മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

മാറ്റങ്ങൾ ശീലങ്ങളിൽ നിന്നുള്ള വ്യതിയാനമാണ്. കണ്ടുകൊണ്ടിരുന്നതിൽ നിന്നും, കേട്ടു കൊണ്ടിരുന്നതിൽ നിന്നും, പരിചയിച്ചിരുന്നതിൽ നിന്നും ഉള്ള വ്യതിയാനം. അത് വ്യക്തികൾക്ക് അസ്വസ്ഥമായ അനുഭവമാണ് പ്രദാനം ചെയ്യുന്നത്. ഒരിടത്തിരുന്ന് വിശകലനാത്മകമായി ആഴത്തിൽ ചിന്തിക്കുക എന്നത് അതിലും ദുഷ്കരമാണ്. അതുകൊണ്ടാണ് ഒട്ടും ചിന്തിക്കാതെ മാറ്റങ്ങളെ എതിർക്കുന്നത്.

വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും ഇത്തരം എതിപ്പുകൾ നാം നിരന്തരം കാണുന്നു. എന്നാൽ എന്തുകൊണ്ടാണ് ദുരന്തങ്ങൾ മാറ്റങ്ങൾക്കു വഴികാട്ടിയാകുന്നത്? പാലം പൊളിഞ്ഞു വീഴുന്നതുവരെ നാം അതു പുതുക്കി നിർമ്മിക്കാൻ തുനിയില്ല. ഡാം തകർന്നു നാശം വിതയ്ക്കുന്നതുവരെ നാം തർക്കിച്ചുകൊണ്ടിരിക്കും. 

ദുരന്തങ്ങൾ വൈകാരികമായ ഉലച്ചിലുകൾ ഉണ്ടാക്കുന്നു. ഭാവിയിൽ അത്തരം ഉലച്ചിലുകൾ ഉണ്ടാക്കുന്ന മാനസിക പ്രയാസങ്ങളെ ഒഴിവാക്കാനായി മനസ്സ് വഴികൾ തേടുന്നു. ആ വഴി തേടൽ ചിന്തയാണ്, ചിന്തിക്കാനുള്ള പ്രേരണയാണ്. ചിന്തിക്കുമ്പോൾ മാറ്റങ്ങളിലൂടെ ഉണ്ടാകാൻ പോകുന്ന സാധ്യതകൾ തെളിഞ്ഞുവരുന്നു. മാനസിക ഉലച്ചിൽ ഉണ്ടാകാത്ത അവസ്ഥയാണ് മാറ്റത്തിലൂടെ ഉണ്ടാകുന്നത് എന്നു വിശ്വസിക്കുന്നു. അതിനെ അംഗീകരിക്കാൻ മാനസികമായി തയാറെടുക്കുന്നു. അതോടെ മാറ്റങ്ങളോടുള്ള എതിർപ്പ് കുറയുന്നു. ആത്യന്തികമായി നാമെല്ലാം കാംക്ഷിക്കുന്നത് മാനസികമായ സുഖാവസ്ഥയാണ്. ഇങ്ങനെയാണ് വ്യക്തിജീവിതത്തിൽ പലപ്പോഴും സംഭവിക്കുന്നത്.

സാമൂഹികമായി ഇതിനെ നോക്കിക്കാണേണ്ടതു മറ്റൊരു കോണിലൂടെയാണ്. രാഷ്ട്രീയ നേതൃത്വം തീരുമാനങ്ങൾ എടുക്കുമ്പോൾ അവർ പാലിക്കുന്ന മറ്റു ചില മാനദണ്ഡങ്ങൾ കൂടിയുണ്ട്. പ്രധാനമായും മാറ്റങ്ങൾ വരുത്തുമ്പോൾ കൈയടി ലഭിക്കുമോ കല്ലേറു ലഭിക്കുമോ എന്നതാണ് അതിൽ  പ്രധാനം. ഭരണത്തിൽ ഇരിക്കുന്നവർക്കു മാത്രമേ ഇന്നത്തെ ജനാധിപത്യ വ്യവസ്ഥയിൽ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുകയുള്ളു. അവരുടെ ഏറ്റവും വലിയ പ്രശ്നം ഭരണത്തുടർച്ച എങ്ങനെ ഉറപ്പാക്കാം എന്നതാണ്. അതിനു ദോഷം ചെയ്യുന്ന ഒന്നും തന്നെ അവർ ചെയ്യില്ല എന്നതിനുള്ള എത്രയോ ഉദാഹരണങ്ങൾ നമുക്കുണ്ട്. 

തീപിടുത്തം ഉണ്ടാകാതെ സൂക്ഷിക്കുന്നവരെ ആരും അംഗീകരിക്കില്ല. അവരെ ആരും അറിയുക പോലുമില്ല. എന്നാൽ തീ അണയ്ക്കുന്നവരെ നാം തലയിലെടുത്തുകൊണ്ടു നടക്കും. പോപ്പുലാരിറ്റിയുടെ സ്കെയിൽ വച്ചുകൊണ്ടു ജീവിക്കുന്ന മഹാന്മാർ തീ അണയ്ക്കാൻ മാത്രമേ തുനിയുകയുള്ളു. വേണമെകിൽ അവർ ആരുമറിയാതെ തീയിടുകയും ചെയ്യും. ഇത്തരക്കാരെ നാം നമ്മുടെ തൊഴിലിടങ്ങളിൽ കണ്ടിട്ടുണ്ട്, സർക്കാരാഫീസുകളിൽ കണ്ടിട്ടുണ്ട്, ഭരണ സിരാകേന്ദ്രങ്ങളിൽ കണ്ടിട്ടുണ്ട്. വേണ്ട കാര്യം വേണ്ട സമയത്തു വേണ്ടതുപോലെ ചെയ്യാതെ, അതുകാരണം കൊണ്ടു തന്നെ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ പരിഹരിച്ചു കൈയടി വാങ്ങുന്നവർ. അവർക്കു കൊടുക്കേണ്ടതു കൈയടിയല്ല, കരണത്തടിയാണ്.  അതിനുള്ള ധൈര്യം നമുക്കേവർക്കുമുണ്ടാകട്ടെ. 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter