ആദിമ ഗോത്രങ്ങളിൽ നിന്ന് ഇരുട്ട് നിറച്ചു പോകുന്ന
തീവണ്ടിയാകുന്നു ഞാൻ
 
ചെങ്കുത്തായ ചുരങ്ങളെയും 
കിടങ്ങുകളെയും 
ഒരു പുകച്ചുരുൾ പിന്നിലാക്കിയിരിക്കുന്നു.
 
സൂര്യൻ മറന്നു പോയ 
മലയിടുക്കുകളിൽ നിന്ന് 
ഇരുട്ട് കവർന്നു ഓടി കൊണ്ടിടിക്കുന്ന ഒരു തസ്‌ക്കരൻ.
 
ആദിമ കമിതാക്കൾ ഇണചേർന്ന 
അന്ധകാരങ്ങളുടെ മാതാവ് 
 
രാജവംശങ്ങളുടെ ഗർജ്ജനങ്ങളെയും 
കുളമ്പടികളെയും 
ചെറുത്ത് തോൽപ്പിച്ച് 
ഭൂതകാല ദുരിതങ്ങളുടെ 
പടക്കോപ്പുകളെ 
ഞാൻ ചുഴറ്റിയടിച്ചിരിക്കുന്നു .
 
ജീവന്റെ അദൃശ്യമായ 
മുഴുവൻ പൂമരങ്ങളെയും 
ഞാൻ രാത്രികളിലേക്ക് 
കൂട്ടികൊണ്ട് പോകുന്നു ..
 
അങ്ങിനെ അനാദിയായ ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് 
ഒരു തീവണ്ടി പാഞ്ഞു പോകുന്നു .

കൂടുതൽ വായനയ്ക്ക്