(കണ്ണന്‍ ഏലശ്ശേരി)

സാറാ തോമസ് എഴുതിയ ഈ നോവൽ പശ്ചാത്തലമാക്കുന്നത് കേരളത്തിലെ തമിഴ് ബ്രാഹ്മണ സമൂഹത്തെയാണ്. നോവലിൽ മുഴുവനും നമ്മൾ സഞ്ചരിക്കുന്നത് കനകാംബാളിനൊപ്പമാണ്.
സ്ത്രീകൾ സമൂഹത്തിൽ അനുഭവിക്കുന്ന പല പ്രശ്നങ്ങൾ പരസ്യമായി ചർച്ച ചെയുകയും അതിനെതിരെ ശബ്‌ദിക്കുകയും ചെയ്യുന്നത് കണ്ടിട്ടുണ്ട് എന്നാൽ ഒരു തമിഴ് ബ്രാഹ്മണ സമൂഹത്തിലെ സ്ത്രകൾക്കുള്ള പ്രശ്നങ്ങളെല്ലാം ഒരു അഗ്രഹാര മതിൽ കെട്ടിനുള്ളിലേക്ക് ഒതുങ്ങുന്നതിനെ പച്ചയായി തുറന്ന് കാട്ടുന്ന ഒരു പുസ്തകമാണിത്. 


1979 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച ഈ കൃതി ആരംഭിക്കുന്നത് തന്നെ കനകത്തിനുണ്ടാകുന്ന വലിയൊരു വിഷമത്തിലൂടെയാണ്. എന്നാൽ ആ വിഷമവും കനകത്തോടുള്ള നമ്മുടെ അനുകമ്പയും ഉണരുന്നത് അവരുടെ ഭൂതകാലത്തിലൂടെ സഞ്ചരിക്കുമ്പോഴാണ്.

കനകത്തിനു സാമുദായികമായി ഉണ്ടാകുന്ന വേലിക്കെട്ടുകളും ജീവിത പ്രയാസങ്ങളും മാനസികമായി അനുഭവിക്കേണ്ടിവരുന്ന പിരിമുറുക്കങ്ങളും അനുകമ്പാപൂർവ്വം അവതരിപ്പിച്ചിരിക്കുന്നു. കനകത്തിന് പുറമെ അവരുടെ ചുറ്റുവട്ടത്തുള്ള അഗ്രഹാരങ്ങളിലെ ആളുകളെയും ജോലിസ്ഥലങ്ങളിലെ ആളുകളെയും എല്ലാം നല്ലരീതിയിൽ ആവിഷ്കരിക്കാൻ സാറാ തോമസ്സിന്‍റെ  എഴുത്തിന് നന്നായി കഴിഞ്ഞു.

കല്ല്യാണം, മാതൃത്വം, വൈധവ്യം, ലൈംഗീകാതിക്രമം, ഒറ്റപ്പെടൽ, പ്രണയം, തുടങ്ങി ഒരു സ്ത്രീ ജീവിതത്തിൽ അനുഭവിക്കേണ്ടി വരുന്ന എല്ലാ മാനസികാവസ്ഥയിലും തമിഴ് ബ്രാഹ്മണ സമൂഹം ഉണ്ടാക്കുന്ന പ്രയാസങ്ങളാണ് നോവലിന്‍റെ  ഇതിവൃത്തം. ഇതിൽ പലതും ഇന്നത്തെ സാഹചര്യത്തിലും പ്രസക്തമാണ്. ഇത് ഇന്നത്തെ നമ്മുടെ സാമൂഹിക അരക്ഷിതാവസ്ഥ വെളിപ്പെടുത്തുന്നു.

സ്ത്രീപക്ഷ പുസ്തകമായതുകൊണ്ട് എല്ലാ പുരുഷന്മാരെ പഴിചാരിയുള്ള ഒരു കഥപറച്ചിലല്ല നോവലിൽ. പുരുഷമേധാവിത്വത്തെ തുറന്ന് കാട്ടുകയും എന്നാൽ സ്നേഹ സമ്പന്നനായ സ്ത്രീ പുരുഷ കഥാപാത്രങ്ങളെ സൃഷ്ടിക്കാനും നോവലിസ്റ്റിനായി. പുരാതന സാമുദായിക ചിന്താഗതികൾ സ്ത്രീ സ്വാതന്ത്ര്യത്തെ  വിട്ടൊഴിയാത്ത ഈ കാലത്തും നാർമടിപ്പുടവ പ്രസക്തമായി തുടരുന്നു.