(കണ്ണന്‍ ഏലശ്ശേരി)

ചരിത്ര അധ്യാപകനായ യുവാൽ നോവാ ഹരാരിയുടെ വളരെ ഉജ്ജ്വലവും അതുപോലെ രസകരവുമായ ഒരു പുസ്തകമാണ് സാപിയൻസ്. ഇത് മനുഷ്യ ചരിത്രത്തെ പറ്റി പറയുന്ന ഒരു പുസ്തകമാണ്. രണ്ട് ഭാഗങ്ങളുള്ള ഒരു പരമ്പരയിലെ ആദ്യത്തെ ഭാഗമാണ് ഇത്. മനുഷ്യൻ എങ്ങനെ ഉരുത്തിരിഞ്ഞു, ശേഷം എങ്ങനെ ഇന്നത്തെ അവസ്ഥയിൽ എത്തി എന്ന് പറയുന്നതാണ് ആദ്യ ഭാഗം - സാപിയൻസ്. ഇതിനു ശേഷം ഇനി മനുഷ്യന്റെ ഭാവി, വെല്ലുവിളികൾ എന്നിവ അടങ്ങിയതാണ് രണ്ടാം ഭാഗം - ഹോമോ ഡിയൂസ്.
ബെസ്റ്റ് സെല്ലെർ സീരിസിൽ ഒന്നാമതുള്ള ഈ സാപിയൻസ് ഒരു ഗംഭീര പുസ്തകം തന്നെയാണ്. മനുഷ്യ ചരിത്രം ഇത്ര അടുക്കും ചിട്ടയോടെ ഫിസിക്സ്‌, കെമിസ്ട്രി, ബിയോളജി എന്നീ ശാസ്ത്ര വിഷയങ്ങളോടൊപ്പം അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെയാണ്. ഇംഗ്ലീഷ് ഭാഷാ പ്രയോഗങ്ങൾ ഇത്ര ലളിത വത്കരിച്ചു ആശയം നഷ്ടമാകാതെ പരിഭാഷപെടുത്തിയ സെനു കുരിയൻ ജോർജ് മഹത്തായ ഒരു കാര്യം തന്നെയാണ് ചെയ്തത്.

മനുഷ്യൻ എന്നതിൽ അഹങ്കരിക്കുന്ന നമ്മൾ ഒന്നുമില്ലെന്നും, സാധാരണ വെറുമൊരു ജീവി വർഗ്ഗം മാത്രമാണെന്നും ബാക്കിയെല്ലാം നമ്മൾ തന്നെ സൃഷ്‌ടിച്ച ഊരാക്കുടുക്കുകൾ മാത്രമാണെന്നും ഈ പുസ്തകത്തിലൂടെ തുറന്ന് കാട്ടുന്നു. പലപ്പോഴും നമ്മുടെ മാനസിക നിലയെ പ്രതികൂട്ടിൽ നിർത്തുന്ന ഭാഗങ്ങൾ പിന്നീട് ആലോചിക്കുമ്പോൾ ഹരാരി പറഞ്ഞതും വസ്തുതകൾ ആണെന്ന്  സാപിയൻസ് പങ്കുവെക്കുന്നു.
മനുഷ്യനെന്ന ജീവി വർഗ്ഗത്തിന്റെ തുടക്കം മുതൽ ഈ കാലം വരെയുള്ള ചരിത്രം 543 പേജുകളിൽ 20 അദ്ധ്യായങ്ങളും 4 ഭാഗങ്ങളിലുമായി ലളിതവത്കരിച്ചാണ് പുസ്തകം ആവിഷ്കരിച്ചിരിക്കുന്നത്. ലോകത്താകമാനമുള്ള എല്ലാ പ്രധാന നാഴിക കല്ലുകളെയും ക്രമാവത്ക്കരിച്ച് ഈ പുസ്തകത്തിൽ ചേർത്തിരിക്കുന്നു.

മതം, പൊളിറ്റിക്സ്, ഫിലോസഫി, ചിന്തകൾ, ലിബറലിസം, ഹ്യൂമനിസം, കമ്മ്യൂണിസം, പൈസ, രാഷ്ട്രം, രാഷ്ട്ര ബോധം, തുടങ്ങി എല്ലാം നമ്മളിൽ ഉണ്ടാക്കിയെടുത്തതിന്റെ ചരിത്രവും അതിന്റെ പരിണിത ഫലവും ഇപ്പോഴത്തെ അവസ്ഥയുമെല്ലാം ഹരാരിയുടെ ശൈലിയിൽ സാപിയൻസിൽ പറയുന്നു.
മനുഷ്യ വംശത്തിന്റെ നിലനിൽപ്പിനായി നമ്മൾ ഉണ്ടാക്കിയെടുത്ത കാര്യങ്ങൾ കഥകളിലൂടെയും വാമൊഴി കളിലൂടെയും അലിഖിത നിയമങ്ങളിലൂടെയും തലമുറകളോളം കൈമാറ്റം ചെയ്യപ്പെടാനുള്ള മനുഷ്യന്റെ കഴിവിനെ തുറന്ന് കാട്ടുന്ന ഒരാശയവും ഹരാരി മുന്നോട്ട് വെക്കുന്നു.

ഒരു പക്ഷത്തിനും മുൻതൂക്കമില്ലാത്ത ഒരു തുറന്ന ചർച്ച എന്ന രീതിയിലാണ് സാപിയൻസിന്റെ ആഖ്യായന ശൈലി. ഹരാരി മുന്നോട്ട് വെക്കുന്ന വസ്തുതകളുടെ ശരിയും ശരികേടും വായനക്കാരൻ സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. മനുഷ്യജീവി ആദ്യം വേട്ടക്കാരനായും പിന്നെ ഭക്ഷണ ശേഖരണക്കാരനായും അതിന് ശേഷം കൃഷിക്കാരനായും മാറ്റപ്പെട്ട ആശയം നല്ല രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ആദിമ മനുഷ്യന്റെ പറക്കുന്ന പറവകളെ എറിഞ്ഞിടാനുള്ള കഴിവും വേട്ടയാടാനുള്ള കഴിവും ഇന്നത്തെ ആൾക്കാർക്കില്ല എന്നതും പണ്ട് ഉള്ളവർ തീർത്തും സ്വതന്ത്രർ ആണെന്നുള്ള കാര്യവും സാപിയൻസ് പറഞ്ഞു തരുന്നു. ആദിമമനുഷ്യൻ ഇന്നത്തെ മനുഷ്യരെക്കാളും കുറഞ്ഞ അധ്വാനം കൊണ്ട് ജീവിച്ചിരുന്നവർ ആയിരുന്നെന്ന് വസ്തുതകൾ നിരത്തി വിശദീകരിച്ചത് എനിക്ക് പുതിയൊരു ആശയമായിരുന്നു. ആധുനിക മനുഷ്യന്റെ നേട്ടങ്ങൾ പറയുന്നത് പോലെ പുരാതനമനുഷ്യന്റെ നേട്ടങ്ങളും മനസിലാക്കാൻ ഈ പുസ്തകം എന്നെ പ്രാപ്തനാക്കി.

ഡെയിലി ടെലെഗ്രാഫിൽ പറഞ്ഞ പോലെ " ജീവശാസ്ത്രം, പരിണാത്മക നരവംശശാസ്ത്രം, സാമ്പത്തിക ശാസ്ത്രം, ചരിത്ര പ്രവണതകൾ എന്നിവ ചർച്ച ചെയുന്നതിൽ ഊർജ്ജദായകമായ വ്യക്തത പുലർത്താൻ ഹരാരിക്ക് കഴിയുന്നു... അദ്ദേഹത്തിന്റെ വാക്കുകൾ ശ്രദ്ധിക്കു. നിങ്ങൾ ഏറെ കാര്യങ്ങൾ പഠിക്കും... "
 
പഴയ ഒത്തിരി കാര്യങ്ങൾ അറിഞ്ഞതിനപ്പുറം ഇനി മനുഷ്യകുലതിന്റെ ഭാവിയെ പറ്റി ചിന്തിക്കുന്ന രണ്ടാമത്തെ പുസ്തകമാണ്  ഹോമോഡിയൂസ്.

കൂടുതൽ വായനയ്ക്ക്