മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)

ആ പൂച്ചക്കുഞ്ഞിന്റെ കണ്ണുകൾ അയാളുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളതിനെ ഓമനിക്കുമ്പൊഴും ഉമ്മ വെക്കുമ്പൊഴും അത് അനുസരണയുള്ള അരുമയായ വളർത്തുമൃഗം ആയിരുന്നു. അയാളുടെ സ്വകാര്യ ജീവിതത്തിനു ഭംഗം വരാതിരിക്കാൻ നഗരത്തിന്റെ അധികം ആൾപ്പാർപ്പില്ലാത്ത ഒരു ഭാഗത്താണ് ആ വലിയ വീട് വിശാലമായ ഉദ്യാനവും പുൽത്തകിടിയും

കൊണ്ട് അലങ്കരിച്ച് മനോഹരമായി ഒരുക്കിയിരിക്കുന്നത്. ഒരു പൂച്ചക്കുഞ്ഞും അയാളും മാത്രമാണ് ആ വീട്ടിലെ താമസക്കാർ.

അടുത്ത ദിവസം നടക്കുന്ന ഫെമിനിസം ആയി ബന്ധപ്പെട്ട ഒരു സെമിനാറിൽ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് അയാൾ. സ്ത്രീ വിമോചനത്തെപ്പറിയും സമത്വത്തെപ്പറ്റിയും സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും ഉള്ള സ്ത്രീകളെ ആവേശക്കടലിലേക്ക് വലിച്ചിഴക്കുന്ന നീണ്ട ഒരു പ്രസംഗം അയാൾ തയ്യാറാക്കിയിട്ടുണ്ട്. അതിന്റെ റിഹേഴ്സൽ എന്നോണം ഇടയ്ക്ക് പൂച്ചക്കുഞ്ഞിനെ പ്രസംഗം പറഞ്ഞ് കേൾപ്പിക്കുന്നുമുണ്ട്. അത് വളരെ അനുസരണയോടെ അരുമയായി അതു കേട്ടുകൊണ്ടിരുന്നു .

പിറ്റേന്ന് പ്രസംഗപരിപാടികൾ ഒക്കെ കഴിഞ്ഞ് തിരിച്ചു വരുമ്പോൾ അയാളുടെ കൂടെ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. 25നും 30നും ഇടയിൽ പ്രായം കാണും ആ പെണ്ണിന്. മലയാളവും ഇംഗ്ലീഷും കലർന്ന സംസാരം. ഇറുകിയ മഞ്ഞ ടീ ഷർട്ടും ജീൻസും ആണ് വേഷം. വന്ന ഉടനെ അവൾ സോഫയിലേക്ക് വീണു, കാലു രണ്ടും സോഫയുടെ കൈകളിലൂടെ താഴേക്ക് തൂക്കിയിട്ട് ഒരു ദീർഘ നിശ്വാസം വിട്ട് മലർന്ന് കിടന്നു. രണ്ടു പേരും ക്ഷീണീച്ചിരുന്നു. അയാൾ കുളിക്കാനായി ബാത്റൂമിലേക്ക് കയറി. അയാൾ കുളിച്ചിറങ്ങിയതിനു ശേഷം അവളും ഒന്ന് ഫ്രഷാവാനായി ബാത്റൂമിലേക്ക് കയറി. അതു കഴിഞ്ഞ് ഒരു ചായ കുടിയും കഴിഞ്ഞപ്പൊഴേക്കും രണ്ടു പേരും ഉന്മേഷം വീണ്ടെടുത്തിരുന്നു. ആ പെണ്ണ് വന്ന ശേഷം അയാൾ തന്നെ ശ്രദ്ധിക്കുന്നില്ലേ എന്ന് തോന്നിയ പൂച്ച കരയാൻ തുടങ്ങി. അയാൾ വന്ന് അതിനെ ഒന്നു തലോടി ഒരു പാത്രത്തിൽ കുറച്ചു പാല് കുടിക്കാൻ കൊടുത്തശേഷം വീണ്ടും ആ പെൺകുട്ടിയുടെ അടുത്തേക്ക് പോയി. ഇടയ്ക്കിടെ അവളും വന്ന് പൂച്ചയെ എടുത്ത് അതിന്റെ രോമങ്ങളിലൂടെ വിരലോടിച്ചു അതിനെ രോമാഞ്ചപ്പെടുത്തി.

രാത്രിയായപ്പോൾ അയാൾ ആ വീട്ടിൽ അയാളുടെ ഏറ്റവും പ്രിയപ്പെട്ട, മനോഹരമായി ക്രമീകരികരിച്ചിരിക്കുന്ന കിടപ്പറയിലേക്ക് നടന്നു. പൊക്കം കുറഞ്ഞ് ഇരുണ്ട നിറവും എന്നുവേണ്ട പൊതുവെ സുന്ദരൻ എന്ന് വിളിക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുത്താവുന്ന ഒരു പ്രത്യേകതകളും അയാളിലില്ലെങ്കിലും മറ്റുള്ളവരെ തന്നിലേക്ക് ആകർഷിക്കുന്ന എന്തോ ഒരു മാന്ത്രികത അയാളുടെ സംസാരത്തിലും ചലനങ്ങളിലും പ്രകടമായിരുന്നു. അവളും ആ മാന്ത്രിക വലയത്തിൽപ്പെട്ട പോലെ അയാളിലേക്ക് ആകർഷിച്ച് വശ്യമായ കണ്ണുകളോടെ പുറകെ നടന്നു. രാത്രിയുടെയും കാമത്തിന്റെയും മൂർധന്യാവസ്ഥ അവസാനിച്ച് സകലരും ഉറക്കമായി. പൂച്ചക്കുഞ്ഞ് അന്ന് രാത്രി ഉറങ്ങാതെ കരഞ്ഞുകൊണ്ട് അങ്ങുമിങ്ങും ഓടിനടന്നു. 

കുറച്ചു ദിവസം ആ പെൺകുട്ടി ആ വീട്ടിൽ ഉണ്ടായിരുന്നു. അതിലൊരു ദിവസം ആ വീട്ടിലേക്ക് മനോഹരമായ ഒരു ശിൽപവുമായി സുമുഖനായ ഒരു യുവാവ് കയറി വന്നു. ഒരമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം ആയിരുന്നു ആ ശിൽപത്തിന്റെ കാതൽ, കണ്ണുകളിൽ ജീവൻ തുടിക്കുന്ന ആ ശിൽപം നിർമിച്ചത് ആ യുവാവ് തന്നെ ആയിരുന്നു. തന്റെ സൃഷ്ടി അയാളുടെ കയ്യിലേൽപിച്ച് ശിൽപി ആ വീട്ടിലെ അയാളുടെ മനോഹരമായ കിടപ്പറയ്ക്കുള്ളിലേക്ക് കയറി. അയാൾ മുറിയുടെ ഒരു മൂലയിൽ മാറി നിൽക്കുന്ന പെൺകുട്ടിയോട് എന്തൊക്കെയോ പറഞ്ഞ് ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൾ തികഞ്ഞ അനുസരണയോടെ കഴിഞ്ഞ ദിവസങ്ങളിൽ അയാളും അവളും സ്വർഗതുല്യമാക്കിയ ആ കിടപ്പറയിലേക്ക് നടന്നു. ശിൽപി അവളെയും കാത്ത് അക്ഷമനായി ഇരിക്കുകയായിരുന്നു അവിടെ. ആ മുറിയുടെ കതകടഞ്ഞപ്പോൾ അയാൾ ആ ശിൽപത്തിന്റെ ഭംഗി വിരലുകൾ കൊണ്ട് ആസ്വദിച്ചു കൊണ്ടിരുന്നു. ഒടുവിലയാൾ ശിൽപത്തിന്റെ മുകളിൽ ശിൽപിയുടെ സ്ഥാനത്ത് സ്വന്തം പേരു അവരോധിച്ചു കഴിയുമ്പൊഴേക്കും കതകു തുറന്ന് അകത്തേക്ക് കയറിയതിനേക്കാൾ ഉന്മേഷവാനായി ശിൽപി പുറത്തേക്ക് വന്നു. അയാൾ ശിൽപിയെ നോക്കി ഗൂഢമായി ഒന്നു പുഞ്ചിരിച്ചു. ജീവൻ തുടിക്കുന്ന ഈ കലാസൃഷ്ടി തന്റെ പേരിലാക്കാൻ കഴിഞ്ഞതിന്റെയും അതിന്റെ പ്രതിഫലം താമസമില്ലാതെ തന്നെ ശിൽപിക്ക് നൽകാൻ കഴിഞ്ഞതിന്റെയും ചാരിതാർത്ഥ്യം അയാളുടെ മുഖത്ത് പ്രതിഫലിച്ചു.
ശിൽപി പോയിക്കഴിഞ്ഞ് അവളും പുറത്തേക്ക് വന്നു. അയാളോടുള്ള പ്രണയവും ആസക്തിയും കൊണ്ട് മറുത്തൊരു വാക്ക് പറയാൻ കഴിയാത്തതിന്റെ ബലഹീനത നിറഞ്ഞ ഒരു ചിരി ഉണ്ടായിരുന്നു ആ മുഖത്ത്. അയാൾ അവളുടെ പുറത്തു തട്ടി ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചു. അവൾക്ക് വേണ്ടി ചായയും പലഹാരങ്ങളും ഉണ്ടാക്കി അവളുടെ അടുത്തിരുന്ന് കഴിക്കുമ്പോൾ ശിൽപിയുമായുള്ള നിമിഷങ്ങൾ പാടേ മറന്ന് അവൾ വീണ്ടും അയാളുടെ സ്നേഹത്തിന്റെ കാന്തികവലയത്തിനു അടിമയായിക്കഴിഞ്ഞിരുന്നു. അത്തരം ഒരു വലയം സൃഷ്ടിക്കാനുള്ള അയാളുടെ പാടവം അനിർവചനീയമായിരുന്നു.

ഒരുദിവസം അവൾ സോഫയുടെ ഒരു മൂലയിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്നത് കണ്ട് പൂച്ചക്കുഞ്ഞ് ചെറിയ ഞരങ്ങൽ ശബ്ദമുണ്ടാക്കിക്കൊണ്ട് അവളുടെ കാലിനിടയിൽ വന്നിരുന്നു. അവൾ ആ വീട്ടിൽ നിന്നിറങ്ങാനായുള്ള തയ്യാറെടുപ്പുകളിലിയിരുന്നു.

"അയാളെന്നെ ഇപ്പോൾ വഞ്ചകി എന്നു വിളിക്കുന്നു, അയാളുടെ പ്രണയത്തിനു വേണ്ടി മാത്രം, അയാളിൽ അടിമപ്പെട്ടതു കൊണ്ട് മാത്രം തെറ്റുകൾ ചെയ്യേണ്ടി വന്ന ആ മാനസികാവസ്ഥ ഇപ്പോൾ എന്റെ മനസ്സിനെ തന്നെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കഴിയുന്നില്ല. പിന്നെ അദ്ദേഹത്തിനെങ്ങനെ കഴിയും?"
അവൾ ആരോടെന്നില്ലാതെ പറഞ്ഞു. പൂച്ച അവളെ നോക്കി ഞരങ്ങുന്നുണ്ടായിരുന്നു. ആ വീട്ടിൽ നിന്നിറങ്ങേണ്ടി വന്നിട്ടും അതിന്റെ കാരണം അയാളാണെന്നു പറയാൻ അവളുടെ മനസ്സ് അനുവദിക്കുന്നുണ്ടിയിരുന്നില്ല. അത്രയ്ക്ക് ആഴത്തിൽ അവളിലേക്ക് വേരിറക്കാൻ അയാൾക്ക് കഴിഞ്ഞിരുന്നു. അവൾ അയാളോട് ചെയ്ത തെറ്റിനെക്കുറിച്ചോർത്ത് നീറുന്ന മനസ്സോടെ അവിടെ നിന്നും ഇറങ്ങി.
അയാൾ ഒന്നും സംഭവിക്കാത്ത മട്ടിൽ പതിവ് ജോലികളിൽ മുഴുകി.

മറ്റൊരു ദിവസം അയാൾ ഒരു പരിപാടി കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയപ്പൊൾ ഒരു സ്ത്രീ ഉണ്ടായിരുന്നു കൂടെ. അവരുടെ രൂപത്തിൽ മാത്രമേ ഭിന്നത ഉണ്ടായിരുന്നുള്ളൂ. പിന്നീടങ്ങോട്ടുള്ള അയാളുടെ പ്രവൃത്തികളും നേർത്ത ചലനങ്ങൾ പോലും മുൻപ് നടന്നതിന്റെ തനിപ്പകർപ്പായിരുന്നു. ശിൽപി പിന്നെയും വന്നു. ഇത്തവണത്തെ ശിൽപം ഭാര്യ ഭർത്തൃ ബന്ധത്തിന്റെ പവിത്രതയുടെ ഉദാത്തമായ മാതൃകയുടെ പ്രതിരൂപമായിരുന്നു. തന്റെ സ്ത്രീ സമ്മതി ഉയർത്തിക്കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അയാളുടെ ഓരോ നീക്കങ്ങളും. കൗശലപ്രയോഗങ്ങളിലൂടെ വശീകരിച്ചെടുത്ത ഒരു സ്ത്രീയും അയാളുടെ കപടമുഖം സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാൻ താൽപര്യപ്പെടുന്നില്ല എന്നതും അയാൾക്ക് അനുകൂലമായിരുന്നു. ഒരുപക്ഷേ ആ സ്ത്രീകളോരോരുത്തരും തെറ്റ് തങ്ങളുടെ ഭാഗത്താണ് എന്ന് ധരിച്ചു വെച്ചിരിക്കുന്നതു കൊണ്ടാവാം, അല്ലെങ്കിൽ അങ്ങനെ മാത്രമേ അവർ ചിന്തിക്കാൻ പാടുള്ളൂ എന്ന അയാളുടെ നിർബന്ധബുദ്ധിയിൽനിന്നും ഉരുത്തിരിഞ്ഞ കപടനീക്കങ്ങളുടെ ഭാഗമായിട്ടാവാം. 

നാളുകൾ കടന്നു പോയി. താൻ സ്വന്തമാക്കിയ പതിനഞ്ച് ശിൽപങ്ങളെ ഭ്രാന്തമായി തലോടി ഓരോന്നിലും എഴുതിച്ചേർത്ത തന്റെ പേരു നോക്കി പുളകം കൊള്ളുകയായിരുന്നു അയാൾ. സ്ത്രീ മാഹാത്മ്യത്തിന്റെ അഴകുള്ള ഭാവനകളായ ഓരോ ശിൽപത്തിനു പുറകിലും അയാളിൽ നിന്ന് അടരാൻ കഴിയാതെ നിശബ്ദകളായിപ്പോയ പതിനഞ്ച് സ്ത്രീകളുടെ മൂകമായ നിലവിളി ഉണ്ടായിരുന്നു.
തെളിഞ്ഞ ഒരു പകൽ, അയാൾ പുതിയ തന്ത്രങ്ങളുടെ പണിപ്പുരയിലാണ്. ഒരു നനുത്ത കാലൊച്ച കേട്ട് അയാൾ തിരിഞ്ഞു നോക്കി. അവൾ, മഞ്ഞ ടീ ഷർട്ടും ജീൻസും ധരിച്ച് അയാളുടെ പുതിയ തന്ത്രത്തിനു ഹരീശ്രീ കുറിക്കാൻ വിധിക്കപ്പെട്ട് ആ വീട്ടിലേക്ക് കയറിവന്നവൾ.

അയാൾ അവളെക്കണ്ട് എഴുന്നേറ്റ് അടുത്തേക്ക് ചെന്നു. അയാളുടെ പൂച്ചക്കുഞ്ഞ് അവളെക്കണ്ട് പരിചയം ബോധിപ്പിക്കാൻ ഒന്നു ഞരങ്ങി മൂളി ഒതുങ്ങി ഇരുന്നു. അവൾ അയാളുടെ കാലിൽ വീണ് പൊട്ടിക്കരഞ്ഞു. ക്ഷമിക്കൂ എന്നുള്ള അവളുടെ തേങ്ങൽ കേട്ടുകൊണ്ടോ, ചുവന്ന പട്ടുസാരിക്കിടയിലൂടെ കണ്ട അവളുടെ ആകാരഭംഗിയിൽ ലഹരി പൂണ്ടോ, എന്താണെന്നറിയില്ല അയാൾ അവളെ പിടിച്ചെഴുന്നേൽപിച്ച് തന്റെ ദേഹത്തോട് ചേർത്തു.

"നീ മാത്രമാണ് എന്റെ പ്രണയഭാജനം, നീ മാത്രമായിരുന്നു....നീ എന്നോട് വഞ്ചന കാണിച്ചപ്പോൾ എന്റെ സമനില തെറ്റി.."
വിഷത്തിൽ തേൻ പുരട്ടിയ പോലെ വാക്കുകൾ ഉരുവിട്ട് അയാളുടെ നാവു ചലിച്ചു കൊണ്ടേയിരുന്നു...
അവൾ അയാൾക്ക് വേണ്ടി അന്ന് ഭക്ഷണം പാകം ചെയ്തു. അതിന്റെ രുചിയിലും ഗന്ധത്തിലും മതിമറന്ന് അയാൾ പതിവിലും അധികം അന്ന് കഴിച്ചു. സന്ധ്യക്ക് അവൾ കുളിച്ചു കൊണ്ടിരിക്കേ അവളുടെ ദേഹത്തിൽ തട്ടിച്ചിതറി വീഴുന്ന നീർകണങ്ങളുടെ മാദകസംഗീതവും വാസനയും അയാളെ ഉൻമത്തനാക്കി. ബാത്റൂമിൽ നിന്നിറങ്ങി വരുന്ന അവളെ കാണാൻ അയാൾ ആ മുറിയിൽ തന്നെ ഇരുന്നു. തലയിൽ തോർത്ത് ചുറ്റി ഈറനോടെ അവൾ വരുന്നതും, മുഖത്തും ദേഹത്തും വാസനയുള്ള ക്രീമുകൾ പുരട്ടുന്നതും, ചുണ്ടിൽ ചോരച്ചുവപ്പുള്ള ലിപ്സ്റ്റിക് പുരട്ടുന്നതും അയാൾ പരമാനന്ദത്തോടെ നോക്കി നിന്നു.

അവൾ അയാളെ അടുത്തേക്ക് വിളിച്ചു ഗാഢമായി ഒന്നു ചുബിച്ചു. അവളുടെ ലിപ്സ്റ്റികിന്റെ നേർത്ത മധുരം അയാൾ നുണഞ്ഞിറക്കി. വീണ്ടും അവളിലേക്ക് പടരാൻ ശ്രമിച്ച അയാളെ ഒരു കുസൃതിച്ചിരിയോടെ കട്ടിലിലേക്ക് തള്ളിയിട്ട് അവൾ അയാളുടെ ആർട്ട് റൂമിലേക്ക് ഓടി. അവിടെ അയാളുടെ പേരു പതിച്ച പതിനഞ്ച് ശിൽപങ്ങളും പിന്നെ കുറച്ചു പഴയ ബുക്കുകളും ആരുടെയാണെന്നറിയാത്ത ചില പെയിന്റിങ്ങുകളും ഉണ്ടായിരുന്നു. ആ കുസൃതിച്ചിരി പൊട്ടിച്ചിതറിയ വഴിയേ അയാൾ അവളെ പിന്തുടർന്ന് വന്നപ്പോൾ, അവളുടെ വഞ്ചനയുടെ സ്മാരകമായി അയാൾ സ്വന്തമാക്കിയ ശിൽപം നോക്കി നിൽക്കുകയായിരുന്നു അവൾ. അയാൾ അവളുടെ അടുത്തേക്ക് നടന്നു. ഓരോ അടി വെക്കുമ്പൊഴും അയാളുടെ കണ്ണുകളിലെ ലഹരിക്ക് മങ്ങലേൽക്കുകയായിരുന്നു. പാതി അടഞ്ഞും തുറന്നും ആ കണ്ണുകൾ ചുവന്ന ലിപ്സ്റ്റികിട്ട അവളുടെ ചുണ്ടുകളിലെ ചിരി മാത്രം കണ്ടു. ഒടുവിൽ ആ ശിൽപങ്ങളുടെ ചുവട്ടിലേക്ക് കുഴഞ്ഞു വീഴുമ്പോൾ ആ പുഞ്ചിരി ആഴത്തിലേക്കിറങ്ങി അയാളുടെ നെഞ്ചു തകർക്കുന്നതു പോലെ തോന്നി. ആ പുഞ്ചിരിയിലെ ഗൂഢതയിൽ നിന്ന് മുക്തി നേടാനാവാതെ അവളും ശിൽപങ്ങളുടെ ലോകത്തേക്കുള്ള അയാളുടെ സഹയാത്രികയായി.
പതിവ് ഭക്ഷണം കിട്ടാതെ ആ പൂച്ചക്കുഞ്ഞ് തന്റെ യജമാനനെ തേടി കരഞ്ഞു നടന്നു. ആർട്ട് റൂമിൽ ജീവസ്സുള്ള ശിൽപങ്ങൾക്കിടയിൽ ഓജസ്സു നഷ്ടപ്പെട്ട രണ്ടു ശരീരങ്ങളിൽ നിന്നും ഉദ്വമിക്കുന്ന ലിപ്സ്റ്റികിന്റെ ഗന്ധം അതിന്റെ മൂക്കിലേക്ക് ഇരച്ചു കയറി.

മനോഹരമായ അയാളുടെ കിടപ്പറയിൽ അവൾ പുരട്ടിയ ലിപ്സ്റ്റികിന്റെ കൂട് വീണു കിടക്കുന്നു. അതിന്റെ മാസ്മര ഗന്ധത്തിൽ ആകർഷിക്കപ്പെട്ട് പൂച്ച ആർത്തിയോടെ അത് നക്കി നുണഞ്ഞു. ചോരച്ചുവപ്പുള്ള ലിപ്സ്റ്റികിൽ പുരണ്ട വിഷത്തിന്റെ പകയുടെ വീര്യത്തിന് ജീവനെടുത്ത് കൊതി തീർന്നിട്ടില്ലായിരുന്നു...

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter