മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

രാവിലെ പത്രത്തിലെ നരബലിയെ കുറിച്ചുളള നാലുകോളം വാർത്ത വായിച്ച് ഒരു നെടുവീർപ്പിട്ടുകൊണ്ട് നാണ്വാര് ചാരുകസേരയിൽ ചാഞ്ഞുകിടന്നു.

ഈ മനുഷ്യരുടെ ഒക്കെ ഓരോ അവസ്ഥയേ! ഇപ്പോഴും ഇത്തരം അന്ധവിശ്വാസങ്ങളൊക്കെ ഉണ്ടല്ലോ. ഇത്ര കാലം കഴിഞ്ഞിട്ടും ഇവർക്കൊന്നും നേരം വെളുത്തിട്ടില്ല എന്നു വെച്ചാൽ? ഇന്നത്തെ കാലത്തൊക്കെ ആരെങ്കിലും ചെയ്യുന്ന കാര്യമാണോ ഇത്? ഒക്കേറ്റിനേം തൂക്കി കൊല്ലണം. ഇതുങ്ങളൊന്നും ഇനി പുറത്തിറങ്ങി നടക്കരുത്. വേറെ പണിയൊന്നുമില്ലാത്തത് കൊണ്ട് നാണ്വാരുടെ ചിന്തകളങ്ങനെ കാട് കേറിപ്പോയി.

ഇടവഴിയിലൂടെ ഒരു കാൽപെരുമാറ്റം കേട്ടപ്പോൾ നാണ്വാര് ജാഗരൂകനായി! പണ്ടേ മൂപ്പര് അങ്ങനെയാണ്. പട്ടിയേയും പൂച്ചയെയും വരെ മനസമാധാനത്തോടെ ആ വഴി നടക്കാൻ അങ്ങേര് സമ്മതിക്കില്ല.

"ആരാ അത്?"ഘനഗംഭീരമായ ശബ്ദം മുറ്റവും പടിപ്പുരയും കടന്ന് തൊടിയിലാകെ വ്യാപിച്ചു.

 "ഞാനാ നാണ്വാരേ മുത്തു". പ്രതിധ്വനി പോലെ മറുപടി വന്നു.

"എന്താ മുത്തൂ ഈ വഴി?"

"ഞാൻ മ്മടെ തേയീടെ വീട് വരെ ഒന്ന് പോവാണ്. ഇന്ന് കാളീടെ അമ്പലത്തിലെ ഉത്സവല്ലേ. രാത്രീല് ഭഗോതിക്ക് വെട്ടാന് ഒരു ആടിനെ വേണം."

ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം നാണ്വാര് മുത്തുവിനെ അകത്തേക്ക് വിളിച്ചു.

"മുത്തൂ. ആടിനെ ഞാൻ തരാം. കഴിഞ്ഞ തവണ മോളുടെ പ്രസവം ബുദ്ധിമുട്ടായപ്പോ ഞാന് ഭഗോതിക്ക് ഒരു ആടിനെ നേർന്നേരുന്നു. അതോണ്ട് പൈസയൊന്നും വേണ്ട. ഭഗോതീടെ കാര്യത്തിനല്ലേ. തൊഴുത്തിൽ പോയി നല്ല ഒരു ആടിനെ കൊണ്ടുപോയ്ക്കോ."

കയറും വലിച്ചു കൊണ്ട് മുത്തു പടിപ്പുര കടക്കുമ്പോൾ ആട് ദയനീയഭാവത്തോടെ നാണ്വാരെ ഒന്ന് തിരിഞ്ഞുനോക്കി. പക്ഷേ കണ്ണടച്ച്‌ മേലോട്ട് നോക്കി പ്രാർത്ഥിക്കുന്ന തിരക്കിലായിരുന്നതിനാൽ നാണ്വാര് അത് കണ്ടില്ല.

"അമ്മേ ഭഗവതീ കാത്തോളണേ"...

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter