(Sajith Kumar N)

ചെമ്മാനം പൂക്കുമാ ചെമ്പകച്ചില്ലമേൽ
ചന്തമേറും ചിന്തകൾ കോർക്കവേ
ചങ്കുചോപ്പിച്ച അടിയണിചിലങ്കനാദം
ചന്ദനക്കുളിരായ് നെഞ്ചിടത്തിൽ
മഞ്ഞിൽ മഴനൂലായ് കാതിലൊഴുകിയ
മജ്ജീരനാദമെൻ മധുമന്ത്രമായ്
മാനസചില്ലുജാലക സവിധത്തിലെന്നും
മതിമോദക ലാസ്യപദങ്ങളാടിയവൾ

കാലങ്ങളെത്രയോ മോഹസങ്കല്പങ്ങൾ
കരൾത്തട്ടിങ്കൽ വിതച്ചെങ്കിലും
ഏകനായ് ഞാൻപറന്ന നീലനീരദത്തിൽ
ഏകതാരകമായ് നീയുണ്ടായിരുന്നു
ആയിരമായിരനക്ഷത്ര രാവുകളിൽ
ആയിരമാർദ്രസ്മരണകളുമായി
ആശാമരച്ചില്ലയിൽ നിന്നെ തേടിയെങ്കിലും
ആതങ്കയാഴിച്ചുഴിയിലലിഞ്ഞൂ

കാലംമറന്നെന്നുയുരിൻ ചിലങ്കൊലി
കാണാത്ത പൂങ്കുയിൽ നാദമോ
കാറ്റു വീശും ചെറുചെമ്പകപ്പൂമണം
കാണാത്ത പൂമരഗന്ധമോ
കണ്ണിൽ വിരിഞ്ഞ നറു നക്ഷത്രങ്ങൾ
കിനാവിന്റെ വെള്ളിത്തൂവൽ വരച്ചതോ

കൂടുതൽ വായനയ്ക്ക്