മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)

ആകെ വിയർത്തു കുളിച്ചല്ലോ. വല്ലാത്ത ദാഹം. തൊണ്ട വരളുന്നു. ഇത്തിരി വെള്ളം കിട്ടിയെങ്കിൽ.. മെല്ലെ വലതുവശം ചെരിഞ്ഞുകൈ കുത്തി.. ഹൊ.. വല്ലാത്ത വേദന.. മെല്ലെ എഴുന്നേറ്റു.കൈകാലുകളും ശരീരവും തളരുന്നുണ്ട്. മെല്ലെ അടുക്കളയിലെത്തി. ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് നിന്ന നിൽപിൽ കുടിച്ചപ്പോൾ വല്ലാത്തൊരാശ്വാസം തോന്നി.

തലേന്നത്തെ സംഭവങ്ങൾ ഓർത്തെടുക്കാൻ ഒരു ശ്രമം നടത്തി. തലക്കു പിന്നിൽ ചെറിയൊരു മുറിവു പറ്റിയിട്ടുണ്ട്. ഇടതു കൈ വല്ലാതെ വീർത്തു വന്നിട്ടുണ്ടല്ലോ. അനക്കാൻ പറ്റാത്ത വേദനയും. കുളിമുറിയിൽ വഴുതിവീണത് ഓർമയുണ്ട്. പിന്നെപ്പോഴാണ് മുറിയിൽ വന്നു കിടന്നത്. എത്ര ശ്രമിച്ചിട്ടും വീഴ്ചയ്ക്കപ്പുറം ഒന്നുമേ ഓർമയിൽ തെളിയുന്നില്ലതലയി

കഴിഞ്ഞ ഒരാഴ്ച ഓട്ടം തന്നെയായിരുന്നു.പലപ്പോഴും ശരീരക്ഷീണമൊന്നും വകവെക്കാതെ ഉറക്കമില്ലാതെ ജോലിത്തിരക്കിലായിരുന്നു. വിശന്നു കുടൽ കരിയുമ്പോൾ എന്തെങ്കിലും ഭക്ഷണം കഴിക്കുന്ന ശീലം കൊണ്ടു നടക്കാൻ തുടങ്ങിയിട്ട് കാലം കുറെയായല്ലോ. അതിൻ്റെ ഫലമായിട്ടു തന്നെയാവും ഇല്ലാത്ത അസുഖങ്ങളൊന്നുമില്ല. എങ്കിലും താൻ തോറ്റു കൊടുക്കാൻ തയ്യാറാവാതെ ആരുടെയും ഔദാര്യത്തിനു കാത്തു നിൽക്കാതെ സ്വന്തം വഴി തേടുകയായിരുന്നു.

മയക്കം കൺപോളകളെ വീണ്ടും തഴുകിയടക്കുന്നു. തലേന്ന് ഇറുത്തെടുത്ത മുല്ലമൊട്ടുകൾ കൊണ്ടുകോർത്ത മാല മുടിയിൽച്ചൂടി സ്ക്കൂളിൽ പോകാൻ ഒരുങ്ങിയിറങ്ങുമ്പോൾ പതിവുപോലെ കുഞ്ഞോനെ ഗേറ്റിനടുത്തും കണ്ടില്ല. സാധാരണ അവനാണ് ആദ്യം ഒരുങ്ങിയിറങ്ങി 'വേഗം ങ്ങട് വാ ചേച്ചീ' ന്നു വിളിച്ച് സ്വൈരം കെടുത്താറ്. ഇന്ന് എന്തൊക്കെയോ തപ്പിത്തിരഞ്ഞ് വീട്ടിനകത്തും പുറത്തും നടക്കുന്നത് കണ്ടിരുന്നു. ചെക്കനിതെവിടെപ്പോയി.. ! ഇനിയും വൈകിയാൽ ബെല്ലടിക്കുന്നതിനു മുമ്പ് സ്ക്കൂളിലെത്തില്ല.

വാതിൽ ചാരി എന്നും അവസാനം വീട്ടിൽ നിന്നിറങ്ങുമ്പോഴേക്കും നേരം വൈകിയിട്ടുണ്ടാവും. പുലർച്ചെ എണീറ്റ് അമ്മ പോയാൽ പിന്നെ വീട്ടിലെ പണിയെല്ലാം തീർത്ത് ഒന്നൊന്നര കിലോമീറ്റർ അപ്പുറത്തുള്ള വീട്ടിലേക്ക് ഒരോട്ടമാണ്. അവിടെ ചെന്ന് മുറ്റമെല്ലാം അടിച്ചു വരുമ്പോഴേക്കും അടുക്കളപ്പുറത്തെ ചാരുപടിയിൽ ഒരു ഗ്ലാസ് കാപ്പി തന്നെ കാത്തിരിപ്പുണ്ടാവും. ഒറ്റ വലിക്ക് പച്ചവെള്ളം മോന്തിക്കുടിക്കുന്ന പോലെ ചൂടു കാപ്പി കുടിക്കുന്നതു കണ്ടാൽ 'ചൂടില്ലേ കുട്ട്യേഅണക്ക് ' എന്നൊരു ചോദ്യമാണ്. അവരതിന് ഉത്തരമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നറിഞ്ഞു കൊണ്ടു തന്നെ ഒരു ചിരി സമ്മാനിച്ച് കൂനയായി കിടക്കുന്ന എച്ചിൽപ്പാത്രങ്ങൾക്കരികിലേക്ക് കാലുകൾ തന്നെ കൊണ്ടെത്തിച്ചിരിക്കും. ചാരവും ചകിരിച്ചപ്പും ചേർത്ത് പാത്രങ്ങളെല്ലാം തേച്ചു കഴുകി വെള്ളം വറ്റിക്കളഞ്ഞ് ചാരുപടിയിൽ കൊണ്ടുവന്നു വെച്ചയുടൻ അടുക്കളയിലെത്തുമ്പോഴേക്കും അന്നത്തെ പാചകത്തിന് അരക്കാനുള്ളത് റെഡിയാക്കി വെച്ചു കാണാം. തേങ്ങയും മല്ലിയും മുളകും മഞ്ഞളുമെല്ലാം വെണ്ണ പോലെ അയക്കണമെന്ന വർക്ക് നിർബന്ധമാണ്.

പിന്നെ വീടിനകം മുഴുവനും ചൂലെടുത്ത് അടിച്ചുവാരി നിലം തുടച്ചു കഴിയുമ്പോഴേക്ക് ആകെ ക്ഷീണിച്ചു കാണും.കഴിക്കാനുള്ള പഴഞ്ചോറ് ഒരു പാത്രത്തിൽ വെച്ചത് എടുത്ത് വീട്ടിലേക്ക് ഒരോട്ടമാണ്.
അപ്പോഴും കുഞ്ഞോൽ ചൂളിപ്പിടിച്ച് കിടന്ന് നല്ല ഉറക്കം തന്നെയാവും. തന്നെക്കാളും രണ്ടു വയസ്സിനിളപ്പമേയുള്ളു. എങ്കിലും ആൺ കുട്ടിയായതുകൊണ്ട് അവന് പല പരിഗണനകളുമുണ്ട്.
അവനെ വിളിച്ചുണർത്തി അടുത്തു തന്നെയുള്ള തോട്ടിലേക്ക് കുളിക്കാൻ പോയി വന്നിട്ട് രണ്ടാളും കൂടി രുചിയാസ്വദിച്ച് താൻ കൊണ്ടുവന്ന പഴങ്കഞ്ഞി കുടിച്ച് സ്ക്കൂളിൽ പോവും.
ഭാഗ്യത്തിന് അവനെന്നും തനിക്കു മുന്നേ ഒരുങ്ങി ഗേറ്റിനടുത്തെത്താറുണ്ട്.

ഇന്നലെ കളിക്കാൻ പോയി വന്നപ്പോൾ ഒരു ചെറിയ പന്ത് അവൻ്റെ കൈയിൽ കണ്ടിരുന്നു.അതു കാണാനില്ലത്രെ. അപ്പൊ അതാണ് കാര്യം. അതാണ് അകത്തും പുറത്തും തപ്പിക്കൊണ്ടിരുന്നത് ഇത്രേം നേരം. ഇപ്പോഴും വീടിനു പുറകുവശത്തു ചാരിവെച്ചിട്ടുള്ള വിറകും ഓലക്കൊടിക്കെട്ടുമെല്ലാം മറിച്ചിട്ട് തിരച്ചിലു തന്നെ. അതു കിട്ടാതെ അവൻ വരില്ലെന്ന്. ഒടുവിൽ കോഴിക്കൂടു ചാരിയടക്കാൻ വെച്ചിരുന്ന പലകക്കിടയിൽ നിന്ന് തപ്പിയെടുത്തു കൊടുത്തിട്ടേ അവൻ കൂടെ വന്നുള്ളൂ.

എന്നും അവനങ്ങനെയാണ്. ഉദ്ദേശിച്ച കാര്യം നടത്തിയേ അടങ്ങൂ. അതു കൊണ്ട് തനിക്കാണേറെ നഷ്ടമായത്. ജീവിതമാണ് ഇല്ലാതായത്. ഏഴാം ക്ലാസ്സ് ജയിച്ചതിനു ശേഷം ദൂരെയുള്ള ഹൈസ്കൂളിലേക്ക് പോവുകയെന്ന സ്വപ്നം എന്നെന്നേക്കുമായി ഇല്ലാതായത് അമ്മയുടെ അസുഖത്തോടെയാണ്. കാടാറുമാസം എന്ന പ്രമാണമായി നടക്കുന്ന അച്ഛൻ ഉള്ളതും ഇല്ലാത്തതും ഒരുപോലെ. അമ്മ പണിക്കു നിന്നിരുന്ന വീട്ടുകാർ തന്നെ പകരം നിർത്താൻ മഹാമനസ്കത കാണിച്ചത് അവരുടെ നന്മ കൊണ്ടാണെന്ന് അമ്മ.

പഠിക്കാൻ മിടുക്കിയായവളുടെ സ്വപ്നങ്ങളുടെ ചിറകരിഞ്ഞതോടെ ഒഴുക്കിനനുസരിച്ചു നീന്തുകയായിരുന്നു.
സമയം കിട്ടുമ്പോഴൊക്കെ അയൽവീട്ടിലെ നളിനിയേട്ത്തിടെ വീട്ടിലെത്തി അവരുടെ കുഞ്ഞിനെ താലോലിച്ചിരിക്കുന്നതുമാത്രമായി ഏക ആശ്വാസം. അവരുടെ നല്ല മനസ്സുകൊണ്ട് തയ്ക്കാനും പഠിപ്പിച്ചു തന്നത് പിന്നീട് സ്വന്തം കാലിൽ നിൽക്കാൻ ഒട്ടൊന്നുമല്ല സഹായിച്ചത്.

രണ്ടു കൊല്ലം ഒരേ കിടപ്പു കിടന്ന് അമ്മ എന്നേക്കുമായി യാത്രയായപ്പോഴേക്കും സ്വന്തമായി വരുമാനമുണ്ടാക്കിത്തുടങ്ങിയിരുന്നു.
തൻ്റെ വിഷമം കണ്ട് മനസ്സലിഞ്ഞ അയൽവാസിയായ ശിവേട്ടൻ റെഡിമെയ്ഡ് വസ്ത്രങ്ങൾ തയ്ച്ചു കൊടുക്കാനായി ഏതാനും സ്ഥാപനങ്ങൾ പരിചയപ്പെടുത്തിത്തന്നതോടെ നല്ല വരുമാനവുമുണ്ടായി.
ഓലക്കുടിൽ നിന്നിടത്ത് അത്യാവശ്യം സൗകര്യങ്ങളുള്ള ചെറിയൊരു വീടു പണിയാനും കഴിഞ്ഞത് ആ മനുഷ്യൻ്റെ കൂടി ശ്രമഫലമാണ്. അപ്പോഴേക്ക് ഇല്ലാക്കഥകൾ മെനഞ്ഞുണ്ടാക്കി നാലുപാടും പറത്തി വിട്ട് ആനന്ദിച്ചവരുമുണ്ട് ഒട്ടേറെ.

തന്നെ ഏറെ ഇഷ്ടമായിരുന്നു ശിവേട്ടന്. അദ്ദേഹം തനിക്കു ജീവനായിരുന്നു. അമ്മയുമായി വന്ന് വിവാഹക്കാര്യമെല്ലാം സംസാരിച്ചതോടെ ജീവിതത്തിന് ഒരർത്ഥം കൈവന്നതുപോലെ. പക്ഷേ സന്തോഷം അധിക സമയം നീണ്ടുനിന്നില്ല. അന്നു രാത്രി ഏറെ വൈകിയെത്തിയ കുഞ്ഞോൻ മദ്യത്തിൻ്റെ ലഹരിയിൽ പറയാത്തതൊന്നുമില്ല. താൻ കാരണം തലയുയർത്തി നടക്കാനാവുന്നില്ലെന്ന് .അവൻ ചത്തിട്ടേ ചേച്ചിടെ കഴുത്തിലയാൾ താലികെട്ടൂ എന്ന് പറഞ്ഞപ്പോഴും ലഹരിയടങ്ങിയാൽ പറഞ്ഞു മനസ്സിലാക്കാം എന്നാണ് കരുതിയത്.

പിറ്റേന്ന് രാവിലെ എണീറ്റ് അവൻ തുണിയെല്ലാം ബാഗിലൊതുക്കി വെക്കുന്നു. മുന്നിൽച്ചെന്ന് നീട്ടിയ ചായ ഗ്ലാസ് തട്ടിമാറ്റി ഒറ്റപ്പോക്കാണ്. തകർന്നു പോയി താൻ. ഓടിച്ചെന്ന് അവൻ്റെ വഴി മുടക്കി 'നിനക്കിഷ്ടമില്ലാത്തതൊന്നും ചേച്ചിക്കു വേണ്ട' എന്ന് പറഞ്ഞപ്പോൾ ഹൃദയം നുറുങ്ങുന്നത് താൻ മാത്രമേ അറിഞ്ഞുള്ളൂ. ആ ഒരുറപ്പിൽ അവൻ തിരികെ വന്നെങ്കിലും മൗനം തന്നെയായിരുന്നു ഏതാണ്ട് ഒരാഴ്ചയോളം.
പിറ്റേന്ന് അവൻ ശിവേട്ടനോട് ഇതു നടക്കില്ലെന്ന് തീർത്തും പറഞ്ഞു. മകൻ്റെ സങ്കടം കണ്ട് അമ്മ ഒരിക്കൽക്കൂടി വന്ന് തൻ്റെ കാലു പിടിച്ചു കെഞ്ചിയപ്പോഴും തനിക്കു വലുത് അനിയൻ്റെ സന്തോഷമായിരുന്നു.

അമ്മയും മകനും അവരുടെ വീടു വിറ്റ് എങ്ങോട്ടോ പോയെന്ന് പിന്നീട് ആരൊക്കെയോ പറയുന്നതും കേട്ടു .
നളിനിയേട്ത്തി മാത്രം കാട്ടിയത് വലിയ വിഡ്ഢിത്തമാണെന്നു പറഞ്ഞു. പിന്നീട് കുഞ്ഞോൻ ഒരുത്തിയെ കൂടെ കൊണ്ടു വന്നപ്പോഴും അമ്മയുടെ സ്ഥാനത്തു നിന്ന് ഇരു കൈകളും നീട്ടി സ്വീകരിച്ചു. ഏറെക്കഴിയും മുമ്പ് അവളുടെ തനിനിറം പുറത്തു കാണാൻ തുടങ്ങി. ഒടുവിൽ വീട് അനിയൻ്റെ പേരിൽ എഴുതിക്കൊടുത്തു. അവനെങ്കിലും ഒരു കുടുംബമായി സന്തോഷമായി ജീവിക്കട്ടെ എന്നു കരുതി. ഒടുവിൽ തനിക്കും അവിടെ നിന്ന് ഇറങ്ങേണ്ടി വന്നു.

ഒരു സ്വർണമാലയുള്ളത് വിറ്റ് ഒരു വീട് വാടകക്കെടുത്ത് തയ്യൽ മെഷീനും വാങ്ങിയപ്പോൾ കൈയിലെ കാശും തീർന്നു. പിന്നീട് ഒന്നിൽ നിന്നു തുടങ്ങിയപ്പോഴും ദൈവം തന്നെ കൈവെടിഞ്ഞില്ല .രാപകലില്ലാതെ അദ്ധ്വാനിച്ച് സ്വന്തമായി ഒരിടം ഇനിയും ഉണ്ടാക്കാനുള്ള തത്രപ്പാടിനിടെയാണ് കുളിമുറിയിൽ കാലൊന്നു വഴുതി വീണു പോയത്.

ചിന്തകൾ ഏറെ കുട്ടിക്കാലത്തേക്കു പോയി എത്ര വേഗമാണ് തിരിച്ചെത്തിയത്. കോളിങ്ങ് ബെൽ അടിക്കുന്നതു കേട്ട് മെല്ലെച്ചെന്ന് വാതിൽ തുറന്ന് നോക്കിയപ്പോൾ ഇതാ നിൽക്കുന്നു ദൈവം എത്തിച്ചതു പോലെ അമ്മയും മകനും. അമ്മ ഓടി വന്ന് കൈപിടിച്ച് തലയിൽ മെല്ലെ തലോടി എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. താടിവളർത്തി നിരാശാകാമുകനെപ്പോലെ നിൽക്കുന്ന ശിവേട്ടൻ്റെ കൈകളിലേക്ക് അമ്മ തന്നെ ഏൽപിച്ചപ്പോൾ ആ കണ്ണുകളും നിറയുന്നുണ്ടായിരുന്നു.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter