മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(ഷൈലാ ബാബു) 

വിവാഹാഘോഷങ്ങളുടെ ബഹളങ്ങളെല്ലാമൊഴിഞ്ഞ്, സ്വസ്ഥമായി അല്പനേരം വിശ്രമിക്കാനായി തന്റെ മുറിയിലേക്കു വന്നതാണ്. ഒന്നു മയങ്ങണം. സുഖമായി ഒന്നുറങ്ങിയിട്ട് എത്ര ദിവസങ്ങളായി! കിടക്കയിൽ കിടന്ന് അവൾ കഴിഞ്ഞു പോയ തന്റെ ജീവിതത്തിന്റെ ലാഭനഷ്ടങ്ങളുടെ കണക്കെടുത്തു.

ആയിരമായിരം ചിന്തകൾ ഒന്നിനു പിറകേ ഒന്നായി മനതാരിലൂടെ കടന്നുപോയി. ലാളിച്ചു വളർത്തിയ അച്ഛന്റെയും അമ്മയുടേയും ശാപം തന്റെ ജീവിതത്തിലുടനീളം പിൻതുടർന്നുകൊണ്ടിരുന്നു.

നാലുമക്കളിൽ അച്ഛന് ഏറെ പ്രിയം തന്നോടു തന്നെയായിരുന്നല്ലോ. പഠിക്കാൻ മിടുക്കിയും സഹോദര സ്നേഹവുമുള്ള താനായിരുന്നല്ലോ വീടിന്റെ നിലവിളക്ക്. അച്ഛൻ എപ്പോഴും പറയുമായിരുന്നു, 'നീയാണ് ഈ വീടിന്റെ ഐശ്വര്യം!' എന്ന്. പത്താം ക്ലാസ്സു കഴിഞ്ഞ് റ്റി.റ്റി.സി. പാസ്സായ തനിക്ക് ഗവ. സ്കൂളിൽ പ്രൈമറി അദ്ധ്യാപികയായി ജോലി നേടാനുള്ള ശ്രമത്തിലായിരുന്നു.

വളരെ പുരാതനമായ, പേരുകേട്ടയൊരു തറവാടായിരുന്നു തങ്ങളുടേത്. അച്ഛന്റെ അച്ഛൻ ഒരു കാലത്ത് നാട്ടുരാജാവിന്റെ കയ്യിൽ നിന്നും പട്ടും വളയും വാങ്ങിയിട്ടുണ്ടത്രേ! അമ്മ പറഞ്ഞു കേട്ടതാണ്. നാട്ടിൽ ഒരു പ്രധാന സ്ഥാനം മാന്യവ്യക്തിയായ അച്ഛനും ഉണ്ടായിരുന്നു.

പത്താം തരത്തിൽ പഠിക്കുമ്പോഴായിരുന്നു മനസ്സിൽ അനുരാഗം മൊട്ടിട്ടത്. ചേട്ടന്റെ കൂട്ടുകാരൻ.  പലപ്പോഴും വീട്ടിൽ വരികയും  എല്ലാവരുമായി നല്ല സ്നേഹബന്ധം പുലർത്തിവരികയും ചെയ്തിരുന്ന ഒരാൾ. ഡിഗ്രിക്കു പഠിക്കുന്ന ചേട്ടന്റെ ഏറ്റവുമടുത്ത കൂട്ടുകാരനിൽ താൻ അനുരക്തയായത് വളരെ രഹസ്യമാക്കിത്തന്നെ വച്ചു.

അന്യമതത്തിൽപ്പെട്ട അദ്ദേഹവുമായുള്ള പ്രണയബന്ധം വീട്ടിൽ അറിഞ്ഞാലുള്ള കാര്യം ഓർക്കുമ്പോൾത്തന്നെ ഹൃദയം വിറച്ചു. അങ്ങനെയിരിക്കെ വീട്ടിൽ താൻ തനിച്ചുള്ള ഒരു ദിവസം അദ്ദേഹം വരികയുണ്ടായി. അപ്പോഴാണ് തനിക്കു തോന്നുന്നതിനു മുൻപുതന്നെ അദ്ദേഹത്തിനും തന്നെ ഇഷ്ടമാണെന്നും, ജീവനു തുല്യം സ്നേഹിക്കുന്നുണ്ടെന്നുമൊക്കെ അറിയാൻ കഴിഞ്ഞത്. രണ്ടു പേരും അന്നാദ്യമായി പരസ്പരം ഹൃദയംതുറന്നു സംസാരിച്ചു. എന്തു വന്നാലും ഒരുമിച്ചു ജീവിക്കണമെന്നു തീരുമാനിക്കുകയും ചെയ്തു. അനുരാഗപ്പൂമഴയിൽ കുളിരണിഞ്ഞ് നാളുകൾ കടന്നു പോയി.

ഒരു ദിവസം പ്രണയബദ്ധരായ തങ്ങളെ ഇരുവരെയും ഒരുമിച്ചു ചേട്ടൻ കാണാനിടയായി. അങ്ങനെ സംഭവം വീട്ടിലറിഞ്ഞു. ആകെ ബഹളമായി. തന്റെ ആഗ്രഹങ്ങൾക്കു കൂടെ നിൽക്കുമെന്നു പ്രതീക്ഷിച്ച ചേട്ടൻതന്നെയായിരുന്നു ശത്രുഭാഗത്ത് ഒന്നാമനായി നിന്നിരുന്നത്. വീട്ടിൽ നിന്നും പുറത്തിറങ്ങാനുള്ള അനുവാദം നിഷേധിച്ചു.

കൃഷ്ണഭക്തയായിരുന്ന താൻ ചെറുപ്പം മുതലേ മുടങ്ങാതെ അമ്പലത്തിൽ പോകാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതിനുള്ള സ്വാതന്ത്ര്യവും ഇല്ലാതായി. കൃഷ്ണനെ മനസ്സിൽ ധ്യാനിച്ച് ദിവസങ്ങൾ കഴിച്ചു കൂട്ടി. അകലങ്ങളിലായെങ്കിലും മനസ്സുകൊണ്ട് അദ്ദേഹത്തോടു കൂടുതൽ അടുത്തു കൊണ്ടിരുന്നു. ഒന്നു കാണാൻ പറ്റിയിരുന്നെങ്കിലെന്ന് വല്ലാതെ ആശിച്ചു.

വീട്ടിൽ എന്തൊക്കെയോ ഗൂഢാലോചനകൾ നടക്കുന്നെണ്ടെന്ന് അറിയാൻ കഴിഞ്ഞു. കൂട്ടിലടച്ച കിളിയെപ്പോലെ മനസ്സുരുകി സ്വന്തം മുറിയിൽത്തന്നെ കഴിഞ്ഞു കൂടി. മുറ്റത്തു പന്തലുയരുന്നതറിഞ്ഞ് അമ്മയോടു വിശേഷം തിരക്കിയപ്പോഴാണറിയാൻ കഴിഞ്ഞത്, രണ്ടു നാൾ കഴിഞ്ഞ് തന്റെ വിവാഹമാണെന്ന്! ഇടിവെട്ടേറ്റതുപോലെ തരിച്ചുനിന്നു. താൻപോലുമറിയാതെ തന്റെ വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നു. നാട്ടിൽ വ്യവസായിയായ അച്ഛന്റെ അകന്ന ബന്ധത്തിലുള്ള  ഒരാളിന്റെ മകനുമായി തന്റെ വിവാഹം ഉറപ്പിച്ചിരിക്കുന്നു. 

എങ്ങനെയെങ്കിലും ഈ വിവരം അദ്ദേഹത്തിനെ ഒന്നറിയിക്കാൻ മാർഗ്ഗമാലോചിച്ചിരിക്കുമ്പോഴാണ്, ചിറ്റപ്പന്റെ ഇളയമകന്റെ കൈവശം അദ്ദേഹം ഒരു കത്തു കൊടുത്തു വിടുന്നത്. അന്നുരാത്രി എല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ അദ്ദേഹം വരുമെന്നും കൂടെ ഇറങ്ങിച്ചെല്ലണമെന്നുമായിരുന്നു ഉള്ളടക്കം.

അങ്ങനെ ആരുമറിയാതെ അന്നുരാത്രി അദ്ദേഹത്തിനോടൊപ്പം വീട്ടിൽ നിന്നും ഇറങ്ങി. നേരം പുലരുമ്പോൾ ഉണ്ടാകുന്ന കോളിളക്കങ്ങൾ ഭാവനയിൽ കണ്ടു ഭയചകിതരായി. തങ്ങളെ സഹായിക്കാൻ ആ നാട്ടിൽ ആരുംതന്നെ ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ വീട്ടിലും ഭയങ്കര എതിർപ്പായിരുന്നുവല്ലോ. 

ഞങ്ങൾ നേരേ പോയത് നാട്ടിലെ പഞ്ചായത്തു പ്രസിഡന്റിന്റെ വീട്ടിലേക്കായിരുന്നു. കാര്യങ്ങളൊക്കെ ശാന്തനായി കേട്ടതിനു ശേഷം തങ്ങളെ സഹായിക്കാമെന്ന് അദ്ദേഹം ഉറപ്പു തന്നു.

തങ്ങളെ വീട്ടിൽ സുരക്ഷിതരാക്കിയിട്ട് അദ്ദേഹം രാവിലെതന്നെ തന്റെ വീട്ടിൽ പോയി അച്ഛനെയും മറ്റെല്ലാവരേയും കാര്യങ്ങൾ ധരിപ്പിച്ചു. നിസ്സഹായരായ വീട്ടുകാരുടെ മാനസികാവസ്ഥ ഇപ്പോൾ തനിക്കൂഹിക്കാവുന്നതേയുള്ളൂ. അന്ന് അതൊന്നും ചിന്തിക്കാനുള്ള കഴിവുണ്ടായിരുന്നില്ല. ഹൃദയം മുറിഞ്ഞ് അച്ഛൻ തീർച്ചയായും ശപിച്ചിട്ടുണ്ടാവും.

പിന്നെ എല്ലാം വളരെ പെട്ടെന്നായിരുന്നു. സ്നേഹവാനായ പഞ്ചായത്തു പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിൽ വിവാഹം രജിസ്റ്റർ ചെയ്തു. അടുത്ത നല്ലൊരു മുഹൂർത്തത്തിൽ അമ്പലത്തിൽ വച്ചു മാലയിട്ടു. അന്യമതസ്ഥനായിട്ടും അദ്ദേഹമാണ് ഇതിനെല്ലാം താല്പര്യം കാണിച്ചത്. 

നാട്ടിൽനിന്നും വളരെയകലെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ തങ്ങളുടേതു മാത്രമായൊരു ജീവിതം ആരംഭിച്ചു. രണ്ടു പേർക്കും അവിടെയുള്ള സർക്കാർ സ്കൂളിൽ ജോലിയും ലഭിച്ചു.

പലരിൽ നിന്നും വീട്ടിലെ വിശേഷങ്ങൾ അറിഞ്ഞുകൊണ്ടിരുന്നു. അഭിമാനിയായ അച്ഛൻ മാനക്കേടു നേരിടാൻ വയ്യാതെ വീട്ടിൽത്തന്നെ ഇരിപ്പായി. അങ്ങനെയിരിക്കെ ഒരു ദിവസം ഇല്ലത്തിനു തീ പിടിച്ചെന്നും പലതും നശിച്ചെന്നുമൊക്കെ അറിഞ്ഞു. ഒരുപാടു കരഞ്ഞു. അച്ഛൻ പറഞ്ഞത്രേ, 'വീടിന്റെ മഹാലക്ഷ്മി ഇറങ്ങിപ്പോയില്ലേ...പിന്നെ വിളക്ക് അണയാതിരിക്കുമോ' എന്ന്. അധികം കഴിയുന്നതിനു മുൻപുതന്നെ സ്നേഹനിധിയായ അച്ഛൻ ഈ ലോകത്തോടു യാത്ര പറഞ്ഞു. താനൊരാൾ കാരണം കുടുംബത്തിലുണ്ടായ നഷ്ടങ്ങൾ തന്നെ വല്ലാതെ ഉലച്ചു കളഞ്ഞു. 

കുറ്റബോധം മനസ്സിനെ വല്ലാതെ കാർന്നുതിന്നു. വീട്ടിലെ കാര്യങ്ങളിലും ജോലിയിലും ഒന്നും ശ്രദ്ധിക്കാനാവാതെ നീറിപ്പുകഞ്ഞു. എപ്പോഴും താങ്ങും തണലുമായിരുന്ന അദ്ദേഹത്തിന്റെ ആശ്വാസ വാക്കുകൾക്ക് തന്റെ മനസ്സിനെ തണുപ്പിക്കാനായില്ല.

ഉറ്റവരും ബന്ധുക്കളുമെല്ലാം ശത്രുക്കളായി. വാത്സല്യം കോരിച്ചൊരിഞ്ഞ ചേട്ടൻ ദൂരെയെവിടെയോ താമസമായി. കാലം കഴിയവേ, അദ്ദേഹത്തിന്റെ സഹോദരങ്ങൾ വരികയുംകാര്യങ്ങൾഅന്വേഷിക്കുകയുമൊക്കെ ചെയ്തിരുന്നു. സ്നേഹം വിളമ്പി നാട്ടുകാരും ഒപ്പമുണ്ടായിരുന്നു.

ഇതിനിടയിൽ രണ്ടു പ്രസവം കഴിഞ്ഞു. സഹായത്തിന് ഒരു ചേട്ടത്തി കൂടെയുണ്ടായിരുന്നതിനാൽ വിഷമം കൂടാതെ കാര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിഞ്ഞു. പഴയ ഓർമ്മകളും തകർന്നുപോയ ഇല്ലത്തിലെ ദയനീയാവസ്ഥകളുമൊക്കെ മനസ്സിൽ ഒരു ഭാരമായി തന്നെ നിറഞ്ഞു നിന്നു. 

മൂന്നാമത്തെപ്രസവസമയത്തു ഗുരുതരമായ പ്രശ്നങ്ങളെയാണു നേരിടേണ്ടി വന്നത്.  പ്രസവാനന്തരം ശാരീരികവും മാനസികവുമായ അസുഖങ്ങളാൽ ഏറെ നാളുകൾ ആശുപത്രിയിൽത്തന്നെയായിരുന്നു. പിറന്നു വീണ കുഞ്ഞിന്റെ മുഖം പോലും ശരിക്കൊന്നു കണ്ടില്ല. അർഹതപ്പെട്ട മുലപ്പാൽ നുണയുവാനുള്ള യോഗം അവൾക്കുണ്ടായില്ല. പശുവിൻപാലും ആട്ടിൻപാലുമൊക്കെ കൊടുത്താണ് ചേട്ടത്തി അവളെ വളർത്തിയത്. 

ശാരീരിക, മാനസിക അസ്വാസ്ഥ്യങ്ങൾ മാറി തിരിച്ചുവന്നിട്ടും വേണ്ടവിധത്തിൽ കുഞ്ഞുങ്ങളെ സ്നേഹിക്കാനോ കരുതാനോ തനിക്കു കഴിഞ്ഞിരുന്നില്ല.

ഭൂതകാലത്തിലെ നഷ്ടങ്ങളെ ഓർത്തുള്ള കുറ്റബോധത്തിന്റെ നിഴൽ എപ്പോഴും തന്നെ വേട്ടയാടിക്കൊണ്ടിരുന്നു. എങ്ങനെയൊക്കെയോ മൂന്നുപേരും വളർന്നു നല്ല രീതിയിൽ വിദ്യാഭ്യാസം നേടി. ഇതിനിടയിൽ മാരകമായ അസുഖത്തിന്റെ പിടിയിലമർന്ന് തന്റെ പ്രാണനായിരുന്ന അദ്ദേഹവും ഇഹലോകവാസം വെടിഞ്ഞു. എല്ലാ ഉത്തരവാദിത്തങ്ങളും തന്റെ തോളിലായി.

നേരിടുന്ന ദുരന്തങ്ങളെല്ലാംതന്നെ അച്ഛന്റെ ശാപഫലമായി സംഭവിക്കുന്നതാണെന്നു വിശ്വസിച്ചുകൊണ്ട് ജീവിതം തള്ളിനീക്കി. ബാദ്ധ്യതകളെല്ലാം ഓരോന്നോരോന്നായി തീർത്തുവെങ്കിലും ഒരിക്കൽപ്പോലും മനസ്സിനു സന്തോഷവും സമാധാനവും ലഭിച്ചിരുന്നില്ല.

മൂന്നു പേർക്കും ജോലിയായി. അദ്ദേഹം സർവ്വീസിൽ ഇരുന്നപ്പോൾ മരിച്ചതുകൊണ്ട് മകന് ആ ജോലി ലഭിക്കുകയുണ്ടായി. വിവാഹിതനായി അഞ്ചു വർഷം പിന്നിട്ടെങ്കിലും ഒരു കുഞ്ഞിക്കാലു കാണാൻ ഇതുവരേയും അവനു ഭാഗ്യമുണ്ടായില്ല. സർവീസിൽ നിന്നും വിരമിച്ചയുടൻതന്നെ മൂത്ത മകളുടെ വിവാഹം നല്ല രീതിയിൽ നടത്തി. ഇപ്പോൾ ഇളയമകളുടെ കല്യാണവും കഴിഞ്ഞു. 

ഇനിയെങ്കിലും ഒന്നാശ്വസിക്കണം. മാതാപിതാക്കളുടെ മനസ്സു വേദനിപ്പിച്ചാൽ അതൊരു ശാപമായിത്തന്നെ നിലനിൽക്കും. ഈ ശാപം തന്നോടു കൂടി മണ്ണിലടിയട്ടെയെന്ന പ്രാർത്ഥനയേയുള്ളൂ. ശപിക്കപ്പെട്ട തന്റെ ജന്മം ഇവിടെ അവസാനിക്കട്ടെ. ഒരിക്കലും ഈ ശാപം മക്കളെ പിൻതുടരാതിരിക്കട്ടെ. ഈ തിരിച്ചറിവു കിട്ടാൻ ഇത്രകാലം കാത്തിരിക്കേണ്ടി വന്നുവെന്നതാണ് കഷ്ടം!

 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter