മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Pradeep Kathirkot)

രാത്രി കൂടെ കിടത്തിയ നാടോടി പെണ്ണിന്റെ കടിയേറ്റ് പിൻ കഴുത്തിൽ ചുവന്ന പാട്. ആ കടിച്ചത് ഒരു നോവായി തോന്നിയത് രതിശേഷമുള്ള തളർച്ചയിലാണ്. അപ്പോഴേ തടുത്തിരുന്നെങ്കിൽ കൃത്യം സൂക്ഷമതയോടെ കൈ കാര്യം ചെയ്യാമായിരുന്നു... പക്ഷെ അത് മാത്രമാണോ തനിക്കിന്നു പറ്റിയ പിഴവ്?

അരയിൽ മുറുക്കിയിരുന്ന രക്തത്തിന്റെ മണമുള്ള കഠാരയിൽ തുരുമ്പ് പറ്റിയത് പിന്നെയും മറന്നു. കഴുത്തിലേക്ക് കത്തി കയറ്റുമ്പോൾ വല്യ പ്രയാസമാണ്. അതുമാത്രമല്ല, ഇരയുടെ മരണവേദന കൂടും എന്നുള്ളത് മറ്റൊരു വാസ്തവവും. എന്തായാലും ഇന്നത്തെ കാര്യം ഇതുകൊണ്ട് തീർക്കുക, കാരണം തനിക്കനുവദിച്ചിട്ടുള്ള സമയം കഴിയാറായി വരുന്നു.

ആളൊഴിഞ്ഞ തെരുവിലെ ഒരു ജൗളി കടക്ക് മുൻപിൽ നിലത്തു കിടക്കുകയാണ് തന്റെ ഇര. ഒരു പുതപ്പോ തോർത്തോ പോലും അവളുടെ ശരീരത്തിൽ ഇല്ല. ആകെയുണ്ടായിരുന്നത്‌ കീറി പറിഞ്ഞു മുഷിഞ്ഞ ഒരു സാരി മാത്രം. എല്ലാ കൊതുകുകളും ഇവളുടെ രക്തത്തിന്റെ രുചിയറിഞ്ഞിരിക്കണം. പുച്ഛഭാവത്തിൽ ചിരിച്ചു കൊണ്ട് അയാൾ അവൾക്കരികിലേക്ക് നടന്നു

തികച്ചും നിസ്സഹയായ യുവതി. ഉടയോരാരും തന്നെയില്ല. സാധാരണ ഇങ്ങനെയുള്ളവരിൽ ഉടമസ്ഥൻ ആരെന്നറിയാത്ത ഒരു കൈ കുഞ്ഞ് ഉണ്ടാകേണ്ടതാണ്. എന്നാൽ അതുമില്ല. എന്തിനാവും ഇത്രയും ദുർബലയായ ഒരു സ്ത്രീയെ കൊല്ലാൻ തനിക്ക് അയാൾ പണം തന്നത്. ഇത്രയും നിസ്സാരമായ കാര്യത്തിന് എന്തിന് തന്നെപ്പോലുള്ള സമർഥനായ ഒരു കൊലയാളിയെ അയാൾ തിരഞ്ഞെടുത്തത്.

അവളെ അയാൾ തട്ടി വിളിച്ചു. ഞെട്ടിയുണർന്ന അവൾ അയാളെ കണ്ട് ഭയന്ന് എഴുന്നേറ്റ് പുറകിലേക്ക് നിന്നു. കൂപ്പു കൈകളോടെ പറഞ്ഞു "എന്നെ ഒന്നും ചെയ്യരുത്. നിങ്ങൾ ഉദ്ദേശിക്കുന്ന പോലെത്തെ സ്ത്രീയല്ല ഞാൻ. എന്നെ വെറുതെ വിടണം."

ഒന്ന് പുച്ഛിച്ചുകൊണ്ട് അയാം അവളുടെ അടുത്തേക്ക് നടന്നു. കൈകളിൽ മുറുകെ പിടിച്ചു കൊണ്ട് പറഞ്ഞു. 

"എന്നെ നിങ്ങൾക്ക് മനസ്സിലായില്ലേ? ഒന്ന് പുറകിലേക്ക് നോക്കു." അവൾ ഞെട്ടി പുറകിലേക്ക് നോക്കി. മതിലിൽ നിരത്തി കുറെ രേഖാചിത്രങ്ങൾ ഒട്ടിച്ചിരുന്നു.  അതിലെ ചിത്രങ്ങൾക്ക് അയാളുടെ അതെ ഛായ. താഴെ ഇംഗ്ലീഷിൽ വലുതായി അച്ചടിച്ചിരുന്നു, 'വാണ്ടഡ് '

അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞു. 

"നിങ്ങൾ, ഈ ലോകം തിരയുന്ന വാടക കൊലയാളി. കൊല്ലാൻ തീരുമാനിച്ച ഇരയുടെ മനസ്സിനെ ആദ്യം സാന്ത്വനമായ വാക്കുകൾ കൊണ്ട് മെരുക്കിയെടുക്കുക. ശേഷം സംസാരിച്ചു കൊണ്ടിരിക്കുന്ന വേളയിൽ എപ്പോഴോ അവർ പോലും അറിയാതെ കഴുത്തിൽ കത്തി കയറ്റുക. ഇതൊക്കെയല്ലേ നിങ്ങളുടെ രീതികൾ."

അയാം ഉറക്കെ പൊട്ടിച്ചിരിച്ചു, പിന്നെ കൈവരിയുടെ പടിയിൽ അയാൾ ഇരുന്നു, അവളോട് സൗമ്യമായി പറഞ്ഞു

"ഇവിടെ വന്നിരിക്കുക. ജീവന് വേണ്ടി നിങ്ങൾ ഓടാൻ തുനിഞ്ഞാൽ ചിലപ്പോൾ അവസാന നിമിഷത്തിലെ നല്ല വേളകൾ പോലും വെറുതെ പാഴായി പോകും. വരു, ഇനിയുള്ള നിമിഷങ്ങൾ സന്തോഷിക്കാനുള്ളതാണ്."

പുച്ഛഭാവം നൽകി അവൾ അവനടുത്തായി വന്നിരുന്നു. ഒരു തെല്ല് ഭയം പോലും പുറപ്പെടിവിക്കാതെ ധൈര്യത്തിൽ അവൾ പറഞ്ഞു. "എന്റെ ശരീരത്തിന് വേണ്ടി വന്ന ചെന്നായ ആകും എന്ന് കരുതിയാണ് ഞാൻ ഭയന്നത്. അല്ലാതെ തന്നെപ്പോലെയുള്ള ഭീരുക്കളെ ആര് ഭയക്കാൻ."

"ഭീരുവോ? ഈ ഞാനോ? തോക്ക് ചൂണ്ടി വേട്ടയാടാൻ നിൽക്കുന്ന കാക്കിയണിഞ്ഞ പിശാചുക്കളുടെ മുൻപിലൂടെ കത്തിയുമായി ഇരയുടെ കഴുത്തു മുറിക്കുവാൻ പോകുന്ന ഞാൻ എങ്ങനെ ഭീരുവാകും. എന്റെ മുന്നിൽ ജീവന് വേണ്ടി അപേക്ഷിക്കുന്ന ഇരകൾ. അവരല്ലേ ഭീരുക്കൾ. അല്പ സമയത്തിനുള്ളിൽ നീയും ഒരു ഭീരുവാകും. എന്റെ കാൽക്കീഴിൽ കിടന്ന് യാചിക്കും."

"ഒരിക്കലുമില്ല, നിങ്ങൾക്ക് കോപത്തോടെ ആരെയും കൊല്ലാനാകില്ല, യാചനയുടെ സ്വരങ്ങൾ ഉളവാക്കുന്ന കണ്ണുകളിലേക്ക് നോക്കുമ്പോൾ നിങ്ങളുടെ കൈകൾ വിറക്കും, കണ്ണുകളിൽ ഇരുട്ട് കയറും, മനസാക്ഷി കുത്ത് നിങ്ങളിൽ ഏൽപ്പിക്കുന്ന മുറിവ് അതിൽ നിന്നും നിങ്ങളെ പിന്തിരിപ്പിക്കുവാൻ കാരണമാകും, അത് കൊണ്ടാണല്ലോ നിങ്ങൾ നല്ല വാക്കുകൾ കൊണ്ട് അവരെ സാന്ത്വനിപ്പിക്കുന്നത്, എന്നിട്ട് അവർ പോലും അറിയാത്ത വേളയിൽ കഴുത്തിൽ കത്തി കയറ്റുന്നത്, ഈ സംസാരം മുഴുപ്പിക്കുവാൻ ആകുമോ എന്നുപോലും എനിക്കറിയില്ല, കാരണം എന്നെക്കൊല്ലാനായി നിങ്ങളുടെ കത്തി എപ്പോഴേ പൊങ്ങിയിരിക്കണം." സ്തംഭിച്ചു പോയി, അയാൾ.

കത്തി തിരിച്ച് അരയിലേക്ക് തന്നെ കയറ്റി, ധൈര്യം കൈ വിടാതെ ശബ്ദത്തിന്റെ പതർച്ചയെ നിയന്ത്രിക്കുമെന്ന് മനസ്സിൽ ഉറപ്പിച്ചു കൊണ്ട് പറഞ്ഞു. "നിന്റെ കാര്യം ഓർക്കുമ്പോൾ എനിക്ക് ശരിക്കും ദുഖമുണ്ട്. ആർക്കും വേണ്ടാത്ത നിന്നെ തീർക്കാൻ എന്നെ ഏല്പിച്ചിരിക്കുന്നു. നിന്നെക്കൊണ്ട് ആർക്കാണ് അപകടം. ഉപദ്രവവും ഉപകാരവും ഇല്ലാത്ത നിനക്ക് ഇങ്ങനെ ഒരു വിധി വന്നതിൽ എനിക്ക് ദുഖമുണ്ട്. അടുത്ത കുറച്ചു സമയത്തിനുള്ളിൽ നീ പോലും അറിയാതെ നിന്റെ മരണം സംഭവിക്കും. അതിനിടയിൽ പിടിച്ചു നിൽക്കാനും ഇതിൽ നിന്നും രക്ഷപ്പെടാനും നീ നടത്തുന്ന വാക്കുകൾ കൊണ്ട് ചിട്ടയാർന്ന നാടകം എന്നെ തളർത്തുമെന്ന് നീ കരുതുന്നുണ്ട്അ. ത് നിന്റെ വെറും കരുതൽ മാത്രമാണെന്ന് ഓർത്തുകൊള്ളുക."

"ആർക്കും വേണ്ടാത്ത എന്നെ കൊന്നാൽ നിനക്ക് പണം ലഭിക്കില്ലേ? അപ്പോൾ എന്നെ കൊണ്ട് നിനക്ക് ഉപകാരം മാത്രമല്ലേ ഉള്ളു. എന്നാൽ നീയോ? നിന്നെക്കൊണ്ട് എനിക്കെന്തെങ്കിലും ഉപയോഗം ഉണ്ടോ? മറിച്ച് ഈ ലോകത്തിനോ ഇവിടെയുള്ള ഏതെങ്കിലും ചെറിയ ജീവജാലത്തിനോ ഉണ്ടോ?"

"നീ എന്തൊക്ക വിഢിത്തങ്ങളാണ് പറയുന്നത്. മനുഷ്യന്റെ ജീവനെടുക്കുന്ന കാലനാണ് ഞാൻ. എന്നെ ഭയക്കുന്നവരാണ് ഇവിടെയുള്ള ഓരോ ജീവജാലങ്ങളും. എന്നെപ്പോലെയാകാൻ ഈ ലോകത്ത് ആർക്കും കഴിയില്ല."

"നിന്റെ ഈ കപട വാദത്തിനോട് പുച്ഛം മാത്രം. ഒരു വീടിന്റെ കുറ്റിയടിക്കാൻ നിനക്കാവുമോ? രോഗികളെ ചികിൽസിക്കുന്ന നാട്ടുവൈദ്യനാകാൻ നിന്നെ കൊണ്ട് സാധിക്കുമോ? ആനയെ മെരുക്കുന്ന ഒരു പാപ്പാനാകാൻ നിനക്കാവുമോ? എന്തിന്? എന്നെപ്പോലെ കൽപ്പണിയും പിച്ചയും എടുക്കാൻ നിനക്കാവുമോ? ഇല്ല. ഒന്നിനുമാകില്ല. പക്ഷെ എല്ലാവർക്കും നിന്നെപ്പോലെ ആകാൻ കഴിയും. ഈ എനിക്ക് പോലും. ഞാൻ ഒരു മൃഗമാണെന്ന് ചിന്തിക്കുന്ന ആ നിമിഷം ഞാനും നിന്നെപ്പോലെയായി ആരുടെയെങ്കിലും കഴുത്തിൽ നിസ്സാരം ഒരു കത്തി കയറ്റുന്ന നിമിഷം. അല്ലെങ്കിൽ ആരുമറിയാതെ അവരെ കഴുത്തു ഞെരിച്ചു കൊല്ലുന്ന നിമിഷം.  അത്രയേ ഉള്ളു.  നീ വെറും നിസ്സഹായൻ മാത്രമാണ്. ഒന്നിനും ആകാതെ ഏറ്റവും എളുപ്പമുള്ള പണി തിരഞ്ഞെടുത്ത എല്ലാത്തിനെയും ഭയക്കുന്ന വെറും നിസ്സഹായൻ."

അയാൾക്ക് മറുത്തൊന്നും പറയുവാൻ സാധിക്കുന്നില്ല. ഒരു പീറ പെണ്ണിന്റെ വാക്കുകൾ താനെന്ന ധീരന്റെ മനസ്സിനെ തളർത്തുകയാണോ? പക്ഷെ അവൾ പറയുന്നതെല്ലാം യാഥാർഥ്യങ്ങളാണ്. എവിടെ പിടിച്ചു തുടങ്ങണം എന്ന ആശയക്കുഴപ്പത്തിലായിരുന്ന അയാൾക്ക് ഉത്തരം പെട്ടന്ന് തന്നെ ലഭിച്ചു. അവൾക്കരുകിൽ വന്നിരുന്ന് തല ഉയർത്തി അയാൾ പറഞ്ഞു

"വലിയ ധീര വനിത. ഞാൻ വന്നപ്പോൾ ശരീരവും കൊണ്ട് വിറച്ചോടുവാൻ പോകുന്നു. ഒരു വസ്ത്രവും ഇല്ലാതെ മൃഗങ്ങൾ പോലും ഇവിടെ ഉല്ലസിച്ചു നടക്കുന്നു. മറ്റ് രാജ്യങ്ങളിൽ മനുഷ്യർ പോലും പൂർണ നഗ്നർ ആയി നടക്കാറുണ്ട്.  അങ്ങനെ നോക്കുമ്പോൾ നീയല്ലേ ശരിക്കും ഭീരു. നിന്റെ മനസ്സിന്റെ കരുത്തിനെ നശിപ്പിക്കുവാൻ എനിക്ക് നിമിഷങ്ങൾ മതി. നിന്റെ ഈ വസ്ത്രങ്ങൾ അഴിക്കപ്പെടുന്ന നിമിഷം നീ വെറും നിസ്സഹയാവും. എന്റെ കാൽക്കീഴിൽ കിടന്ന് മാനത്തിനു വേണ്ടി യാചിക്കും. ഒരു പെണ്ണിനെ തോൽപ്പിക്കുവാൻ ആണിന് ഇത്രയൊക്കെ മതിയാകും."

"അവനെ എങ്ങനെ ആണെന്ന് വിളിക്കും പെണ്ണിന്റെ ശരീരം കാത്ത് സൂക്ഷിക്കുന്നവനെ അല്ലെ സമൂഹം ആണെന്ന് വിളിക്കുന്നത്, അല്ലാതെ അവളുടെ ശരീരം പിടിച്ചെടുക്കുന്നവൻ എങ്ങനെ ആണാകും, നീ എത്രയൊക്കെ വാദിച്ചാലും ഒരു അമ്മയുടെ വയറിൽ നിന്നും വന്നവനല്ലേ നീ."

"അമ്മ, എനിക്കങ്ങനെ ഒരമ്മയില്ല. ഞാൻ ആരെയും അമ്മ എന്ന് വിളിച്ചിട്ടില്ല. എന്നിൽ അവകാശപ്പെടാൻ ഒരു മാതൃത്വവും ഭൂമിയിൽ ഇല്ല."

"ഉണ്ട് , നിന്റെ അമ്മയെയും നിന്നെയും ബന്ധിപ്പിച്ചിരുന്ന ആ പൊക്കിൾക്കൊടിയുടെ കുഴി ഇന്നും നിന്റെ വയറിൽ ഇല്ലേ? അതുള്ള ഓരോ നിമിഷവും നീ ഓർക്കണം, നീയും ഒരു സ്ത്രീയിൽ നിന്നും വന്നതാണെന്ന്. സ്ത്രീ ശരീരം അനുവാദമില്ലാതെ കടിച്ചുപറിക്കാൻ കൊതിക്കുന്ന ഓരോ പുരുഷനും ചിന്തിക്കണം അവൾക്കുള്ളത് പോലെയുള്ള മാറിടങ്ങളിൽ നിന്നും മധുരം നുകർന്നാണ് താൻ വളർന്നതെന്ന്. അവൾക്കുള്ളപോലെയുള്ള യോനിയിൽ നിന്നുമാണ് താൻ പുറന്തള്ളപ്പെട്ടതെന്ന്. അതെല്ലാം യാഥാർഥ്യങ്ങൾ അല്ലെ? പിന്നെയെങ്ങനെ ഒരു സ്ത്രീയെ നശിപ്പിക്കുവാൻ പുരുഷനാകും? അങ്ങനെയുള്ളവൻ പുരുഷനാണോ? മൃഗങ്ങൾ വസ്ത്രമില്ലാതെ നടക്കുമായിരിക്കാം, പക്ഷെ ഇന്നുവരെ ഒരു മൃഗവും മറ്റൊരു മൃഗത്തിനെ പീഡിപ്പിച്ചിട്ടില്ല, അപമാനിച്ചിട്ടില്ല, അതെ , മൃഗത്തിന്റെ അത്രയും വിവേക० പോലുമില്ല. നിന്നെപ്പോലെ ചിന്തിക്കുന്ന പുരുഷന്മാർക്ക്.

"കുറെ വാക്കുകളാൽ നിനക്കെന്നെ തോൽപ്പിക്കുവാൻ സാധിക്കുമായിരിക്കാം. പക്ഷെ പ്രവർത്തിയിൽ ഞാൻ തന്നെയാണ് ബലവാൻ, എന്റെ കൈകളിൽ നിന്നും നിനക്കൊരിക്കലും രക്ഷപ്പെടാനാകില്ല."

"അപ്പോൾ വാക്കുകളാൽ നീ തോൽവി സമ്മതിച്ചു. ഏറ്റവും ഭാരമുള്ള ആനയെ അവനുമുൻപിൽ നിസ്സാരനായ മനുഷ്യൻ തോൽപ്പിച്ച് കൂടെ നടത്തുന്നുണ്ട്. ഏറ്റവും വേഗതയുള്ള മൃഗത്തിനെ കമ്പിയഴികളിൽ ബന്ധിച്ച് മൃഗശാലക്കുള്ളിൽ കാഴ്ച വസ്തുവാക്കി കിടത്തിയിട്ടുണ്ട്. കാട്ടിലെ രാജാവായ സിംഹം പോലും അവനു മുൻപിൽ അടിയറവ്‌ പറഞ്ഞില്ലേ? അപ്പോൾ ബലത്തിൽ എന്താണ് കാര്യം. അവൻ എന്ത് ചെയ്യുന്നു എന്നതിലാണ് കാര്യം. ഇത്രയും വലിയ മൃഗങ്ങളെ മെരുക്കിയ മനുഷ്യൻ. എന്നെപ്പോലെ ഒരു പെണ്ണിനോട് ബലത്തെ പറ്റി സംസാരിക്കുന്ന നീ ആ മനുഷ്യ വർഗത്തിന് അപമാനക്കേടാണ്. നീ വെറും പരാജിതൻ ആണ്. തിരിച്ചറിയുക, നീ ഇത്രയും നാൾ അരങ്ങേറിയത് മടിയനായ ഒരുവൻ ധരിച്ച ഭീരുത്വത്തിന്റെ മുഖം മൂടി മാത്രമാണ്.

ഒരു പെണ്ണിന് മുൻപിൽ താൻ തോറ്റിരിക്കുന്നു. അല്ല, ആദ്യമായി ഒരാൾക്ക് മുൻപിൽ തോൽവി തെളിയിച്ചിരിക്കുന്നു. ഒന്നും മിണ്ടാനാകാതെ അവിടെ നിന്നും എഴുന്നേറ്റു. അരയിൽ ഉണ്ടായിരുന്ന ഇരുമ്പ് പറ്റിയ കത്തി എടുത്ത് ദൂരേക്ക് വലിചെറിഞ്ഞു.  അയാളുടെ പുറകിൽ വന്നു നിന്ന് അവൾ പറഞ്ഞു "ആരെയും സങ്കടപ്പെടുത്താൻ വളരെ എളുപ്പമാണ്, ഒന്ന് നുള്ളി നോവിച്ചാൽ മതിയാകും, പക്ഷെ സന്തോഷിപ്പിക്കാൻ പ്രയാസമാണ്. നിന്നെപ്പോലെ ചിലരുണ്ട്, സന്തോഷവും സങ്കടവും ഒരു വികാരമായി കാണുന്നവർ. അങ്ങനെ ചിന്തിക്കുന്നവർ രണ്ടും ആസ്വദിക്കാൻ ശ്രമിക്കും. അങ്ങനെയല്ല, സന്തോഷം വന്നാൽ ചിരിക്കണം. സങ്കടം വന്നാൽ കരയണം. അത് മാനുഷിക വികാര തത്വങ്ങളാണ്."

"നീപരാജയപ്പെട്ടിരിക്കുന്നു"

"അതെ, അതെ, ഞാൻ വെറും മിഥ്യ മാത്രമാണ്. ഒന്നുമില്ലാതിരിന്നിട്ടും ഉണ്ടെന്ന് തോന്നിക്കുന്ന വെറും മിഥ്യ"

"ഈ നിമിഷം മുതൽ നീഅതാകാൻ പോകുകയാണ്, ശരിക്കും പ്രിയപ്പെട്ടവനെ എന്റെ ഇന്നത്തെ ഇര നീ ആണ്. തോൽവി സമ്മതിച്ച പരാജിതൻ ആയ ഇര. നീ തന്നെയാണ് എന്നെ ഇന്നത്തെ ഇര., അയാൾ എന്നെ കൊല്ലാനല്ല നിനക്ക് കാശ് തന്നത്, നിന്നെ കൊല്ലാൻ തന്നെയാണ്, അതെ, നിന്നെ ഇവിടെ വരുത്തിയതും വാക്കുകളാൽ നിന്നെ തളർത്തിയതും എന്റെ പദ്ധതിയാണ്, അയാൾ നീ പോലും അറിയാത്ത നിന്റെ ശത്രുവാണ്. ഞാൻ നിന്നെപ്പോലെ ഒരു വാടക കൊലയാളി. അറിവും മാനുഷിക മൂല്യങ്ങളും നല്ല രീതിയിൽ വശമുള്ള സാമർത്ഥയായ വാടക കൊലയാളി. ഒരു മാർവാടിയായി നിന്റെ കിടക്ക പങ്കിടുമ്പോൾ ഞാൻ കൊല്ലാനുള്ള കഠാര ഒഴിവാക്കിയത് എന്തിനാണെന്ന് നിനക്കറിയുമോ? നിന്നെ ഞാൻ അളക്കുകയായിരുന്നു, ഞാൻ നിന്നെ വേദനിപ്പിച്ചു കടിച്ചിട്ടും നീ അലറിയില്ല.  എന്റെ ശരീരത്തിന് മുൻപിൽ പോലും നീ തോറ്റു. അങ്ങനെയുള്ള നിന്നോട് രണ്ട് വാക്ക് പറയണം എന്ന് എനിക്ക് തോന്നി, ഞാൻ അത് പറഞ്ഞു കഴിഞ്ഞു."

എന്ത് ചെയ്യാൻ ആകും തനിക്കെന്ന് ചിന്തിച്ചുകൊണ്ട് തിരിഞ്ഞ ആ ഒരു നിമിഷം മാത്രമേ അയാളിൽ ജീവൻ നിലനിന്നുവുള്ളു, അവളുടെ കൈയിൽ ഉണ്ടായിരുന്ന കത്തി അയാളുടെ കഴുത്തിലിറങ്ങി. ചോര ചിതറി കൊണ്ട് അയാൾ നിലത്തു വീണു മരിച്ചു, അവിടെ ചിലവഴിക്കാൻ അവൾക്കധികം സമയം ഇനിയുണ്ടായിരുന്നില്ല, അടുത്ത ഇരയെ തേടി അവൾ അവിടെ നിന്നും നടന്നകന്നു. 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter