യുവി തന്റെ സിസ്റ്റത്തിനു മുന്നിൽ തയാറായിരുന്നു. കഴിഞ്ഞു പോയ ജീവിത കാലമത്രയും അപ്പോൾ അയാളുടെ മനോ മുകരത്തിൽ മിന്നി മാഞ്ഞു. ഇത്ര നാളായുള്ള തന്റെ ഐഡന്റിറ്റി, ബന്ധങ്ങൾ, വികാരം, അറിവ് എല്ലാം മായുകയാണ്.

ഒറ്റ വാക്കിൽ പറഞ്ഞാൽ താൻ തന്നെ ഇല്ലാതാവുകയാണ്.

 

മറുഭാഗത്ത് റിയ എല്ലാം സെറ്റു ചെയ്തു കഴിഞ്ഞിരുന്നു. അവൾ ലൈനിൽ വന്ന ഉടനെ സ്ക്രീനിൽ എഗ്രിമെന്റ് ഡിസ്പ്ലെ കാണിച്ചു. ഹെഡ് ഫോൺ കണക്ട് ചെയ്ത ശേഷം രണ്ടു പേരും തംപ്സ് അപ് സിഗ്നൽ കൊണ്ട് പരസ്പരം റെഡിയാണെന്ന് ഉറപ്പു വരുത്തി.

 

ഒരു നിമിഷം

യുവി കണ്ണുകളടച്ചു പിടിച്ച് ദീർഘശ്വാസമെടുത്തു. എന്നിട്ട് റിയയുടെ നിർദ്ദേശ പ്രകാരം ഡിജിറ്റൽ സൈൻ ചെയ്തു. ഇതിനകം റിയയിൽ നിന്ന് താൻ പല തവണ കേട്ടുകഴിഞ്ഞ മുന്നറിയിപ്പുകൾ പ്രോസസിന്റെ ഭാഗമായി അയാളുടെ ചെവികളിൽ അവസാനമായി മുഴങ്ങി. കൃഷ്ണ മണികൾ സെൻസർ ചെയ്തതോടെ തെളിഞ്ഞു വന്ന സ്റ്റാർട്ട് ബട്ടനിൽ അയാൾ ഡബിൾ ക്ലിക്ക് ചെയ്തു.

 

അടുത്ത നിമിഷം യുവിയുടെ തലച്ചോറിലെ മെമ്മറികൾ മുഴുവൻ ഡിലിറ്റ് ചെയ്യപ്പെട്ടു.  താനാരെന്നറിയാത്ത,  ഭാഷയറിയാത്ത വെറും ശരീരം മാത്രമായി അയാൾ അവശേഷിച്ചു.

 

ഫോർമാറ്റു ചെയ്ത യുവിയുടെ തലച്ചോറിലേക്ക് ഉടമ്പടി പ്രകാരം ആവശ്യപ്പെട്ട വിവരങ്ങൾ റിയ അപ് ലോഡ് ചെയ്തു കൊടുത്തു. അയാളുടെ തലച്ചോറിൽ പുതിയ ഡാറ്റയുടെ ചിപ്പ് അറ്റാച്ചു ചെയ്ത ശേഷം ഡീ കോഡ് ചെയ്തു.

 

ജനിതകാവശിഷ്ടങ്ങളില്ലാത്ത  യുവിയുടെ പുതിയ അസ്തിത്വം ജീവിതത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെട്ട ജൈവരൂപമായി നടന്നകന്നു.