മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(കണ്ണന്‍ ഏലശ്ശേരി)

ഇന്ന് 2125 മാർച്ച്‌ 24.

രാവെന്നോ പകലെന്നോ നോക്കി ജീവിക്കുന്നവർ ഭൂമിയിൽ കുറഞ്ഞ കാലം. ജീവനുള്ളവ എല്ലാം മനുഷ്യനാൽ സംരക്ഷിതമായി കൂടുകളിൽ അടക്കപ്പെട്ട കാലം. രക്ഷപെട്ടു എന്ന് പറയാനാവില്ല. പെട്ടു എന്ന് മാത്രം പറയാം. രക്ഷ എന്നത് നിർദ്ദേശങ്ങളോ ബന്ധങ്ങളോ ഇല്ലാത്ത ഒരു സ്വതന്ത്ര കാലത്തല്ലെ സംഭവിക്കുന്നത്. പുഴകൾ സംരക്ഷിച്ചു കൊണ്ട് പൈപ്പിലൂടെ ഒഴുക്കാൻ തുടങ്ങിയതിൽ പിന്നെ ഒത്തിരി സ്ഥലം ലാഭിക്കാനും വെള്ളപ്പൊക്കം കൊണ്ടുള്ള കെടുതികൾ കുറക്കാനുമായി.

കടലോരത്തെ ജനതയെ കടലിനടിയിലെ ആവാസ വ്യവസ്ഥയിലേക്ക് മാറ്റിയും മാലോയരങ്ങളെ സംരക്ഷിച്ചുകൊണ്ട് കവചങ്ങൾ ചാർത്തിയും ആധുനികത വിസ്മയിപ്പിക്കുന്ന ഭൂമി. പരസ്പരം കാലുവാരുന്ന രാഷ്ട്രിയ പ്രവർത്തനം ഇന്ന് ബുദ്ധിപരമായ വിവരങ്ങളുടെ വിശകലനത്തിന്റെ രീതിയിലേക്ക് വഴി മാറി. ഇങ്ങനെ ഒരു ലോകത്താണ് ലോഗൻ ജീവിക്കുന്നത്.

ലോഗന്റെ ആരോഗ്യത്തിന് ആവിശ്യമായ സമയം ഉറക്കം കഴിഞ്ഞപ്പോൾ വൈബ്രേറ്റർ പ്രവർത്തനം ആരംഭിച്ചു. ആവിശ്യത്തിൽ കൂടുതൽ ഒരു നിമിഷം പോലും കിടക്കാൻ വേകിങ് സിസ്റ്റം അനുവദിക്കില്ല. എത്ര നേരം ഉറങ്ങണം എത്ര കലോറി ആഹാരം കഴിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഇപ്പോൾ സ്വന്തമായി അനുവാദമില്ലാത്തതിനെതിരെ മുഖം വീർപ്പിച്ചു കൊണ്ടാണ് ലോഗൻ പല്ലു തേക്കാൻ ചെന്നത്. പല്ലു തേക്കുന്നതിനിടക്കാണ് ഉറങ്ങുന്ന സമയങ്ങളിലെ അറിയിപ്പുകൾ വായിച്ചോട്ടെന്നുള്ള നിർദ്ദേശം സിറി ചോദിച്ചത്. സിറി ഒരു ഓട്ടോമാറ്റിക് ഹോം സിസ്റ്റം ആണ്. ഒരു നൂറ് വർഷം മുൻപുള്ള ടെക്നോളജി ആണ് അത്. അവന്റെ മൂഡ് അനുസരിച്ച് അറിയിപ്പുകൾ വായിക്കണോ വേണ്ടയോ എന്ന് മനസിലാക്കാൻ മാത്രം ബുദ്ധി വളർച്ച ഇല്ലാത്ത സാധനം. അതിനു അനുവാദം കൊടുത്താണ് ലോഗിൻ ടോയ്‌ലെറ്റിൽ കയറിയത്.

കാലാവസ്ഥയും ലോഗന്റെ നിത്യോപയോഗ സാധനങ്ങളുടെ ബാറ്ററി ലെവലും ഇന്ന് ചെയ്തു തീർക്കേണ്ട പ്രധാന കാര്യങ്ങളെയും ക്രമമായി സിറി വിശദീകരിച്ചു കൊണ്ടിരുന്നു. എങ്കിലും ആ നേരം മുഴുവൻ ലോഗന്റെ മനസ്സ് കഴിഞ്ഞ ദിവസം പരിചയപ്പെട്ട മാൽഡയെ കുറിച്ച് ചിന്തിക്കുകയായിരുന്നു. ആൻഡ്രോയ്ഡ് ഒമേഗ ഇനത്തിൽ പെട്ട ഒരു ഇടത്തരം സെൽഫ് ഓപ്പറേറ്റഡ് ഓട്ടോ റോബോട്ട് ആണ് മാൽഡ. ലോഗന്റെ വീട്ടിൽ എല്ലാം ടെസ്‌ല ഓപ്പറേറ്റഡ് സിസ്റ്റംസ് ആണ്. വിവരങ്ങൾക്ക്‌ ജീവനേക്കാൾ വിലയുള്ള ഈ കാലത്ത് ആൻഡ്രോയ്ഡ് ഒമേഗയുള്ള ഒരു യന്ത്രം വീട്ടിലേക്ക് കയറ്റുന്നതിനു പിന്നിലെ അപകടം ലോഗിന് അറിയാത്തതല്ല.

ലോഗന്റെ രണ്ടാനച്ഛൻ ഒരു ആൻഡ്രോയ്ഡ് സിസ്റ്റം പിന്തുടരുന്ന ആളായിരുന്നു. നിരവധി സ്പൈ ആക്രമണങ്ങളുടെ ഫലമായി മെഡിക്കൽ നിർദ്ദേശങ്ങളിൽ തെറ്റുകൾ വരുത്തി ആരോ അദ്ദേഹത്തെ കൊല്ലുകയും സൂപ്പർ സെക്യൂരിറ്റിയിൽ സൂക്ഷിച്ച എണ്ണമറ്റ ബിറ്റ് കോയിനുകളും വിലപിടിപ്പുള്ള ഡാറ്റകളും എടുത്ത് മൊത്തത്തിൽ ക്രാഷ് ചെയ്ത് രക്ഷപെടുകയുമാണ് ചെയ്തത്. രണ്ടാനച്ഛന്റെ ആരോഗ്യ പ്രശനങ്ങളിൽ വർഷങ്ങൾക്ക് മുൻപേ ഭൂമിയിൽ നിന്നും തുടച്ചു നീക്കിയ കോവിഡ് 19 ന്റെ സൂചനകൾ പോലും ലോഗന്റെ ഹെൽത്ത്‌ അഡ്വൈസ് സിസ്റ്റം കണ്ടെത്തി മുന്നറിയിപ്പ് തന്നതാണ്. അന്യഗ്രഹത്തിലെ സെർവറുകളിൽ നിന്നുള്ള ഒരു ആക്രമണം എന്ന് റിപ്പോർട്ട്‌ ചെയ്താണ്‌ പോലീസ് ആ അന്വോഷണം അവസാനിപ്പിച്ചതാണ്. ദിവസങ്ങൾ കൊണ്ടു മാറുന്ന സാങ്കേതിക വിദ്യയുടെ കൂടെ ഓടി എത്താതെയായപ്പോൾ പോലീസ് കാണിക്കുന്ന ഒരു സ്ഥിരം വിദ്യയാണ് അന്യഗ്രഹ സെർവറുകളുടെ ആക്രമണം. തൊട്ടപ്പുറത്തെ ഫ്ലാറ്റിലെ ആൾക്ക് പോലും ഐ പി അഡ്രസ് മാറ്റി അന്യഗ്രഹ ആക്രമണം നടത്താവുന്നതേയുള്ളു.

ഇത്രേം അനുഭവങ്ങളും അറിവും ഒക്കെ ഉണ്ടെങ്കിലും ഇന്നലത്തെ പാർട്ടിയിലെ മാൽഡയുടെ ആ സാമിപ്യം ലോഗനിൽ ഒരു വൻ ഉൾക്കിടിലം ഉണർത്തി. ഡാൻസും പാട്ടും ബോധം മറയും വരെയുള്ള കള്ളുകുടിയും കഴിഞ്ഞ് പോരുമ്പോൾ അവളെ കുറിച്ച് കൂടുതൽ ചോദിക്കാഞ്ഞത് മോശമായി എന്ന് ലോഗന് തോന്നി. നീണ്ടകാലത്തെ എൾക്ലിക്ക് മഹാമാരിക്ക് ശേഷം ടൌണിൽ ആദ്യമായി കവറിങ് ഷീൽഡ് ഇല്ലാതെ നടന്ന പാർട്ടി ആയിരുന്നു ഇന്നലെ. അത് കൊണ്ട് തന്നെ ബോധം മറയും വരെ ആഘോഷം എന്നതിനപ്പുറം മറ്റൊരു ചിന്തയും ലോഗന് ഉണ്ടായില്ല. ലോഗന് മാത്രമല്ല ആ പാർട്ടിയിൽ വന്ന മനുഷ്യമാരുടെ ഒക്കെ അവസ്ഥ അത് തന്നെയാവണം. യന്ത്രങ്ങൾക്കും റോബോട്ടുകൾക്കും സ്വയം നിയന്ത്രണം ഉള്ളതിനാൽ അവ കൂടുതലായി സന്തോഷിക്കാനോ വിഷമിക്കാനോ സാധ്യതയില്ല.

എന്ത് വന്നാലും ഇന്ന് മാൽഡയെ കണ്ടുപിടിക്കണം എന്നുറപ്പിച്ചാണ് ലോഗൻ വീട്ടിലെ ഓഫീസിലേക്ക് കയറിയത്. സ്റ്റോക്ക് മാർക്കറ്റിലെ കരടിയും പോത്തും മാറിയും മറിഞ്ഞും വന്നു. അതിൽ അധികവും ലോഗൻ ശ്രദ്ധകൊടുക്കാറില്ല. ലോഗന്റെ രണ്ടാമത്തെ ചുവരിലാണ് പ്രധാന ജോലികൾ നടക്കുന്നത്. ദീർഘവും കുഴപ്പിക്കുന്നതുമായ ഒരു ഗണിത സൂത്രമാണ് കുരുക്കഴിച്ചെടുക്കേണ്ടത്. ലക്ഷകണക്കിന് ബിറ്റ് കോയിൻ വിലമതിക്കുന്ന ഈ പ്രശനം നിർധാരണം ചെയ്യാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിടുന്നു. ബ്ലാക്ക് ഹോളിന്റെ പുതുക്കിയ ചക്രവാളങ്ങളെ കുറിച്ചുള്ള ഏതോ സമവാക്യം ആണെന്ന് തോന്നുന്നു. എങ്കിലും ഇത്രേം വലിയൊരു പ്രശ്നത്തിന് കോടികളിൽ കുറഞ്ഞൊരു പ്രതിഫലം ലോഗനെ വിഷമിപ്പിച്ചിരിക്കുന്നു. എങ്കിലും തുടങ്ങി വെച്ചതല്ലേ അവസാനം കാണാതെങ്ങനെ നിർത്തും.

കുറച്ച് കഴിഞ്ഞപ്പോൾ ലോഗന്റെ അമ്മ ഓൺലൈനിൽ വന്നു. വീഡിയോ ഓൺ ചെയ്ത് പിന്നെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. ചന്ദ്രനിലെ പ്രശാന്തി സമുദ്രത്തിൽ നിന്നുള്ള വിളിയായതിനാൽ സൗണ്ടിന്റെ ക്വാളിറ്റി കുറച്ചു കുറവാണ്. പക്ഷേ നന്നായി കാണാൻ പറ്റുന്നുണ്ട്. അവിടെ ഗുരുത്വകർഷണം കുറവായതിനാൽ ആവണം അമ്മക്കു പ്രായം കൂടുന്നേയില്ല. തനിക്കാണേൽ ചെമ്പൻ മുടി കുറച്ചൊക്കെ നരച്ചു തുടങ്ങി. കഴിഞ്ഞ ദിവസം മാൽഡയുമായുള്ള ഡേറ്റിനെ കുറിച്ച് അമ്മയോട് പറഞ്ഞു. നാട്ടിലെ വിശ്വസിക്കാൻ കൊള്ളാത്ത ആൻഡ്രോയ്ഡ് റോബോട്ടുകളെ കുറിച്ച് അറിയുന്ന അമ്മ ഒരുപാട് ചീത്തയാണ് ആദ്യം പറഞ്ഞത്. പിന്നെ
"എത്രയും വേഗം ചൊവ്വയിലേക്കോ അടുത്തേതേലും ബ്ലാക്ക് ഹോളിലേക്ക് കുടിയേറ്. എന്നിട്ട് മതി കൂടുതൽ ബന്ധങ്ങൾ ഒക്കെ." എന്ന് ഉപദേശിച്ച് കാൾ കട്ട്‌ ചെയ്തു. അമ്മ പറഞ്ഞത് ശരിയാണ്. ഭൂമിയിലെ ജീവിതം അപകടം നിറഞ്ഞതാണ്. പകർച്ച വ്യാധികളും സുരക്ഷിതമല്ലാത്ത ഭൗമ അന്തരീക്ഷവും മറ്റ് ഗ്രഹങ്ങളിൽ നിന്നുള്ള ആക്രമണങ്ങളും കൂടിയ ഗുരുത്വകർഷണങ്ങൾ കൊണ്ടും ഗാമ കിരണങ്ങൾ കൊണ്ടുമുള്ള ആരോഗ്യ പ്രശ്നങ്ങളും ഒക്കെ ആലോചിക്കുമ്പോൾ കുടിയേറ്റം അനിവാര്യമാണ്.

എന്നാൽ " ജനിച്ച മണ്ണ് വിട്ടൊരു പലായനം. ആലോചിക്കാൻ വയ്യ."
ലോഗന്റെ ഈ പുരാതന ചിന്താഗതിയെ സുഹൃത്ത് ഡേവിഡ് പണ്ടേ പുച്ഛിച്ചു തള്ളിയതാണ്. അന്ന് അവനെ കാര്യമാക്കിയില്ല. കാരണം ആധുനിക മനുഷ്യ സമൂഹത്തെ സൃഷ്ടിക്കാനുള്ള ജനിതക എഞ്ചിനീറിങ്ങിന്റെ ഫലമായി നഗരത്തിലെ പരീക്ഷണശാലയിലെ ടെസ്റ്റൂബിൽ ജനിച്ച ഡേവിഡിന് ശരിക്കൊരു മനുഷ്യന്റെ ചിന്തകൾ മനസിലാവില്ല എന്നാണ് ലോഗൻ കരുതിയത്. എന്നാൽ അതിബുദ്ധി നേടിയ അവനെ പോലുള്ളവർ വളരെ വേഗം മറ്റു ഗ്രഹങ്ങളിലേക്ക് കുടിയേറിയപ്പോൾ ലോഗനെ പോലുള്ള ആശുപത്രിയിൽ ജനിച്ച മനുഷ്യർ ഭൂമിയിലേക്ക് പുറംന്തള്ളപ്പെട്ടു.

അടുക്കളയിലെ മോളി ( ടെസ്‌ല ഓപ്പറേറ്റഡ് സെൽഫ് റോബോട്ട് ) ലോഗനെ ആഹാരം കഴിക്കാൻവിളിച്ചു. ആഹാരത്തിനുള്ള സമയമായി. കൈയിലെ വാച്ച് അത് ശരി വെച്ചു. ഓഫീസസിനെ ഹൈബർനേറ്റ് മോഡിലേക്ക് മാറ്റി ലോഗൻ അടുക്കളയിലേക്കു ചെന്നു. ആഹാരം കഴിക്കുന്നതിനു ഇടയിൽ അടുക്കളയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനുള്ള ലിസ്റ്റ് മോളി ജനറേറ്റ് ചെയ്തു. അതൊന്ന് ഓടിച്ചു നോക്കി. ആ സാധനങ്ങൾ ഒക്കെ ഓൺലൈനിൽ വാങ്ങാവുന്നതേയുള്ളു എന്ന് തീരുമാനിച്ചു. മോളിക്കുള്ള അപ്ഡേററ്റുകൾ നടത്താൻ വിടണം. അതിന്റെ പോരായ്മകൾ മോളി കാണിക്കുന്നുണ്ട്. ടെസ്ലയുടെ ഓഫീസിൽ മോളിക്കൊരു അപ്ഡേഷൻ ബുക്ക്‌ ചെയ്തു. അവൾക്ക് പോയി വരുന്നതിന് ഗൂഗിളിന്റെ പഴയൊരു ഡ്രൈവറില്ലാ കാറും വരുത്തിച്ചു. പോകുന്നതിന് മുൻപ് അവളെ ഒരു പർദ്ദ ഇട്ട് മൂടണം. ചന്ദ്രനിലെ ജിഹാദികൾ ഭൂമിയിലെ സ്ത്രികളെ യന്ത്രമെന്നോ മനുഷ്യരെന്നോ നോക്കാതെ ആക്രമിക്കുന്ന കാലമാണ്. അത്കൊണ്ട് തലവഴി മൂടാതെ മോളിയെ പുറത്ത് വിടാൻ പറ്റില്ല. അവളെ യാത്രയാക്കി ലോഗൻ ഓഫീസിലേക്ക് കടന്നു. സ്റ്റോക്ക് മാർകെറ്റിൽ പോത്ത് ഇറങ്ങിയിരിക്കുന്നതിലേക്ക് കണ്ണുംതള്ളി കൊറേ നേരം ലോഗൻ ഇരുന്നു.

ഇതിനിടയിലാണ് ആശുപത്രിയിൽ നിന്ന് ലോഗന് ഒരു സന്ദേശം വന്നത്. വിട്രോ സാങ്കേതിക വിദ്യയിലൂടെ അവനൊരു കുട്ടിയുടെ ജനനത്തിൽ പങ്കാളി ആയെന്ന് പറഞ്ഞാണ് സന്ദേശം.
സ്വവർഗ്ഗ കമിതാക്കളുടെ ന്യൂക്ലിയർ ഡി എൻ എ യുടെയും മെട്രോ കോൺഡ്രിയൽ ഡി എൻ എ യുടെയും കൂടെ ലോഗന്റെ ന്യൂക്ലിയർ ഡി എൻ എ കൂടെ ചേർത്ത് പുതിയൊരു ജീവൻ ഉല്പാദിപ്പിക്കുന്നതാണ് ഈ രീതി. ചുരുക്കി പറഞ്ഞാൽ മൂന്ന് പേരും കൂടെ ഒരു കുഞ്ഞിന്റെ ജനനത്തിൽ കാരണമാകുന്നതാണ് വിട്രോ സാങ്കേതിക വിദ്യ. ഏതെങ്കിലും രണ്ട് സ്ത്രീകൾക്കൊരു കുഞ്ഞിനെ വേണം എന്ന ആഗ്രഹം ആവണം ഇപ്പോൾ പൂർത്തീകരിച്ചത്.

പണ്ടെങ്ങോ നൽകിയ ന്യൂക്ലിയർ ഡി എൻ എ ഇപ്പോൾ ഉപയോഗിച്ചെന്നുള്ള അറിയിപ്പിനു പിന്നാലെ അതിനുള്ള പ്രതിഫലമായി നല്ലൊരു തുകയും ബാങ്കിൽ ക്രെഡിറ്റ്‌ ആയതിന്റെ അറിയിപ്പും വന്നു. ലോഗനു മാനസിക സന്തോഷമായെന്നു വാച്ചിലെ സെൻസർ തിരിച്ചറിഞ്ഞു. രക്തം കൊടുക്കുന്നതിനേക്കൾ ഇന്ന് കൂടുതൽ പ്രതിഫലം കിട്ടുന്നത് ഇത്തരം ഡി എൻ എ ദാനം ചെയ്യുമ്പോൾ ആണ്. പൈസ അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആവുമ്പോൾ കിട്ടുന്ന സന്തോഷത്തിനു വേണ്ടിയാണ് ജീവിക്കുന്നതെന്ന് ലോഗന് പലപ്പോഴും തോന്നിയിട്ടുണ്ട്.

അധികം വൈകാതെ മോളി ഒരു സൈബോർഗ് റോബോട്ട് ആയി ഉയർത്തപ്പെട്ടെന്നുള്ള അറിയിപ്പ് ടെസ്ലയുടെ ഓഫീസിൽ നിന്നും കിട്ടി. ഇന്നത്തെ കാലത്ത് കിട്ടുന്ന ഗുണമേന്മ കൂടിയ സ്വയം ചിന്താശേഷി കൂടിയ റോബോട്ട്കളാണ് സൈബോർഗുകൾ. ലോഗന്റെ നിർബന്ധിത സൈനിക സേവന കാലയളവിൽ ഇത്തരം സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി ചില അന്യഗ്രഹ ജീവി പ്രതിരോധ ആക്രമങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. പക്ഷേ അന്ന് അതിന് പ്രത്യേകതരം ഹെൽമെറ്റുകൾ ഉപയോഗിച്ചിരുന്നു. അവ ഉപയോഗിച്ചാണ് മനുഷ്യനെ ഒരു റോബോർട്ടിന്റെ ശേഷിയിലേക്കു ഉയർത്തുന്നത്. ട്രാൻസ്‌ക്രീനിയൽ ഹെൽമെറ്റ്‌ എന്നറിയപ്പെടുന്ന അത്തരം സംവിധാനങ്ങൾ ഇന്ന് മനുഷ്യാവകാശ പ്രവർത്തകരുടെ ഇടപെടൽ മൂലം മനുഷ്യരിൽ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. പക്ഷേ റോബോട്ടുകളിലും മറ്റു ജീവികളിലും അത് ഇന്നും നന്നായി ഉപയോഗിക്കുന്നു.

കഴിഞ്ഞ കൊല്ലം ഇത്തരത്തിൽ റോബോറാറ്റുകളുടെ ഇനത്തിൽ പെട്ട എലികളെ സെക്യൂരിറ്റി സിസ്റ്റം ലോഗന്റെ വീട്ടിൽ ട്രാപ് ചെയ്തിരുന്നു. റോബോറാറ്റുകൾ ഒരു തരം എലിയുടെ രൂപവും റോബോർട്ടിന്റെ ശേഷിയുമാണ്. അതിനെ കൊന്ന് അവയുടെ തലയിലെ ഇലക്ട്രോഡുകൾ അന്ന് അഴിച്ചു ഫ്യൂസ് ചെയ്തു കളഞ്ഞതാണ്. അതിനു ശേഷമാണ് മോളിയെ സൈബോർഗ് ആക്കി ഉയർത്തുന്നതിനെ കുറിച്ച് ലോഗൻ ചിന്തിച്ചു തുടങ്ങിയത്. ഇല്ലെങ്കിൽ ഒരു പക്ഷേ വീട്ടിൽ സൂക്ഷിച്ച വിവരങ്ങളും സമ്പാദ്യവും എല്ലാം ഒരു റോബോറാറ്റൊ റോബോകാറ്റോ ആക്രമണത്തിലൂടെ ആരെങ്കിലും കൊണ്ടു പോകും.

അധികം വൈകാതെ അപ്ഡേറ്റഡ് സൈബോർഗ് വേർഷൻ മോളി ലോഗന്റെ ഇന്റർനെറ്റ് ഓഫ് തിങ്സിന്റെ ലോകത്തേക്ക് കടന്ന് വന്നു. അവളെ മറ്റ് വീട്ട് ജോലികളിലേക്ക് തിരിച്ചു വിട്ട് ലോഗൻ ബിറ്റ് കോയിൻ ജനറേറ്റ് ചെയ്യാനുള്ള പ്രോബ്ലത്തിലേക്ക് ആഴ്ന്നിറങ്ങി. ലോഗന്റെ സ്വന്തം ബുദ്ധിക്കും അവനു സ്വന്തമായുള്ള കൃത്രിമ ബുദ്ധിക്കും ചെയ്തു തീർക്കാവുന്നതിന്റെ പരമാവധി ആയിരുന്നു ബ്ലാക്ക് ഹോളിന്റെ നിഗൂഢത പേറുന്ന ആ പ്രശ്നം.

അതിനിടയിൽ ആണ് ഗൂഗിളിന്റെ ഫ്ലൂ ട്രെൻഡ്സിൽ നിന്നുള്ള ഒരു അറിയിപ്പ് വന്നത്. നാട്ടിൽ കുറച്ചധികം പേർ പനിക്കുള്ള മരുന്ന് വാങ്ങിയിരിക്കുന്നു. അതൊരുപക്ഷേ ഒരു പകർച്ചവ്യാധിയുടെ ലക്ഷണമാകാം. ലോഗൻ വേഗം ഹെൽത്ത്‌ പ്രൊട്ടക്ഷൻ ഷീൽഡ് ആക്ടിവേട് ചെയ്തു വീട്ടിലെ ഓക്സിജൻ സിലിണ്ടറും വെള്ളത്തിന്റെ ടാങ്കും ഫുൾ ആക്കി. കൂടുതൽ എന്തെങ്കിലും കുഴപ്പമുണ്ടെങ്കിൽ അണ്ടർ വാട്ടർ പ്രൊട്ടക്ഷൻ എടുത്ത് അറ്റ്ലാന്റിക്കിന്റെ അടിയിലേക്ക് താമസം മാറേണ്ടി വരും. അവിടെ പക്ഷെ തന്റെ സ്റ്റോക്ക് മാർക്കറ്റിലെ ജോലികൾ നടത്തുക പ്രയാസമാണ്. നോൺ ട്രാക്കിംഗ് ഷെൽട്ടർ ആക്കിയാണ് അവിടുത്തെ വീട്ടിലെ സിസ്റ്റം നിർമ്മിച്ചിരിക്കുന്നത്. ബിറ്റ് കോയിനുമായി ബന്ധപ്പെട്ട ജോലികൾ മാത്രമേ അതിൽ ചെയ്യാൻ സാധിക്കു.

രാവിലെ മുതൽ ഇങ്ങനെ വിവരങ്ങളെ കൊണ്ടുള്ള നിർദ്ദേശങ്ങളെ അനുസരിച്ച് ലോഗൻ ആകെ മാനസികമായി തളർന്നു തുടങ്ങിയിരിക്കുന്നു. വിവരങ്ങളുടെ നിർദ്ദേശങ്ങൾ മാത്രം അടങ്ങിയ ഈ ഡാറ്റയിസത്തിന്റെ ഈ ലോകത്ത് നിന്നും ഒന്ന് വെളിയിൽ ഇറങ്ങാൻ മുൻപും പലപ്പോഴും ലോഗൻ ശ്രമിച്ചതാണ്. പക്ഷേ അത് ആത്മഹത്യാപരമാണ് എന്നാണ് എല്ലാ എക്സ്പെർട്സും പറഞ്ഞത്. ഏതെങ്കിലും ഒരു നിർദ്ദേശം അറിയാതെ പോകുമോ എന്ന് പേടിക്കുന്ന ഫിയർ ഓഫ് മിസ്സിംഗ്‌ ഔട്ട്‌ എന്ന ലോകത്ത് ലോഗനെ പോലെ നിർദ്ദേശങ്ങൾ അറിയാതെ പോകാൻ വേണ്ടി ആഗ്രഹിക്കുന്നവർ കുറവാണെന്നാണ് ഡോക്ടർമാർ പറഞ്ഞത്. ഈ സംതൃപ്തി ഇല്ലായ്മ ഒരു പരിധിവരെ മറികടക്കാൻ ഒടുവിൽ മരുന്നുകൾ കഴിക്കാൻ ലോഗൻ നിർബന്ധിതനായി.

സ്വയം ആരാധിക്കുന്ന രീതി ഇതിൽ നിന്നും രക്ഷിക്കുമെന്ന് ചില താഴ്ന്ന നിലവാരത്തിലുള്ള ഹെൽത്ത്‌ അഡ്വൈസ് ഹാൻഡിൽ ലോഗനെ നിർദ്ദേശിച്ചിരുന്നു. അതിനാൽ അതൊക്കെ ലോഗൻ ചെയ്തിരുന്നു. എത്രയൊക്കെ പുത്തൻ സാങ്കേതികത വന്നാലും ഇത്തരം പഴഞ്ചൻ ചില അന്ധ വിശ്വാസങ്ങൾ ലോഗനിൽ ഉണ്ടായിരുന്നു. അതിനാൽ ആണ് വലിയ യാത്രകൾക്ക് മുൻപ് വാഹനത്തിന്റെ ടയറിൽ മൂത്രമൊഴിക്കുകയും ഏതെങ്കിലും ഒരു ടീം പ്രോജെക്ടിന് മുൻപ് സ്വന്തം സിസ്റ്റത്തിൽ ശീട്ടു കളിക്കുന്നതും ഒക്കെ ചെയ്തിരുന്നത്.

സ്വയം സന്തോഷിക്കാനുള്ള ചില മരുന്നുകൾ കഴിച്ച ശേഷം ഓഫീസിലെ സ്റ്റോക്ക് മാർക്കറ്റ് ട്രെൻഡ്‌സിനോടും ബിറ്റ് കോയിൻ പ്രശനത്തോടും ലോഗൻ മല്ലിട്ടു കൊണ്ടിരുന്നു.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter