(കണ്ണന്‍ ഏലശ്ശേരി)

വി ജെ ജെയിംസ് എഴുതിയ നിരീശ്വരൻ എന്ന നോവലിന്‍റെ  വായനാനുഭവം. വിശ്വാസങ്ങൾ ഒരു സമൂഹത്തിന്റെ അന്തരീക്ഷത്തെ എങ്ങനെയെല്ലാം ബാധിക്കും എന്ന് അടുത്തിടെ അനുഭവിച്ച ഒരു മലയാള

സമൂഹത്തിലേക്കാണ് വി ജെ ജെയിംസിന്റെ നിരീശ്വരൻ എന്ന പുസ്തകം അവതരിച്ചത്. ഈശ്വരന്റെ പരാജയത്തിൽ നിന്നുമാണ് നിരീശ്വരന്റെ ജനനം എന്ന കൗതുകകരമായ ആശയം, വളരെ തന്മയത്തത്തോടെ എഴുത്തുകാരൻ വരച്ചു കാട്ടുന്നു.

ആന്റണി, ഭാസ്കരൻ, സഹീർ എന്നീ സുഹൃത്തുകളിലൂടെ ആരംഭിക്കുന്നതാണ് നിരീശ്വരന്റെ കഥ. ആഭാസൻമാർ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട ഈ കൂട്ടർ ഈശ്വര വിശ്വാസത്തെ യുക്തി സഹിതം വിമർശിക്കാൻ സ്ഥാപിക്കുന്നതാണ് നിരീശ്വര പ്രതിഷ്ഠ. അതിനെ തുടർന്നുണ്ടാകുന്ന പൊല്ലാപ്പുകളാണ് നോവലിന്റെ ഇതിവൃത്തം. ആലും മാവും ഒന്നിച്ചു വളരുന്ന "ദേവത്തെരുവ്" എന്ന സ്ഥലത്തെ "ആഭാസത്തെരുവ്" എന്നും പിന്നീട് നിരീശ്വരപുരമെന്നും മാറി മാറി വിളിക്കപ്പെടുന്നതിന്റെ കഥ രസകരമായാണ് കഥാകാരൻ കഥനം ചെയ്തെടുത്തത്.

മനുഷ്യ മനസ്സുകളിലെ വിശ്വാസത്തിന്റെ പലതരത്തിലുള്ള കാഴ്ചപാടുകൾ നമ്മുക്ക് ഈ നോവലിൽ നോക്കി കാണാം. ശാസ്ത്രജ്ഞനായ റോബെർട്ടോയുടെ ഗന്ധശാസ്ത്രത്തിലെ വിശ്വാസിതയും ലൈംഗീക തൊഴിലാളിയായ ജാനകി വെച്ച് പുലർത്തുന്ന വിശ്വാസങ്ങളും നീണ്ടകാലത്തെ ഉറക്കത്തിൽ ഇന്ദ്രജിത് കണ്ട സ്വപ്നാടനങ്ങളിലെ വിശ്വാസവും ഇന്ദ്രജിത്തിന്റെ ഭാര്യ സുധയും പ്രാർത്ഥനയുമായി കഴിയുന്ന മേഘയുടെ കൊണ്ട് നടക്കുന്ന വിശ്വാസങ്ങളും എല്ലാം ഒരു നോവലെന്ന ക്യാൻവാസിൽ നന്നായി പടർത്താൻ എഴുത്തുകാരന് സാധിച്ചു.

ബാർബർ മണിയനു ഘോഷയാത്ര അന്നമ്മയോടുണ്ടായ കാഴ്ചപ്പാടിലെ വ്യത്യാസം പോലെ ഓരോ വായനക്കാരനും തന്റെ വിശ്വാസത്തിന്റെ ഒരു രൂപാന്തരം നിരീശ്വരൻ സമ്മാനിക്കുന്നു. ഒരേ സമയം മികച്ചൊരു എഴുത്തുകാരനും ശാസ്ത്രജ്ഞനുമായതിനാൽ വി ജെ ജെയിംസിന് തന്റെ കഥനത്തിൽ ശാസ്ത്രീയവും സൈദ്ധാന്തികവുമായ അന്വേഷണങ്ങളും കാഴ്ചപ്പാടുകളും ഒരുപോലെ രേഖപ്പെടുത്താൻ സാധിച്ചു.

വളരെ തീവ്രമായ ഒരാശയത്തെ കിറിമുറിച്ചുള്ള കഥാവതരണം ഒരേ സമയം അപകടകരവും നാടകീയവുമാകാനുള്ള സാധ്യതകൾ നിരവധിയാണ്. അതിനെയെല്ലാം എഴുത്തുകാരൻ ഒരു പരിധി വരെ മറികടന്നു.

കേരള സാഹിത്യ അക്കാദമി അവാർഡും വയലാർ അവാർഡും നേടിയ ഈ കൃതി മലയാള സാഹിത്യത്തിൽ തന്റേതായ ഒരു സ്ഥാനം ഉറപ്പിക്കുന്നു. കഥകൾ അറിയാനും പറയാനും വായിക്കാനും ഇഷ്ടപെടുന്നവർക്ക് മികച്ചൊരു പുസ്തകമാണ് നിരീശ്വരൻ.