മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ഡോക്ടറെ കാണാൻ ആശുപത്രിയിൽ പോകാൻ കൂടെ മകളുണ്ടായിരുന്നു. ഇടയ്ക്കിടെയുള്ള തലവേദന കാര്യമാക്കാതെ നടക്കുകയായിരുന്നു ഞാൻ. മകൾ ഇത്തവണയും ഫോൺ ചെയ്തപ്പോൾ പറഞ്ഞു

 "അച്ഛൻ്റെ തലവേദന ഇപ്പണ്ടോ…. അച്ഛൻ ഡോക്ടറെ കാണിച്ചില്ലെ...ഇതുവരെ…"

 "അതു സാരമില്ലന്നെ...മാറും…"

"അച്ഛനിതുതന്നെയല്ലെ ..എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്... ഇന്ന് ഞാൻ വരണുണ്ട് അങ്കട്…"

 ഉച്ചയോടെ മകളും മരുമകനും കൂടി എത്തി. ഭാര്യ മരിച്ചതിനുശേഷം ഒറ്റയ്ക്കായിരുന്നു ജീവിതം. മകളും മരുമകനും അവരോടൊത്ത് താമസിക്കാൻ നിർബന്ധിച്ചെങ്കിലും ഈ വീടുവിട്ട് എങ്ങോട്ടുമില്ലെന്ന് ഞാൻ തീരുമാനിച്ചിരുന്നു.

ഞാൻ പോയാൽ ഭാര്യയുടെ ശവകുടീരത്തിൽ എന്നും ഒരന്തിത്തിരി കൊളുത്തിവയ്ക്കാൻ ആരുണ്ട്. അവളുടെ ഓർമ്മകളുറങ്ങുന്നുണ്ട് ഈ വീടിൻ്റെ ഓരോ അകത്തളങ്ങളിലും. രാവിലെ അവളാണ് വിളിച്ചുണർത്തുക. അടുക്കളയിൽ കാപ്പിയുണ്ടാക്കുമ്പോൾ മധുരപ്രിയനായ എന്നോടവൾ പറയും.

"പഞ്ചാര..അധികം  വേണ്ടാട്ടോ…"

"വല്യ പ്രായായിട്ടൊന്നുംല്യല്ല്യോ... പുറത്ത് പോവുമ്പോ…. ഈ നരച്ച മുടിയൊക്കെ ഒന്ന് കറുപ്പിച്ചൂടെ… നിങ്ങക്ക്...."

"ഈ വയസ്സാം കാലത്തോ.. എന്തിനാ…" ഞാൻ തനിയെ പറയും.

"അമ്പത്തൊമ്പത് വയസ്സായപ്പോഴേയ്ക്കും..പ്രായായോ…"

 അവളുടെ മൊഴി കിടപ്പറയിൽ മുഴങ്ങുന്നു.  

"മോള് പറഞ്ഞില്ലെ...ചെല്ല്...ഇനിയും അമാന്തിക്കേണ്ട...തലവേദനയ്ക്ക്  ഡോക്ടറെ  കാണിക്കണംട്ടോ..  ."

ഇന്ന് അവൾ രാവിലെ വീണ്ടും നിർബന്ധിച്ചു.

 "ശരി പോകാം"

മകൾ ചോദിച്ചു. 

"അച്ഛൻ വല്ലതും പറഞ്ഞോ"

"ഏയ്...ഇല്ല…"

എല്ലായിടങ്ങളിലും  ഭാര്യയുടെ സാന്നിദ്ധ്യം ഞാനറിഞ്ഞിരുന്നു. അവളൊപ്പമുണ്ട് ഇപ്പോഴും.

മകൾ എൻ്റെ കൂടെ ആശുപത്രിയിലേയ്ക്ക് വന്നു.   ടോക്കണെടുത്ത് ആശുപത്രി വരാന്തയിൽ ഡോക്ടറുടെ കൺസൾട്ടിംഗ് റൂമിനു പുറത്തിരുന്നു.
 

"അച്ഛനിവിടെയിരിക്ക്...ഞാൻ ഇപ്പോ വരാം…എൻ്റെ ഒരു കൂട്ടുകാരി...ഇവിടെ നഴ്സാണ്..." 

മകൾ അതും പറഞ്ഞുപോയി. ഞാൻ വരാന്തയിലിരിക്കെയാണ് ആ സ്ത്രീയെ കണ്ടത്. എതിരെ അപ്പുറത്ത് വേറൊരു ഡോക്ടറുടെ മുറിയുടെ വാതിലിനടുത്ത് കസേരയിലിരിക്കുകയാണ്.

ഞാനവരെ നോക്കി. നരവീണ മുടിയിഴകൾ നെറ്റിയിലേയ്ക്ക് വീണുകിടക്കുന്നു. അൽപ്പം ക്ഷിണിച്ചതെങ്കിലും വലിയ താമര കണ്ണുകൾ. എവിടെയൊ കണ്ടുമറന്നൊരു മുഖം. അതെ ഇവരെ എവിടെയോ കണ്ടിട്ടുണ്ടല്ലോ. ഞാൻ സൂക്ഷിച്ചുനോക്കുന്നത് കണ്ടതും അവരും എന്നെ നോക്കികൊണ്ടിരുന്നു. ആ മുഖത്ത് വിവിധവികാരങ്ങൾ മാറിമറയുന്നുണ്ട്. കണ്ണുകളിൽ അമ്പരപ്പും.

"മാഷേ…." 

അവരുടെ മുഖത്തെ അത്ഭുതം ഒരു മന്ദസ്മിതമായി ചുണ്ടിൽ വിടർന്നത് പെട്ടെന്നായിരുന്നു.

"മാഷെ...എത്രകാലമായി….എവിഡ്യാ...ഇപ്പോ…." 

അവർ പതുക്കെ എഴുന്നേറ്റ് അരികെ വന്നു.

'അതെ...അവർ തന്നെ...ലത ടീച്ചർ….'

ഞാൻ മനസ്സിൽ പറഞ്ഞു.
 
"മാഷ്...മറന്നിട്ടില്ല്യാലേ…." 

അവർ ചോദിച്ചു

"എങ്ങിനെ...മറക്കാനാണ്…." ഞാൻ ചോദിച്ചു

അവരുടെ മുഖം മ്ളാനമായി

 "അന്ന്.. അങ്ങിനെയൊക്കെ... പറ്റിപ്പോയി...മാഷേ...വിവരമില്ലാത്ത..കാലം... ഇപ്പോ...യ്ക്ക്...വെഷമംണ്ട്…"

 ടീച്ചർ കുറ്റബോധം വേട്ടയാടുന്ന മനസ്സുമായി മുഖം കുനിച്ചു

 "അന്ന് എനിക്ക് ടീച്ചറോട്...നല്ല നീരസംണ്ടായിരുന്നൂ..ന്നുള്ളത്നേ രന്ന്യാ…. അങ്ങിനെയല്ലേ... കൈയ്യിലുണ്ടാർന്നേ...", ഞാൻ പറഞ്ഞു

ടീച്ചറുടെ മുഖം വീണ്ടും ...വല്ലാതായി

"ശരിയാ...ഞാൻ...കാരണല്ലേ എല്ലാംണ്ടായത്.. മാഷ്ക്ക്... സ്ക്കൂളിൽ നിന്നും മാറേണ്ടി..വന്നത്..ഒക്കെ ശര്യാ....ഓർക്കുമ്പോ..ഞാനെന്തൊരു…"

ടീച്ചർ പഴയതെന്തോ ഓർത്ത് വിഷമത്തോടെ നിന്നു. ഞാനും മറന്നുപോയ ചിലതൊക്കെ ഓർത്തെടുത്തു.

കലവപ്പാറ യു.പി.സ്ക്കൂളിലേയ്ക്ക് മലയാളം മാഷായി ചെല്ലുമ്പോൾ ആ സ്ക്കൂളിലെ കണക്കുടീച്ചറായിരുന്നു ലത.  ഇംഗ്ളീഷിന് സൂസന്ന ടീച്ചറും സയൻസിന് പരമേശ്വരൻ മാഷും ഹിന്ദിയ്ക്ക് ചന്ദ്രാനന്ദൻ മാഷും ചരിത്രത്തിന് ലളിതൻ മാഷും ഡ്രോയിങ്ങിന് വിജയൻ മാഷും, ഡ്രില്ലിന് വിനോദ് മാഷും പിന്നെ ഹെഡ്ഡ് മിസ്ട്രസ്സ് ദേവയാനി ടീച്ചറും.

ഒരു സൗന്ദര്യധാമമായിരുന്നു ലത ടീച്ചർ. അതിൻ്റെ തെല്ലൊരഹങ്കാരവും അവർ വച്ചു പുലർത്തിയിരുന്നു. അതു മാത്രമല്ല കവിതയെഴുത്തും പാട്ടുമൊക്കെയായി അവർ സ്ക്കൂളിൽ തെളിഞ്ഞു നിൽക്കുകയായിരുന്നു.  കുട്ടികളെ കലാമത്സരങ്ങളിലും യുവജനോത്സവങ്ങളിലും മറ്റും പങ്കെടുപ്പിക്കുന്നതിൻ്റെ ചുമതലകൾ ലത ടീച്ചർക്കും വിനോദ് മാഷിനും ചന്ദ്രാനന്ദൻ മാഷിനുമൊക്കെയായിരുന്നു.         

ലതടീച്ചറോട് കൂറുപുലർത്തിയിരുന്നവരും ഉള്ളിൽ അവരോടുള്ള പ്രേമം കൊണ്ടുനടന്നവരുമായിരുന്നു വിനോദ് മാഷും ചന്ദ്രാനന്ദൻ മാഷും.

അങ്ങിനെയിരിക്കെയാണ് താനവിടെ ചെല്ലുന്നത്. തൻ്റെ ചില കവിതകൾ അന്നത്തെ മുഖ്യധാരാ പ്രസിദ്ധീകരണങ്ങളിൽ അച്ചടിച്ചു വന്നിട്ടുണ്ടായിരുന്നു.

ദേവയാനി ടീച്ചർ ലതടീച്ചറിൽ നിന്നും യുവജനോത്സവത്തിൻ്റെ ചാർജൊക്കെ എന്നെയേൽപ്പിച്ചു. ലതടീച്ചറെഴുതുന്ന കവിതകളൊക്കെ വേറെ കവികളുടെ വരികളാണെന്നുള്ള എൻ്റെ കണ്ടെത്തൽ സ്വാഭാവികമായും അവർ എന്നെ ശത്രുവായി കാണാനിടയാക്കി.

ലത ടീച്ചറുടെ കള്ളത്തരങ്ങൾ വെളിച്ചത്താകുമെന്ന ഭയം അവരെ എന്നെ സ്ക്കൂളിൽ നിന്നും മാറ്റാനായുള്ള ശ്രമത്തിൽ കൊണ്ടെത്തിച്ചു.

വിജയൻമാഷും ലളിതൻമാഷും സൂസന്ന ടീച്ചറും എൻ്റെ കൂടെയുണ്ടായിരുന്നു. ലത ടീച്ചറുടെ ചെയ്തികളെ അവരും ഇഷ്ടപ്പെട്ടിരുന്നില്ല.

അതിനിടയിൽ   വിനോദ് മാഷും ചന്ദ്രാനന്ദൻ മാഷും ലതടീച്ചർ പറഞ്ഞതനുസരിച്ച് എനിക്കെതിരെ കരുക്കൾ നീക്കാൻ തുടങ്ങിയിരുന്നു.

അന്ന്   സ്റ്റാഫ്റൂമിൽ  വിനോദ് മാഷും ഞാനും സൂസന്ന ടീച്ചറും മാത്രമെ ഉണ്ടായിരുന്നുള്ളൂ. സൂസന്ന ടീച്ചർക്ക് ഉച്ചതിരിഞ്ഞ് ആദ്യത്തെ പിരിയഡ് ക്ളാസുണ്ടായിരുന്നു. എനിക്കും ലതടീച്ചർക്കും ക്ളാസില്ല. 

വിനോദ് മാഷ് പതുക്കെ പുറത്തിറങ്ങുന്നു. ഞങ്ങൾ രണ്ടാളുമിരിക്കെ ലതടീച്ചർ തലകറങ്ങിവീഴുന്നു. അതു കണ്ട് ഞാനടുത്തു ചെന്നു. അവർ മോഹാലസ്യപ്പെട്ടു കിടക്കുകയാണ്.

 "ടീച്ചറെ… "

ഞാൻ ഒന്നു രണ്ടാവർത്തി വിളിച്ചു. മിണ്ടുന്നില്ലെന്നു കണ്ട് പതുക്കെ അടുത്തിരുന്നു. പെട്ടെന്നാണ് സ്റ്റാഫ്റൂമിലേയ്ക്ക് വിനോദ് മാഷും ചന്ദ്രാനന്ദൻ മാഷും സൂസന്ന ടീച്ചറും ഹെഡ്ഡ്മിസ്ട്രസ്സ് ദേവയാനി ടീച്ചറും കൂടി വന്നത്.

മോഹാലസ്യപ്പെട്ടു കിടക്കുന്ന ലത ടീച്ചർ എഴുന്നേറ്റിരുന്ന് ഒറ്റ പൊട്ടിക്കരച്ചിലാണ്.

 "എന്താ...ടീച്ചറെ...പറ്റീത്…."

വിനോദ് മാഷ് ഒന്നും അറിയാത്തതു പോലെ ചോദിച്ചു.  ചന്ദ്രാനന്ദൻ മാഷും ചോദിച്ചു

"ടീച്ചറെ...എന്താണ്….."

"ഈ...മാഷ്...എന്നെ…."

ലതടീച്ചറിൽ നിന്നൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകൾ കേട്ട് ഞാൻ ഞെട്ടിത്തരിച്ചു.

വിവരം സ്ക്കുളു മുഴുവനും അറിഞ്ഞു. ക്ളാസെടുത്തുകൊണ്ടിരുന്ന ലളിതൻ മാഷും വിജയൻമാഷും ക്ളാസ് നിർത്തി വന്നു. അവർ എനിക്കനുകൂലമായി സംസാരിച്ചു.

പക്ഷെ സംഗതി അവിടം കൊണ്ടവസാനിച്ചില്ല. PTA പ്രസിഡണ്ട് നാട്ടിലെ ഒരു പ്രമുഖ പാർട്ടിയിലെ നേതാവായിരുന്നു. ലതടീച്ചറുടെ അടുത്ത ബന്ധുവും.വിഷയം ഒരു കൊടുങ്കാറ്റായി വീശിയടിച്ചു.

"എന്നാലും..മാഷെ….മോശായിട്ടോ…."

"ഇത് ഇങ്ങനെ..വിട്ടാൽ..പറ്റില്ല...ആക്ഷനെടുക്കണം…"

"മാഷെ..പുറത്താക്കണം…"

"എന്തൊരു മാന്യൻ….ഇവനല്ലെ...പിള്ളേരെ പഠിപ്പിക്കണത്…"

എന്തൊക്കയാണ് താൻ കേൾക്കുന്നത്. നാണക്കേടിൽ തലകറങ്ങി. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല. ആരു മനസ്സിലാക്കാനാണ്.

"മാഷ് ഓഫീസ് റൂമിലോട്ടൊന്നു വരൂ.."

ഹെഡ്ഡ്മിസ്ട്രസ്സ് ദേവയാനി ടീച്ചർ തന്നെ വിളിച്ചു കൊണ്ടുപോയി. വിജയൻ മാഷും ഒപ്പമുണ്ടായിരുന്നു

"മാഷെ...മാഷെ എനിക്കറിയാം... പക്ഷെ..ഈ സ്ക്കൂളിലും..ഒരു കോക്കസുണ്ട്...അതുകൊണ്ട്.. മാഷ് ഒരു ട്രാൻസ്ഫറിനു ശ്രമിക്കൂ…."

"എന്തു തോന്ന്യാസാ..ടീച്ചറെ ഇത്…"

വിജയൻ മാഷ് പൊട്ടിത്തെറിച്ചു

"വേണ്ട..മാഷെ...പോകണം...അതെ…പോകണം..."

"മാഷ് തോറ്റുകൊടുക്കുകയാണോ…"

"അല്ലെങ്കിലും...നമ്മളൊക്കെ...തോൽക്കാനായി...ജനിച്ചതല്ലേ…വിജയൻ മാഷേ..."

 "മാഷെ….മാഷ്ക്ക്...എന്താ..അസുഖം.."

"ങ്ങേ…."

"മാഷെവിടെയായിരുന്നു…."

ലത ടീച്ചർ ചോദിക്കുന്നു

"കൊറച്ചുകാലായി...ഒരു..തലവേദന…"

"ഒറ്റയ്ക്കാണോ  വന്നേക്കണേ…."

"അല്ല...മോളുണ്ട്….ദേ..അവിടെ…"

"ടീച്ചർക്കെന്താ...അസുഖം.."

"ഷുഗറും ...പ്രഷറും..എല്ലാംണ്ട്…" 

"മാഷുടെ...ഭാര്യ…ഇപ്പോ...."

ലത ടീച്ചർ ചോദിച്ചു

"നാലുകൊല്ലായി…."

"ഞാനും...ഒറ്റയ്ക്ക് തന്ന്യാ...കഴിഞ്ഞകൊല്ലാ...ആള് ..പോയത്.."

"കുട്ടികൾ…"

"ആ..ഭാഗ്യംണ്ടായില്ല…"

ലത ടീച്ചർ ചിരിച്ചു. വേദന നിറഞ്ഞ ചിരി

"പിന്നെ...വിനോദ് മാഷ്.. ഒരാക്സിഡണ്ടിൽപ്പെട്ടു... കാലുരണ്ടും മുറിച്ചു… ചന്ദ്രാനന്ദൻ മാഷ്ക്ക്..ക്യാൻസറാ..."

ഞാനൊന്നും പറഞ്ഞില്ല

"ചെയ്ത പാപങ്ങൾക്കുള്ള കൂലി. അനുഭവിക്കാതെങ്ങനെ.?"

ലതടീച്ചർ തനിയെ പിറുപിറുത്തു.

ഡോക്ടർ എത്തിയിട്ടുണ്ട്. ടോക്കൺ വിളിക്കാൻ തുടങ്ങി.എൻ്റെ രണ്ടാം നമ്പർ ആയിരുന്നു..

"കാണാം.."

ഞാൻ ലത ടീച്ചറോട് പറഞ്ഞു.

"മാഷേ….ഒരു..കാര്യം..പറയാനുണ്ടാർന്നു…"

ഞാൻ ടീച്ചറെ നോക്കി

"എന്താ...ടീച്ചറെ…"

"ഞാൻ...കുറെ കാലം...അന്വേഷിച്ചു…

കണ്ടുലോ ഇപ്പോഴെങ്കിലും…അതുമതി"

അവർ നനഞ്ഞുവന്ന കണ്ണുകളെ സാരിതലപ്പുകൊണ്ട് തുടച്ചു.

കൂട്ടുകാരിയെ കാണാൻ പോയ മകളെത്തി.

"മോളാണ്…." 

ഞാൻ പറഞ്ഞു

"ങ്ങാ..കാണാൻ പറ്റിലോ..സന്തോഷം..…"

ലത ടീച്ചർ മകളുടെ കൈയ്യിൽ പിടിച്ചു. അവരുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. അടുത്ത നമ്പർ വിളിച്ചു. ഞങ്ങളുടെ ഊഴ മായി. 

"ശരി…."

ഞാൻ എഴുന്നേറ്റു.

"ആരാ...അച്ഛാ..അവർ…"

മകൾ ചോദിച്ചു

"ഏയ്...പരിചയമൊന്നുമില്ല..ഇവിടെവച്ച് പരിചയപ്പെട്ടതാ...പറഞ്ഞുവന്നപ്പോൾ...അവരും...ഒരു ടീച്ചറായിരുന്നു…എന്നു പറഞ്ഞു...."

മറക്കാൻ ശ്രമിക്കുന്നൊരു കാര്യമിനി എന്തിന് പറയണം

"എന്തിനാണ്...അവര്...കരഞ്ഞത്...ആ ടീച്ചർക്ക്..പണ്ടേ...നിങ്ങളെ...ഇഷ്ടമായിരുന്നൂല്ലേ…."

ഭാര്യയുടെ ശബ്ദം കാതിലേയ്ക്കിഴഞ്ഞെത്തി."     

"ഇല്ലന്നെ... നിനക്കെന്നെ.. വിശ്വാസമില്ലേ"

"അച്ഛനിത്.. ആരോടാണ്... ഇങ്ങനെ..തനിയെ സംസാരിക്കണേ…"

"ങ്ങേ… ഞാനോ...ഇല്ല…"

 


ഡോക്ടർ മുറിയിലെത്തി 

"എന്താണ്...അച്ഛന്...കുറവുണ്ടോ..."

"അച്ഛനിങ്ങനെ...ഇല്ലാത്ത...പലതും...കാണുന്നുണ്ട്…"

"അത്...ഈ.. അസുഖത്തിൻ്റെ.. ചില ലക്ഷണങ്ങളാണ്... തനിയെ സംസാരം... എല്ലാം...ശരിയാവും..ഞാൻ... ഡോസ്... ഇത്തിരി.. കൂട്ടിയിട്ടുണ്ട്... പിന്നെ.. ഒരു ഇഞ്ചങ്ക്ഷൻ വേണെങ്കിലെടുക്കാം….."

മകൾ ബെഡ്ഡിൻ്റെ തലയ്ക്കലിരുന്നു. എന്തോ...കൈയ്യിൽ..തറച്ചു..വേദനയുണ്ട്.  

'അവിടെയിരിയ്ക്കാതെ…. വേഗം.. വരണേ.. ഞാനിവിടെയൊറ്റയ്ക്കാണ്…'

ഭാര്യയുടെശബ്ദം നേർത്തുനേർത്തു വന്നു.

വേദനകുറയുന്നുണ്ടെങ്കിലും...പതിയെ.. കണ്ണടയുന്നു.. അതെ കണ്ണടയുന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter