(കണ്ണന്‍ ഏലശ്ശേരി)

"രചയിതാവ് ഒരു നായകനെ സൃഷ്ടിക്കുന്നു. അവൻ തന്‍റെ ഗ്രഹത്തെ ഭരിക്കുന്നു. അവന്‍റെ ഭാവന അവന്‍റെ ലോകത്തെ വലയം ചെയ്യുന്നു. അദ്ദേഹത്തെ അഭിനന്ദിക്കാനോ സഹതപിക്കാനോ വായനക്കാരന് സ്വാതന്ത്ര്യമുണ്ട്. ഇത് ഒരു വിധത്തിൽ ഭാവനാത്മക യാഥാർത്ഥ്യമാണ്, അല്ലെങ്കിൽ പാബ്ലോ പിക്കാസോ പറഞ്ഞത് പോലെ, നിങ്ങൾക്ക് ഭാവനയില്‍ കാണാവുന്നതെല്ലാം യഥാർത്ഥമാണ്. ”
 
ഈ കോടതി വിധിയോടെയാണ് മീശയെ പറ്റി പറഞ്ഞു തുടങ്ങേണ്ടത് എന്ന് തോന്നുന്നു. വിവാദങ്ങള്‍ കൊണ്ട് കേരളക്കരയില്‍ പ്രചാരം ഒരു നേടി തുടങ്ങിയ പുസ്തകമാണ് എസ്. ഹരീഷ് എഴുതിയ മീശ എന്ന നോവല്‍. ഈ ഒരു കോടതി വിധി വരുന്നതിന് മുൻപ് തന്നെ മീശയിലെ ആമുഖം ഹരീഷ് എഴുതി DC Books പുറത്തിറക്കിയിരുന്നു. അത് ഇങ്ങനെയാണ്,
 
"മീശയിലെ കഥാപാത്രങ്ങളെ എനിക്ക് ആദരവും പേടിയുമാണ്. മീശ മരിച്ചതിനു ശേഷമാണ് എനിക്കിത് എഴുതാൻ ധൈര്യം പോലും വന്നത്. അല്ലെങ്കിൽ മൂപ്പർ കേട്ടറിഞ്ഞു എനിക്കിട്ട് രണ്ട് പൊട്ടിച്ചേനെ. പിന്നെ സ്നേഹിച്ചേനെ."
ആദ്യം വേദനിപ്പിച്ചും പിന്നെ സ്നേഹിക്കുന്നതുമായ മനുഷ്യന്‍റെ തന്മയ ഭാവം, ആമുഖത്തില്‍ പറഞ്ഞ പോലെ മീശ എന്ന നോവലിനും സംഭവിച്ചു. പാതി വഴിയില്‍ മാതൃഭുമിയില്‍ ഖണ്ഡശ്ശ പ്രസിദ്ധികരണം നിന്നു പോയെങ്കിലും പിന്നീടത്‌ പുസ്തകമായി ഇറങ്ങി ഒത്തിരി വായനാ ഹൃദയങ്ങളെയും പുരസ്കാരങ്ങളെയും കീഴടക്കി.
 
നോവൽ എന്നത് ഒരു സ്വതന്ത്ര രാജ്യമാണെന്ന് മീശ വായിച്ചപ്പോൾ തോന്നി പോയി. കുട്ടനാടൻ പശ്ചാത്തലത്തിൽ ജീവിക്കുന്ന ദളിത് വിഭാഗത്തിൽപെട്ട വാവ്വച്ചന്‍റെ ജീവിതവും ആ കാലഘട്ടത്തിലെ സാമൂഹിക സാഹചര്യവും പറയുന്നതാണ് മീശ. ഒരുപക്ഷേ വൈക്കം മുഹമ്മദ്‌ ബഷീറിന് ശേഷം ഹരീഷ് ആയിരിക്കാം തന്‍റെ നോവലിലെ ജീവജാലങ്ങളെ കൊണ്ടും സംസാരിപ്പിക്കുന്നത്. മരപ്പട്ടിയും തവളയും മുതലയും എല്ലാം അവരവരുടെ മനോഗതങ്ങൾ പറയുന്നു. അതോടൊപ്പം മീശ ഒരു ദേശത്തെ എല്ലാ അർത്ഥത്തിലും പൂർണമായി വരച്ചു കാട്ടുന്നു. ഒരു കഥ മാത്രം പറയുന്ന നോവലല്ല മീശ. കഥകളും ഉപകഥകളും അതിലെ ശരി തെറ്റുകളും വായനകാരന് ചിന്തിക്കാന്‍ ഓര്‍ത്തിരി അവശേഷിപ്പിക്കുന്നു.
 
ജാതീയതയുടെയും സ്ത്രീ പുരുഷ ബന്ധങ്ങളുടെയും വിഷയങ്ങളില്‍ എന്നും നിലകൊണ്ടിരുന്ന ഒരു മിഥ്യ സദാചാര ബോധത്തെ, ചോദ്യം ചെയ്ത്കൊണ്ടുള്ള എഴുത്താണ് മീശയിൽ. ആ കാലത്ത് ഗ്രാമങ്ങളിൽ വിളിക്കുന്ന തെറി വിളികളും, വാമൊഴികളായി പറയുന്ന കാര്യങ്ങളും, ശൈലികളും, അവർണന്‍റെ സംസാരവും, രതിയും, തുറന്നെഴുതിയത് നോവലിലെ കഥാപാത്രങ്ങളോട് കൂടുതൽ നീതി പുലർത്തുന്നു. അതിൽ നിന്നുമുള്ള കഥകൾ ഒരേ സമയം ആസ്വദിക്കുകയും എന്നാൽ കപട സദാചാരം നടിക്കുകയും ചെയ്യുന്നതിലാണ് മീശ ഒരു വിവാദം ആകുന്നത്. മാതൃഭൂമിയിൽ ഖണ്ഡശ്ശയായി അച്ചടിച്ച് വന്ന നോവൽ ഒടുവിൽ നോവലിസ്റ്റ് സ്വയം പിൻവലിക്കാൻ ഇടയായതും ആ വിവാദങ്ങളെ പിൻപറ്റിയാണ്.
 
പുലയ ക്രിസ്ത്യാനിയായ പവിയന്‍റെയും ചെല്ലയുടെയും മകൻ വാവ്വച്ചന്‍റെ കഥയാണിത്. ഒരു മധ്യകാല കുട്ടനാടൻ ഗ്രാമത്തിന്‍റെ തന്നെ പ്രതീക്ഷയുടെയും ആകുലതകളുടെയും പേടിപെടുത്തലുകളുടെയും കഥ. ആ ഗ്രാമത്തിലേക്ക് നാടകം അവതരിപ്പിക്കാൻ എത്തുന്ന എഴുത്തച്ഛൻ. ആ നാടകത്തിൽ പൊലീസുകാരനായി അഭിനയിക്കേണ്ടിയിരുന്ന ആൾ വരാതെ പോകുന്നു. അങ്ങനെ ഒരു പോലീസുകാരനായി അഭിനയിക്കാൻ ഒരാളെ തേടി ആ നാടുമുഴുവൻ എഴുത്തച്ഛനും കൂട്ടരും അലയുന്നു. അവിടെ മീശയുള്ള ആരെയും കണ്ടു കിട്ടുന്നില്ല. മീശ വെക്കുന്നത് അധികാരത്തിനെതിരെയുള്ള പ്രതീകമായി ആയിരുന്നു അവിടെയുള്ളവർ കരുതിയിരുന്നത്. ഒടുവിൽ അവർ ഒരു പുലയ ചെറുക്കനെ കണ്ടെത്തുന്നു. താടിയും മീശയും ഒക്കെയുള്ള തടിച്ചു കറുത്ത ഒരു പുലയ ചെറുക്കൻ, വാവച്ചൻ.
 
പിന്നെ വാവച്ചനെ ഭീഷണിപ്പെടുത്തി താടി വടിപ്പിച്ചു, മീശ കോതി മിനുക്കി ഒരു പോലീസുകാരന്‍റെ വേഷത്തിൽ നിർബന്ധിച്ചു കൊണ്ടുവരുന്നു. പത്രോസ് പുലയന്‍ എന്നൊരു കഥാപാത്രമാണ് വാവച്ചനെ മീശയുള്ള പോലീസുകാരനാക്കി മാറ്റിയെടുക്കുന്നത്. വാവച്ചന്‍റെ ആകാര ഭംഗിയിൽ ആ നാടകം എല്ലാവർക്കും ഇഷ്ടമാകുന്നു. വെറുമൊരു ആക്രോശം മാത്രമുള്ള വാവച്ചന്‍റെ പോലീസ് കഥാപാത്രം നാടകം അവസാനിച്ചിട്ടും മീശ വടിക്കാതെ കൊമ്പൻ മീശയും വെച്ച് നടക്കുന്നു.
 
അങ്ങനെ മീശ എന്ന കഥാപാത്രം നോവലിൽ ഉദയം കൊള്ളുന്നു. പിന്നീട് നോവലിന്‍റെ കഥാഗതി മുഴുവൻ മാറുന്നു. ശേഷം വാവ്വച്ചന്‍ , മീശ എന്ന പേരിൽ നാട്ടിൽ അറിയപ്പെടുന്നു. മീശയെപ്പറ്റി ഇല്ലാ കഥകൾ ഉണ്ടാകുന്നു. നാടുമുഴുവൻ സംസാര വിഷയമാകുന്നു. ആളുകൾ ഞെട്ടി വിറക്കുന്നു. അധികാരികൾ മീശയെ ഭയക്കുന്നു. പോലീസുകാർ മീശക്കു വേണ്ടി പരക്കം പായുന്നു. എന്നാൽ അതേ സമയം മീശ ആഹാരത്തിനു വേണ്ടി പരക്കംപായുന്നു, മലയായ്ക്കു നാട് വിട്ടു പോകാൻ വേണ്ടി അലയുന്നു.
 
മീശയെ പറ്റി പല കഥകളും ഉണ്ടാകുന്നു. ആളുകളെ രക്ഷിക്കുന്ന കഥ, അനീതിക്കെതിരെ പോരാടുന്ന കഥ, ആളുകളെ പേടിപ്പിക്കുന്ന കഥ. അങ്ങനെ മീശ എന്ന കഥാപാത്രം ഒരേ സമയം ആ നാടിന്‍റെ പ്രതീക്ഷയും, ആ നാടിന്‍റെ വേദനയും, ആ നാടിന്‍റെ പേടിപ്പെടുത്തലുമായി മാറുന്നു. മീശ എന്ന കഥാപാത്രത്തിനപ്പുറം അതൊരു പ്രതീകമായാണ് എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. അവിടെയാണ് വായനക്കാരന്‍റെ ചിന്ത സ്വാതന്ത്ര്യത്തിന് എഴുത്തുക്കാരന്‍ അവസരങ്ങള്‍ നല്‍കുന്നത്.
 
സ്വന്തം മകന് പറഞ്ഞു കൊടുക്കുന്ന കഥപോലെയാണ് നോവലിന്‍റെ ആഖ്യാന ശൈലി. അതുകൊണ്ട് തന്നെ എഴുത്തുകാരന്‍റെ നിലപാടുകൾ വ്യക്തമാക്കാനും അതിലൂടെ സാധിക്കുന്നു. ഗുണ പാഠങ്ങൾക്കപ്പുറം കഥകൾ എപ്പോഴും ആസ്വാദികരവും ഹൃദയ സ്പർശിയും ആകണമെന്ന് നോവലിൽ പറയുന്നു. അത്തരത്തിലൊരു വായനാനുഭവം തന്നെയാണ് ഹരീഷ് മീശയിലൂടെ പകരുന്നതും.
 
ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരസ്‌കാരമായ 25 ലക്ഷം രൂപയുടെ ജെ സി ബി പുരസ്‌കാരം 2020-ല്‍ നേടിയത് മീശയുടെ ഇംഗ്ലീഷ് വിവർത്തനത്തിനാണ്. ജയശ്രീ കളത്തിലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്. വിവാദങ്ങൾക്കും പുരസ്കാര വലിപ്പങ്ങള്‍ക്കും അപ്പുറം വായനക്കാർ തീർച്ചയായും മീശയെ തുറന്ന ചിന്താഗതിയോടെ ഇനിയും വായിക്കേണ്ടിയിരിക്കുന്നു.