മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

photo

V Suresan

ജനറൽ ട്രാൻസ്ഫറിൽ ഈ ഓഫീസിൽ നിന്നു അഞ്ചുപേർക്ക് മാറ്റമുണ്ട്. അതിനോടനുബന്ധിച്ച് ഇന്ന് ചെറിയൊരു ടീ പാർട്ടി അറേഞ്ച് ചെയ്യാം. വേണ്ടതൊക്കെ ഏർപ്പാടു ചെയ്യാൻ ക്ലാർക്ക് രവിയെ ചുമതലപ്പെടുത്തി.അഞ്ചു പേരും നാളെ റിലീവ് ചെയ്യും. ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണം എന്ന്  പൊതുവേ അഭിപ്രായം ഉയർന്നതിനാൽ നാളെത്തന്നെ ഫോട്ടോ എടുക്കാൻ പ്രിൻസ്  സ്റ്റുഡിയോയിൽ ഏർപ്പാട് ചെയ്തു.  

പിറ്റേന്ന് രാവിലെ തന്നെ  പ്രിൻസ് ഫോട്ടോഗ്രാഫർ വരുകയും  ഓഫീസ് ബിൽഡിംഗിൻ്റെ  പശ്ചാത്തലത്തിൽ ‘റെഡി, സ്മൈൽ പ്ലീസ്’ പറഞ്ഞ് ഗ്രൂപ്പ് ഫോട്ടോ  എടുക്കുകയും ചെയ്തു.  

അതിനടുത്ത ദിവസമാണ്  ഈ വിഷയത്തിൽ ഒരു പരാതി ഉയർന്നത്. ഓഫീസിലെ മീറ്റർ റീഡേഴ്സ് യൂണിയൻ്റെ നേതാവായ ശിവരാജൻ ഒരു പഠന ക്യാമ്പിൽ പങ്കെടുക്കാനായി   കാസർകോട് പോയിരിക്കുകയായിരുന്നു.  അയാൾ ഇന്ന് തിരികെ ഓഫീസിൽ എത്തിയ പ്പോഴാണ് ഗ്രൂപ്പ് ഫോട്ടോയുടെ  കാര്യമറിഞ്ഞത്.  

“ഫോട്ടോ ഇന്ന് എടുത്താൽ പോരായിരുന്നോ? ഞാനിന്ന് വരുമെന്ന് അറിയാവുന്നതല്ലേ?”  

“അത് - ഇന്നലെ അവരെല്ലാം റിലീവ് ചെയ്തു. അതുകൊണ്ടാണ് -”  

“അങ്ങനെയെങ്കിൽ ഇന്നലെ ഉച്ച കഴിഞ്ഞുള്ള ട്രെയിനിൽ ഞാൻ എത്തുമായിരുന്നല്ലോ . എന്നോട് വിളിച്ച് പറയാനുള്ള മര്യാദപോലും ആരും കാണിച്ചില്ല.” 

ശിവരാജൻ പലരോടും ഈ പരാതി പറഞ്ഞപ്പോൾ ഫോട്ടോ ഏർപ്പാട് ചെയ്ത ക്ലാർക്ക് രവി  സ്റ്റുഡിയോയിൽ വിളിച്ചു :  

“ഒന്നു രണ്ടുപേർക്ക് ചില അത്യാവശ്യങ്ങൾ കാരണം  ഫോട്ടോയ്ക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. അവരുടെ ഫോട്ടോ കൂടി  ചേർക്കാൻ മാർഗ്ഗമുണ്ടോ?”  

“അവരുടെ ഒറ്റയ്ക്കുള്ള ഫോട്ടോ  അയച്ചു തന്നാൽ മതി,  സ്പേസ് ഉള്ളിടത്ത് പേസ്റ്റ് ചെയ്യാം “  

ഭാര്യയ്ക്ക് അസുഖമായതിനാൽ മീറ്റർ റീഡർ രമണനും ഫോട്ടോയ്ക്ക് വരാൻ കഴിഞ്ഞില്ല. അതു കൊണ്ടാണ് രവി രണ്ടു പേരുടെ കാര്യം പറഞ്ഞത്. 

ശിവരാജൻ കൊടുത്ത പാസ്പോർട്ട് സൈസ് ഫോട്ടോ രവി വാട്‌സ് ആപ്പിൽ സ്റ്റുഡിയോയിലേക്ക് അയച്ചുകൊടുത്തു. 

അതിനുശേഷമാണ് ആരോ ശിവരാജനോട്  പറഞ്ഞത് -  “തല മാത്രം കൊടുത്താൽ  മറ്റൊരാളുടെ ബോഡിയിൽ ആയിരിക്കും തൻറെ തല ഒട്ടിക്കുന്നത്. അതിനാൽ ഫുൾ സൈസ് ഫോട്ടോ കൊടുക്കണം.”.  

അതുകേട്ട് ശിവരാജൻ തൻറെ ഒരു ഫുൾസൈസ് ഫോട്ടോ മൊബൈലിൽ എടുത്ത് സ്റ്റുഡിയോയിൽ കൊണ്ടുകൊടുത്തു.  

അതേ സമയം രവി, രമണനോട്  ഒരു ഫോട്ടോ സ്റ്റുഡിയോയിൽ കൊടുത്താൽ അത് ഗ്രൂപ്പ് ഫോട്ടോയിൽ ചേർത്തുകൊള്ളും എന്ന് അറിയിച്ചെങ്കിലും ആ വെട്ടിയൊട്ടിപ്പിൽ  രമണൻ വലിയ താല്പര്യം കാണിച്ചില്ല.  

സ്റ്റുഡിയോയിൽ ഗ്രൂപ്പ് ഫോട്ടോയുടെ വെട്ടിയൊട്ടിപ്പും മിനുക്കുപണിയും  എല്ലാം കഴിഞ്ഞ് അതിൻറെ കോപ്പി വാട്സാപ്പിൽ തന്നെ രവിക്ക് അയച്ചുകൊടുത്തു. രവി മറ്റു പലർക്കും അത് ഫോർവേഡ് ചെയ്യുകയും ചെയ്തു.  എന്നാൽ ഫോട്ടോയിൽ  സൂക്ഷിച്ചു നോക്കിയവർക്ക്  അതിശയവും ചിരിയും അടക്കാനായില്ല. ശിവരാജൻ ആ ഫോട്ടോയിൽ രണ്ടിടത്തു നിൽക്കുന്നു. ഒന്നിൽ, നീണ്ട താടിയും മുടിയും വെളുത്തിരിക്കുന്നു. മറ്റേതിൽ കറുത്തും.   

രവിയും ശിവരാജനും  കൊടുത്ത ഫോട്ടോകൾ രണ്ടുപേരുടേതാണ് എന്ന്  സ്റ്റുഡിയോക്കാർ തെറ്റിദ്ധരിച്ചതാകാം.  

എന്തായാലും ചിലർ ഈ അവസരം മുതലെടുത്തുകൊണ്ട്  സോഷ്യൽ മീഡിയ ഗ്രൂപ്പിൽ ഈ ഫോട്ടോ ഷെയർ ചെയ്തു.

ഫോട്ടോയ്ക്ക് താഴെ വന്ന കമൻ്റുകൾ ഇപ്രകാരമായിരുന്നു.  

“വീണ്ടും ശിവൻറെ അൽഭുതം.  ശിവൻ ഒരേസമയം രണ്ടിടത്ത്  പ്രത്യക്ഷപ്പെട്ടിരിക്കുന്നു.”   

“ഡബിളാ ഡബിള് .” 

“ഡബിളല്ല, ത്രിബിള്. ഇതേസമയം ഞാൻ ഈ രൂപം കാസർകോട് വച്ചും  കണ്ടു. '’  

“ഇന്നലെ ട്രെയിനിൽ വച്ചും  എനിക്ക് ഇദ്ദേഹത്തിൻറെ ദർശനം ഉണ്ടായല്ലോ.” 

“അപ്പോൾ ഒരേ സമയം നാലിടത്തോ? എങ്കിൽ ആ ദിവ്യാത്മാവിനെ നേരിൽ ദർശിച്ച് സായൂജ്യമടയണമല്ലോ.” 

ഇത്രയുമായപ്പോൾ ഓഫീസർ ക്ലാർക്ക് രവിയെ വിളിച്ചുപറഞ്ഞു:  

“ആ സ്റ്റുഡിയോയിൽ വിളിച്ചിട്ട്,  വെട്ടി ഒട്ടിപ്പ് ഒക്കെ മാറ്റി അന്ന് ഇവിടെ ഉണ്ടായിരുന്നവരുടെ മാത്രം  ഫോട്ടോ അയച്ചു തരാൻ പറ.  അല്ലെങ്കിൽ സോഷ്യൽ മീഡിയ  ശിവരായനെ മനുഷ്യ ദൈവമാക്കി  ആശ്രമവും കെട്ടും.” 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter