മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Sathish Thottassery)

രാത്രിഭക്ഷണത്തിനും ഉറക്കത്തിനും മദ്ധ്യേ ഉള്ള സീറോ അവറിൽ എന്താണ് ചിന്തിക്കുക എന്ന് ചിന്തിച്ചോണ്ടിരിക്കുമ്പോഴാണ് ചിന്ത കൃഷ്ണൻ കുട്ടി വാര്യരിൽ ചെന്ന് മുട്ടി നിന്നത്. . പിന്നെ മാഷ്ടെ സംസ്കൃതം ക്ലാസുകൾ.

തച്ഛബ്ദം പുല്ലിംഗം, ബാല:ശബ്ദം, രാമ:ശബ്ദം, അവ്യയം, സന്ധി, സമാസം, ശ്രീരാമോദന്തം സുഭാഷിതാനി, അതെന്നു പ്രഥമക്കർത്ഥം ദ്വിതീയക്കതിനെ പുനഃ:....അങ്ങിനെ കാടുകയറിയ ചിന്ത അവസാനം ഒരു കുക്കുടത്തിൽ ചെന്ന് ചേക്കേറി. 

കുക്കുട: ഒരു കോഴി, കുക്കുടൗ രണ്ടു കോഴികൾ കുക്കുടാ: അനേകം കോഴികൾ. മനുഷ്യനുമായി ബന്ധപ്പെട്ട ഒരു കോഴിപ്രയോഗമുണ്ടല്ലോ. അതിലേക്കൊന്നും പോണ്ട. ഇത് സാക്ഷാൽ കോഴി. എന്നാൽ പിന്നെ കഥാനായകൻ അവൻ തന്നെയാകട്ടെ എന്നും നിരീച്ചു് മൊബൈലെടുത്തു കഥയിലേക്ക് പ്രവേശിച്ചു. പറഞ്ഞുവരുന്നത് ഞങ്ങളുടെ ശൈശവ കാലത്തെ ഒരു കോഴി കഥയാണ്. 

അന്ന്  ഇളയച്ഛനും അച്ഛൻ പെങ്ങൾക്കും ധാരാളം കോഴികളുണ്ടായിരുന്നു. മുറ്റം നിറയെ അവറ്റ കുഞ്ഞു കുട്ടി പരാധീനങ്ങളുമായി കൊത്തി പെറുക്കി നടക്കും. ചിലപ്പോഴെല്ലാം വീട്ടിനകത്തു കയറി കാഷ്ഠിക്കും. പലപ്പോഴും നമ്മൾ നടക്കുമ്പോൾ കാലിനടിയിൽ  തണുത്ത ഒരു സ്പോഞ്ചു സ്പർശവും,  ബെടക്കൂസ്  നാറ്റവും വരുമ്പോഴേ സങ്കതി ബോധ്യപ്പെടൂ. കയറിന്റെ ഉറിയിൽ വട്ടിയിൽ വൈക്കോലിട്ടു് കരിക്കട്ടയും, ഇരുമ്പിന്റെ കഷ്ണവും വെച്ച് മുട്ടകൾ അട വെക്കും. ഇരുപത്തൊന്നാം ദിവസം വരെ അക്ഷമയുടെ നാളുകളായിരിക്കും. ദിവസങ്ങൾക്കു വേഗത പോരാ എന്ന് തോന്നും. വിരിച്ചിറങ്ങി വട്ടി തുറന്നു കോഴിക്കുട്ടികളെ പുറത്തെടുത്തു വെക്കും. ഒന്നോ രണ്ടോ മുട്ടകൾ വിരിയാതെ ഊളയായിട്ടുണ്ടാകും. അത് ബാബുനായക്ക്‌ ബുൾസയ് ആകും. കാലുറയ്ക്കുന്നവരെ കുട്ടികൾ കുറെ നേരം തത്തക പിത്തക എന്ന് നടക്കും. മഞ്ഞ നിറത്തിലുള്ള കുഞ്ഞി കാലുകളും, ഉണ്ണി കൊക്കുകളും, മഷിയെഴുതിയ കണ്ണുകളും കാണാൻ നല്ല ചേലാണ്. ഓർക്കുമ്പോൾ ഒരു ഗൃഹാതുര കാറ്റ് മനസ്സിന്റെ മൃദുസ്ഥലികളിൽ ഇക്കിളി കൂട്ടുന്നു.

ആ കോഴി കൂട്ടത്തിൽ ഒരു ചൊമല ചാത്തനുണ്ടായിരുന്നു. ഒരു ഒന്നൊന്നര ചാത്തൻ. കാച്ചെണ്ണ തേച്ച പോലെ മിന്നുന്ന ചുവപ്പും കറുപ്പും കലർന്ന തൂവൽ. ചെഞ്ചോര നിറമുള്ള ബലൂൺ കാറ്റു പോയി ചുങ്ങിയ പോലെ ഞാന്ന് കിടക്കുന്ന താടിപ്പൂവ്. ഒന്നൊടിഞ്ഞു മടങ്ങിയ തലയിലെ അറക്കവാളു ചൂട്ട്. വളഞ്ഞു നിൽക്കുന്ന കറുകറുത്ത അംഗവാല്. കണ്ടാൽ ആരും ഒന്ന് നോക്കി നിന്ന് പോകും.  ഉണ്ടക്കണ്ണൻ അന്ത്രൂസ് പഠിപ്പിക്കുന്ന സ്കൂളിൽ   പഞ്ചായത്തടിസ്ഥാനത്തിൽ നടത്തിയ    മത്സരത്തിൽ മിസ്റ്റർ അയിലൂർ ചാത്തൻ അവാർഡൊക്കെ ടി. ചാത്തൻസിനു കിട്ടിയിട്ടുണ്ട്. ആശാൻ എപ്പോഴും കോഴിക്കൂട്ടത്തിന്റെ നടുക്ക്  ഇടക്കിടക്ക് തല ഉയർത്തിപ്പിടിച്ചുകൊണ്ടും ചിറകുകൾ വീശിയും നീട്ടി കൂകി തന്റെ സാന്നിധ്യം അറിയിച്ചുകൊണ്ടിരിക്കും. വേറെ ശരാശരി ചാത്തന്മാരെയൊന്നും നാലയലത്തുപോലും അടുപ്പിക്കില്ല. ഏതെങ്കിലും പെട്ടക്കു ചുറ്റും ഒരു സൈഡിലെ ചിറകു വിടർത്തി റൗണ്ടടിച്ചു  പ്രേംനസീറിനെ പോലെ മരം ചുറ്റി പ്രേമത്തിലായിരിക്കും. അങ്ങിനെ ഞങ്ങളവനെ ശ്രീ കൃഷ്ണൻ ചാത്തനെന്നു വിളിച്ചു തുടങ്ങി. 

ചിലപ്പോഴെല്ലാം നമ്മടെ ചാത്തനാശാൻ ആന്റി സോഷ്യലും വയലന്റും ആകും. തനിക്കു വഴങ്ങാത്ത പെട്ടകളെ ഓടിച്ചിട്ട് പീഡിപ്പിക്കും. ഉച്ച നേരത്തുള്ള ഈ ക്രോ ക്രോ എന്നുള്ള പെട്ട കരച്ചിലും ചാത്തനട്ടഹാസവും പൂമുഖത്തെ സോഫയിൽ ഉച്ച മയങ്ങുന്ന മുത്തശ്ശനെ പ്രകോപിപ്പിക്കും. ആ കാലത്തു രാജി എളേച്ഛന്റെ കുറെ താറാക്കോഴികളും ഒരേ കൂട്ടിൽ മുളഞ്ഞിരുന്നു. അവറ്റയാണെങ്കിൽ ഒന്നര ഫർലോങ് ദൂരത്തിൽ തൂറ്റി കൊണ്ട് നടക്കും. കോഴിക്കൂടിന്റെ തറ മായപ്പൻ പൂട്ടിക്കേറിയ ചേറിൻ കണ്ടം പോലെയിരിക്കും. പിന്നെ പിന്നെ നമ്മടെ കുഷ്ണൻ ചാത്തൻ താറാക്കോഴികളെയും ഓടിച്ചിട്ട് പീഡിപ്പിച്ചു തുടങ്ങി. ആദ്യമൊക്കെ ആണ് പെണ്ണ് ഭേദമില്ലാതെയായിരുന്നു പീഡനങ്ങൾ. പിന്നെ പേ പേ എന്ന് കരയുന്ന പെട്ട താറാവുകൾക്ക്‌ ഇരിക്ക പൊറുതി കൊടുക്കാതെയായി. അപ്പോൾ മുത്തശ്ശൻ അരയും തലയും മുറുക്കി രംഗത്തിറങ്ങി. നിലവിളിച്ചും, വടിയെടുത്തെറിഞ്ഞും കൃഷ്ണൻ ചാത്തനുമായി തുറന്ന യുദ്ധത്തിലായി. ബഹളവും ഒച്ചയും കൂടിയപ്പോൾ ബാബു നായയും മുത്തശ്ശനുമായി സഖ്യകക്ഷിയായി കരാറൊപ്പിട്ടു.

താറാവുകളുടെ സുരക്ഷ ബാബു നായ ഏറ്റെടുത്തു. അവറ്റയുടെ അടുത്തെങ്ങാനും കൃഷ്ണൻ ചാത്തനെ കണ്ടാൽ ബാബുവിന് കലിയെളകുന്ന അവസ്ഥയായി. പിന്നെ അവനെ തുരത്തി വേലിക്കപ്പുറം വിട്ടിട്ടേ പിന്മാറൂ. അങ്ങിനെയിരിക്കെ ഒരു നട്ടുച്ച നേരത്ത്‌  കൃഷ്ണൻ ചാത്തൻ ഒരു പെട്ടത്താറാവിനെ ചേസ് ചെയ്ത്‌ അതിന്റെ തലയെല്ലാം നിലത്തിട്ടുരച്ചു മൃഗീയമായി പീഡിപ്പിക്കുന്ന രംഗം കണ്ടുനിക്കാനാകാതെ ബാബു നായ ഒറ്റക്കുതിപ്പിന് ചാത്തന്റെ കൊങ്ങക്ക് കപ്പി അതിനെ വധിച്ചു.  അങ്ങിനെ കൃഷ്ണൻ ചാത്തൻ രക്തസാക്ഷിയായി.  വളരെ കാലത്തിനു ശേഷം അന്ന് ഞങ്ങൾ കോഴിക്കറി കൂട്ടി ഫുൾ വയർ ശാപ്പാടടിച്ചു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter