ആ നാദം നിലച്ചു. ലോകമാകെയുള്ള ലക്ഷക്കണക്കിനാളുകളുടെ പ്രാർത്ഥനകൾ വിഫലമായി. ചെന്നൈയിലെ അരുമ്പാക്കത്തെ എം. ജി. എം. ഹെൽത്ത് കെയർ ഹോസ്പിറ്റലിലായിരുന്നു ശ്രീപതി പണ്ഡിതാരാധ്യുലു ബാലസുബ്രഹ്മണ്യം എന്ന എസ്. പി.ബാലസുബ്രഹ്മണ്യം

ജീവിതഗാനം മംഗളം പാടി അവസാനിപ്പിച്ചത്. ആന്ധ്രയിലെ നെല്ലൂരിലായിരുന്നു ജനനം.അച്ഛൻ ശ്രീ. എസ്. പി. സാംബമൂർത്തി ഹരികഥാകാരനായിരുന്നു. അമ്മ ശ്രീമതി.ശകുന്തളമ്മ. രണ്ടു സഹോദരന്മാരും അഞ്ചു സഹോദരിമാരുമാണദ്ദേഹത്തിന്. ഭാര്യ ശ്രീമതി. സാവിത്രി. മക്കൾ എസ്. പി. ചരൺ, പല്ലവി. 

പ്രിയ എസ്. പി. ബി. ,
രക്ത ബന്ധം കൊണ്ടോ സാമൂഹിക ബന്ധം കൊണ്ടോ നിങ്ങൾ ഞങ്ങളുടെ ആരുമല്ല.ഞങ്ങളിൽ ഭൂരിഭാഗവും ഒരിക്കൽപ്പോലും നിങ്ങളെ ഒന്ന് നേരിൽ കാണുകയോ നിങ്ങളുടെ പാട്ട് നേരിൽ കേൾക്കുകയോ ചെയ്തിട്ടില്ല.എന്നിട്ടും എന്നെപ്പോലെ ലക്ഷക്കണക്കിനു ഭാരതീയർക്ക് നിങ്ങൾ ആരൊക്കെയോ ആയിരുന്നു. സെപ്റ്റംബർ 25ന് ഉച്ചക്ക് 1.04 ന് നിങ്ങളുടെ വിയോഗ വാർത്ത കേട്ടപ്പോൾ ഞങ്ങളുടെയൊക്കെ വീട്ടിലുള്ള ഒരാളുടെ മരണത്തിന്റെ ദുഃഖം ഞങ്ങൾ അനുഭവിച്ചു.ഏറ്റവും അടുത്ത ഒരാളുടെ വേർപാടുണ്ടാക്കുന്ന ശൂന്യതയാണ് ഞങ്ങളുടെയൊക്കെ മനസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ.

നിങ്ങളെപ്പോലെത്തന്നെ ഞങ്ങൾ ഭൂരിഭാഗം പേരും ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ല. പക്ഷേ നിങ്ങളുടെ സംഗീതം ആസ്വദിക്കാൻ ഞങ്ങൾക്കതിന്റെ ആവശ്യമില്ലായിരുന്നു.ആ ശബ്ദം ഞങ്ങളുടെ ഹൃദയത്തിന്റെ ശബ്ദമായിരുന്നു. നിങ്ങളുടെ സംഗീതം ഞങ്ങൾക്ക് കടലുപോലെ ആയിരുന്നു.
കടൽ കാഴ്ചക്കാരന്റെ മനോഭാവമനുസരിച്ച് വികാരം സൃഷ്ടിക്കുന്ന പ്രകൃതി പ്രതിഭാസമാണ്. അതുപോലെയാണ് ഞങ്ങൾക്ക് നിങ്ങളുടെ ശബ്ദം.കഴിഞ്ഞ അഞ്ചര പതിറ്റാണ്ടുകളായി ഞങ്ങളുടെ മനസ്സിലെ പ്രണയത്തിനു മഴവില്ലിന്റെ നിറം പകരാനും ഞങ്ങളുടെ സന്തോഷങ്ങൾക്ക് ആയിരം പൂത്തിരികളുടെ പ്രഭ പകരാനും വിരഹങ്ങൾക്കും ദു:ഖങ്ങൾക്കും സമാശ്വാസത്തിന്റെ ആവരണം തീർക്കാനും നിങ്ങളുടെ ശബ്ദത്തിനു കഴിഞ്ഞു.
"ഓൾഡ് ജെൻ, ന്യൂ ജെൻ "ഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും ഒരുപോലെ 'ഫാൻസാ'ക്കി മാറ്റുന്ന നിങ്ങളുടെ ആ മാജിക് അത്ഭുതകരം തന്നെ.
1966 മുതൽ ഈ കോവിഡ് കാലംവരെ വിവിധ കാലയളവിൽ വെള്ളിത്തിരയിൽ നിങ്ങളുടെ പാട്ടുകൾക്ക് ജീവൻ നല്കിയ എത്രയെത്ര നായകന്മാർ !ഇതിഹാസതുല്യരായ അവരിൽ പലരും വിസ്‌മൃതിയുടെ കാണാക്കയങ്ങളിൽ മറഞ്ഞുവെങ്കിലും നിങ്ങളുടെ ശബ്ദം ഇന്നും അതേ യൗവ്വനത്തോടെ ഞങ്ങളുടെ മനസ്സിൽ നിലനിൽക്കുന്നു.ജെമിനി ഗണേശൻ, എം. ജി.ആർ, ശിവാജി ഗണേശൻ എന്നിവർ മാത്രമല്ല രജനീ കാന്തും കമൽഹാസനും അക്ഷയ്‌കുമാറുമെല്ലാം ജനമനസ്സുകളിലെ നിത്യനായകന്മാരായി നിലനിൽക്കുന്നതിൽ വലിയൊരു പങ്ക് നിങ്ങളുടെ അനുഗൃഹീതമായ ശബ്ദത്തിനുമുണ്ട്.

എം. എസ്. വിശ്വനാഥൻ,
പി. ദേവരാജൻ, കെ. വി. മഹാദേവൻ, ഇളയരാജ,
എ. ആർ. റഹ്മാൻ, വിദ്യാസാഗർ, എസ്. പി. വെങ്കടേഷ് തുടങ്ങി എത്ര എത്ര മഹാന്മാരായ സംഗീത സംവിധായകരുടെ ഏതെല്ലാം തരത്തിലുള്ള പാട്ടുകളാണ് നിങ്ങൾ പാടിയത് !
14 ഭാഷകളിൽ നാല്പതിനായിരത്തോളം പാട്ടുകൾ.ഇതൊരു മനുഷ്യസാധ്യമായ പ്രവൃത്തിയാണോ എന്നു പലപ്പോഴും ഞങ്ങൾ അത്ഭുതം കൂറിയിട്ടുണ്ട്.മാത്രമല്ല പാട്ടുപാടിച്ചവർക്കും കൂടെപ്പാടിയവർക്കും ഉപകരണങ്ങൾ വായിച്ചവർക്കും സംഗീത പരിപാടി സംഘടിപ്പിച്ചവർക്കും അങ്ങനെ എല്ലാവർക്കും നിങ്ങളെപ്പറ്റി നല്ലതു മാത്രമേ പറയാനുള്ളു. എന്താണതിന്റെ രഹസ്യം? ലോകത്ത് എവിടെയെങ്കിലും ഒരേ സമയം ഇങ്ങനെ ജനകീയനും ജനപ്രിയനുമായ ഒരു ഗായകൻ വേറെ ഉണ്ടായിട്ടുണ്ടാകുമെന്നു തോന്നുന്നില്ല.നിങ്ങളുടെ സ്റ്റേജ് ഷോകളിൽ എത്ര മനോഹരമായാണ് സഹപ്രവർത്തകരെ നിങ്ങൾ ചേർത്തു പിടിക്കാറുള്ളത്. പുതിയ ഗായകരുടേയും പിന്നണി സംഗീതജ്ഞരുടേയുമെല്ലാം പേരെടുത്തു പറഞ്ഞു നിങ്ങൾ പരിചയപ്പെടുത്തുമ്പോൾ അവരുടെയെല്ലാം സന്തോഷവും ആത്മവിശ്വാസവും എത്രമാത്രം ഉയരത്തിലായിരിക്കുമെന്നു പറഞ്ഞറിയിക്കാൻ കഴിയില്ല.

കൗമാരത്തിൽ നിങ്ങളുടെ നാട്ടിൽ നടന്ന ഒരു സംഗീതമത്സരത്തിൽ സമ്മാനം നൽകാനെത്തിയ എസ്. ജാനകിയമ്മ സമ്മാനം നല്കികൊണ്ടു പറഞ്ഞു, സമ്മാനം കിട്ടിയ രണ്ടുപേരും നന്നായി പാടി എങ്കിലും രണ്ടാം സ്ഥാനം കിട്ടിയ കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം കൊടുക്കേണ്ടത്. കാരണം അവൻ അനുകരിക്കാതെ സ്വന്തം ശൈലിയിൽ ആ പാട്ട് മനോഹരമായി പാടി. അന്നത്തെ രണ്ടാം സ്ഥാനക്കാരനായ നിങ്ങൾക്ക് അന്നേ പുരസ്‌കാരം കിട്ടിക്കഴിഞ്ഞിരുന്നു. മാത്രമല്ല ജാനകിയമ്മ അന്നു നിങ്ങളെ ചേർത്തു പിടിച്ചുകൊണ്ടു പറഞ്ഞു നിന്റെ ശബ്ദം സിനിമയ്ക്കു പറ്റിയതാണ് നീ ശ്രമിക്കണമെന്ന്.
ജാനകിയമ്മയുടെ ആ വാത്സല്യം കലർന്ന ദീർഘവീക്ഷണം സത്യമായി ഭവിച്ചെന്നു മാത്രമല്ല ഇന്ത്യൻ സംഗീതത്തിലെ ഏറ്റവും മികച്ച ഗാന ജോഡികളായി നിങ്ങൾ മാറിഎന്നതു ചരിത്രം. നിങ്ങൾ രണ്ടുപേരും ചേർന്ന് അവിസ്മരണീയങ്ങളായ എത്രയോ ഗാനങ്ങൾ ഞങ്ങൾക്കു തന്നു.
"മലരേ മൗനമാ മൗനമേ
വേദമാ "('കർണ്ണ '), "സുന്ദരി കണ്ണാലോരു "('ദളപതി ') "പൊത്തിവച്ച മല്ലിക മൊട്ട് "
('മണ്ണുവാസനൈ ') തുടങ്ങിയ ഗാനങ്ങൾ....
ഇനി അതു പാടാൻ നിങ്ങളില്ലെ ന്ന് ഓർക്കുമ്പോൾ ഹൃദയം തകരുന്നു.

എൺപതുകളിലാണ് നിങ്ങളുടെ സംഗീത ജീവിതം അതിന്റെ കൊടുമുടിയിൽ എത്തി നിന്നത്. ഇളയരാജയും നിങ്ങളും ചേർന്നപ്പോൾ ഞങ്ങൾക്കു കിട്ടിയ ഗാനവസന്തം പാട്ടിനെ ഇഷ്ടപ്പെടുന്നവർ എങ്ങനെ മറക്കാനാണ്? അല്ലെങ്കിലും നിങ്ങളിരുവരുടേയും സൗഹൃദം ഞങ്ങളെല്ലാം എത്ര ആദരവോടെയാണ് നോക്കിക്കണ്ടതെന്നോ. ആഗസ്ത് 5 ന് നിങ്ങൾ ആശുപത്രിയിൽ പ്രവേശിച്ചതിനു ശേഷം "ബാലു അസുഖം മാറി വേഗംഎഴുന്നേറ്റു വാ നിന്നെ ഞങ്ങൾ കാത്തിരിക്കുന്നു "എന്നു പറയുന്ന രാജാ സാറിന്റെ വീഡിയോ കണ്ണീരോടെയായിരുന്നു ഞങ്ങൾ കണ്ടത്.

ഞങ്ങൾ മലയാളികൾ നിങ്ങളുടെ ശബ്ദത്തേയും അതിന്റെ ഭാവാത്മകതയേയും പൂർണ്ണ രീതിയിൽ ഉപയോഗിച്ചിരുന്നില്ല എന്നു ഞങ്ങൾക്കറിയാം (അല്ലെങ്കിലും ഞങ്ങൾ അങ്ങനെയാണ്. ആളുകൾ മരിച്ചാലേ അവരുടെ മഹത്വം ഞങ്ങൾ അംഗീകരിക്കൂ, അതു തന്നെ അപൂർവ്വം.സാക്ഷരത കൂടുതലായതു കൊണ്ട് ഉണ്ടായതാണോ എന്നറിയില്ല 'സിനിസിസം' എന്നൊരു അസുഖത്തിന്റെ അസ്കിത ഞങ്ങൾക്കു കുറച്ചുണ്ട് .. ).
"ഈ കടലും മറുകടലും "(കടൽപ്പാലം ), 'താരാപഥം ചേതോഹരം', 'ചിരികൊണ്ടു പൊതിയും മൗനദുഃഖങ്ങൾ' തുടങ്ങിയവ മറക്കുന്നില്ല.പക്ഷേ സാധാരണ പാട്ടാസ്വാദകരായ ഞങ്ങൾക്ക് തെല്ലും നഷ്ടബോധമില്ല. നിങ്ങളുടെ 'ശങ്കരാ നാദ ശരീരാപരാ ', ഓംകാര നാദാനു സന്താന ', 'അഞ്ജലി പുഷ്പാഞ്ജലി ', 'ഇളയനിലാ ', 'കണ്ണാൽ പേസും പെണ്ണെ ', 'ഉന്ന നിനച്ചേ പാട്ടുപഠിച്ചേ ', 'ഒരുവൻ ഒരുവൻ മുതലാളി ', 'കേളെടി കണ്മണി ', 'മാങ്കുയിലെ പൂങ്കുയിലേ ', 'ആണെന്ന പെണ്ണെന്ന ',
'അരച്ച സന്ദനം ', 'തങ്കനിലവുക്കുൾ നിലവുണ്ട് ',
'പെഹ് ല പെഹ്‌ല പ്യാർ ',
'ദിൽ ദീവാന ', 'മേരേ ജീവൻ സാഥി '
ചിത്രയയോടൊപ്പം പാടിയ 'അണ്ണാമല അണ്ണാമല ',
'മെദുവാ മെദുവാ', 'പൂവ്ക്കുള്ളേ ഒരു രാഗം ', 'ഗുരുവായൂരപ്പാ ', ലതാജിയോടൊപ്പം പാടിയ
'ദീദീ തേരാ ദേവർ ദീവാനാ ', 'സുന്ദരിയാ സുനമയിയാ ',
തുടങ്ങി എണ്ണിയാലൊടുങ്ങാത്ത പാട്ടുകൾ ഞങ്ങളുടെ സ്വന്തംപോലെ ഞങ്ങൾ ഹൃദയത്തിൽ കൊണ്ടുനടക്കുന്നവയാണ്.

പ്രണയ - വിരഹ -ദുഃഖ ഗാനങ്ങളോടൊപ്പം ഞങ്ങൾക്ക് മറക്കാൻ കഴിയാത്തവയാണ് നിങ്ങളുടെ ഭക്തിഗാനങ്ങളും. 'ബ്രഹ്മ മുരാരിസുരാചിത ലിംഗം '
എന്ന ലിംഗാഷ്ടകവും, 'ഗംഗാതരംഗ രമണീയ ജടാകലാപം 'എന്ന വിശ്വനാഥഷ്ടകവും, 'പ്രഭും പ്രാണനാഥം വിഭും വിശ്വനാഥം 'എന്ന ശിവാഷ്ടകവുമെല്ലാം
നിങ്ങളുടെ നാദ ശരീരത്തിലൂടെ വരുമ്പോൾ ഏതു മനസ്സാണ് ആർദ്രമാക്കാതിരിക്കുക !

നിങ്ങൾക്കു നൽകിയതിലൂടെ ബഹുമാനിതമായ പുരസ്‌കാരങ്ങൾ നിരവധിയാണ്. രാജ്യം പദ്മശ്രീയും പദ്മഭൂഷണും നല്കി നിങ്ങളെ ആദരിച്ചു. ആറു തവണ ഏറ്റവും നല്ല ഗായകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു, നിങ്ങളുടെ 'അണ്ണൻ 'യേശുദാസിനു തൊട്ടുപിന്നിൽ (8തവണ ) രണ്ടാം സ്ഥാനം നിങ്ങൾക്കാണ്.
'ഓങ്കാര നാദാനു സന്താന മൌലാനമേ '(ശങ്കരാഭരണം - തെലുങ്ക്, 1979),
'തേരേ മേരേ ബീച്ച് മേം '(ഏക് ദുജേ കേലിയെ - 'ഹിന്ദി, 1981),
'വേദം അണുവണുവുന നാദം '(സാഗരസംഗമം -തെലുങ്ക്, 1983)
'ചെപ്പാലനി ഉണ്ടി '(രുദ്രവീണ -തെലുങ്ക്, 1988),
'ഉമണ്ടു ഘുമണ്ടു ഘന ഗർജെ ബദര'(കന്നഡ -1995)
'തങ്കതാമരൈ '(മിൻസാരക്കനവ് -തമിഴ്, 1995)
എന്നിവയായിരുന്നു ദേശീയ പുരസ്‌കാരങ്ങൾ ലഭിച്ച പാട്ടുകൾ. 25 തവണ ആന്ധ്രപ്രദേശ് സംസ്ഥാന പുരസ്‌കാരം നിങ്ങൾക്കു ലഭിച്ചു.

റെക്കോർഡുകളുടെ പെരുമഴതന്നെ സൃഷ്ടിച്ചിട്ടുണ്ടല്ലോ നിങ്ങൾ. ഏറ്റവും കൂടുതൽ പാട്ടുകൾ
(40, 000) പാടി ഗിന്നസ് ലോക റെക്കോർഡ്, ഒരു ദിവസം ഏറ്റവും കൂടുതൽ പാട്ടുകൾ പാടിയ റെക്കോർഡ് (കന്നടയിൽ 21പാട്ടുകൾ ) ഇതെല്ലാം നിങ്ങൾക്ക് സ്വന്തം.

ഭാവമധുരമായ ശബ്ദത്തോടൊപ്പം വലുപ്പച്ചെറുപ്പമില്ലാതെ
സഹജീവികളോട്
നിങ്ങൾ കാണിക്കുന്ന ആദരവും സ്നേഹവുമാണ് നിങ്ങളെ ഞങ്ങൾക്ക് ഇത്രമേൽ പ്രിയങ്കരനാക്കിയത്.ശബരിമല ദർശനത്തിനു പോയപ്പോൾ ഡോളിയിൽ നിങ്ങളെ വഹിച്ച പാവം തൊഴിലാളികളുടെ കാലുകൾ നിങ്ങൾ തൊട്ടു വന്ദിച്ചപ്പോഴും ഗാനമേളയിൽ ഒരു പാട്ടിനു പുല്ലാങ്കുഴൽ വായിക്കുന്നതിനിടയിൽ പിഴവു വന്ന കലാകാരന് പാട്ടു കഴിഞ്ഞപ്പോൾ അതു തിരുത്താനായി അവസരം കൊടുത്ത് വായിപ്പിച്ച് കയ്യടി നേടിക്കൊടുത്തതുമെല്ലാം നിങ്ങൾക്കു മാത്രം കഴിയുന്ന മഹത്വമാണ്.

ഗാനഗന്ധർവ്വൻ യേശുദാസിന്റെ പാദപൂജ ചെയ്തപ്പോഴും റഫി സാഹിബിന്റെ പാട്ടു കേൾക്കുമ്പോഴാണ് താനൊക്കെ എത്ര ചെറിയ ഗായകനാണെന്ന് മനസ്സിലാവുകയെന്നു പറഞ്ഞപ്പോഴും നിങ്ങളുടെ എളിമയും നിഷ്കളങ്കതയും ഞങ്ങൾ കണ്ടു.

പറഞ്ഞു തീർക്കാൻ കഴിയാത്തത്ര ഓർമ്മകൾ അവശേഷിപ്പിച്ചാണ് നിങ്ങൾ കടന്നു പോയത്.കാലം ഇനിയും മുന്നോട്ടു പോവുക തന്നെ ചെയ്യും. നിരവധി പുതിയ ഗായകരുമുണ്ടാകും. പക്ഷേ ഉദാത്തമായ മനുഷ്യസ്നേഹവും വിനയവും എളിമയും അതുല്യവും അത്യുന്നതവുമായ പ്രതിഭയും ഒത്തു ചേർന്ന നിങ്ങളെപ്പോലുള്ള ഒരു ഗായകൻ ഇനി ഉണ്ടാകുന്ന കാര്യം സംശയമാണ്. ഉണ്ടാകുമെങ്കിൽ തന്നെ അതിനായി ഈ ലോകം നൂറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും.കാരണം നിങ്ങളെ പോലുള്ള യഥാർത്ഥ മഹാന്മാർ അപൂർവത്തിൽ അപൂർവ്വമായി കാലം തരുന്ന വരദാനമാണ്.

കൂടുതൽ വായനയ്ക്ക്