Pearke Chenam

അവിടെ കയറിചെല്ലുമ്പോള്‍ അയാള്‍ കുളിച്ചുകുറിയിട്ട് ടിവി പ്രോഗ്രാം ശ്രദ്ധിച്ച് സുസ്‌മേരവദനനായി ഇരിക്കുകയായിരുന്നു. ഇന്നലെ മുതല്‍ എണീറ്റുനടക്കാനും വായിക്കാനും ഭക്ഷണം കഴിക്കാനും

തുടങ്ങിയതായി അറിഞ്ഞിരുന്നു. എല്ലാം ഭേദമാകാന്‍ തുടങ്ങിയിരിക്കുന്നു. ഇപ്പോള്‍ അനുവര്‍ത്തിച്ചുപോരുന്ന നാട്ടുചികിത്സാവിധികള്‍ രണ്ടുദിവസംകൂടി പിന്നിട്ടാല്‍ പൂര്‍ണ്ണമായ സ്വാസ്ഥ്യം നേടാനാവുമെന്ന് ഉള്ളറിവായി ഉണര്‍ന്നുവന്നു. ഇപ്പോള്‍ അഞ്ചുദിനം പിന്നിട്ടിരിക്കുന്നു. ദൈനംദിന ജീവിതം പഴയപടി സുഗമമായി നടക്കാന്‍ തുടങ്ങിയിരിക്കുന്നു. അതിന്റെ പ്രസരിപ്പും സന്തോഷവും മുഖത്തുപ്രകടമായിരുന്നു. തന്റെ പാദമര്‍മ്മപ്രയോഗങ്ങളും എനര്‍ജി ഹീലിങ്ങും അയാളെ സുസ്‌മേരവദനനാക്കിയെന്ന സന്തോഷത്താല്‍ തന്റെ ഹീലിങ്ങ് പ്രവൃത്തികളില്‍ ആത്മവിശ്വാസം നിറച്ചു.

ശരീരത്തിന്റെ ഊര്‍ജ്ജകേന്ദ്രങ്ങളെ ക്രമപ്പെടുത്തിയും ഓരോ അവയവങ്ങളേയും ഉത്തേജിപ്പിച്ച് അതിന്റെ നൈസര്‍ഗ്ഗികപ്രവര്‍ത്തനങ്ങളെ ക്രമപ്പെടുത്തി പ്രതിരോധസജ്ജമാക്കുന്നതിലൂടെയും എല്ലാ അസുഖങ്ങളും ശരീരം സ്വയംതന്നെ സുഖപ്പെടുത്തുമെന്ന അറിവ് എത്ര പറഞ്ഞാലും പലര്‍ക്കും ബോധ്യപ്പെടാറില്ല. പലരും ആദ്യമോടുക സ്‌പെഷാലിറ്റി ആശുപത്രികളിലേക്കായിരിക്കും. അവിടെ ഓരോ അവയവങ്ങള്‍ക്കും ഓരോ സ്‌പെഷലിസ്റ്റ് ഡിപ്പാര്‍ട്ടുമെന്റുകള്‍ അവരെ സാന്ത്വനപ്പെടുത്തും. എല്ലാം അവിടത്തെ വകുപ്പുമേധാവികളുടെ കയ്കളില്‍ ഭദ്രം. സാമ്പത്തികഭദ്രതമാത്രം ചെല്ലുന്നവര്‍ കാത്തുസുക്ഷിച്ചാല്‍ മതി.

അയാള്‍ക്ക് അലോപ്പതിയില്‍ വിശ്വാസമില്ലായിരുന്നെന്നപ്പോലെതന്നെ ഒന്നിലും വിശ്വാസമില്ലായിരുന്നു. ഭക്ഷണങ്ങള്‍ പരമാവധി ശ്രദ്ധിച്ചേ കഴിയ്ക്കൂ. വായിച്ചറിഞ്ഞ പലചിന്തകളും പല വഴിയ്ക്ക് നയിക്കുമ്പോള്‍ എവിയെയെങ്കിലും ഒരിടത്ത് ഉറച്ചുനില്‍ക്കണമെന്നത് അറിയാതെ പോയ ഒരു മനുഷ്യനാണ് അയാളെന്ന് പലപ്പോഴും എനിക്കു തോന്നാറുണ്ട്. എന്തെങ്കിലും ചില പ്രശ്‌നങ്ങള്‍ കാര്യമായി വന്നാല്‍ ഏതു മാര്‍ഗ്ഗം തിരിഞ്ഞെടുക്കണം എന്നതില്‍ യാതൊരു മുന്‍ധാരണയുമില്ല. എന്നാല്‍ എല്ലാത്തിലും അവിശ്വാസം നിറഞ്ഞു നില്‍ക്കുകയും ചെയ്യും. ചില അസന്നിഗ്ദ്ധഘട്ടങ്ങളില്‍ മോഷ്ടാക്കളെപോലും വിശ്വസിക്കേണ്ടി വരുമെന്ന് ഞാന്‍ പലപ്പോഴും കളിയാക്കി പറയാറുണ്ട്. ഒരു വിശ്വാസം അത് അതെന്തുമാകാം മനുഷ്യന് ആവശ്യമാണെന്ന് തനിക്ക് ബോധ്യമുള്ളതാണ്. അതുകൊണ്ടാണ് വഴിവക്കില്‍ കുഴിച്ചിട്ട കല്ലില്‍ പോലും മനുഷ്യന്‍ ആരാധന നടത്തുന്നത്. വിശ്വാസം കൈവിട്ടവന്റെ അവസ്ഥ ജീവിതം കൈവിട്ടതിനുതുല്യമാണ്. അതെനിക്ക് സ്വന്തം അനുഭവം സംഭാവന ചെയ്തതാണ്.

അയാള്‍ക്ക് വിശ്വാസം അല്പമെങ്കിലുമുള്ളത് പ്രകൃതിജീവനമായിരുന്നു. അതൊക്കെയാവാം തളര്‍ന്ന് തലയുയര്‍ത്താനാവാതെ ശബ്ദിക്കാനാവാതെ നിശ്ചേതനമായ അവസ്ഥയിലും ഡോക്ടറെ കാണാതെ ഒരേ വാശിയില്‍ കിടക്കയില്‍ കിടന്ന് മരണത്തെ മുഖാമുഖം കണ്ടെന്നപ്പോലെ കിടന്നത്. അര്‍ദ്ധരാത്രിയില്‍ നാടുമുഴുവന്‍ നിദ്രയിലമര്‍ന്നുകിടക്കുന്ന സമയത്താണ് എനിക്ക് ഒരു വിളി വന്നത്. ''ഒന്ന് ഇവിടെ വരെ വരാമോ, ചേട്ടന് തീരെ സുഖമില്ല.'' അയാളുടെ ഭാര്യയാണ് വിളിച്ചത്. വീട് അധികം ദൂരത്തല്ലാത്തതിനാല്‍ വേഗം തന്നെ അവിടെയെത്തി. ഏതുകാര്യത്തിലും സന്ദേഹം കൈമുതലായുള്ള ആള്‍ എന്ന നിലയ്ക്ക് വെറുതേ കാര്യങ്ങള്‍ തിരക്കാമെന്നുമാത്രം കരുതിയാണ് പോയത്.

കിടക്കയില്‍ നിവര്‍ന്നുകിടക്കുന്ന അയാളുടെ രൂപം ശരിക്കും ആത്മവിശ്വാസം കൈവിട്ടവന്റേതുപോലെയായിരുന്നു. നെഞ്ചില്‍ കൈവെച്ച് വേദനയുണ്ടെന്ന് സുചന തന്നു. തലയുയര്‍ത്താന്‍ ശ്രമിക്കുമ്പോഴേയ്ക്കും മറിഞ്ഞുവീഴുന്നതായി പറയാതെ പറഞ്ഞു. എല്ലാം കൈവിട്ടതുപോലെയായിരുന്നു അപ്പോഴത്തെ അയാളുടെ മനോനില. ആ കിടപ്പും മുഖത്തെ ഭാവങ്ങളും അവസാന നിമിഷങ്ങളെണ്ണി കിടക്കുന്ന~ഒരുവനെ ഓര്‍മ്മപ്പെടുത്തി. എനിക്കൊന്നൂം ചെയ്യാനില്ലെന്നപ്പോലെ ഞാന്‍ ആ കട്ടിലിന്റെ അരികില്‍ ചെന്നിരുന്നു. അയാള്‍ക്ക് ശബ്ദിക്കാന്‍ പോലും നാവുയരുന്നില്ലായിരുന്നു. തളര്‍ന്ന ശരീരം കൂടുതല്‍ തളര്‍ന്ന് കുഴഞ്ഞ പരുവത്തിലായി. ഒരു നിശ്വാസം പോലെ എന്നോടു മൊഴിഞ്ഞു. ''ഒന്നു ഹീല്‍ ചെയ്യാമോ?'' അതുകേട്ട് എനിക്കത്ഭുതമാണ് തോന്നിയത്. എനര്‍ജി ഹീലിങ്ങിനെപ്പറ്റിയും അതിന്റെ സൗഖ്യപ്പെടുത്തലുകളെപ്പറ്റിയും പലപ്പോഴും പറഞ്ഞീട്ടുള്ളതാണെങ്കിലും അതിലൊന്നും ഒട്ടും താല്പര്യം കാണിക്കാതിരുന്ന ആളാണ്. നമ്മുടെ ശാരീരികാവയവങ്ങളെ പാദത്തിലുള്ള ടെര്‍മിനല്‍ പോയന്റുകളില്‍ പ്രഷര്‍ കൊടുത്ത് രോഗശാന്തി വരുത്താനാകുമെന്ന തിബത്തന്‍ പാദമര്‍മ്മവിദ്യകളെപ്പറ്റിയും ഞാന്‍ പറയാറുണ്ടായിരുന്നു. അതിലൊന്നും അയാള്‍ക്ക് വിശ്വാസമുള്ളതായി എനിക്കുതോന്നിയീട്ടില്ല. ആഴ്ന്നുപോകുന്നവന്റെ കയ്യിലെ കച്ചിതുരുമ്പായി ഒരുപക്ഷെ എനര്‍ജി ഹീലിങ്ങിനെ അയാള്‍ കണ്ടിരിക്കാം.
മരുന്നില്ലാത്ത ബദല്‍ ചികിത്സാരീതികള്‍ പരീക്ഷിച്ചു നടക്കുന്ന തനിക്ക് സുഖപ്പെടല്‍ പുറമേ നിന്നു വരേണ്ടതല്ല എന്നറിയാം. ശരീരമാണ് എല്ലാ സൗഖ്യവും കൊണ്ടുവരുന്നത്. ശരീരത്തിന് അതിനുവേണ്ട എല്ലാ സംവേദനശക്തിയുമുണ്ട്. എന്നാല്‍ നമ്മുടെ തെറ്റായ ഭക്ഷണരീതികളും തെറ്റായ ജീവിതശൈലികളും ശരീരത്തിന്റെ തനതായ ഹീലിങ്ങ് കഴിവിനെ ഇല്ലാതാക്കുന്നു എന്നത് ഒരു യാഥാര്‍ത്ഥ്യമാണെന്നറിയാം. ഭക്ഷണമാണ് മരുന്ന്. ചികിത്സകള്‍ക്ക് പഥ്യം പഴമക്കാര്‍ പറയാറുള്ളതും അതുകൊണ്ടുതന്നെ. പ്രകൃതിജീവനക്യാമ്പുകളിലും എനര്‍ജി ഹീലിങ്ങ് ക്ലാസ്സുകളിലും മര്‍മ്മചികിത്സാക്യാമ്പുകളിലും നല്ല നിരക്കിലുള്ള ഫീസുകള്‍ നല്‍കിതന്നെ പോയിരുന്നതും ഇത്തരത്തിലുള്ള ബദല്‍മാര്‍ഗ്ഗങ്ങള്‍ അറിയുന്നതിനും അത് മറ്റുള്ളവരിലേയ്ക്ക് പ്രചരിപ്പിക്കുന്നതിനും വേണ്ടി കൂടിയായിരുന്നു. ഇങ്ങനേയും മാര്‍ഗ്ഗങ്ങളുണ്ട് എന്ന് വിളംബരപ്പെടുത്താന്‍ കിട്ടുന്ന സാഹചര്യങ്ങള്‍ ഉപയോഗപ്പെടുത്തുമ്പോള്‍ പലര്‍ക്കും അതൊരു അറിവും അബദ്ധങ്ങളില്‍ ചെന്നു വീഴാതിരിക്കാന്‍ സഹായകവുമാകും.

അയാള്‍ ഹീലിങ്ങ് ആവശ്യപ്പെട്ടപ്പോള്‍ ആദ്യം ആശ്ചര്യമാണ് തോന്നിയത്. പിന്നെ അത് സന്തോഷമായി മാറി. ഒരു ടംബ്ലറില്‍ ഉപ്പും വെള്ളവും ചേര്‍ത്ത് ഒരു ഡിസ്‌പോസില്‍ യൂണിറ്റ് തയ്യാറാക്കി. ഗുരുവിനെയും ഗുരുഭൂതരും ആദരണീയരുമായ മുഴുവന്‍ വ്യക്തികളേയും പ്രകൃതിയേയും പ്രപഞ്ചശക്തിയേയും മനസ്സില്‍ ധ്യാനിച്ചു. അതിനുശേഷം അയാളുടെ ഊര്‍ജ്ജശരീരം കൈത്തലമുയര്‍ത്തി പരിശോധിച്ചു. അതില്‍ പലയിടത്തും മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ക്ക് കാരണമായേക്കാവുന്ന നിമ്‌നോന്നതികള്‍ രൂപപ്പെട്ടിരിക്കുന്നതായി കാണാനായി. ഒരു നിമിഷത്തെ നിശ്ശബ്ദപ്രാര്‍ത്ഥനയ്ക്കുശേഷം ആദ്യപടിയായി ഊര്‍ജ്ജശരീരത്തെ പൊതുശുചീകരണത്തിനുവിധേയമാക്കി. രണ്ടുമൂന്നാവര്‍ത്തി കഴിഞ്ഞപ്പോഴേയ്ക്കും അയാള്‍ തലയുയര്‍ത്തി ചരിഞ്ഞുകിടന്നു. മുഖത്ത് പ്രസന്നത മിന്നലാട്ടം നടത്തി. മിഴികളില്‍ പ്രതീക്ഷയുടെ തിരിനാളം മിന്നാമിനുങ്ങുപോലെ പ്രകാശിക്കാന്‍ തുടങ്ങി. അയാള്‍ സംസാരിക്കാന്‍ തുടങ്ങി. ഞാന്‍ പറഞ്ഞു. നിങ്ങളുടെ ഹൃദയത്തിനൊന്നും യാതൊരു പ്രശ്‌നവുമില്ല. ഇയര്‍ബാലന്‍സ് ആണ് പ്രശ്‌നം. അതിന്റെ ലക്ഷണങ്ങളും പ്രയാസങ്ങളും പറഞ്ഞപ്പോള്‍ അയാള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലനായി. അതുവരെ തളര്‍ന്നു കിടക്കുകയായിരുന്ന അയാളുടെ സ്വനപേടകം ശബ്ദമുയര്‍ത്തി ഞാന്‍ പറഞ്ഞതിനെ ന്യായീകരിച്ചു. ഞാന്‍ ഹീലിങ്ങ് തുടര്‍ന്നു. എല്ലാ ഊര്‍ജ്ജകേന്ദ്രങ്ങളേയും സൗഖ്യപ്പെടുത്തികൊണ്ടിരുന്നു. ഹീലിങ്ങ് കഴിഞ്ഞ് എനര്‍ജികോഡ് കട്ടുചെയ്ത് ഞാന്‍ വീണ്ടും അവിടെ കിടന്നിരുന്ന കസേരയില്‍ ഇരുന്നു.
അയാള്‍ കട്ടിലില്‍ എണീറ്റിരുന്ന് എന്നോട് സംസാരിക്കാന്‍ തുടങ്ങി. ഉറക്കെയുള്ള സംസാരം കേട്ട് അയാളുടെ ഭാര്യ അത്ഭുതപ്പെട്ടുകൊണ്ട് അകത്തേയ്ക്കുകടന്നുവന്ന് വായും പൊളിച്ച് നിന്നു. അവരുടെ മുഖത്തും ആശ്വാസത്തിന്റെ സ്ഫുരണങ്ങള്‍ നിറഞ്ഞു. അവര്‍ അത്ഭുതത്തോടെ ചോദിച്ചു. ''ചത്തപോലെ കിടന്ന ആളാണോ ഇത്.'' ഞാന്‍ പറഞ്ഞു. ''ഒരു പ്രശ്‌നവുമില്ല. ആവശ്യമില്ലാത്ത ചിന്തകള്‍ കൊണ്ടുവന്ന പ്രതിസന്ധിയാണ്. ഒരു പ്രശ്‌നമുണ്ട്. അതിന് പ്രതിവിധിയും ഉണ്ട്. ഇനി സ്വസ്ഥമായി ഉറങ്ങിക്കോളൂ.'' നാളെ കാണാമെന്നു പറഞ്ഞ് അന്ന് അവിടെ നിന്നും പോന്നു. ഓരോ ദിനവും മുടങ്ങാതെ ചെല്ലുകയും തന്റെ പാദമര്‍മ്മചികിത്സകള്‍ അനുവര്‍ത്തിക്കുകയും ചെയ്തു.

ഇന്ന് ആറാമത്തെ ദിനമാണ്. അയാള്‍ പൂര്‍ണ്ണമായും സുഖം പ്രാപിച്ചതിന്റെ സന്തോഷത്തിലിരിക്കുന്ന സമയത്താണ് ഞാന്‍ ചെന്നത്. ചെന്നപാടെ കുഴമ്പെടുത്ത് ഇടതുകാല്‍ പാദം പിടിച്ച് ടീപോയില്‍ വെച്ച് മസ്സാജ് ചെയ്യാന്‍ തുടങ്ങി. അതിനുശേഷം പ്രഷറിങ്ങ് ടൂള്‍ എടുത്ത് ഇടതുകാല്‍പാദത്തിലെ സോളാര്‍പ്ലക്‌സസ് കേന്ദ്രത്തെ നല്ലപോലെ പ്രഷറുകൊടുത്തു. പിന്നെ ഓരോ മര്‍മ്മകേന്ദ്രങ്ങളിലും ടൂളിന്റെ താളം തുടര്‍ന്നു. അയാള്‍ അതെല്ലാം ആസ്വദിച്ചുകൊണ്ട് കിടന്നു. ഈസ്റ്റാചിയന്‍ ടൂബിന്റെ സ്ഥലമെത്തിയപ്പോള്‍ അയാള്‍ക്ക് അല്പം വേദനിച്ചു. ആദ്യമെല്ലാം അവിടെ അയാള്‍ക്കു ജീവന്‍ പോകുന്ന വേദനയായിരുന്നു. വേദന മുഴുവന്‍ തീരുന്നതോടെ ആ പ്രശ്‌നം അവസാനിക്കുമെന്ന് ഞാന്‍ അയാളെ ബോധ്യപ്പെടുത്തി. ഇടതുകാലിലെ ജോലികളെല്ലാം തീര്‍ത്ത് വലതുകാല്‍പാദം എടുത്തുയര്‍ത്തി തൈലമിട്ട് മസ്സാജ് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ സംസാരിക്കാന്‍ തുടങ്ങി.

''ഇന്നലെ മകള്‍ വന്നിരുന്നു. അവള് എന്റെ നാളും പേരും പറഞ്ഞ് കുളങ്ങര ഭഗവതിയ്ക്ക് വഴിപാടുകള്‍ കഴിക്കാന്‍ പോയിരുന്നു. അവിടത്തെ ശാന്തിക്കാരന്‍ ഒരു പ്രത്യേക വ്യക്തിയാണ്. ഒരു സിദ്ധന്‍. അയാള്‍ തേങ്ങ മുട്ടി ലക്ഷണങ്ങള്‍ പറഞ്ഞു. അതിനുള്ള പ്രതിവിധികളായി പറഞ്ഞതനുസരിച്ചുള്ള വഴിപാടുകള്‍ നടത്തി. അതെല്ലാം നടത്തിയതിനു ശേഷം മുതലാണ് ്യൂഞാന്‍ ശരിക്കും സുഖം പ്രാപിക്കാന്‍ തുടങ്ങിയത്. അയാളതുപ്രത്യേകം പറയുകയും ചെയ്തു. അയാള്‍ പറഞ്ഞ വഴിപാടുകള്‍ ചെയ്താലല്ലാതെ എന്തുചികിത്സ ചെയ്താലും അതു മാറില്ലെന്ന് പ്രത്യേകം പറഞ്ഞു.''

അതുകേട്ടപ്പോള്‍ മനസ്സില്‍ ഒരു പ്രയാസം ഉരുണ്ടുകൂടാന്‍ തുടങ്ങി. അപ്പോള്‍ ഞാന്‍ ഈ ദിവസങ്ങളില്‍ ചെയ്ത പ്രവര്‍ത്തികളെല്ലാം... എല്ലാ പ്രവൃത്തിയുടേയും ഫലം ശാന്തിക്കാരന്‍ കൊണ്ടുപോകുന്നത് കണ്ട് ടൂളുകളെല്ലാം ഒതുക്കി എഴുന്നേറ്റു.

''മുഴുവന്‍ കഴിഞ്ഞില്ലല്ലോ?'' അയാള്‍ ഇടപെട്ടു. ഞാന്‍ പറഞ്ഞു.
''ഇല്ല. എല്ലാം പൂര്‍ത്തിയായി. ഇനി ഒന്നും ചെയ്യാനില്ല.'' അതും പറഞ്ഞ് എണീറ്റ് പുറത്തേയ്ക്കു നടന്നു. റോഡിലേയ്ക്കിറങ്ങിയപ്പോള്‍ മനസ്സ് മന്ത്രിച്ചു. വിശ്വാസികള്‍... വിശ്വാസമെന്തെന്നറിയാത്ത വിശ്വാസികള്‍...

കൂടുതൽ വായനയ്ക്ക്