(Abbas Edamaruku)

ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ വിറങ്ങലിച്ച മനസ്സുമായി കിടന്നപ്പോഴും അവളുടെ മിഴികൾ നിറഞ്ഞില്ല. തന്നെ പിടികൂടിയ കൊറോണയെന്ന മാരകരോഗത്തിന്റെ ഓർമകളിൽ പോലും അവൾ കരഞ്ഞില്ല. ആകാശം മുട്ടെ ഉയർന്നു നിൽക്കുന്ന ആശുപത്രി കെട്ടിടങ്ങൾ കണ്ടപ്പോഴും അവൾ തളർന്നില്ല. ആശുപത്രി മുറിക്കുള്ളിലെ ശ്വാസം മുട്ടിയ ദിനങ്ങളിലും, കൈകളിൽ സൂചികൾ കുത്തിക്കയറിയപ്പോഴും ഒന്നും തന്നെ അവൾക്ക് വേദനിച്ചില്ല. ആശുപത്രി ബെഡ്‌ഡിൽ... തന്റെ തൊട്ടടുത്ത മുറിയിൽ രോഗിയായി കിടന്ന ഭർത്താവിനെ കുറിച്ചും, ഏക മകളെ കുറിച്ചും, വീടിനെകുറിച്ചുമെല്ലാമുള്ള ഓർമ്മകളും ഹൃദയത്തിൽ പേറി പ്രാർത്ഥനയോടെ അവൾ കിടന്നു. പക്ഷേ, ഇന്നലെ...

പുലർച്ചെ, മയക്കത്തിൽ തന്നെ ആരോ തട്ടി വിളിച്ചതുകേട്ട് കണ്ണുനീരുപ്പ് പറ്റി ഒട്ടിപ്പിടിച്ച മിഴികൾ തുറന്ന് അവൾ മെല്ലെ നോക്കി.

"ചേച്ചീ... സമയം എത്രയായെന്ന് അറിയാമോ... ഇങ്ങനെ കിടന്നാ മതിയോ... ചായ കുടിക്കണ്ടേ.? മുൻപ് രണ്ടുതവണ വന്നു നോക്കിയപ്പോഴും ചേച്ചി നല്ല മയക്കത്തിലായിരുന്നു... ഇന്നലെയും ഒന്നും കഴിച്ചിട്ടില്ലല്ലോ... മോളെ ഓർത്തെങ്കിലും... എഴുന്നേൽക്കൂ... ചായ കുടിക്കൂ... ഞാൻ ചായ തരാൻ വന്നതാണ്."പുഞ്ചിരി നിറഞ്ഞ മുഖവുമായി നിത്യവും പരിചരിക്കാനെത്താറുള്ള നേഴ്സ് പെൺകുട്ടി കട്ടിലിനരികിൽ നിൽക്കുന്നു.

അവൾ മെല്ലെ എഴുന്നേറ്റു കട്ടിലിൽ ചാരി ഇരുന്നുകൊണ്ട് നേഴ്സിന്റെ കൈയിലെ വാച്ചിലേയ്ക്ക് നോക്കി. സമയം പത്തുമണി.

സ്വന്തം ജീവൻ പോലും പണയപ്പെടുത്തി തന്നെ പരിചരിക്കാനെത്തുന്ന ആ മാലാഖയുടെ... സ്നേഹപൂർവ്വമുള്ള വാക്കുകൾ നിരസിക്കാൻ അവൾക്ക് ആയില്ല. പ്രതീക്ഷകൾ നൽകുന്ന ആ മിഴികളിലേയ്ക്ക് നോക്കിക്കൊണ്ട് അവൾ മെല്ലെ ചായ കുടിച്ചു . ശേഷം ചുണ്ടുകൾ തുടച്ചുകൊണ്ട് എല്ലാ പ്രതീക്ഷകളും അസ്തമിച്ചതുപോലെ ബെഡ്‌ഡിൽ ചാരി ഇരുന്നു.

തുടർന്ന് തലേ ദിവസം തന്റെ നിർബന്ധത്തിനു വഴങ്ങി നേഴ്സ് രഹസ്യമായി സംഘടിപ്പിച്ചു നൽകിയ ദിനപത്രം എടുത്ത് ഒരിക്കൽക്കൂടി കണ്ണോടിച്ചു.

ആ സമയം അവളുടെ മിഴികൾ നിറഞ്ഞുതൂവി. പത്രത്തിന്റെ ഉൾപ്പേജിലെ വാർത്തയും, അതിനോട് അനുബന്ധിച്ച് കൊടുത്തിരുന്ന പാസ്പോർട്ട് സൈസ് ഫോട്ടോയും കണ്ണിൽ ഉടക്കിയതോടെ തളർന്നുപോയ അവൾ ...നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞുപോയി.

ആ ചിത്രം അവളുടെ ഭർത്താവിന്റേതായിരുന്നു. കൊറോണ ബാധിച്ചു മരിച്ച യുവാവിന്റെ മൃതദേഹം ആരോഗ്യപ്രവർത്തകരുടെ നേതൃത്വത്തിൽ സംസ്കരിച്ചു. അതായിരുന്നു പത്രവാർത്ത.

തനിക്കും, മോൾക്കും വേണ്ടി പകലന്തിയോളം കഷ്ടപ്പെട്ട... നാളെയെന്ന നല്ല നാളുകളെ കുറിച്ച് സ്വപ്നം കണ്ട് ഒരുമിച്ചു ജീവിച്ച ഭത്താവ് ഇതാ ഈ ഭൂമി വിട്ട് യാത്രയായിരിക്കുന്നു. ഒരു പക്ഷേ, നാളെ മോളെ തനിച്ചാക്കി ഇതുപോലെ താനും ഈ ലോകം വിട്ട് പോയേക്കാം... അവളുടെ മിഴികൾ നിറഞ്ഞുതൂവി.

"കരയരുത് ചേച്ചി... ഇത് വിധിയാണ്. മനുഷ്യർക്ക് മേലുള്ള ദൈവത്തിന്റെ കൊറോണ എന്ന വിധി. എത്രയോപേരാണ് ലോകത്തിന്റെ ഓരോ കോണിലും നിത്യവും ഈ രോഗത്തിന്റെ പേരിൽ മരിച്ചു വീഴുന്നത്. നാളെ ഒരു പക്ഷേ, ഞാനും ഇതുപോലെ ഈ മാരക രോഗത്തിന്റെ പിടിയിൽ അമർന്നുകൊണ്ട് ഓർമ്മയായി മാറിയേക്കാം... നേഴ്സ് മിഴികൾ തുടച്ചുകൊണ്ട് അവളെ ആശ്വസിപ്പിച്ചു.

ഈ കഥയുടെ ആദ്യഭാഗങ്ങൾ വിഭ്രാന്തി, ഒരു സ്വപ്നം എന്നീ പേരുകളിൽ മുൻപ് പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.