മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(V. SURESAN)

രാത്രി പതിനൊന്നു മണിയായിക്കാണും. രാജു ഉറങ്ങി വന്നതാണ്. അപ്പോഴാണ് അടുത്ത മുറിയിൽ അച്ഛനും അമ്മയും തമ്മിലുള്ള സംസാരം കേട്ടത്. സംസാരം തന്നെപ്പറ്റി ആണോ എന്നറിയാൻ അവൻ എഴുന്നേറ്റിരുന്നു. 

അച്ഛൻ അല്ല അമ്മയാണ് കൂടുതൽ സംസാരിക്കുന്നത്.

"ഞാൻ പലവട്ടം പറഞ്ഞിട്ടുള്ളതാണ് ഇത്തരം സാധനങ്ങൾ ഇതിനകത്ത് കൊണ്ടുവരരുതെന്ന്. എത്ര പറഞ്ഞാലും കേക്കൂലാ. മോൻ കാണും എന്ന വിചാരം എങ്കിലും വേണ്ടേ ?"

അത് കേട്ടപ്പോൾ താൻ കാണാൻ പാടില്ലാത്ത എന്ത് സാധനമാണ് അച്ഛൻ കൊണ്ടുവന്നത് എന്ന് അറിയാൻ രാജുവിനെ ആകാംക്ഷയായി. അവൻ ശബ്ദമുണ്ടാക്കാതെ ജനലിൻ്റെ വിടവിൽ കണ്ണ് ചേർത്ത് അടുത്ത മുറിയിലേക്ക് നോക്കി .അവിടെ മേശമേൽ ഒരു പുതിയ വാച്ച് ഇരിക്കുന്നത് കാണാം .ഇതാണോ സാധനം? ഇത് ഞാൻ കണ്ടാലെന്താ? അവൻ വീണ്ടും കിടക്കയിൽ വന്നിരുന്നു. അപ്പോൾ അമ്മയുടെ ശബ്ദം വീണ്ടും:

"ജീവിക്കാൻ നിവൃത്തിയില്ലാതെ ഒരാൾ മോഷ്ടിച്ചാൽ അത് മനസ്സിലാക്കാം. ഇത് അങ്ങനെയല്ലല്ലോ. കഴിഞ്ഞു കൂടാനുള്ള വകയൊക്കെ ഉണ്ട്. എന്നിട്ടും എന്തെങ്കിലും എവിടുന്നെങ്കിലും മോഷ്ടിച്ചുകൊണ്ടു വരും. ഇതുവരെ പിടിക്കപ്പെടാത്തതു തന്നെ ഭാഗ്യം!" ഇപ്പോൾ രാജുവിന് കാര്യം മനസ്സിലായിത്തുടങ്ങി. ഇടയ്ക്ക് അച്ഛൻ്റെ മേശപ്പുറത്തു കാണുന്ന പുതിയ സാധനങ്ങൾ വാങ്ങിയവയല്ല. മോഷ്ടിച്ചു കൊണ്ടു വരുന്നതാണ് എന്നു ചുരുക്കം.

അമ്മയുടെ ശബ്ദം കാർക്കശ്യം പൂണ്ടു: "ഇവിടെ കട്ടുകൊണ്ടു വന്നതൊക്കെ തിരികെ കൊണ്ടു കൊടുക്ക്. എന്നിട്ട് ഇതിനകത്ത് കയറിയാ മതി."

അതുവരെ മിണ്ടാതിരുന്ന അച്ഛൻ വാ തുറന്നു: "അങ്ങനെയാണെങ്കി ആദ്യം തിരികെ കൊണ്ടു വിടേണ്ടത് നിന്നെ തന്നെ. ഞാൻ ആദ്യം കട്ടോണ്ട് വന്നത് നിന്നെയല്ലേടീ - "

അതോടെ അമ്മയുടെ ഗ്യാസ് തീരുമെന്ന് വിചാരിച്ചതാണ്. പക്ഷേ അമ്മ വിടുന്നില്ല: "ങാഹാ-അങ്ങനെ ഞാനിപ്പം പോകുന്നില്ല. നിങ്ങളെ നന്നാക്കാൻ പറ്റുമോന്ന് ഞാനൊന്നു നോക്കട്ടെ. ഇനി ഈ മോഷണം ഒരു അസുഖം ആണെങ്കി നമുക്ക് ഒരു ഡോക്ടറെ കാണാം. എന്തായാലും എനിക്ക് രണ്ടിലൊന്ന് അറിയണം."

അച്ഛൻ വീണ്ടും വായടച്ചെങ്കിലും അമ്മ അത്ര പെട്ടെന്ന് നിർത്തുമെന്ന് തോന്നുന്നില്ല.

രാജു വീണ്ടും കിടന്നു. അവന് ആശ്വാസമായി. താൻ സ്കൂളിൽ ഒരു മോഷണം നടത്തിയത് ഇവർ അറിഞ്ഞിട്ടില്ല. ക്ലാസ്സിലെ അഞ്ജു മോളുടെ ഫോറിൻ പേനയാണ് കട്ടെടുത്തത്. മാത്രമല്ല അഞ്ജുവിനോട് അവനു വല്ലാത്ത ആകർഷണമാണ്. ഈ രാത്രിയിൽ അവൻ ഒരു തീരുമാനം കൂടി എടുത്തു: "കട്ടു കൊണ്ടു വന്നിട്ടായാലും അവളെ സ്വന്തമാക്കണം. "

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter