നോവലുകൾ വായിക്കുന്നതിൽ താല്പര്യമില്ലാതായി. എങ്കിലും പുതുവത്സര സമ്മാനമായി (yes തിരിച്ചു കൊടുക്കണം) ജോസ് തന്നത് ഇ. എം. ഹാഷിം എഴുതിയ  'ബുദ്ധമാനസ'മാണ്. സിദ്ധാർഥൻ ബുദ്ധനായ

കഥയാണല്ലോ, വായിക്കാം എന്നു തീരുമാനിച്ചു. ബുദ്ധന്റെ ജീവിത കഥ നാം എത്രയോ തവണ അറിഞ്ഞിരിക്കുന്നു. ഡയാന രാജകുമാരി കുറച്ചു ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്തപ്പോൾ രാജഭക്തമാധ്യമങ്ങൾ അവരെ ഉപമിച്ചത് ബുദ്ധനുമായിട്ടാണ്. അന്നു ചിരിച്ചു തുടങ്ങിയവർ ഇതുവരെയും ചിരി നിറുത്തിയിട്ടില്ല!

വളരെ ചെറുപ്പത്തിൽ 'ലൈറ്റ് ഓഫ് ഏഷ്യ'യുടെ  കിളിപ്പാട്ടു രൂപത്തിലുള്ള പരിഭാഷയായ 'ശ്രീബുദ്ധ ചരിതം' മുഴുവൻ അച്ഛൻ വായിച്ചു വിശദീകരിച്ചു തന്നിരുന്നു. കാവ്യ ഭംഗി നുകരാനുള്ള കഴിവില്ലായിരുന്നു എങ്കിലും 'പതിത കാരുണികനായ' ശ്രീബുദ്ധൻ മനസ്സിൽ ഒരിടം പിടിച്ചിരുന്നു. പിൽക്കാലത്തു കുമാരനാശാന്റെ മറ്റു കാവ്യങ്ങളിലൂടെ 'ശാക്യമുനിയുടെ' ദർശനങ്ങളുടെ വെളിപ്പെടലുകൾ പലവട്ടമുണ്ടായി. പിന്നീടാണ് മനുഷ്യനായി ജനിച്ചു മനുഷ്യനായി മരിച്ച ഗൗതമ ബുദ്ധനെ അറിഞ്ഞത്. 1974 ൽ പൊഖ്റാനിൽ ഇന്ത്യ ആണവ പരീക്ഷണം വിജയകരമായി നടത്തിയപ്പോൾ ആ അഹിംസാവാദിയുടെ നാമം ഒരു ക്രൂരമായ ഫലിതമാക്കപ്പെട്ടു. 'smiling budha' എന്നായിരുന്നു അതിനിട്ട രഹസ്യ വാക്യം.

പുതുവത്സര ദിനത്തിൽ തന്നെ പുസ്തകം വായിച്ചു തീർത്തു. ചരിത്രത്തോടൊപ്പം എത്രമാത്രം ഭാവന കടന്നുകൂടിയിരിക്കും എന്നറിയാനുള്ള ആകാംക്ഷയാണ്  വായനയെ ത്വരിതപ്പെടുത്തിയത്. (വിശ്വാസികളുടെ പടയൊരുക്കാനായി ചരിത്രത്തെ എത്രമാത്രം വളച്ചൊടിച്ചു എന്നും, കള്ളക്കഥകൾ ചരിത്രത്തിൽ എത്രമാത്രം കുത്തിത്തിരുകി എന്നും സംഘടിത മതങ്ങളെ നിരീക്ഷിച്ച സത്യാന്വേഷികൾ  ധാരാളം  വെളിപ്പെടുത്തിയിട്ടുണ്ട്.) ഇതൊരു നോവലാണ് എന്നുള്ള ബോധം വായനക്കാർക്കുണ്ടെങ്കിൽ സുഖമായി വായിച്ചു പോകാവുന്ന ഒന്നാണ് ഈ. എം ഹാഷിമിന്റെ 'ബുദ്ധമാനസം'.

ഗൗതമ ബുദ്ധൻ പറയുന്നു 'ഏവർക്കും ബുദ്ധനാവാം' എന്ന്. ഒരുപക്ഷെ നോവൽ നൽകുന്ന ഏറ്റവും മഹത്തായ സന്ദേശം ഇതാവാം. എനിക്കേറ്റവും ഇഷ്ടപ്പെട്ടതും ഇതുതന്നെ. മനുഷ്യനായി പിറന്നു, മനുഷ്യനായി ജീവിച്ചു, മനുഷ്യനായി മരിച്ച ഗൗതമനെയാണ് ഈ. എം. ഹാഷിം 'ബുദ്ധമാനസ'ത്തിലൂടെ അവതരിപ്പിക്കുന്നത്. യശോധാരയും, ശുദ്ധോദനനും, മഹാമായയും, ഗൗതമിയും, ദേവദത്തനും, രാഹുലും, ഒക്കെ നമുക്കറിയാവുന്നവർ തന്നെ. എങ്കിലും സചിവനും, കുതിരക്കാരനുമായ ചന്തകനും, അനന്തനും തിളങ്ങി നിൽക്കുന്നു.

സുഖമായി വായിച്ചുപോകാൻ കഴിയുന്ന അവതരണം. സിദ്ധാർഥ ഗൗതമന്റെ ജീവിതത്തിലെ പ്രധാന സന്ദർഭങ്ങളിലൂടെ കടന്നു പോവുമ്പോൾ തന്നെ, പ്രസക്തമായ ബുദ്ധപ്രമാണങ്ങൾ സാന്ദർഭികമായി  അവതരിപ്പിക്കുകയും ചെയ്യുന്നതിൽ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു.

ചരിത്ര പുരുഷന്മാരെ (വനിതകളെയും) അവതരിപ്പിക്കുമ്പോൾ അനുവർത്തിക്കേണ്ട അകലം നോവലിസ്റ്റ് പാലിച്ചിരുന്നു. ബുദ്ധന്റെ മനോവ്യാപാരങ്ങളെ വളരെ അടുത്തുനിന്നു കാണുമ്പോൾ തന്നെ, ബുദ്ധനെ മറ്റുള്ളവ രിലൂടെ കാണാനും അദ്ദേഹം ശ്രമിക്കുന്നു. തന്റെ കഥാപാത്രത്തിനു മിഴിവു നൽകാനായി അവരെക്കൊണ്ടു എടുത്താൽ പൊങ്ങാത്ത അത്ഭുത പ്രവർത്തികൾ ചെയ്യിക്കുന്നത് ഇതുപോലെയുള്ള രചനകളിൽ കടന്നു കൂടാറുള്ള പിഴവാണ്. വായനക്കാർ അതു വിശ്വസിക്കുകയും പിൽക്കാലങ്ങളിൽ ആ വിശ്വാസം സംരക്ഷിക്കാനായി വാളെടുക്കുകയും ചെയ്യാറുണ്ട്. ഹാഷിം ഈ രചനയിൽ അത്തരം സാഹസങ്ങൾ അധികം ചെയ്തില്ല എന്നതുകൊണ്ടു തന്നെ ഞാൻ അദ്ദേഹത്തെ ആദരിക്കുന്നു.

ലൗകിക ജീവിതത്തെ സമഗ്രമായി   ആധ്യാത്മികതയുടെ ഉയരത്തിൽ നിന്നു കാണുമ്പോഴും, സുഖ ദുഖങ്ങളെ കയറ്റിറക്കങ്ങളായി സാമാന്യവൽക്കരിക്കുമ്പോഴും, ഉണങ്ങാത്ത ഒരു മുറിവായി യശോധര  അവശേഷിക്കുന്നു എന്നു അവസാന താളിനു ശേഷം നാം തിരിച്ചറിയയുന്നു. ( യശോധാര നോവലിൽ കടന്നു വരുന്ന അവസരത്തിലൊക്കെ ജി ശങ്കരക്കുറുപ്പിന്റെ യശോധര വളരെ വേദനയോടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നതായി അറിഞ്ഞു.)

പുസ്തകാരംഭത്തിലെ ആനന്ദിന്റെ 'ബുദ്ധഹൃദയം' എന്ന അവതാരികയും, പി. എൻ ദാസിന്റെ 'ഉള്ളിലെ ബുദ്ധൻ' എന്ന കുറിപ്പും കണിശമായും നോവലിനോടൊപ്പം വായിച്ചിരിക്കേണ്ടതാണെന്നു പ്രത്യേകം ശുപാർശ ചെയ്യുന്നു.