മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Abbas Edamaruku )

വീടിനുമുന്നിലുള്ള ഇടവഴിയിൽ പോസ്റ്റുമാന്റെ ആക്ടീവ വന്ന് നിൽക്കുന്നത് കണ്ടപ്പോൾ 'ആബിദ' അവശത വകവെക്കാതെ കസേരയിൽ നിന്ന് പിടഞ്ഞേഴുന്നേറ്റു. കൈയിലിരുന്ന തയ്ച്ചുകൊണ്ടിരുന്ന തുണി മിഷ്യന് മുകളിൽ ഇട്ടുകൊണ്ട് പോസ്റ്റുമാന്റെ അടുക്കലേയ്ക്ക് ആവേശത്തോടെ നടക്കുമ്പോൾ അവളോർത്തു.

താൻ അവസാനം അയച്ച കത്തിനുള്ള മറുപടിയുമായിട്ടാവും പോസ്റ്റ്മാൻ വന്നിരിക്കുക. എന്തായിരിക്കും ആ കത്തിലെ ഉള്ളടക്കം. വൈകാതെ തന്നെക്കാണാൻ അദ്ദേഹം വരുന്നെന്നോ, അതോ തൽക്കാലം കാണാൻ ഉദ്ദേശമില്ലെന്നോ... എന്തായാലും ഒരു മറുപടി കിട്ടിയാമതിയാരിയുന്നു.

ഏതാനും ആഴ്ചകളായി അവൾ ഈ കാത്തിരിപ്പ് തുടങ്ങിയിട്ട്. പോസ്റ്റുമാൻ മുറ്റം കടന്നുവരുമ്പോഴൊക്കെയും അവൾക്ക് ഉള്ള കത്ത് കൈയിൽ ഉണ്ടാവുകയും ചെയ്യും. പക്ഷേ, അത് അവൾ അയക്കുന്ന കത്തുകൾ തിരികെ വരുന്നതാണെന്നു മാത്രം. അങ്ങനെ പതിനൊന്നാമത്തെ കത്താണ് അവസാനം അയച്ചത്.

മുൻപെഴുതിയ പത്ത് കത്തും കൈപ്പറ്റാതെ തിരികെയെത്തിയതിൽ അവൾക്ക് വല്ലാത്ത സങ്കടവും നിരാശയുമൊക്കെയുണ്ട്. മനസ്സിന്റെ നൊമ്പരങ്ങൾ ഒന്നാകെയും പകർന്നുവെച്ചുകൊണ്ട് എഴുതുന്ന കത്തുകൾ ഇതുവരെയും വേണ്ടപ്പെട്ടയാൾ കൈപ്പറ്റാത്തത്തിൽ അവൾ വല്ലാതെ ദുഃഖംകൊണ്ടു.

ഓരോതവണയും കത്ത് കൈപ്പറ്റാതെ മടങ്ങിവരുമ്പോൾ അവൾ നിരാശയോടെ തീരുമാനിക്കും. ഇനി കത്തെഴുതുന്നില്ല. തന്റെ ആഗ്രഹം ഒരിക്കലും നിറവേറാൻ പോകുന്നില്ല. ജീവിച്ചിരിക്കുന്നിടത്തോളം സമയം കഴിയുന്ന ജോലിയെന്തെങ്കിലും ചെയ്ത് മകൾക്കും കുടുംബത്തിനും സഹായമേകണം.

പക്ഷേ, ആ തീരുമാനത്തിൽ ഉറച്ചുനിൽക്കാൻ അവളുടെ മനസ്സ് ഒരിക്കലും അനുവദിക്കാറില്ല. നിരാശയിൽ കുതിർന്ന് തണുത്തുപോയ ആഗ്രഹം ഉമിത്തീപോലെ മനസ്സിനെ ചൂടുപിടിപ്പിക്കും. ആ സമയം അവൾ വീണ്ടും കത്തെഴുതാനിരിക്കും. ഉള്ളിലെ മോഹങ്ങളും,നൊമ്പരങ്ങളുമൊക്കെ പകർന്നുവെച്ച് അത് എഴുതിപൂർത്തിയാക്കി പിറ്റേന്നുതന്നെ പോസ്റ്റ്‌ ചെയ്താലേ അവൾക്ക് സമാധാനമാവൂ.പിന്നീട് കത്തിന്റെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. തന്റെ കത്ത് വായിച്ചിട്ട് അതിനുള്ള മറുപടി എഴുതി അയച്ചതുമായി പോസ്റ്റ്മാൻ വരുന്നതും സ്വപ്നംകണ്ട് അങ്ങനെ അവൾ രാത്രികളിൽ ഉറങ്ങാതെ കിടക്കും.

അവളുടെ ഓരോ കത്തും കൈപ്പറ്റാതെ തിരിച്ചുവരുന്നത് മകനും മരുമകളുമൊക്കെ അറിയുന്നുണ്ടായിരുന്നു. ചിലപ്പോഴെല്ലാം കത്തെഴുത്താനായി രാത്രി ഉറക്കം കളഞ്ഞിരിക്കുമ്പോൾ മകനും ഭാര്യയും കൂടി അവരെ കളിയാക്കും.

"ഉമ്മയ്ക്ക് വേറെ പണിയൊന്നുമില്ലേ...രാത്രി ഉറക്കമിളച്ച്‌ വെറുതേ വയ്യാത്ത ശരീരവും വെച്ച്... ഇതുകൊണ്ട് എന്ത് പ്രയോജനം. പണ്ടെങ്ങോ ഉപേക്ഷിച്ചുപോയവർക്കുവേണ്ടി... നാണമില്ലാതെ."

അവരുടെ പരിഹാസങ്ങൾ കേൾക്കുമ്പോൾ അവൾക്ക് സങ്കടം തോന്നാറില്ല. അവർ സ്നേഹംകൊണ്ട് പറയുന്നതാണ് അതൊക്കെയും എന്ന് അവൾക്കറിയാം.എങ്കിലും തന്റെ കത്തുകൾ കൈപ്പറ്റാതെ മടങ്ങുന്നതോർത്ത് അവൾ ഉള്ളിൽ കരയും. വൈകാതെ തന്നെ തന്റെ കത്ത് ഉടമസ്ഥൻ കൈപ്പറ്റുമെന്നും അതിനുള്ള മറുപടി എല്ലാവരുംകേൾക്കേ താൻ വായിച്ചുകേൾപ്പിക്കുന്നതുമൊക്കെ സ്വപ്നം കണ്ട് അവൾ മനസ്സിനെ നിയന്ത്രിക്കും.

ഒരാഴ്ചമുൻപുള്ള ഒരു രാത്രിയിലാണ് അവൾ ആ കത്ത് എഴുതാനിരുന്നത്. നല്ല മഴയും കുളിരുമൊക്കെയുള്ള ഒരു തുലാമാസത്തിലെ രാത്രി. മനസ്സിലെ നൊമ്പരങ്ങളും പഴയകാല പ്രണയത്തിന്റെ ഓർമ്മകളും ഒരുമിച്ച് മഴനനഞ്ഞ രാത്രിയെക്കുറിച്ചുമൊക്കെ അവൾ കത്തിലെഴുതി. ഒടുവിൽ ഇറ്റുവീണ രണ്ടുതുള്ളി കണ്ണുനീരോടെ കത്ത് മടക്കി കവറിലാക്കി പോസ്റ്റുചെയ്തു. വീണ്ടും മറുപടിക്കായുള്ള കാത്തിരിപ്പ് തുടങ്ങി.

പോസ്റ്റ്മാൻ നൽകിയ കത്ത് കൈപ്പറ്റുമ്പോൾ അവളുടെ ഉള്ളം സങ്കടംകൊണ്ട് നിറഞ്ഞു. അത് അവൾ അയച്ച അതേ കത്തുതന്നെയായിരുന്നു.ദീനതയാർന്ന മിഴികളോടെ പോസ്റ്റുമാനെ നോക്കി വിളറിയ പുഞ്ചിരിയോടെ തിരിച്ചുനടക്കാനൊരുങ്ങുമ്പോൾ അയാൾ അവളെനോക്കി പറഞ്ഞു.

"എന്തിനാണ് മോളേ വെറുതേ ഇങ്ങനെ കത്തുകളയച്ച് കാത്തിരിക്കുന്നത്. ഒന്നുകിൽ മോള് ഉദ്ദേശിക്കുന്ന ആള് സ്ഥലത്തുണ്ടാവില്ല... ഇല്ലെങ്കിൽ അയാൾക്ക് മോളുടെ കത്ത് കൈപ്പറ്റാൻ താല്പര്യം കാണില്ല. അറിഞ്ഞിരുന്നുകൊണ്ട് വെറുതേ എന്തിനാണ്.?"

സ്നേഹമൂറുന്ന പോസ്റ്റുമാന്റെ വാക്കുകൾ അവളെ നൊമ്പരപ്പെടുത്തി. അദ്ദേഹം പറഞ്ഞതിൽ കാര്യമുണ്ടെന്ന് അവൾക്ക് തോന്നി. ഒന്നുകിൽ താൻ കത്തയക്കുന്ന ആൾ സ്ഥലത്തില്ല. ഇല്ലെങ്കിൽ തന്റെ കത്തുകൾ മനപ്പൂർവ്വം അവഗണിക്കുന്നതാണ്. എന്തായാലും ഇനിയും ഇത് തുടരുന്നതിൽ അർത്ഥമില്ല. തന്റെ ജീവിതത്തോട് തന്നെ അവൾക്ക് വെറുപ്പ് തോന്നി. ഇനിയൊരിക്കലും താൻ കത്തെഴുതുതുന്നില്ല.അല്ലെങ്കിൽ തന്നെ ഇന്നത്തെക്കാലത്ത് ആരാണ് കത്തെഴുതുന്നത്... വെറുതേ പോസ്റ്റുമാനെ ബുദ്ധിമുട്ടിക്കാനായിട്ട്. ബന്ധപ്പെടേണ്ട ആളുടെ ഫോൺ നമ്പർ ഏതെങ്കിലും വിധത്തിൽ കണ്ടെത്തി സംസാരിക്കാനുള്ളത്തിന് പകരം പണ്ടെങ്ങോ തന്നുപോയ അഡ്രസ്സും വെച്ചുകൊണ്ട് കത്തെഴുതുന്ന താനെന്തൊരു മണ്ടിയാണ്... അവൾ ചിന്തിച്ചു.

പക്ഷേ, അന്നുരാത്രിയും കഴിഞ്ഞകാല ഓർമ്മകളിൽ മുഴുകിക്കിടക്കവേ അവൾ ചിന്തിച്ചു. ഇതുവരെ പതിനൊന്നു കത്തുകൾ അയച്ചു. ഒരെണ്ണംകൂടി അയച്ചാലെന്താ... ഒരു ഡസൻ തികഞ്ഞിരിക്കട്ടെ. അവസാനമായി ഒരു കത്തുകൂടെ.

തന്റെ രോഗത്തേക്കുറിച്ചും, ശാരീരികാ അവസ്ഥകളെക്കുറിച്ചും, മരിക്കുന്നതിനുൻപ് കാണാനുള്ള ആഗ്രഹത്തേക്കുറിച്ചുമൊക്കെ വിശദമാക്കിക്കൊണ്ട് ഒരു കത്ത് അവൾ എഴുതിതീർത്തു. രണ്ടുവട്ടം അത് വായിച്ചുനോക്കി. ഇതുവരെ താനെഴുതിയതിൽ വെച്ച് മനോഹരമായ കത്താണ് അതെന്ന് അവൾക്കുതോന്നി.

കത്ത് കവറിലാക്കി ഒട്ടിച്ചു അഡ്രസ്സെഴുതി വെച്ചുകഴിഞ്ഞപ്പോൾ സമയം രാത്രി പന്ത്രണ്ടുമണി. ഒരുനിമിഷം കത്ത് ചുണ്ടോടുചേർത്ത് ചുംബിച്ചിട്ട് നെഞ്ചിനോട് ചേർത്തുപിടിച്ചുകൊണ്ട് അവർ പ്രാർത്ഥിച്ചു.

"അള്ളാഹുവേ... ഈ കത്തെങ്കിലും അതിന്റെ അവകാശിക്ക് കിട്ടണേ..."

പിറ്റേന്നുരാവിലെതന്നെ കൊച്ചുമകളുടെ കൈയിൽ കൊടുത്തുവിട്ട് അവൾ അത് പോസ്റ്റ്‌ ചെയ്യിച്ചു. ആ കത്തിന് തീർച്ചയായും മറുപടി കിട്ടുമെന്ന പ്രതീക്ഷയിൽ മുഴുകിയിരിക്കവേ... ഒരുദിവസം ഉച്ചകഴിഞ്ഞ് പെട്ടെന്ന് അവൾക്കൊരു പരവേഷമുണ്ടായി. ശരീരരത്തിനൊന്നാകെയൊരു വിറയലും തളർച്ചയും. കണ്ണുകളിൽ ഇരുട്ടുവന്നു മൂടുന്നു. ഉടൻതന്നെ കുടുംബാംഗങ്ങൾ അവളെ താങ്ങിയെടുത്ത് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി.

തന്റെ ശരീരകോഷങ്ങളെ കാർന്നുതിന്നുകൊണ്ട് തന്നെ മരണത്തിലേയ്ക്ക് തള്ളിവിട്ടുകൊണ്ടിരിക്കുന്ന രോഗം അതിന്റെ അവസാനഘട്ടത്തിലെത്തിക്കഴിഞ്ഞുവെന്നു അവൾക്ക് മനസ്സിലായി. പുഞ്ചിരിയോടെ മക്കളെയും കൊച്ചുമക്കളേയുമൊക്കെ അവൾ മാറിമാറി നോക്കി. എല്ലാമിഴികളിലും കണ്ണുനീർ പിറവിയെടുക്കുന്നത് വേദനയോടെ കണ്ടു.

രണ്ടുദിവസം ആശുപത്രിയിൽ കിടന്നിന്നു.പ്രത്യേകിച്ചു മാറ്റമൊന്നും ഉണ്ടാകാനിടയില്ലാത്തതുകൊണ്ട് ഡോക്ടർ അവളെ വീട്ടിലേയ്ക്ക് മടക്കി.വീട്ടിലെത്തിയതിന്റെ പിറ്റേന്നുരാത്രി അവൾ തീർത്തും അവശയായി.മരണം അവളെക്കൂട്ടിക്കൊണ്ടുപോകാനായി പടിവാതിൽ കടന്നെത്തിയിരിക്കുന്നു.ഒടുവിൽ പുലർച്ചെ എല്ലാവരെയുംനോക്കി ഒരുപുഞ്ചിരിയോടെ അവൾ ഈ ലോകത്തുനിന്ന് യാത്രപറഞ്ഞുപോയി.

മയ്യത്ത് കബറടക്കലും മറ്റുമായി ബന്ധപ്പെട്ട് പള്ളിയിൽ അറിയിക്കാൻ പോകുന്നവഴി മകന്റെ മുന്നിൽ വണ്ടി നിറുത്തി പുഞ്ചിരിയോടെ അവനെ നോക്കിക്കൊണ്ട് പോസ്റ്റ്മാൻ ഒരു കത്ത് നീട്ടി.

"അല്ല മോനേ... ഞാൻ നിങ്ങടെ വീട്ടിലേയ്ക്ക് വരികയായിരുന്നു. ഒരു കത്തുണ്ട്.ഇത്തവണ ഉമ്മയുടെ ആഗ്രഹം നിറവേറിയിരിക്കുന്നു... മറുപടി കത്താണ്. മോനെ കണ്ടസ്ഥിതിക്ക് ഇനി വീട്ടിലേയ്ക്ക് വരണ്ടല്ലോ. ഇതൊന്ന് ഉമ്മയ്ക്ക് കൊടുത്തേയ്ക്ക്. എന്തായാലും ഇതുകാണുമ്പോൾ വല്ലാത്ത സന്തോഷമാവും. നേരിട്ട് കൊടുക്കണമെന്നുണ്ടായിരുന്നു സമയമില്ല."

ഒരുനിമിഷം എന്തുപറയണമെന്നറിയാതെ നിറമിഴികളോടെ അയാളെ നോക്കിനിന്നിട്ട് അവൻ ആ കത്ത് ഏറ്റുവാങ്ങി. പോസ്റ്റ്മാൻ പോയതും അവൻ അത് തുറന്നുനോക്കി.

"എത്രയും സ്നേഹംനിറഞ്ഞ നബീസുവിന്...നിന്റെ കത്തുകൾ കൈപ്പറ്റാതിരുന്നത് മനപ്പൂർവമല്ല. ഞാൻ സ്ഥലത്ത് ഉണ്ടായിരുന്നില്ല. നിന്റെ ഈ കത്തിന് മറുപടി അയക്കുന്നതോടൊപ്പം നിന്റെ സ്നേഹത്തിന്റെ ആഴം മനസ്സിലാക്കാതെ മറ്റൊരുവളോടൊപ്പം ഒളിച്ചോടിപ്പോന്ന ഞാൻ മാപ്പ് ചോദിക്കുന്നു. നിന്നെ കാണാൻ ഞാൻ അടുത്തദിവസം വരുന്നുണ്ട്."

കണ്ണുനീർവന്ന് മൂടപ്പെട്ട ആ കത്തും അതിലെ അക്ഷരങ്ങളും അവന്റെ കൈയിലിരുന്നു വിറകൊണ്ടു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter