മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

saraswathi thampi

മീനച്ചൂട് അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കയാണ്. ഇന്നു പെയ്യും, നാളെ പെയ്യാതിരിക്കില്ല, മറ്റന്നാൾ തീർച്ചയായും പെയ്തിരിക്കും എന്നിങ്ങനെയുള്ള കാലാവസ്ഥാ പ്രവചനങ്ങൾ കണ്ട് വേഴാമ്പലിനെപ്പോലെ നാം കാത്തിരിക്കാൻ തുടങ്ങിയിട്ട് നാളേറെയായി.

പതിവുപോലെ ചുട്ടുപൊള്ളുന്ന മണ്ണിന് കുളിരേകി അല്പമൊന്നാശ്വാസം നൽകി വന്നെത്താറുള്ള വേനൽ മഴയും കിട്ടിയില്ലിതു വരെ. ഒരിറ്റു ദാഹനീർ തേടി കാടിറങ്ങുന്ന ജീവജാലങ്ങളെ തൊണ്ട നനക്കാൻ സമ്മതിക്കാതെ  നിർദ്ദാക്ഷിണ്യം ഓടിച്ചു വിടുന്നു. എവിടെയൊക്കെയോ മനുഷ്യർ കാട്ടുതീ പടർത്തി അവസ്ഥ  കൂടുതൽ വഷളാക്കുകയും ചെയ്യുന്നതോടെ തികഞ്ഞ മട്ടായി.

എങ്കിലും കാലചക്രത്തിരിച്ചിലിൽ വിഷുപ്പുലരിയുമിങ്ങെത്താറായി. അതെ, നാളെയാണ് .. നാളെയാണ് എന്ന് ലോട്ടറി ക്കച്ചവടക്കാരൻ്റെ വിളംബരത്തെ ഓർമപ്പെടുത്തും വിധം മനസ്സങ്ങനെ മന്ത്രിക്കുമ്പോൾ ഭൂതകാല സ്മരണകൾ തിക്കിത്തിരക്കി മനസ്സിലേക്കോടിയെത്തുന്നു. വിഷുത്തലേന്ന് കുട്ടികളായ ഞങ്ങൾ വലിയ തിരക്കിലായിരിക്കും. വിരുന്നുകാരും മറ്റും വരുമെന്നതുറപ്പുള്ളതുകൊണ്ട് മുതിർന്നവർ സദ്യ യൊരുക്കുന്ന തിരക്കിലായിരിക്കുമ്പോൾ കണിയൊരുക്കാനുള്ള സാമഗ്രികൾ ശേഖരിക്കേണ്ട ജോലി കുട്ടിപ്പട്ടാളത്തിൻ്റേതാണെന്നന്നത് അലിഖിതനിമയമമാണ്.

കുളിയും പ്രഭാത ഭക്ഷണവും കഴിച്ചാലുടൻ ഞങ്ങൾ പുറപ്പെടുകയായി. ഇലഞ്ഞിപ്പൂ ,എരുക്കിൻ പൂ ,അലറിപ്പൂ (കുങ്കുമപ്പൂവെന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്) എന്നിവ ശേഖരിക്കുന്നതാണ് ആദ്യപടി. ഉച്ചയോടെ ഇവയെല്ലാം മതിവരുവോളം ശേഖരിച്ചു കൊണ്ടുവരും. ഉച്ചയൂണു കഴിഞ്ഞാൽ മാല കോർക്കുന്ന ചടങ്ങാണ്. ഇലഞ്ഞിപ്പൂമാല താരതമ്യേന ചെറുതായിരിക്കുമെങ്കിലും പരിസരമാകെ സുഗന്ധപൂരിതമായിരിക്കുമ്പോൾ വലുപ്പത്തിലൊന്നും ഒരു കാര്യവുമില്ലെന്ന് ആരും സമ്മതിച്ചു പോകും. വെള്ള നിറത്തിൽ ഇളം മഞ്ഞ സ്പർശവും വ്യതിരിക്തമായ സുഗന്ധവുമുള്ളതാണ് അലറിപ്പൂക്കൾ.അവ കൊണ്ട് മാല കോർക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്.ഒരു നൂല് താഴേക്ക് കെട്ടിയിട്ട് ഓരോ പൂക്കളായി നാലു വശത്തേക്കും നൂലിൽ കോർത്തിടണം. എരുക്കിൻ പൂ കൊണ്ട് മാലകെട്ടുന്നതും ഏറെ എളുപ്പമാണ്. അല്ലെങ്കിൽത്തന്നെ ഏറെ താല്പര്യത്തോടെ സ്വമനസ്സാലെ ചെയ്യുന്ന ഏതു ജോലിയാണ് പ്രയാസമുള്ളതായി ത്തോന്നുക! ഒരു ഓട്ടുപാത്രത്തിൽ മാലകളെല്ലാം ഒതുക്കി വെച്ച് തണുത്ത വെള്ളവും കുടഞ്ഞ് മുകളിലൊരു തേക്കിലയും വെച്ച് സുരക്ഷിതമാക്കും.

വെയിലാറിക്കഴിഞ്ഞാണ് കൊന്നപ്പൂ തേടിയുള്ള യാത്ര. സന്ധ്യക്കു മുമ്പേ മധുര മനോഹരമഞ്ഞപ്പൂക്കളുമായി വീടെത്തിക്കഴിഞ്ഞാൽ എന്തെല്ലാമോ ചെയ്തു തീർത്ത സംതൃപ്തിയാണ്.
ഓട്ടുരുളിയും നിലവിളക്കും ഓട്ടു കിണ്ടിയും തേച്ചുമിനുക്കി സ്വർണത്തിളക്കത്തോടെ ഒരുക്കി വെച്ചിട്ടുണ്ടാവും അകത്തളങ്ങളിൽ. ചക്കയും മാങ്ങയും നാളികേരവുമുണ്ടാകും തൊട്ടടുത്തു തന്നെ. 

അത്താഴം കഴിഞ്ഞ് ഞങ്ങൾ ഉറങ്ങുവാൻ കിടക്കുമ്പോഴും അടുക്കളയിൽ ജോലികൾ തീർന്നിട്ടുണ്ടാവില്ല. പകൽച്ചൂടിൻ്റെ പരിചയമില്ലാത്ത അലച്ചിൽ കാരണമാവാം കിടന്നതേ ഓർമ്മകാണൂ. അല്ലെങ്കിൽത്തന്നെ അന്നൊക്കെ എത്ര പെട്ടെന്നാണ് ഉറങ്ങിപ്പോയിരുന്നത്.ഇന്നത്തെപ്പോലെ നിദ്രയെക്കാത്ത് വിരസതയോടെ നിമിഷങ്ങളെണ്ണി നീക്കേണ്ടി വന്നത് നിഷ്ക്കളങ്ക ബാല്യം കൈവിട്ടതിനു ശേഷമാണല്ലോ.എന്നും ഇങ്ങനെ തന്നെയായിരിക്കുമെന്നും അന്നുള്ളവരെല്ലാം എന്നും ഒപ്പമുണ്ടാവുമെന്നും മൂഢമായി വിശ്വസിച്ച നന്മയോലും ബാല്യമേ ..! നീ എത്രമാത്രം തെറ്റിദ്ധരിക്കപ്പെട്ടു അല്ലേ?

ചിന്തകളേ... തൽക്കാലം വിട.. ഞാനൊന്നു മുഴുവനായോർത്തെടുത്തോട്ടെ!
 വിഷുപ്പുലരിയിൽ കണി കാണാനായി ഉറങ്ങാൻ കിടക്കുമ്പോഴും വറക്കുന്നതിൻ്റേയും പൊരിക്കുന്നതിൻ്റേയും സുഗന്ധത്തോടൊപ്പം വ്യത്യസ്ത ഗന്ധമാർന്ന പൂക്കളുടെ സൗരഭ്യവും അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നത് ഇന്നുമുണ്ട് ഗൃഹാതുരതയായി മനസ്സിൽ !

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter