മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100
 
അമ്മാവൻ സിഗററ്റിന് തീ കൊളുത്തി അരവിന്ദനോട് ചോദിച്ചു.
" നിനക്ക് സോഡ വേണോ?"
സിനിമ തിയേറ്ററിന്റെ മുറ്റത്ത്‌ വന്നു നിന്ന പോലീസ് ജീപ്പിൽ നിന്നും ഇറങ്ങിയ ശുഭയെ കണ്ട് അരവിന്ദൻ ചിരിച്ചു.
" എനിക്കൊരു കൊക്കകോള വാങ്ങി താരോ?"
അരവിന്ദൻ അമ്മാവനോട് കെഞ്ചി.
പോക്കറ്റിൽ കിടന്ന ചില്ലറയെല്ലാം പെറുക്കിക്കൂട്ടി അമ്മാവൻ അവന് ഒരു കുപ്പി കോള വാങ്ങി കൊടുത്തു.
ശുഭ കാണത്തക്ക രീതിയിൽ കുപ്പി ഉയർത്തി പിടിച്ച് അരവിന്ദൻ കോള കുടിച്ച് തീർത്തു. അവന്റെ ആദ്യത്തെ കോളകുടി.
ശുഭ അരവിന്ദനെ കണ്ടതായി ഭാവിച്ചില്ല. അച്ഛന്റെ കൈ പിടിച്ചവൾ ബാൽക്കണിയിലേക്ക് നടന്നു.
രണ്ടാം ക്ലാസ്സിലെ സാറാമ്മ ടീച്ചർ അവധി എടുത്ത ദിവസം മൂന്നാം ക്ലാസ്സിൽ നിന്നും പകരം ലില്ലി ടീച്ചർ വന്നു.
" വലുതാവുമ്പോ നിങ്ങൾക്കൊക്കെ ആരാവണം?"
ഓരോരുത്തർക്കും ഓരോന്നാവണം.
ശുഭയ്ക്ക് പോലീസാവണം എന്ന് പറഞ്ഞപ്പോൾ അരവിന്ദൻ അന്തംവിട്ടു.
പെണ്ണുങ്ങൾ പോലീസാവോ?
തന്റെ ഊഴം വന്നപ്പോൾ അരവിന്ദൻ ചാടി എഴുന്നേറ്റ് ഉറക്കെ പറഞ്ഞു.
" എനിക്ക് നസീറാവണം "
മരം ചുറ്റി നടന്ന് പാട്ട് പാടുന്ന നസീറിനെ പോലെ ആവണം എന്ന് അരവിന്ദൻ പണ്ടേ തീരുമാനിച്ച് വെച്ചിരുന്നതാണ്.
പാട്ട് പാടുമ്പോൾ കൂടെ ശുഭയും വേണമെന്നെ ഉള്ളു.
അമ്മാവൻ ടിക്കറ്റെടുത്ത് മുൻനിര സീറ്റുകളിലേക്ക് നടന്നു.
"നമുക്ക് ബാൽക്കണീല് ഇരിയ്ക്ക്യ മാമാ?"
" ഉവ്വ ബാൽക്കണി. ഇണ്ടാർന്ന കാശ് കൊടുത്ത്‌ നിനക്ക്‌ കോള വാങ്ങി തന്നില്ലേ. ഇനി തറ ടിക്കറ്റിൽ ഇരുന്നാ മതി. വാ പടം തൊടങ്ങാറായി."
അമ്മാവൻ അരവിന്ദനെ വലിച്ച് കൊണ്ടുപോയി.
അരവിന്ദന് വല്ലാത്ത ജാള്യത തോന്നി. ശുഭയെങ്ങാനും ബാൽക്കണിയിൽ ഇരുന്ന് തന്നെ കണ്ടാലൊ.
നസീറാവണം എന്ന് പറഞ്ഞപ്പോൾ കളിയാക്കി ചിരിച്ചവളാണ്.
പടം തുടങ്ങിയെങ്കിലും അരവിന്ദൻ കൂടെകൂടെ പുറകിലോട്ട് നോക്കികൊണ്ടിരുന്നു.
ബാൽക്കണിയിലെ ഇരുട്ടിൽ ഇരുന്ന് ശുഭ തന്നെ നോക്കി പൊട്ടിച്ചിരിക്കുകയാണെന്ന് അവന് മനസ്സിലായി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter