മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

രാവിലെ പുറത്ത് കടിപിടി കൂടലിന്റെ മുരൾച്ചയും ക്രൗര്യവും മോങ്ങലും കേട്ടാണ് ഉറക്കമുണർന്നത്. ജനലിലൂടെ ശബ്ദം കേട്ടിടത്തേക്ക് നോക്കി.

കുറിഞ്ഞി പൂച്ചയും അപ്പുറത്ത് വീട്ടിലെ മണികണ്ഠൻ പൂച്ചയും. ഈ കുറിഞ്ഞി എപ്പോഴാണ് പുറത്തു പോയത്. രാത്രിയിൽ ഞാനാണല്ലൊ അകത്ത് കിടക്ക വിരിച്ചു കൊടുത്തത്. പ്രഭേട്ടൻ വെളുപ്പിന് നടക്കാൻ പോയപ്പോൾ ഒളിച്ചുകടന്നതാകും. 

വല്ലാത്ത മുരൾച്ചയോടെ കുറിഞ്ഞി മുൻ കാലുകൾ ഉയർത്തി, മുഖം വക്രിപ്പിച്ച് മണികണ്ഠന് നേരെ ചീറിയടിക്കുന്നു. അവനും വിട്ടുകൊടുക്കാൻ ഭാവമില്ല. ഒടുവിൽ മണികണ്ഠൻ തോറ്റു പിന്മാറി.

മനസ്സിന് വല്ലാത്ത ഒരു സംതൃപ്തി തോന്നി. സ്വന്തം മകൾഒരു അക്രമിയെ തോല്പിച്ച സമാധാനം. ഇങ്ങനെയാവണം പെൺകുട്ടികൾ. 

ഒരു ഭാവമാറ്റവും ഇല്ലാതെ അല്പം തുറന്നിട്ട ജനാലയിലൂടെ അകത്ത് കടന്ന് ശബ്ദമുണ്ടാക്കാതെ ഇടം വലം കണ്ണോടിച്ച് ആരും ഒന്നും കണ്ടില്ലെന്ന് സമാധാനിച്ച് ബഡ്റൂമിലെ കട്ടിലിനടിയിലേക്ക് നുഴഞ്ഞു കയറുന്ന കുറിഞ്ഞിയെ ഞാനും കണ്ടില്ലെന്ന് നടിച്ചു. 

ചുണ്ടിലൂറിയ പുഞ്ചിരിയോടെ അടുക്കളയിലേക്ക് നടന്നു. അപ്പൊഴാണ് അമ്മെയെന്ന് വിളിച്ച് അമല മോൾ വന്നത്. പുറകിലൂടെ കഴുത്തിൽ കയ്യിട്ട് കെട്ടിപ്പിടിച്ചുകൊണ്ടവൾ ചോദിച്ചു 'എന്റെ ചുന്ദരി അമ്മെ ചായയെവിടെ'? പല്ലു പോലും തേച്ചില്ലെന്ന് വായിലെ മണം വിളിച്ചു പറഞ്ഞു. അവളെ വഴക്ക് പറഞ്ഞ് ബാത്റൂമിലേക്കയയ്ക്കുമ്പോൾ ഓർത്തു, ഇന്നവൾക്ക് ഡാൻസ് ക്ലാസ്സ് ഉള്ള കാര്യം. ഒപ്പം രണ്ട് ദിവസം മുൻപ് വാർത്തകളിൽ നിറഞ്ഞു നിന്ന പതിനാറു കാരിയുടെ മുഖവും. എന്നും അവളെ ക്ലാസ്സിനും ട്യൂഷനുമെല്ലാം ഞാനോ പ്രഭേട്ടനൊ കൊണ്ടു പോകണം. തനിച്ചെവിടെയും വിടില്ല. 

കിച്ചണിൽ സ്റ്റൗവ്വിനടുത്തിരുന്ന് ചായ നുണയുന്ന മകളോട് ചോദിച്ചു. ഇന്ന് നിനക്ക് തനിച്ചു പൊയ്ക്കൂടെ ക്ലാസ്സിന്? 

അരുതാത്തതെന്തോ കേട്ടപോലെ അവൾ തുറന്ന വായ അടയ്ക്കാതെ മിഴിച്ചു നോക്കി. 

"മ്ം? എന്താ നോക്കുന്നത്. സ്വയം രക്ഷിക്കാൻ പഠിക്കണ്ടെ"?

അമ്മേ... ഇന്ന് വരെ ഒരു ബസ്സിൽ തനിയെ പോയിട്ടില്ല. എനിക്ക് തനിച്ച് വാഹനം ഓടിക്കാൻ ലൈസൻസ് കിട്ടട്ടെ. അപ്പോൾ ആലോചിക്കാം ഒറ്റയ്ക്ക് പോകുന്നത്. 

'സ്വയരക്ഷയ്ക്കുള്ള പ്രാപ്തി വേണമെങ്കിൽ തനിയെ യാത്രകൾ ചെയ്യണം, പരിസരം വീക്ഷിക്കണം, എങ്ങനെ പ്രതിബന്ധങ്ങളെ തരണം ചെയ്യാം എന്ന് സ്വയം ചിന്തിക്കണം, പഠിക്കണം'.

അമ്മയ്ക്കിതെന്തു പറ്റി? മകൾ ചിന്താവിഷ്ടയായി. ഒറ്റയ്ക്ക് അടുത്ത വീട്ടിലേക്ക് പോലും വിടില്ല എന്ന് വാശിപിടിക്കാറുള്ള അമ്മയാണ്. കതിരേൽ വളം വച്ചിട്ടെന്താ കാര്യം. ഒരിക്കലും ഒരിടത്തും തനിയെ വിടില്ല. എപ്പോഴും അമ്മയുടെ കാവൽ, കരുതൽ. അതിന്റ കരുത്തിൽ സ്വയം നെയ്തെടുത്ത സുരക്ഷാ കവചം. ഒന്നിനെക്കുറിച്ചും ചിന്തിക്കാതിരുന്ന താനെങ്ങനെയാണ് ഇനി?

മ്ം നടപ്പുള്ള കാര്യം വല്ലതും പറയൂ അമ്മെ. എനിക്ക് ടൈം ആയി. ഞാൻ റഡിയാകട്ടെ. 

മകൾ പോയിക്കഴിഞ്ഞിട്ടും എന്റെ ചിന്തകൾ കുറിഞ്ഞിക്ക് പിറകെ പാഞ്ഞുകൊണ്ടിരുന്നു. ആരും പിറകെ നടക്കാനില്ല. പ്രകൃതിയിലെ ഓരോ തയ്യാറെടുപ്പുകൾ. മനുഷ്യനൊഴിച്ച് എല്ലാ ജീവജാലങ്ങളും സ്വയരക്ഷയുടെ പാഠം ജന്മനാ ഉൾക്കൊള്ളും പോലെ. 

ഒരിക്കൽ കുട്ടനാട്ടിൽ കൂട്ടുകാരിയുടെ വീട്ടിൽ പോയപ്പോൾ എന്നെ അതിശയിപ്പിച്ച കാഴ്ചയായിരുന്നു താറാവിന്റെ കുഞ്ഞുങ്ങളും ഒപ്പം കോഴിക്കുഞ്ഞുങ്ങളും വെള്ളത്തിന്നരികിലേക്ക് ഓടിയിട്ട് ഭയമൊട്ടുമില്ലാതെ വെള്ളത്തിലേക്ക് ചാടിയ താറാവ് കുഞ്ഞുങ്ങളും ഭയത്തോടെ പിൻ വാങ്ങുന്ന കോഴിക്കുഞ്ഞുങ്ങളും. അന്ന് അതേക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിൽ ഇന്ന് ഇങ്ങനെയൊന്നും ചിന്തിക്കേണ്ടിവരുമായിരുന്നില്ല.

എന്തു കൊണ്ട് മനുഷ്യനു മാത്രം ജന്മനാ തിരിച്ചറിവുണ്ടാകുന്നില്ല. 

തിരിച്ചറിഞ്ഞ് തുടങ്ങുന്ന പ്രായത്തിലുള്ള അമിത കരുതൽ അവരെ ഒന്നിനും കൊള്ളാത്തവരാക്കുന്നു. പിന്നീടോ സ്വാതന്ത്ര്യത്തിന്റെ ചിറകുകൾ ബലമായി തുന്നിച്ചേർത്ത്  അത്യാഗ്രഹങ്ങളുടെ പറുദീസകൾ വിലയ്ക്ക് വാങ്ങി വിദേശരാജ്യങ്ങളിലേക്കും മറ്റു സംസ്ഥാനങ്ങളിലേക്കും കയറ്റുമതി ചെയ്യുമ്പോൾ അവർ വിലകൂടിയ ഉല്പന്നങ്ങളായി സ്വയം മാറാൻ തുടങ്ങും. പിന്നീട് അതുവരെ കണ്ടതല്ല ലോകമെന്ന ധാരണ എന്തൊക്കെയൊ തച്ചുടക്കാനും മറ്റെന്തൊക്കെയോ നേടാനുമുള്ളതാവും. 

അതുവരെ പൊതിഞ്ഞു പിടിച്ച കൈകളെ അകറ്റി നിർത്താനുള്ള താല്പര്യമാവും. കാലിടറിവീഴുന്നത് കരകയറാനാവാത്ത താഴ്ചയിലേക്കും. ഇതിനെല്ലാം എന്നെപോലെയുള്ള അമ്മമാരും പ്രഭേട്ടനെപോലുള്ള അച്ഛന്മാരും കാരണക്കാരല്ലെ? ഈ കൗമാരക്കാലം  പിരിമുറുക്കങ്ങളുടേതല്ലെ? അവരുടെ അഭിപ്രായങ്ങൾ മാതാപിതാക്കളുടേതുമായി ഒത്തുപോകാത്ത പ്രായം. അവർക്ക് സ്വന്തമായി അഭിപ്രായങ്ങൾ രൂപപ്പെടുന്ന പ്രായം. ഞാൻ മുതിർന്നു, ഇനിയും എന്തിനാണ് എനിക്കുചുറ്റും കൊച്ചുകുട്ടിയെ പോലെ കവചം പണിയുന്നത്. എനിക്ക് സ്വാതന്ത്ര്യം ഇല്ലെ? അങ്ങനെ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും പിടിവലി നടത്തുന്ന പ്രായം. അവരെ ശരിയായി മനസ്സിലാക്കാതെ ഇന്നുവരെ എന്റെ മുന്നിൽ ശബ്ദമുയർത്താത്ത മകൻ അല്ലെങ്കിൽ മകൾ പംട്ടെന്ന് പൊട്ടിത്തെറിക്കുമ്പോൾ അവരെ അറിയാതെ, കാരണം തിരക്കുകപോലും ചെയ്യാതെ മര്യാദ പഠിപ്പിക്കാൻ ശ്രമിക്കുന്ന തെറ്റ് തിരിച്ചറിയുന്നില്ല. 

ഇന്നലെയും കേട്ടു വാർത്തയിൽ കൗമാരക്കാരുടെ ഇടയിൽ ആത്മഹത്യാപ്രവണത കൂടുന്നു എന്ന്. ഇതിനെന്താണ് കാരണം. ഒറ്റപ്പെടുന്ന കൗമാരമാരം, പലവിധസമ്മർദ്ദങ്ങൾ, മദ്യം, മയക്കുമരുന്ന്, നഷ്ടപ്പെടൽ, വിഷാദം ഇതെല്ലാം കാണങ്ങളാണ്. പഴയതുപോലെ അവരെ ചേർത്തു നിർത്താൻ അച്ഛനമ്മമാർക്ക് കഴിയാതെ വരുന്നു. സമയം ഇല്ലെന്ന പരാതി. "ചെല്ല് കൊടുക്കുന്നതിനിടയിൽ ചൊല്ലുകൊടുക്കാൻ മറക്കുന്ന തെറ്റിന് നഷ്ടമാകുന്നത് സ്വന്തം മക്കൾ തന്നെ. അവർക്ക് കാര്യങ്ങൾ പങ്കുവയ്ക്കാൻ ആരുമില്ലാത്ത അവസ്ഥ. 

ഞാനൊക്കെ വളർന്നത് ഇതുപോലെ നാലുചുറ്റും അച്ഛനുമമ്മയും തീർത്ത കവചത്തിലാണോ? ആരെ പേടിച്ചു? ഒരു കള്ളനെപോലും പേടിച്ചിട്ടില്ല. വീടുനിറയെ ആളുകളുള്ളപ്പോൾ പാവം കള്ളന്മാർ പോലും പരുങ്ങലിലായിരുന്നു. എന്തെങ്കിലും ഒരു പ്രശ്നം വന്നാൽ കൂടെനിൽക്കാൻ ബന്ധത്തുലും കൂട്ടുകാരിലുമായി ഒരു വാനരപ്പടതന്നെയുണ്ടായിരുന്നു. ആരെങികിലുമറിയും മുൻപ് എല്ലാം പരിഹരിച്ച് ഹരിശ്രീ പാടി ആഘോഷിക്കും. പാവം ഇന്നത്തെ കുട്ടുകളൊ? എല്ലാം അണുകുടുംബം. മോനോ മോളോ ഉണ്ടെങ്കിൽ അവരെ ശ്വാസംവിടാൻ സമ്മതിക്കാതെ കൂടക്കൂടുന്ന മാതാപിതാക്കൾ. 

മാസങ്ങളായി അമ്മയെ കാണാൻ പോകാൻ പറ്റിയില്ല. പ്രായമായപ്പോൾ ഒറ്റപ്പെടീലുമായി താദാത്മ്യപ്പെട്ടതിനാലാവും അമ്മ പരാതി ഒന്നും പറഞ്ഞില്ല. പുഴയ്ക്ക് തിരിച്ചൊഴുകാനാവില്ലെന്ന് തിരിച്ചറിവ് അമ്മ നേടിയിരുന്നു.ഒടുവിൽ എത്തിയപ്പോഴും എനിക്കതെ പല്ലവി സമയം തീരെ കുറവ്. അമ്മ അല്പം തമാശയോടെ പറഞ്ഞു. നേരത്തെയൊക്കെ ഒരുദിവസം 24 മണിക്കൂറുണ്ടായിരുന്നു. ഇപ്പോൽ ഭൂമി കറങ്ങുന്നത് വേഗത്തിലാക്കിയതാവും. 

ഞാനെന്നിട്ടും ഒഴിവ് കഴിവ് കണ്ടെത്താൻ ബുദ്ധിമുട്ടയപ്പോൾ അമ്മ പറഞ്ഞു, "ലോകകാര്യം മുഴുവൻ നോക്കുന്ന അമേരിക്കൻ പ്രസിഡന്റിനും നിനക്കും ദിവസത്തിന്റെ ദൈർഘ്യം ഒരുപോലെയല്ലെ മോളെ".

ഒന്നും മിണ്ടാനില്ലാതെ തലകുമ്പിട്ടിരിക്കുമ്പോൾ ഞാനാലോചിച്ചു. അമ്മ പറഞ്ഞതല്ലെ ശരി, ഒരുദിവസത്തിന്റ ദൈർഘ്യം പണ്ടും ഇന്നും ഒരുപോലെ തന്നെ. ഞങ്ങൾ അഞ്ച് മക്കളെയും കൂട്ടുകുടുംബത്തെയും നോക്കി ജോലിക്കും പോയിരുന്ന അമ്മയ്ക്ക് സമയം ഇല്ല എന്ന് പറയേണ്ടി വന്നിട്ടില്ല. ഒരു മകളും ഭർത്താവും വീടും, ജോലിയും  മാത്രമുള്ള എനിക്ക് സമയം ഇല്ല എന്നുള്ളത് വെറും പൊള്ളത്തരമല്ലെ?

കുറുഞ്ഞി വന്ന് കാലിൽ ഉരുമ്മി അവളുടെ സാന്നിദ്ധ്യം അറിയിച്ചു. അവളെ ഒന്നോമനിച്ചു, നീയാണ് മിടുക്കി കുട്ടിയെന്ന് അനുമോദിച്ചു. ഒന്നും മനസ്സിലാവാതെ അവളെന്നെ ഒന്ന് മിഴിച്ചു നോക്കി. നിന്റത്രപോലും തിരിച്ചറിവ് എനിക്കില്ല. എന്റെ മകളെക്കുറിച്ചുള്ള ആശങ്കയാണിപ്പോൾ. 

അമ്മേ, റഡിയായില്ലെ. സമയമായി. മകൾ അക്ഷമയായി. നിനക്ക് തനിച്ച് പോവാം. 

ഓക്കെ.. അല്ലെങ്കിൽ വേണ്ട. ഞാൻ വരാം. അത് കഴിഞ്ഞാലോചിക്കാം പോംവഴി. മകളെ വിട്ട് വരുമ്പോഴും മനസ്സ് പോംവഴികൾ തിരയുകയായിരുന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter