മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

എഴുത്തുകാരൻ മഹേഷിന്റെ വീട് ഒരു സമവായ ചർച്ചക്കൊരുങ്ങുകയാണ്. വാർഡ് മെമ്പർ കേളപ്പൻ, പാർട്ടി സെക്രട്ടറി സഖാവ് പറമ്പൻ, പിന്നെ നാട്ടിലെ ആസ്ഥാന സാഹിത്യകാരനായ മഹേഷും ചേർന്നാൽ സമവായചർച്ചയുടെ

മധ്യസ്ഥസംഘം പൂർണ്ണമാകും. മഹേഷ്‌ തന്നെയാണ് ഈ ചർച്ചക്ക് മുൻകൈ എടുക്കുന്നതും. ഭാര്യ ധന്യ ചർച്ചക്ക് ഇടയിൽ അവശ്യം വേണ്ട ചായ തയ്യാറാക്കുന്ന തിരക്കിലാണ്.
"എന്തേലും തീരുമാനമാകുമോ ധന്യേ?"
ആ നാട്ടിലെ പ്രധാനപെട്ട വാർത്തകൾ യഥാസമയം ധന്യയുടെ ചെവിയിലെത്തിക്കുന്ന, വാർത്താവിനിമയ സംവിധാനമായ തെക്കേലെ സുഭദ്രമ്മ അടുക്കളവാതിലിൽ തന്നെ ഇരിപ്പുറപ്പിച്ചു. തന്റെ ആകാംക്ഷ അറിയിച്ചു.
"എന്നാലും ആ സുന്ദരൻ കാണിച്ചത് തെമ്മാടിത്തരം അല്ലേ, നിർമ്മാല്യം തൊഴുവാൻ പോയ വാസന്തിക്ക്..."
സുഭദ്രമ്മ പറഞ്ഞുമുഴുവിക്കും മുമ്പ് സ്വീകരണമുറിയിൽ നിന്ന്, ധന്യേ എന്ന മഹേഷിന്റെ നീട്ടിവിളിയുടെ അർത്ഥം മനസിലാക്കി അടുക്കളയിൽ പിന്നീട് നിശബ്ദത പൂത്തുലഞ്ഞു.

സമവായ ചർച്ചക്ക് ഒരു ഭാഗത്ത്‌, വടക്കേലെ സുന്ദരൻ, സുന്ദരന്റെ അച്ഛൻ പട്ടാളം പളനി എന്നിവരാണ്. മറുഭാഗത്ത്‌, ഇഞ്ചിഭരതനും, ഭാര്യ വാസന്തിയുമാണ്. സമാധാനചർച്ചക്ക് വേദിയാകുന്ന സ്വീകരണമുറിയിലെ ഷെൽഫിൽ സ്ഥാനംപിടിച്ചിരിക്കുന്ന തന്നിലെ സാഹിത്യകാരനെ അടയാളപ്പെടുത്തുന്ന മൊമന്റോകൾ എല്ലാം പൊടിതട്ടി സന്ദർശകർക്ക്, നേരാവണ്ണം ദർശിക്കുവാൻ കഴിയുംവിധം അടുക്കിവെക്കുന്ന കൃത്യത്തിൽ മഹേഷ്‌ ഏർപ്പെടുമ്പോഴാണ് (അല്ലേലും സാഹിത്യകാരൻമാർ ശ്രദ്ധിക്കപ്പെടാൻ പാട്പെടുവാണല്ലോ ) വീടിന്റെ മുറ്റത്തേക്ക് ഒരു ബുള്ളറ്റ് കടന്നുവന്നത്, ഇഞ്ചിഭരതനും, ഭാര്യ വാസന്തിയുമാണ്, കൃത്യസമയത്തിനും പത്തു മിനിറ്റ് മുമ്പ്തന്നെയാണ് ഇരുവരുടെയും ആഗമനം.

വാസന്തി ഇന്ന് ഇത് രണ്ടാം തവണയാണ്, മഹേഷിന്റെ വീട്ടിലേക്ക് വരുന്നത്, ആദ്യ വരവ് ഇന്ന് രാവിലേയായിരുന്നു, ആ വരവിനു നിദാനമായ സംഭവം ആണല്ലോ ഇന്നത്തെ ഈ മധ്യസ്ഥ ചർച്ചയുടെ പ്രധാനകാരണവും.

രാവിലേ അലാറത്തിന്റെ അലോസരപ്പെടുത്തുന്ന മുഴക്കം കേട്ട് കൊണ്ട്, കിടക്കയിൽ നിന്നെഴുന്നേറ്റ മഹേഷ്‌, മേശപ്പുറത്തെ ജഗ്ഗിൽ നിന്ന് ഒരു കവിൾ വെള്ളം അകത്താക്കിയപ്പോൾ, തലേരാത്രിയിലെ ആൽക്കഹോളിക്ക് അതിപ്രസരത്തിന്റെ അനന്തരഫലമായുള്ള അന്തർദാഹത്തിന് താൽക്കാലിക ശമനമുണ്ടായതിന്റെ ആശ്വാസത്തിൽ, അലമാരയുടെ അവസാനത്തെ തട്ടിൽ ഏറ്റവും അടിയിലായി ധന്യയറിയാതെ ഒളിപ്പിച്ചു വെച്ച സിഗരറ്റ് പാക്കറ്റിൽ നിന്ന് ഒരെണ്ണം കയ്യിലെടുത്ത് ബാത്‌റൂമിലേക്ക് നീങ്ങവേയാണ്, തുറന്നിട്ടിരിക്കുന്ന ജാലകവാതിൽ കടന്ന് പുറത്ത് നിന്നുള്ള ആ സംഭാഷണം മഹേഷിന്റെ കാതുകളിലേക്കെത്തിയത്.

"വടക്കേലെ സുന്ദരൻ, ഉടുതുണിയില്ലാതെ, എനിക്ക് നേരേ... കുളിക്കടവിൽ വെച്ച്..... " അപ്രതീക്ഷിതമായി വീട്ടിലേക്ക് കടന്നുവന്ന വാസന്തി തിണ്ണയിൽ ഇരിപ്പുറപ്പിച്ചു കിതക്കുമ്പോൾ വാക്കുകൾ മുറിയുന്നുണ്ടായിരുന്നു,

മുറ്റം തൂക്കുന്നത് താൽക്കാലികമായി നിർത്തിവെച്ച് ആശങ്കയുടെ മുഖംമൂടിയണിഞ്ഞു വാസന്തിയെ ശ്രവിക്കുന്ന ധന്യ, ഇവർക്കിടയിലേക്കാണ് മഹേഷ്‌ കടന്നു ചെന്നത്. പതിവ് നിർമാല്യദർശനത്തിനായി വാസന്തി അമ്പലത്തിലേക്ക് പോകുമ്പോൾ വഴിയോരത്തെ കുളിക്കടവിൽ നിന്ന് പെടുന്നനെ പൂർണ്ണനഗ്നനായി ഉയർന്നു വന്ന സുന്ദരൻ.

"ഈ പമ്പാ നദി ഇഞ്ചി ഭരതന്റെ അപ്പന്റെ വകയല്ലാത്തത് കൊണ്ട്, ഇവിടെ നിൽക്കുവാൻ എനിക്ക് ആരുടെയും ഔദാര്യം വേണ്ട, എനിക്കിട്ട് പണി തന്ന നിന്റെ കെട്ടിയോനെ ഞാൻ കാണിച്ചു കൊടുക്കാം." തുടങ്ങിയ വെല്ലുവിളികൾ നടത്തിയതായുമാണ് അപ്പോൾ വാസന്തിയിൽ നിന്ന് മഹേഷിനു മനസിലാക്കുവാൻ കഴിഞ്ഞത്,

അമ്പലം എത്തും മുമ്പേ പ്രതിഷ്ട്ട ദർശിച്ച വെപ്രാളത്തിൽ തിരിഞ്ഞോടിയ വാസന്തി എത്തപ്പെട്ടത് മഹേഷിന്റെ മുറ്റത്തേക്കാണെന്ന് മാത്രം.

"മഹേഷേ പൊക്രിത്തരമല്ലേ അവൻ ഇന്ന് കാണിച്ചത്? " വീടിനകത്തേക്ക് കയറിയിരുന്ന ഭരതനിലെ അമർഷം ഉമിതീ പോലെ നീറുന്നുണ്ടായിരുന്നു.

"ഇവിടെ ഇതിന് ന്യായമായ തീർപ്പ് ഉണ്ടായില്ലെങ്കിൽ ഞാൻ വനിതാകമ്മീഷനിൽ വരെ പോകും ", ഭരതൻ തന്റെ നിലപാട് അടിവരയിട്ട് അറിയിച്ചു.

മറ്റുള്ളവർകൂടെ വന്നതിന് ശേഷം നമുക്ക് ചർച്ചചെയ്തു ഉചിതമായ തീരുമാനത്തിലെത്താമെന്ന് ഉറപ്പ് നല്കി, ഭരതനെ മഹേഷ്‌ സമാധാനപ്പെടുത്തി. അതേ സമയം അടുക്കളയിൽ രാവിലെ താൻ കണ്ട കണിയെ കുറിച്ചാവാം ധന്യയോട് വാസന്തി വാചാലമാകുന്നുണ്ടായിരുന്നു.

#### #### ##### #####

മെമ്പർ കേളപ്പനും, സഖാവ് പറമ്പനും കൂടി എത്തിയതോടെ, സംഭവങ്ങൾ മൊത്തത്തിൽ ഒന്ന് അവലോകനം ചെയ്യുവാനായി, ഇഞ്ചി ഭരതനെ സ്വീകരണമുറിയിൽ തന്നെയിരുത്തി, മഹേഷടങ്ങുന്ന മൂവർ സംഘം പറമ്പിലേക്കിറങ്ങി.

" ജോലിക്കൊന്നും പോകാതെ വീടിനുള്ളിൽ തന്നെ കുത്തിയിരുന്ന സുന്ദരനെ, ഗൾഫിൽ കൊണ്ടുപോയത് ഭരതനാണ്, പ്രശ്നങ്ങൾ അവിടെയാണ് തുടങ്ങുന്നത് അങ്ങ് ഗൾഫിൽ." മെമ്പർ കേളപ്പൻ പ്രശ്നങ്ങൾക്ക് കാരണമായ ഓരോ വിഷയങ്ങളിലേക്കും കടന്നു.

"കോവിഡ് ഗൾഫിലും പിടിമുറുക്കിയതോടെ, ഗൾഫിലെ ഭരതന്റെ കമ്പനിയും പൂട്ടിയ അവസ്ഥയായി, ഈ സന്ദർഭത്തിലാണ്, അത്യാവശ്യക്കാരിൽ അത്യാവശ്യക്കാർക്ക് വേണ്ടി മാത്രമുള്ള വന്ദേഭാരത് മിഷന്റെ കേരളത്തിലേക്കുള്ള ആദ്യ വിമാനത്തിൽ തന്നെ, തന്റെ സ്വാധീനം ഉപയോഗിച്ച് സീറ്റ് തരപ്പെടുത്തിയ ഭരതനും, വാസന്തിയും സുന്ദരൻ അറിയാതെ നാട്ടിലെത്തിയത്‌. അതോടെ ശമ്പളമോ, ഭക്ഷണമോ ഇല്ലാത്ത അവസ്ഥയിലേക്ക് സുന്ദരൻ നീങ്ങി, രണ്ടു മാസത്തോളം പല സഘടനകളുടെയും സഹായത്തോടെയാണ് സുന്ദരൻ അവിടെ കഴിഞ്ഞത്. "

"അതെന്തായാലും ഭരതൻ കാട്ടിയത് നെറികേടാണ്, ഒരു പ്രതിസന്ധി ഘട്ടത്തിൽ കൂടെയുള്ളവനെ ഒറ്റക്കാക്കി മുങ്ങിയത് അംഗീകരിക്കുവാൻ കഴിയില്ല.", പറമ്പൻസഖാവ് ആ വിഷയത്തിലെ തന്റെ നിലപാട് അറിയിച്ചു,

"ഭരതനും, വാസന്തിയും നാട്ടിലെത്തിയതോടെയാണ്, പട്ടാളം പളനിയിലെ പട്ടാളവീര്യം വീണ്ടും പുറത്തു ചാടിയത്, തന്റെ മകനെ ഗൾഫിൽ ഒറ്റക്കാക്കി മടങ്ങിയ ഭരതന് നേരേ പലതവണ പട്ടാളം ഭീഷണി ഉയർത്തിയിരുന്നു. പക്ഷേ അതൊരു അച്ഛന്റെ വികാരമായി മാത്രമേ കാണുവാൻ കഴിയു."

പട്ടാളം പളനിയുടെ ഭീഷണി വിഷയം ചർച്ചചെയ്തപ്പോൾ മഹേഷിന്റെ അഭിപ്രായം തന്നെയായിരുന്നു മറ്റ് രണ്ടുപേർക്കും ഉണ്ടായിരുന്നത്. പലരുടെയും സഹായത്തോടെ നാട്ടിലെത്തിയ സുന്ദരൻ കൊറന്റൈൻ കാലാവധി കഴിഞ്ഞു ഇന്നലെ വൈകിട്ട് ഭരതൻ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി ബഹളം ഉണ്ടാക്കിയതും, വാസന്തി സുന്ദരനെ വീട്ടിൽ നിന്ന് ആട്ടിയിറക്കിയതും, ഇന്ന് രാവിലേ കുളിക്കടവിൽ നടന്ന സംഭവങ്ങളും അവലോകനം ചെയ്തപ്പോൾ, സുന്ദരന്റെ അത്തരം നടപടികൾ ഒരുതരത്തിലും അംഗീകരിക്കുവാൻ കഴിയില്ല എന്ന നിലപാടിലും മൂവർസംഘം എത്തിചേർന്നു.

"ഇന്നു രാവിലെ ഈ വിഷയം അറിഞ്ഞപ്പോൾ ഞാൻ സുന്ദരനുമായി സംസാരിച്ചിരുന്നു, അവനപ്പോൾ മറ്റൊരു വിവാദവിഷയത്തിന്റെ സൂചനകൂടി തന്നു. ഇന്നലെ പളനിയെ തേടിയവൻ വീട്ടിലെത്തിയപ്പോൾ, വീടിന്റെ പിന്നാമ്പുറത്തെ കശുമാവിൻ തോട്ടത്തിൽ സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബൈക്ക് അവന്റെ ശ്രദ്ധയിൽപ്പെട്ടെന്ന്. ഈയടുത്തായി ഭരതനില്ലാത്ത നേരത്ത് വാസന്തി ചാരെ ഏതോ ഒരു വരവ്പോക്ക് ഉണ്ടെന്ന് ഞാൻ മുമ്പും കേട്ടിരുന്നു, അതും സുന്ദരൻ സൂചിപ്പിച്ച കാര്യം കൂടി കൂട്ടിവായിക്കുമ്പോൾ... "

കേളപ്പൻ മെമ്പർ തന്റെ ഇന്റലിജൻസ് ബുദ്ധി വിവരിച്ചു പൂർത്തിയാക്കും മുമ്പ്തന്നെ പളനിയും സുന്ദരനും ചർച്ചക്കായ് എത്തിയിരുന്നു. അതോടെ കശുമാവിൻതോട്ടത്തിലെ ബൈക്കും, വരവ്പോക്കും മൂവർസംഘത്തിന്റെ വിശകലനത്തിൽ നിന്നും വഴുതി മാറി.

"രണ്ടു കൂട്ടരും നമ്മുടെ അനുഭാവികളാണ്, അതിനാൽ ഇലക്കും, മുള്ളിനും കേടില്ലാത്തവിധം ആകണം പരിഹാരമുണ്ടാകേണ്ടത്." മൂവരും സ്വീകരണമുറിയിലേക്ക് മടങ്ങുമ്പോൾ പറമ്പൻസഖാവ് ഔദ്യോഗിക തീരുമാനം അറിയിച്ചു.

#### ##### #### #####

രണ്ടു വിരുദ്ധ ധ്രുവങ്ങളിൽ എന്നവിധം ഡൈനിങ് ടേബിളിന്റെ ഒരു വശത്ത് ഇഞ്ചി ഭരതനും, വാസന്തിയും, മറുവശത്ത് പളനിയും, സുന്ദരനും അപ്പൊഴേക്കും ഇരിപ്പുറപ്പിച്ചിരുന്നു. ഹാളിൽ ഒരു മൂലക്കായ് ധന്യയും, ഹാളിൽ നിന്ന് അടുക്കളയിലേക്ക് കടക്കുന്ന വാതിലിൽ സുഭദ്രമ്മയും സ്ഥാനംപിടിച്ചിരുന്നു.

"രണ്ടു പേരും നമുക്ക് വേണ്ടപ്പെട്ടവരാണ്, അതിനാൽ ഒരു സമവായമാണ് ഇവിടെ ആവശ്യം.", ആമുഖമായി കേളപ്പൻ മെമ്പർ സൂചിപ്പിച്ചപ്പോൾ തന്നെ ഭരതന്റെ മനസ്സിൽ നീറിപുകഞ്ഞുകൊണ്ടിരുന്ന ലാവ പുറത്തേക്കൊഴുകി.

"എന്ത് സമവായം, എന്റെ ഭാര്യയുടെ നേരേ തെമ്മാടിത്തരം കാട്ടിയവനോട് തോളിൽ കയ്യിടാൻ പറ്റില്ല മെമ്പറെ. "

"ഭരതൻ ഒന്ന് സമാധാനപ്പെടു, ഈ വിഷയത്തിൽ സുന്ദരന്റെ വിശദീകരണം കൂടി അറിയട്ടെ", പറമ്പൻ സഖാവ് വിഷയത്തിൽ സുന്ദരന്റെ അഭിപ്രായം ആരാഞ്ഞു.

തലേദിവസം വീട്ടിൽ നിന്ന് തന്നെ ആട്ടിയിറക്കിയ വാസന്തിയെ അമ്പലത്തിൽ പോകുന്ന വഴിയിൽ നേരിട്ട് കാണുക, തന്റെ അമർഷം അറിയിക്കുക ഇത് മാത്രമാണ് താൻ ഉദ്ദേശിച്ചതെന്നും, എന്നാൽ വാസന്തി വരുന്നത് കണ്ട് വെള്ളത്തിൽ നിന്ന് പൊങ്ങി കരക്ക് കയറുന്ന നേരത്ത് കടവിലെ കുറ്റിയിൽ തട്ടി തന്റെ തോർത്ത്‌ ഉരിഞ്ഞു പോയതാണെന്നും സുന്ദരൻ വെളിപ്പെടുത്തി.

"അത് ശരിയാ കുളിക്കടവിലെ കുറ്റിയിൽ തട്ടി പലരുടെയും തോർത്ത്‌ നേരുത്തെയും ഉരിഞ്ഞുപോയിട്ടുണ്ട്."
അടുക്കളവാതിൽക്കൽ നിന്ന് ഉയർന്ന സുഭദ്രമ്മയുടെ ശബ്ദം ധന്യയുടെ രൂക്ഷമായ നോട്ടത്തോടെ നിലച്ചു.

"തോർത്ത്‌ കുറ്റിയിൽ കുരുങ്ങിയത് വാദത്തിന് വേണേൽ സമ്മതിക്കാം, പക്ഷേ എനിക്കെതിരെ ഭീഷണി ഉയർത്തിയതോ, ഇവൻ മാത്രമല്ല ഇവന്റെ അച്ഛൻ പട്ടാളവും എനിക്കെതിരെ പലതവണ ഭീഷണി ഉയർത്തിയത് നിങ്ങൾ അറിയുന്നില്ലേ?" ഭരതൻ വീണ്ടും വൈകാരികതയിലേക്ക് കടന്നതോടെ പിന്നാലെ പട്ടാളവും അതേ പാത സ്വീകരിച്ചു,

"നിനക്ക് തലവേദന, നിന്റെ ഭാര്യക്ക് മൂലക്കുരു എന്നൊക്ക കള്ളത്തരം പറഞ്ഞു, എംബസ്സിയെ തെറ്റിദ്ധരിപ്പിച്ചു, എന്റെ മോനേ നിലയില്ലാക്കയത്തിൽ ഒറ്റക്കാക്കി നാട്ടിലേക്ക് മുങ്ങിയ, നിന്നെ ഭീഷണിപ്പെടുത്താതെ പിന്നെ പൂജിക്കണോ?", പളനി ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് ഉടുമുണ്ടഴിച്ചൊന്ന് മുറുക്കിയുടുത്തു വീണ്ടും തുടർന്നു.

"എടാ ഭരതാ എന്റെ മോൻ ഇന്നലെ നിന്റെ വീട്ടിൽ വന്നത് ഞാൻ പറഞ്ഞിട്ടാണ്, അവനോട് നീ കാട്ടിയ നെറികേട് നേരിട്ട് ചോദ്യം ചെയ്യാനും, അവനവകാശപ്പെട്ട പൈസ വാങ്ങുവാനുമാണ്, അപ്പോൾ നിന്റെ പെമ്പ്രന്നോത്തി അവനെ മുഖമടച്ചു ആട്ടി വിട്ടു, എന്നിട്ട് ന്യായം പറയുന്നോ?"പളനി ഉള്ളിൽ തികട്ടിയ തന്റെ രോഷത്തെ മുക്കിപ്പൊടിയുടെ രൂപത്തിൽ ഇരുമൂക്കിലേക്കും കുത്തിനിറച്ചു വീണ്ടും ഇരിപ്പുറപ്പിച്ചപ്പോൾ, വാഗ്‌വാദം മൂർച്ഛിച്ചു, മധ്യസ്ഥചർച്ച കൈവിട്ട് പോകുമെന്ന് മനസിലാക്കിയ പറമ്പൻ സഖാവ് ഇടപെട്ട് ഒരു ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ട് വെച്ചു.

"കേസ്, കോടതി ഒക്കെ ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ഒഴിവാക്കുവാൻ ആണ് ഇന്ന് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്.
ഞാനും, കേളപ്പൻമെമ്പറും, മഹേഷും സംഭവങ്ങളുടെ എല്ലാതലങ്ങളും വിശകലനം ചെയ്തു എത്തിചേർന്ന ഒരു തീരുമാനം ഇരുകൂട്ടരെയും അറിയിക്കാം. ഗൾഫിൽ നടന്ന സംഭവത്തിൽ ഭരതന്റെ ഭാഗത്ത്‌ ഗുരുതരമായ വീഴ്ച്ച സംഭവിച്ചു, അതേപോലെ തന്നെ, എന്തിന്റെ പേരിലായാലും ഇന്ന് കുളിക്കടവിൽ ഉണ്ടായ സംഭവം സ്ത്രീത്വത്തെ അപമാനിക്കുന്നതാണ്, അക്കാര്യത്തിൽ സുന്ദരനും തെറ്റുകാരനാണ്. ഗൾഫിൽ മാസങ്ങളോളം ശമ്പളം ഇല്ലാത്ത അവസ്ഥയിലും, തുടർന്ന് നാട്ടിലോട്ട് കയറിവരുവാനും സുന്ദരന് ചിലവായ തുക മുടക്കേണ്ടത് ഭരതന്റെ ധാർമ്മിക ഉത്തരവാദിത്തം ആണ്, എന്നാൽ ഇന്നത്തെയും, ഇന്നലത്തേയും സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ ആ തുക ഏറ്റുവാങ്ങുവാൻ സുന്ദരന് യാതൊരു അവകാശവുമില്ല."

"അല്ലേലും എനിക്ക് ഇങ്ങേരുടെ കാശൊന്നും ഇനി വേണ്ട " പറമ്പൻ സഖാവ് പൂർത്തിയാക്കും മുമ്പ് ഇടക്ക് കയറിയ സുന്ദരനെ കേളപ്പൻ മെമ്പർ ശാസിച്ചിരുത്തി.

"ഇപ്പോൾ നമ്മുടെ നാട്ടിൽ ഓൺലൈൻ ക്ലാസ്സുകളാണ് നടക്കുന്നത്, വീട്ടിലിരുന്നുള്ള പഠനത്തിന് അവശ്യം വേണ്ട ടെലിവിഷൻ പോലുമില്ലാത്ത ഒരുപാട് സാധാരണക്കാരായ കുട്ടികൾ നമ്മുടെ നാട്ടിലുണ്ട്, സുന്ദരന് ഭരതൻ നൽകുവാനുള്ള തുക മെമ്പറെ ഏൽപ്പിക്കുക, അതിന് സമാനമായ ടെലിവിഷനുകൾ വാങ്ങി അർഹരായ വിദ്യാർത്ഥികൾക്ക് നൽകാം, എന്താണ് നിങ്ങളുടെ അഭിപ്രായം?"

പറമ്പൻ സഖാവിന്റെ നിർദ്ധേശം ഇരുകൂട്ടർക്കും സമ്മതമായിരുന്നു, എന്നാൽ നൽകുന്ന ടെലിവിഷനുകൾ കാശ് മുടക്കുന്നത് താൻ ആയതിനാൽ തന്റെ പേരിൽ നൽകണമെന്ന് ഭരതനും, തനിക്ക് അർഹതപെട്ട കാശ് ആയതിനാൽ തന്റെ പേരിൽ നൽകണമെന്ന് സുന്ദരനും ആവശ്യം ഉന്നയിച്ചു.

നൽകുന്ന ടെലിവിഷനുകളിൽ പകുതി ഭരതന്റെ പേരിലും, പകുതി സുന്ദരന്റെ പേരിലും നൽകുവാൻ തീരുമാനിച്ചു. തുടർന്ന് യാതൊരു പ്രശ്നങ്ങളും ഇരുകൂട്ടരും തമ്മിലുണ്ടാകില്ല എന്ന ഉറപ്പിൽ ചായ കുടിച്ചു സമവായചർച്ച വിജയകരമായി അവസാനിച്ചു.

ഇരുകൂട്ടരും മടങ്ങിയതിനു ശേഷം അവസാനമായി മടങ്ങുവാൻ ഒരുങ്ങിയ കേളപ്പൻമെമ്പറും, പറമ്പൻ സഖാവും
ഒരേസ്വരത്തിൽ തമാശരൂപത്തിൽ മഹേഷിനോട് അവശ്യപ്പെട്ടത്, ഇതുപോലെയുള്ള സമവായ കേസുകൾ ഉണ്ടേൽ ധൈര്യമായി ഏറ്റെടുക്കേടോ, കുറച്ച് കുട്ടികൾക്ക് കൂടി ടെലിവിഷൻ സംഘടിപ്പിക്കുവാൻ ബാക്കി ഉണ്ടെന്നാണ്.

"എന്നാലും കശുമാവിൻതോപ്പിലെ ബൈക്കും, വാസന്തിയുടെ അടുത്തേക്കുള്ള വരവ് പോക്കും, ആരാണത് " ഉത്തരം കിട്ടാത്ത ചോദ്യം പരസ്പരം പങ്ക് വെച്ചു ഇരുവരും മഹേഷിന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയ നേരത്ത് തന്നെയാണ് മഹേഷിന്റെ ഫോൺ ശബ്ദിച്ചത്

"ഇന്നലെ വൈകിട്ട് ഭരതന്റെ വീട്ടിൽ ചെല്ലുമ്പോൾ, വീടിന്റെ പുറകിലെ കശുമാവിൻ തോട്ടത്തിലിരുന്ന ബൈക്കിന്റെ നമ്പർ കൃത്യമായി ഞാൻ കണ്ടു 6768.

ഭരതൻ എനിക്ക് തരുവാനുള്ള കാശിനു പാവപ്പെട്ട കുട്ടികൾക്ക് ടിവി വാങ്ങികൊടുക്കുമ്പോൾ, അതേ തുക മഹേഷ്‌ എനിക്ക് ഇങ്ങ് തന്നാൽ മതി, അല്ലേൽ അധികം വൈകാതെ മറ്റൊരു സമവായചർച്ചക്ക് കൂടെ നിന്റെ വീട് സാക്ഷ്യം വഹിക്കും, ഭരതനും, വാസന്തിയും, ധന്യയും, നീയുമൊക്ക കക്ഷികളാകുന്ന ഒരിക്കലും ഒത്തുതീർപ്പാകാത്ത മറ്റൊരു സമവായചർച്ച, അത് വേണോ? "

മറുതലക്കൽ സുന്ദരൻ പറഞ്ഞവസാനിപ്പിക്കുമ്പോഴും, മൗനമായി നിന്ന മഹേഷിന്റെ കണ്ണുകൾ മുറ്റത്തെ കാർ പോർച്ചിലിരിക്കുന്ന തന്റെ 6768 നമ്പർ ബൈക്കിലേക്ക് തന്നെയായിരുന്നു.

"ഈ ബൈക്ക് വീട്ടിൽ വെച്ചിട്ട് നടന്നു വന്നാൽ പോരായിരുന്നോ, കശുമാവിൻ തോട്ടത്തിൽ വെച്ചാലും, നാട്ടുകാർ നാറികൾക്ക് ആയിരം കണ്ണാണ്." പലപ്പോഴായുള്ള വാസന്തിയുടെ ജാഗ്രതാനിർദേശവും മഹേഷിന്റെ ഓർമ്മയിലേക്ക് ഓടിയെത്തിയതോടെ, സമവായചർച്ചയുടെ പ്രധാനഭാഗങ്ങൾ വെച്ച് ഒരു കഥയൊരുക്കാൻ കാത്തിരുന്ന മഹേഷ്‌, കഥയെ പെരുവഴിയിലുപേക്ഷിച്ചു, വരാൻ പോകുന്ന നഷ്ടത്തിന്റെ മനകണക്കുമായി വീടിനുള്ളിലേക്ക് കടന്നപ്പോൾ, "എന്നാലും കശുമാവിൻതോട്ടത്തിൽ ബൈക്ക് ഒളിപ്പിച്ചു വാസന്തിയുടെ അരികിലേക്ക് പോകുന്നത് ഏതവനാണ്? "

"എനിക്ക് പണ്ടേ ഈ വാസന്തിയെ ഒരു സംശയം ഉണ്ടായിരുന്നു." ധന്യയുടെയും സുഭദ്രാമ്മയുടെയും അടുക്കളചർച്ചയിലും കശുമാവിൻതോട്ടത്തിലെ ബൈക്കായിരുന്നു വിഷയം.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter