മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

അന്ന ടീച്ചറുടെ വീടിന്റെ  ചിമ്മിണിയിലേക്ക് നോക്കി ഞാൻ ഇരുന്നു.  സന്ധ്യ മഴ ചന്നംപിന്നം പെയ്യുന്നു.  മഴയിൽ ചിമ്മിനിക്കൂട്ടിലൂടെ ഒഴുകി വരുന്ന പുകക്ക് കുരുമുളകു ഇട്ടു വരട്ടിയ താറാവിറച്ചിയുടെ മണം!

 ദീപു എന്നോട് പറഞ്ഞിരുന്നു പട്നായിൽ നിന്നും പൂവാന്റി വരുമെന്ന്, പൂവാന്റിയെ ഞാൻ കണ്ടിട്ടില്ല.എല്ലാ ക്രിസ്തുമസിനും, ഈസ്റ്ററിനും ദീപുവിന്റെയും, കുഞ്ഞൂഞ്ഞിന്റെയും, കുഞ്ഞാവയുടെയും പിറന്നാളുകൾക്കും മുടങ്ങാതെ അവർ കാർഡ് അയക്കും. ലാളിത്യം നിറഞ്ഞ കാർഡുകൾ!കാർഡിൽ പിറന്നാൾ എണ്ണത്തിൽ മെഴുകുതിരി, അല്ലെങ്കിൽ, വിടരാൻ വെമ്പുന്ന ഒരു ചെമ്പനീർ മൊട്ട്, അതുമല്ലെങ്കിൽ ഒരു കുഞ്ഞു മാലാഖ! താഴെ
 'എന്റെ ദീപുവിന് ' എന്ന് അവർ കുനുകുനാ കൈപ്പടയിൽ എഴുതിയിട്ടുണ്ടവും.'എന്റെ അമ്മാനക്ക്' എന്നെഴുതി ഒരു കാർഡ് അയക്കാൻ എനിക്ക് ഒരു പൂവാന്റി ഇല്ലാത്തതിൽ ഞാൻ ദുഖിച്ചു.

സന്ധ്യാ നേരത്തെ ചാറ്റൽ മഴയിൽ ദീപു എന്നെ ജനലിലൂടെ മാടി വിളിച്ചു. പൂവാന്റിയെ കാണാൻ..!
അവർ ഒരു പൂപോലെ ആയിരിക്കുമോ? അതോ പൂമ്പാറ്റയെപ്പോലെ..? എങ്ങനെ ആയാലും പൂവാന്റിയെ എനിക്ക് പെരുത്തിഷ്ടം! അവരുടെ സ്വീകരണമുറിയിൽ പൂവാന്റി കൊണ്ടു വന്ന സമ്മാനപ്പൊതികൾ.
ഞാൻ വാതിലിൽ തെരുപ്പിടിച്ചു നിന്നു.

 
ആയിടെ കണ്ട 'ചട്ടക്കാരി 'യിലെ പോലെ ഇറക്കം കുറഞ്ഞ ഫ്രോക് ആയിരിക്കുമോ പൂവാന്റി ധരിച്ചിട്ടുണ്ടാവുക..? പല ചിന്തകളും മനസ്സിലൂടെ കടന്നു പോയി. വരാന്തയിലൂടെ  വിഷാദത്തിന്റെ ചാരനിരമുള്ള വസ്ത്രം ധരിച്ച ഒരു കന്യാസ്ത്രീ വന്നു. .
"ഇതാണ് എന്റെ പൂവാന്റി..." ദീപു പരിചയപ്പെടുത്തി..

 'എന്റേം..' ഞാൻ മനസ്സിൽ പറഞ്ഞു..

 പൂവാന്റി ചിരിച്ചു.പൂവ് പോലെ ,നിലാവു പോലെ..!

 അന്നടീച്ചറുടെ പൂമുഖത്തെ ചുവരിൽ തൂക്കിയ ഫോട്ടോയിലെ യൗസേപ്പിതാവിന്റെ ചാരത്തിരിക്കുന്ന മാതാവിന്റെ കണ്ണുകൾ ആണ് പൂവാന്റിക്ക് എന്ന് എനിക്ക് തോന്നി. കാരുണ്യം വഴിയുന്ന കണ്ണുകൾ!ചാടിമരിക്കാൻ തക്ക ആഴമുള്ളവ..!

പിന്നെ അവർ എന്നെ ചേർത്തു പിടിച്ചു. അവരുടെ തിരുവസ്ത്രത്തിൽ നിന്നും അലക്കു സോപ്പിന്റെ മണം ഉയർന്നു. അവരുടെ ജപമാലയിലെ കുരിശ് എന്റെ കവിളിൽ ചേർന്നു.എനിക്ക് കുളിർന്നു!

 'വാ 'എന്നു പറഞ്ഞു ദീപു എന്റെ കൈപിടിച്ച് ഓടി നടന്നു. പൂവാന്റിയോട് ചേർന്നു നിന്ന് എനിക്ക് മതിയായിരുന്നില്ല. ആ അലക്കു സോപ്പിന്റെ മണം നുകർന്ന് കൊതി തീർന്നിരുന്നുമില്ല.അവർ കുറെ ബുക്കുകൾ കൊണ്ടു വന്നിരുന്നു.

'ദാവീദും, ഗോലിയാത്തും' 'ശലോമോന്റെ സങ്കീർത്തനം' ബുക്കുകൾ തൊട്ടും തലോടിയും ഞാൻ ഇരുന്നു.

ചായപ്പെന്സിലുകൾ, കണക്കിലെ കളികൾ ഉള്ള കാർഡ്‌സ്, പഞ്ചസാര വിതറിയ ബിസ്ക്കറ്റ്, സമ്മാനപ്പൊതികളിൽ പിന്നെയും എന്തൊക്കെയോ..

ദീപു അവന്റെ എല്ല സന്തോഷങ്ങളുടെയും ഒരു പങ്ക് എനിക്ക് തന്നു,  കൂടെ പൂവാന്റിയെയും..!

 ടീവിയിൽ ശനിയാഴ്ച വരുന്ന സിനിമ കൾ ഞങ്ങൾ ഒരുമിച്ചു കണ്ടു. പൂവാന്റി അയച്ച ആശംസാകാർഡുകളിൽ ചിലത് അവൻ എനിക്ക് തന്നു, ബാലരമ ആദ്യം എനിക്ക് വായിക്കുവാൻ തന്നു.

 "ഓം ഹ്രീം..കുട്ടിച്ചാത്ത " എന്നു ഒരേ സ്വരത്തിൽ വിളിച്ചു മായാവിയെ പ്രത്യക്ഷപെടുത്താൻ ശ്രമിച്ചു. 'ഒട്ടിപ്പോ'നെയിംസ്‌ലിപ്പുകൾ ഞങ്ങൾ പങ്കിട്ടെടുത്തു. കളികളിൽ ടീം തിരിക്കുമ്പോൾ ഒന്ന്, രണ്ടു എണ്ണാതെ "അത്തിപ്പഴം കൊത്തിതിന്നു " എന്ന് എന്റെ സൗകര്യത്തിനായി നീട്ടിയും കുറുക്കിയും ചൊല്ലി അവനെ എന്റെ ടീമിൽ ആക്കി. അന്ന ടീച്ചർ ക്രിസ്തുമസിന് ഞങ്ങളുടെ വീട്ടിലേക്കും കേക്ക് ഉണ്ടാക്കിത്തന്നിരുന്നു.

എനിക്ക് എല്ലാ പ്രവശ്യം 3 ത്രികോണ കഷണങ്ങൾ കിട്ടി. ഒന്ന് എന്റെ സ്വന്തം, മറ്റൊന്ന് അവർ കള്ള് ഒഴിച്ച് ആയിരിക്കണം കേക്ക് ഉണ്ടാക്കുന്നത് എന്ന ധാരണയിൽ ഉമ്മ കഴിക്കുകയില്ല, ആ കഷ്ണം, പിന്നെ ദീപു എനിക്കായി മാറ്റിവെച്ച മറ്റൊരു കഷ്ണം!

വാനില എസൻസ് മണക്കുന്ന അന്ന ടീച്ചറുടെ അടുക്കള പാതകത്തിൽ ഇരുന്ന് ഉണങ്ങിയ പഴങ്ങൾ നിറഞ്ഞ പ്ലം കേക്ക് ഞാനും ദീപുവും കാലുകളാട്ടി ഇരുന്ന് കഴിച്ചു.

മഴ തകർത്തു പെയ്യുന്ന വൈകുന്നേരങ്ങളിൽ ഞാൻ മഴ കൊണ്ടു.ദീപു മഴ നനയാൻ വന്നില്ല.
'ഇല്ല മമ്മി സമ്മതിക്കില്ല..' അവൻ ജീവിതത്തിൽ ഒരിക്കലും മഴ നനഞ്ഞിട്ടില്ലത്രേ.ഞാൻ അത്ഭുതപ്പെട്ടു. ഞാൻ മടുക്കുവോളം മഴ നനയും. നീലിച്ച ചുണ്ടുകളോടെ കൂട്ടിയിടിക്കുന്ന പല്ലുകളോടെ മഴ തോരും വരെ കൊള്ളും!

 അവൻ ജനലഴികളിൽ പിടിച്ചു ഞാൻ മുറ്റത്തെ മഴവെള്ളത്തിൽ തിമിർക്കുന്നത് നോക്കി നിന്നു. അവൻ കാണുവാൻ വേണ്ടി ഞാൻ മഴയത്ത് പേരമരത്തിൽ വലിഞ്ഞു കേറി.ഇറയത്തെ തകരത്തിൽ നിന്നും വീഴുന്ന തുമ്പിക്കൈ വണ്ണത്തിന് ചോട്ടിൽ തലമണ്ട കാട്ടി. അവൻ നിർന്നിമേഷനായി നോക്കി നിന്നു.

ആകുറി ക്രിസ്തുമസിന് പൂവാന്റി പിന്നെയും വന്നു. മോൾ വലുതായല്ലോ എന്നു പറഞ്ഞു എന്റെ മുടിയിൽ തഴുകി. ഞാൻ പൂവാന്റിയോട് ചേർന്ന് നിന്ന് അവരുടെ ഉടുപ്പിന്റെ മണം വലിച്ചെടുത്തു! എന്റെ വീട്ടിൽ എന്നെ അതു വരെ ആരും 'മോൾ' എന്നു വിളിച്ചിട്ടില്ലായിരുന്നു. ഉപ്പാക്ക് സ്നേഹം കൂടുമ്പോൾ എന്നെ പുഗ്ഗു, കജ്ജ , പാത്തുഞ്ഞി തുടങ്ങിയ പേരുകൾ വിളിച്ചു.. (അവരെല്ലാം നാട്ടിലെ അറിയപ്പെടുന്ന പ്രാന്തത്തികൾ ആയിരുന്നു..)

 ഇക്കുറി പൂവാന്റി കുറച്ച് ക്ഷീണിച്ചിരുന്നു. നക്ഷത്രം തൂക്കാനും, ട്രീ ഉണ്ടാക്കാനും, പുൽക്കൂട് കെട്ടാനും ഞാനും കൂടി. പുൽക്കൂട്ടിൽ വെക്കേണ്ട ഉണ്ണീശോ എൻറെ മടിയിൽ ചിരിച്ചുകൊണ്ട് കിടന്നു. ദീപുവിന്റെ ആദ്യകുര്ബാന സ്വീകരണത്തിനാണ് പിന്നെ പൂവാന്റി വരുന്നത്‌. അവർ ചുറു ചുറുക്കോടെ ഓടി നടന്നു. അവനെ വെള്ളയുടുപ്പ് അണിയിച്ചത് പൂവാന്റി ആയിരുന്നു. അവരുടെ ശിരോവസ്ത്രത്തിന് പുറത്തേക്ക് ഏതാനും നരച്ച മുടിയിഴകൾ ചുരുണ്ടു നിന്നു കാറിൽ കേറി അവർ പള്ളിയിൽ പോവുന്നത് ഞങ്ങളുടെ വേലിക്കൽ നിന്നും ഞാൻ നോക്കി നിന്നു!

'നാളെ കോട്ടയത്തിനു പോവുകയാണ്. പട്നായിൽ നിന്നുംപൂവാന്റിയും വരുന്നു.' ദീപു പറഞ്ഞു..

ഓണപ്പൂട്ടിന് തലേന്നു തന്നെ അന്ന ടീച്ചർ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങും. എന്റെ സന്തു ബന്ധുക്കൾ എല്ലാം ഈ ഇട്ടവട്ടത്തിൽ ആയിരുന്നു. അതുകൊണ്ട് അവധിക്കാലത്തു ഞാൻ എങ്ങോട്ടും വിരുന്നു പാർക്കാൻ പോയില്ല. ദൂര ദിക്കുകളിൽ ബന്ധുക്കൾ ഇല്ലാത്തതിൽ ഞാൻ അങ്ങേയറ്റം വ്യസനിച്ചു.  ഉണ്ടായിരുന്നുവെങ്കിൽ ഞാനും അവധിക്കാലത്തു പെട്ടിയിൽ എന്റെ ഉടുപ്പുകൾ അടുക്കി വിരുന്നു പോയേനെ എന്നും അവർ എനിക്ക് കത്തുകളും, കാർഡുകളും അയച്ചേനെ എന്നും ഞാൻ ദിവാസ്വപ്നം കണ്ടു.

അന്ന ടീച്ചറും, ദീപുവും ഇല്ലാത്തതു കൊണ്ട് അവധിക്കാലം വിരസമാവും. കോട്ടയം വിശേഷങ്ങൾ, ട്രെയിൻ യാത്ര.പുഴയുടെ കഥകൾ എന്നിവയെല്ലാം കേൾക്കാൻ ഞാൻ ദിനങ്ങൾ എണ്ണി കാത്തിരിക്കും.

 പെട്ടിയൊതുക്കി നടുവേദനയുള്ള ടീച്ചർ എണീക്കുമ്പോൾ "മാതാവേ.. എന്നാശ്രയമേ" എന്ന് വിലപിച്ചു. നിക്ക്ആ പ്രാർത്ഥന വല്ലാതങ്ങു ഇഷ്ടായി. ഞാൻ ഇത് ഇടക്കിടെ പറഞ്ഞു ഉമ്മാന്റെ കയ്യിൽ നിന്നും തള്ളക്കയിലുകൊണ്ടു അടിവാങ്ങി.

അങ്ങനെ ഞാൻ എട്ടാം ക്ലാസിൽ എത്തി. ഇനി ചെക്കന്മാരുടെ കൂടെയൊന്നും കളിക്കാൻ പോവേണ്ട. ഉമ്മ വിലക്കി.

"അതെന്താ ഞാൻ പോയാല്?" ചെക്കൻ മാർ അല്ലാത്ത കൂട്ടുകാർ എനിക്ക് വീടിനടുത്തൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് ആ വേർതിരിവ് മനസ്സിലായില്ല. അവർ നിക്കർ ഇടുന്നു.ഞാൻ ഹാഫ് സ്കർട്ട് ഇടുന്നു.അല്ലാതെന്തു വ്യത്യാസം?

മാത്രവുമല്ല ദീപുവിനേക്കാൾ സ്പീഡിൽ ഓടുന്നതും, പേരമരത്തിന്റെ തുഞ്ചാണിക്കൊമ്പത്തെ മഞ്ഞ നിറമുള്ള പേരക്ക പറിക്കുന്നതും ഞാൻ ആണ്.പിന്നെന്താ..?

ഏതായാലും ഞാൻ പിന്നെ കളിക്കാൻ പോയില്ല. ഇടക്ക് കാണുമ്പോൾ ദീപുവിനോട് എന്തെങ്കിലും കുശലം പറയും..അത്രമാത്രം. കൗമാരത്തിന്റെ വർണ്ണ ശബളിമയിൽ ഞാൻ ദീപു എന്ന പാവത്താനെ മറന്നു പോയി!

കൂട്ടുകാരികളുടെ കൂടെ ചിറകടിച്ചു പറക്കുന്നതിനിടയിൽ റോഡരികിലൂടെ തലതാഴ്ത്തി നടക്കുന്ന ദീപുവിനെ കണ്ടു. കുറെകഴിഞ്ഞു തിരിഞ്ഞു നോക്കുമ്പോഴും അവന്റെ തല താഴ്ന്നു തന്നെ. റോഡിലെ അട്ടിക്കല്ലുകളിൽ അവന്റെ ചുടു കണ്ണീർ വീഴുന്നുണ്ട് എന്നെനിക്കു തോന്നി..!

ഞാൻ വഴിയരികിൽ അവനെ കാത്തുനിന്നു. എന്റടുത്തേക്ക്എത്തിയപ്പോൾ അവൻ തലയുയർത്തി. ആ കണ്ണുകൾ നിറഞ്ഞിരുന്നു! ഞാൻ അവന്റെ കൈകളിൽ മുറുകെ പിടിച്ചു. പിന്നീട് എന്നും ഞങ്ങൾ ഒരുമിച്ച് തന്നെ സ്കൂളിൽ പോയി!

അങ്ങനെ ഇരിക്കെ പൂവാന്റി പിന്നെയും വന്നു. അവർ ഒന്നു അക വളഞ്ഞിരുന്നു.ഞാൻ അവരെ കാണാൻ വേണ്ടി ചെന്നു. ഞാൻ അപ്പോളേക്കും വലുതായിരുന്നു.

അവർ മുന്നിലെ കസേര ചൂണ്ടി.അവിടെയിരുന്നാൽ അവരുടെ കട്ടിക്കുപ്പായത്തിന്റെ അലക്കുമണം കിട്ടുകയില്ലല്ലോ എന്നു ഞാൻ ഓർത്തു. ഞാൻ വലുതായ കാര്യം മറന്ന് അവരുടെ വലിയ അമ്മിഞ്ഞകളിൽ അവർ എന്നെ ചേർത്തുവെക്കുമെന്നു വെറുതെ വ്യാമോഹിച്ചു. ജപമാലയിലെ കുരിശിന്റെ തണുപ്പ്‌ ഏൽക്കാൻ എന്റെ കവിൾ തുടിച്ചു.  

ആസ്ത്മാ കൊണ്ട് അവർ സംസാരിക്കനാവാതെ വിഷമിച്ചു. ഞാൻ കസേരയിൽ നിന്നും എണീറ്റ് ചെന്ന് അവരുടെ കരം ചേർത്തു പിടിച്ചു. അലക്കു സോപ്പിന്റെ മണത്തിനായി മൂക്ക് വിടർത്തി. ഭീതിദമായ ഒരു മൃതിഗന്ധം അവരെ ചൂഴ്ന്നു നിന്നു..

എന്നോട് എന്തൊക്കെ യോ പറയാൻ കൊതിച്ചു അവർ നിസ്സഹായയായി. കന്യമാതാവിൻറെ കണ്ണിലെ പ്രശാന്തത മാത്രം അവരിൽ അവശേഷിച്ചു. അവർ കൊണ്ടുവന്ന സമ്മാനപ്പൊതികൾ ഞാൻ തിരഞ്ഞു. അവർ ഒന്നും കൊണ്ടുവന്നില്ലയിരുന്നു. അവർ മാതാവിന്റെ കണ്ണുകൾ പോലെ അഗാധമായ കണ്ണുകൾ കൊണ്ടെന്നെ നോക്കി.
അവർ തിരിച്ചു പോയി...

ഒരു സമ്മർ വെക്കേഷൻ വന്നു. ആകുറി എന്തോ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കൗമാരത്തിന്റെ നിറങ്ങൾ വാരിയണിഞ്ഞ കാലം. പ്രകൃതി യോടും, പ്രപഞ്ചത്തോടും വല്ലാത്ത സ്നേഹം.ഞാൻ കുന്നിൻ മോളിലിരുന്ന് പാട്ടുകൾ പാടി.എല്ലാം പ്രണയ ഗാനങ്ങൾ.

ദീപു വെക്കേഷൻ കഴിഞ്ഞു തിരിച്ചു വന്നു.  

"പൂവാന്റി മരിച്ചു.."

അവൻ പറഞ്ഞു.ഞാൻ ഞെട്ടി.

"എന്ന്..?"

"ഒന്നര മാസമായി."

മാതാവിന്റെ കണ്ണുകളുമടച്ചു അവർ ശവ മഞ്ചത്തിൽ കിടന്നപ്പോൾ. തിരുവസ്ത്രവുമായി പൂവാന്റി 'തൻസ്വദേശം കാണ്മതിന്നായ്' യാത്ര തിരിക്കുമ്പോൾ ഞാൻ പ്രണയഗാനങ്ങൾ പാടി കുന്നിൻ ചെരുവിൽ ഉല്ലസിച്ചു നടക്കുകയായിരുന്നു. എന്റെ നെഞ്ചു പൊട്ടി..!

 ഓടിച്ചെന്ന് പഴയ തകരപ്പെട്ടി യിൽ നിന്നും ദീപു എനിക്ക് തന്ന ഒരു ഈസ്റ്റർ കാർഡ് ഞാൻ ചികഞ്ഞെടുത്തു. ഈസ്റ്റർ മണികളുടെ ചാരുതയേറുന്നൊരു ചിത്രം. നടുവിൽ നിൽക്കുന്ന കന്യാ മറിയം.അല്ല.. !ശരിക്കും പൂവാന്റി..! ആഴിയുടെ ആഴങ്ങളുള്ള മിഴികളിൽ സ്നേഹ വായ്പോടെ അവരെന്നെ നോക്കി, പിന്നെ മെല്ലെ പുഞ്ചിരിച്ചു..!

 "എന്റെ ദീപുവിന്"

 അല്ല.. "എന്റെ അമ്മാനയ്ക്ക്"

 അല്ല.."എന്റെ ദീപുവിന് "എന്നു തന്നെ!

കുനിയൻ ഉറുമ്പുകൾ വരിയിടുന്ന അക്ഷരങ്ങളി ലേക്ക് എന്റെ കണ്ണീരു വീണു.

 എന്റെ ചുറ്റിലും അലക്ക്‌സോപ്പിന്റെ ഗന്ധം നിറഞ്ഞു..!

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter