ഉരുകിയുലഞ്ഞ് വീഴുന്നു
മഞ്ഞിന്‍ മുഖപടം
അരുണിമയിലീ ഗിരിനിരകള്‍
തിളങ്ങുന്നു.

നിരവധി വെള്ളിനൂലുകളായൊഴുകി
നീരുറവകളരുവിയില്‍ നിപതിക്കുന്നു.
പുലരിയുടെ വര്‍ണ്ണക്കൂട്ടുകളില്‍
ചെറുതെന്നലിന്‍ കൈകളില്‍
നിന്നുതിര്‍ന്നു വീണു ചിതറുന്നു.
അകലെയെങ്ങോ വിടര്‍ന്ന
വനപുഷ്പങ്ങളുടെ സുഗന്ധം

അതിരില്ലാ വയലുകള്‍ക്ക്
നടുവിലായ്, നെടുനീളേ പോകും
അനന്തമാം കറുത്ത പാതയിലങ്ങിങ്ങായ്
ഇന്നലെ രാവിലേതോ യാമത്തില്‍ പെയ്ത
വേനല്‍മഴയുടെ നനവിന്‍ തിളക്കം.

സമയത്തേരിന്‍ ചക്രങ്ങള്‍ ഉരുളും
ദ്രുതതാളലയങ്ങളില്‍, കാലത്തിന്‍
നവനവ നൂപുരദ്ധ്വനിനാദം മുഴങ്ങുന്നു
പുതിയൊരു വസന്തത്തിന്‍ ലഹരിയിലീ
താഴ്വരയാലോലം തന്നനം പാടിയോരോ
പുതുപുഷ്പങ്ങളില്‍ പദമൂന്നിയനുസ്യൂതം
മനോഹരനടനം തുടരുന്നു.

 

കൂടുതൽ വായനയ്ക്ക്