മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

അന്യദേശങ്ങളിലൊക്കെ അലഞ്ഞു തിരിയുന്നതിന് മുൻപുള്ള ബാല്യകാലം എനിക്ക് ഒരു മറുജന്മം പോലെ തോന്നുന്നു. വീടിനോട് ചേർന്ന് ഒരു ചോല  ഉണ്ടായിരുന്നു. തീരെ നേർത്തത്.

ആ മൊട്ടക്കുന്നിൻ പുറത്ത് അത് എവിടെ നിന്ന് വേരെടുത്തെന്ന് അറിയില്ല. മഴയൊക്കെ ഒന്ന് കഴിഞ്ഞാൽ ഒരു തെളിനീരുപോലെ കഷ്ടിച്ച് മൂന്നോ നാലോ മാസം അതങ്ങിനെ ഒഴുകും. അത് വറ്റുമ്പോൾ കിണറും വറ്റും. പിന്നെ കുന്നിന്റെ താഴെ പോയി വേണം വെള്ളം  കൊണ്ടുവരാൻ. എല്ലാവരും ജോലിയൊക്കെ കഴിഞ്ഞു വന്ന് അത്താഴവും കഴിഞ്ഞാണ് ഈ വെള്ളംചുമക്കൽ. രാത്രിയിൽ പേടിയില്ലാതെ വീട്ടുകാരോടൊപ്പം പുറത്തിറങ്ങി  നടക്കാൻ കിട്ടുന്ന ഈ അവസരം ഞങ്ങൾ കുട്ടികൾക്ക് ഒരു ഉത്സവം തന്നെയാണ്.

 
മഴക്കാലം ഞങ്ങൾ നന്നായി ആസ്വദിച്ചു. വൈകിട്ട് നേരത്തേ ഇരുളുമ്പോൾ പുതച്ച് മൂടി കിടക്കും . ഓടിന്റെ  ഇടയിലൂടെ പൊടിച്ചാറ്റൽ ഞങ്ങളെ നനയ്ക്കും. പുതപ്പ് നന്നായി  നനയും . ഞങ്ങൾ നാലുപേരും കൂടി ഒരു പുതപ്പ് അങ്ങോട്ടും ഇങ്ങോട്ടും വലിക്കും . ആരുടെയെങ്കിലും കൈ വിട്ടുപോയാൽ പുതപ്പ് ഒരു ചാട്ടവാറുപോലെ കട്ടിലിൽ നിന്നും പറക്കും . എല്ലാവർക്കും പെട്ടെന്ന് കുളിരു കോരും .
 
താമസം കുന്നിൻ പുറത്തായിരുന്നെങ്കിലും സ്‌കൂളിൽ പോകുന്നത് വയലുകൾക്കിടയിലൂടെ ടാറിട്ട റോഡിലൂടെ രണ്ടു തോടുകൾ കലങ്കുകളിലൂടെ മറികടന്നായിരുന്നു . വഴിയിൽ കിടക്കുന്ന വെള്ളത്തിൽ പോലും ചവിട്ടാൻ എനിക്ക് വീട്ടിൽ നിന്ന് അനുവാദമില്ലായിരുന്നു . സ്‌കൂളിന്റെ പിന്നിലൂടെയാണ് ഈ തോട് ഒഴുകുന്നത്. വെള്ളിയാഴ്ച ഒന്നര  മണിക്കൂർ ഉച്ചയ്ക്ക് ഫ്രീ ആണ് . മുസ്ലിം സുഹൃത്തുക്കൾ പള്ളിയിൽ പോയി വരും . ഉച്ചകഴിഞ്ഞാൽ ആദ്യത്തെ പീരീഡ് ഇംഗ്ലീഷ് സെക്കന്റ് ആണ് . ദി അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഹക്കിൾബെറി ഫിൻ . ഉച്ചയ്‌ക്കു കിട്ടുന്ന ഒന്നര മണിക്കൂർ സ്‌കൂളിന് പിന്നിലെ പാടത്തും തോട്ടിലും അതിനടുത്തുള്ള കുന്നിലും  അലഞ്ഞു തിരിഞ്ഞു നടന്നിട്ടു ക്‌ളാസിൽ വരുമ്പോൾ അതെല്ലാം പുസ്തകത്തിൽ നിന്നും ഒരു വട്ടം കൂടി കേൾക്കാം .
 
ഒന്ന് രണ്ടു തവണ സ്‌കൂൾ കഴിഞ്ഞു ഈ തോട്ടിൽ കളിയ്ക്കാൻ പോയി അതിൽ മുങ്ങി ഉടുപ്പെല്ലാം നനഞ്ഞിട്ടുണ്ട് . വീട്ടിൽ ചെന്നപ്പോൾ അടിയും കിട്ടി .
 
കുന്നിൻ പുറത്ത്, വെള്ളം അസുലഭ വസ്തുവായ ആ ലോകത്ത് താമസിച്ചത് കാരണം ജോലി കിട്ടിയത് പമ്പയുടെ തീരത്തെന്നു അറിഞ്ഞ ഉടനെ വീട്ടിലുള്ള എല്ലാവരും അങ്ങോട്ട് പറിച്ചു നട്ടു . വെള്ളത്തിന്റെ കാര്യം പറഞ്ഞു ചെറുതിലെ എന്നെ ഭയപ്പെടുത്തിയ അച്ഛന്റെ രണ്ടാം ബാല്യം പമ്പയുടെ കവിഞ്ഞൊഴുകുന്ന കരയിൽ തന്നെ ആയിരുന്നു . മഴക്കാലത്ത് പാമ്പ വീട്ടിലൂടെയാണ് ഒഴുകുന്നത് . ആറന്മുള ഭാഗത്ത് അതൊരു വിഷയം അല്ല. കട്ടിലുകൾ അടുക്കി വെച്ച് അതിനു മുകളിൽ രാത്രി ഉറക്കമൊഴിഞ്ഞ് ഇരിക്കുമ്പോൾ മുറിക്കുള്ളിലൂടെ ഒഴുകുന്ന വെള്ളത്തിൽ ആമയും പാമ്പും തേളും ഒക്കെ നീന്തുന്നത് കാണാം .
 
ഒരിക്കൽ വീട്ടിൽ പകൽ വെള്ളത്തിൽ  നിന്നും ഒരു അണലി കയറി വന്നു . കൊല്ലണം എന്നൊക്കെ എല്ലാരും പറഞ്ഞിട്ടും ഞാൻ അതിനെ ഓടിച്ചു വിട്ടു . അടുത്ത ദിവസം വീട്ടിനു പിന്നിലെ കനാലിലെ കരിയിലയും മറ്റും ഒരു മുളംകഴ കൊണ്ട് തോണ്ടി മാറ്റി വെള്ളം വാർന്നുപോകാൻ സൗകര്യം ഒരുക്കുകയായിരുന്നു . മിനുസമുള്ള മുളംകഴയിൽ നിന്നും നനഞ്ഞ കരിയിലകൾ തെന്നിത്തെന്നി താഴെ വീഴുന്നതല്ലാതെ വൃത്തിയാക്കൽ നടക്കുന്നില്ല . ഒടുവിൽ കൈ കൊണ്ട് വാരിക്കളയാം എന്ന് കരുതി . എങ്കിലും ഇലയൊക്കെ വീണു അഴുകിയ ആ വെള്ളത്തിൽ കൈ ഇടാൻ ഒരു മടി . ഒടുവിൽ പിന്നെയും ആ മുളംകഴ തന്നെ എടുത്തു . ഇത്തവണ കുറെ അഴുക്ക് അതിൽ കുരുങ്ങിയത് പോലെ തോന്നി . നോക്കുമ്പോൾ തലേന്ന് കണ്ടതിന്റെ നാലിരട്ടി വലുപ്പം വരുന്ന ഒരു അണലി . ഞാൻ അതിനെ കുടഞ്ഞെറിഞ്ഞു . പാമ്പുകളെ എനിക്ക് പേടിയില്ലെങ്കിലും കടി കിട്ടാതെ രക്ഷപെട്ടതിൽ സന്തോഷം തോന്നി .
 
പൂനെയിൽ ഒരു ഗ്രാമത്തിൽ വെച്ചാണ് അതിലും വലിയ അണലിയെ പിന്നെ ഞാൻ കണ്ടത് . പെരുമ്പാമ്പ് പോലെ തോന്നിച്ചു . ഒരു റോഡിനു കുറുകെ എത്തിച്ച് കിടക്കുകയായിരുന്നു അത് 
 
ഋഷി വാലി (ആന്ധ്ര) സ്‌കൂളിൽ ജോലിക്ക് ചേർന്നപ്പോൾ  സ്‌കൂൾ തുറക്കുന്നതിന് മുമ്പ് അവിടുത്തെ ഗസ്റ്റ് ഹൌസിൽ കിടന്നുറങ്ങുകയായിരുന്ന  ഞാൻ ഒരു കൊച്ചു കുട്ടി സ്നേക്ക് സ്നേക്ക്എന്ന് വിളിച്ച് കരയുന്നതു കേട്ട് ഇറങ്ങി ചെന്നു .  തടി കൂട്ടിയിട്ടിരുന്നതിനിടയിൽ ഒളിച്ച പാമ്പിനെ കാണാൻ പറ്റിയില്ല . ഒരു അറ്റൻഡർ അത് വഴിയേ വന്നു അയാൾ പറഞ്ഞു, "ഈ ഭാഗത്തൊക്കെ അണലിയാണ് . ഓടിച്ചാലും പോകാതെ നമ്മെ വേണമെങ്കിൽ കടിക്കും . ആ ഭാഗത്ത് ആ പ്രശ്നമില്ല" 
 
അയാൾ വിരൽ ചൂണ്ടിയിടത്തേയ്ക്ക് ഞാൻ നോക്കി . അവിടെയാണ് എനിക്ക് അനുവദിച്ചിരിക്കുന്ന ഹോസ്റ്റലും മറ്റും. അത് ഒന്നര കിലോമീറ്റർ അകലെയാണ് 
 
ആശ്വാസത്തോടെ ഞാൻ അയാളോട് ഉറപ്പു വരുത്താനായി ചോദിച്ചു 
 
"അതെന്താ "
 
"അവിടെയെല്ലാം കോബ്രയാ. നിൽക്കില്ല. ഓടിപ്പൊയ്ക്കോളും"
 
എന്റെ മനസ്സും ആത്മാവും കവർന്ന ആ ഗ്രാമത്തിലേക്കുള്ള എന്റെ കിടിലൻ ഇൻട്രോ 
 
ഇന്ന് എന്റെ ശരീരവും ആ ഗ്രാമം കവരണേ എന്ന് ഞാൻ കൊതിക്കുന്നു

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter