കുറേ നാളുകൾ ആയിരിക്കുന്നു അവനോട് പിണക്കം ആയിട്ട്.. ഇടക്കിടക്ക് നെഞ്ചിനെ കുത്തി നോവിക്കുന്നൊരു ഓർമയായി വരുന്നുണ്ട് എങ്കിലും എന്റെ തന്നെ മാനസികാരോഗ്യം കണക്കിലെടുത്തു ഞാൻ അവനോട് മിണ്ടാതായിരുന്നു..

 ശനിയാഴ്ച ആയതുകൊണ്ട് ഓഫീസിൽ ആവിശ്യത്തിലധികം തിരക്കുണ്ടായിരുന്നു.. ഫോണിൽ നിറയെ കാൾസ് വരുന്ന ദിവസം ആണ്‌.. സേവ് ചെയ്യാത്ത ഒരു നമ്പറിൽ നിന്നും വന്ന കാൾ,  കേൾപ്പിച്ച ശബ്ദം അവന്റെ ആയിരുന്നു..

അൺബ്ലോക്ക് ചെയ്യ് എന്റെ നമ്പർ..

മറുതൊന്നും പറയാതെ അൺബ്ലോക്ക് ചെയ്തു..

എന്തൊക്കെയോ ചോദിച്ചു.. വീണ്ടും വഴക്കായി.. പ്രശ്നം കൂടുതൽ ഒന്നുമില്ല.. മിണ്ടുന്ന എല്ലാവരെയും ചേർത്ത് സംശയം ആണ്‌..

എന്തൊക്കെയോ ആവിശ്യപ്പെട്ടു അവൻ.. സംശയം കൂടിക്കൂടി  ഇതിപ്പോൾ എനിക്ക് സഹിക്കാൻ വയ്യാതായിരിക്കുന്നു.. ചെറിയ കാര്യങ്ങൾ പോലും വല്ലാത്ത ദേഷ്യവും വെറുപ്പും ഉണ്ടാക്കുന്നു..  ഞാൻ സമ്മതിക്കാതെ വന്നപ്പോൾ ഭീഷണി ആയി..

എന്റെ മെസ്സേജസ്, കാൾ റെക്കോർഡ്സ്, ഫോട്ടോസ് ഒക്കെ ആർക്കൊക്കെയോ കൊടുക്കും എന്ന്..

ഇപ്പോൾ കീഴടങ്ങേണ്ടി വന്നാൽ ഈ ജീവിതം മുഴുവൻ ഞാൻ അത് തുടരേണ്ടി വരും.. ഇന്നായിരുന്നു എന്റെ ലിമിറ്റ്...

ഞാൻ സമ്മതിച്ചില്ല.. എന്തെങ്കിലും ആകട്ടെ എന്ന് വിചാരിച്ചു..

എന്റെ ഓഫീസിലെ സാർ നു കൊടുക്കും എന്ന് പറഞ്ഞു.. എന്റെ നാട്ടിലെ ഫേസ്ബുക് ഗ്രൂപ്പിൽ ഇടും എന്നായി..  അങ്ങനെ അങ്ങനെ..

ഞാൻ സൂയിസൈഡ് ചെയ്താലോ എന്നാലോചിച്ചു.. ജീവിതത്തെ കുറിച്ച് ഇനിയും നിറയെ പ്രതീക്ഷകൾ ഉണ്ട്.. എങ്ങനെ അവസാനിപ്പിക്കും..?

ഞാൻ മരിച്ചാൽ എന്റെ വീട്ടുകാരെ നാണംകെടുത്തും എന്നായി...

എന്ത് ചെയ്യണം എന്നറിയില്ലാത്ത അവസ്ഥ ആയിരുന്നു ഇന്ന്..

അത്രമേൽ പേടിക്കാൻ മാത്രം മോശം ഫോട്ടോസ് ഒന്നും അവന്റെ കയ്യിൽ ഇല്ല എന്നറിയാമായിരുന്നു.. എന്നിട്ടും എനിക്ക് എന്റെ മനസ്സ് അടക്കാൻ പറ്റിയില്ല..

അവൻ ഒരുപാട് നേരം ശല്യം ചെയ്തു.. ഓരോതവണയും കാൾ വയ്ക്കുമ്പോൾ ഡെഡ്ലൈൻ ഉണ്ടാവും.. ആ ടൈമിനുള്ളിൽ ഇന്നത് ചെയ്തിരിക്കേണം..

ഒന്നും ചെയ്തില്ല.. ഓഫീസിൽ നിന്നുമിറങ്ങി വീട്ടിലേക്കുള്ള വഴിയിൽ മെഡിക്കൽ ഷോപ്പിൽ കയറി.. ഡയബറ്റിക്സ് നു കഴിക്കുന്ന മരുന്ന് മേടിച്ചു.. ഇരുപത് എണ്ണം.. രാത്രി ഷുഗർലെവൽ താഴ്ന്ന് മരിക്കട്ടെ എന്ന് തീരുമാനിച്ചു..

മനസ്സ് കൈവിട്ട് പോയിരുന്നു അപ്പോളേക്കും..

അഞ്ച് മിനിറ്റ് നേരം മതി വീട്ടിലെത്താൻ.. ഇന്ന് ഞാൻ പതിവില്ലാതെ ഒരുപാട് നേരമെടുത്താണ് വീട്ടിൽ എത്തിയത്.. പോകുന്ന വഴി അവൻ വീണ്ടും വിളിച്ചു.. ഒന്നിനെപ്പറ്റിയും ചോദിക്കുന്നേയില്ല.. 

അവനോട് മിണ്ടുന്തോറും ഒരു വിങ്ങൽ ഉള്ളിൽ തുളുമ്പുന്നു.. നടന്നിട്ട് നീങ്ങുന്നില്ല.. ഇന്ന് അവസാനം ആണല്ലോ.. മനസ്സ് പെരുമ്പറ കൊട്ടി പെയ്തുകൊണ്ടിരുന്നു..

ഇടക്കെപ്പോളോ തുടങ്ങി കണ്ണുകളും ചാറിതുടങ്ങിയിരുന്നു...

വീടിന്റെ മുറ്റത്തു എത്തിയപ്പോൾ കണ്ടു അച്ഛൻ ഇരിപ്പുണ്ട് പുറത്ത്.. ചായ കുടിക്കുന്നു..

ഓടിച്ചെന്നു.. കെട്ടിപ്പിടിച്ചു.. ആർത്തലച്ചു പെയ്തു.. അച്ഛൻ പേടിച്ച് പോയി.. വീടിന്റെ അകത്ത് പിടിച്ചു കയറ്റി.. കാര്യം ചോദിച്ചു.. ഞാൻ എല്ലാം പറഞ്ഞു..

ഇതിനാണോ നീയിങ്ങനെ കരയുന്നത്.. "ആ നമ്പർ ഇങ്ങ് താ.. ബാക്കി ഞാൻ നോക്കിക്കോളാം.. " ആ ഒരു വാക്കിൽ നിന്നുണ്ടായ ജീവൻ അതെനിക്ക് പറയാൻ കഴിയില്ല...

അപ്പോളും അവന്റെ കാൾ കട്ട്‌ ആയിരുന്നില്ല.. എപ്പോളാണ് അവൻ ഫോൺ കട്ട്‌ ആക്കിയത് എന്നറിയില്ല...

രാത്രി മൊബൈൽ നോക്കിയപ്പോൾ കണ്ടു. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങും മുന്നേ അവന്റെ മെസേജ്..

നീ ആരോടും മിണ്ടുന്നതു പോലും സഹിക്കാൻ കഴിയുന്നില്ല.. അതുകൊണ്ടാണ്.. ഞാൻ ഒരിക്കലും നിന്നെ ഉപദ്രവിക്കില്ല.. സോറി.. ഭീഷണിയൊക്കെ അവസാനത്തെ ശ്രമം ആണ്‌.. നിനക്ക് നിറയെ കൂട്ടുകാർ, ബന്ധുക്കൾ... അവരൊക്കെ കൂടുതൽ അടുക്കുന്നത് എനിക്ക് സഹിക്കുന്നില്ല അതാണ്...?

ഞാൻ ആകെ വല്ലാതായി.. ഈ മെസ്സേജ് അപ്പോൾ തന്നെ  കണ്ടിരുന്നു എങ്കിൽ..

 ഇതിപ്പോൾ അച്ഛനോട് എല്ലാം പറഞ്ഞു.. എന്റെ സ്നേഹം കൊണ്ടു ഞാൻ ഇവനോട് ക്ഷമിക്കും വീണ്ടും വീണ്ടും..

 പക്ഷേ ഇനിയൊരിക്കലും ഇവനെ വേണം എന്ന് അച്ഛനോട് പറയാൻ കഴിയില്ല.. ഒരിക്കലും ഇനിയിതു അച്ഛൻ സമ്മതിച്ചു തരില്ല... ആകെ വിഷമം ആയി...

അവനും ആകെ വിഷമം ആയി.. മെസ്സേജ് കുറേ അയച്ചു.. അച്ഛനോട് പറയണ്ടായിരുന്നു.. എന്ന്..

ഇനിയൊരുമിച്ചൊരു ഭാവി സ്വപ്നം കാണാൻ പോലും അർഹതയില്ലാത്ത രണ്ട് ജന്മങ്ങൾ..