണശലഭങ്ങൾപോൽ
നിൻ സ്വപ്‌നങ്ങൾ.

വീണ്ടെടുക്കേണം നീ
മങ്ങിയനിൻ രൂപം
ചിറകുകൾ നൽകേണം
പാറിപ്പറക്കട്ടെ വർണശലഭങ്ങൾപോൽ
നിൻ സ്വപ്‌നങ്ങൾ....