മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Devalal cherukara - story writer

ശക്തമായ മഴയിൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ജലം ഉയരാൻ തുടങ്ങി. ഏപ്രിൽ മാസം മഴ തോരാതെ പെയ്തു. ജൂണിൽ കടുത്ത വെയിലും ചൂടും. ഋതുക്കളൊക്കെ മാറി മറിഞ്ഞ് മനുഷ്യന് പോലും

കാലത്തെക്കുറിച്ച് ഓർമ്മയില്ലാതായി. ചില നേരം ചുഴലി വീശിയടിച്ച് സർവ്വതും നശിപ്പിക്കും. മഴ പെയ്ത് പ്രളയമാകും. രണ്ടായിരത്തി ഒരു നൂറ്റിമുപ്പതാം വർഷത്തിൽ ഇതിങ്ങനെയാകുമെന്ന് ആരെങ്കിലും കരുതിയോ? മരുഭൂമിപോലെയായി മണ്ണ്. ഫ്ലാറ്റുകൾ ആകാശം മുട്ടെ വളർന്നു കയറി. സ്ഥല പരിമിതിമൂലം എല്ലാവരും ഫ്ലാറ്റിലൊതുങ്ങി. സ്വന്തമായി ഒരു വീടല്ല ഫ്ലാറ്റെന്ന ചിന്തയാണിപ്പോൾ മനുഷ്യന്. പക്ഷേ ശേഖരന്റെ ജീവിതവും ഭൂമിയും കണ്ടാൽ ഇയാളിപ്പോഴും ഇരുപതാം നൂറ്റാണ്ടിലാണോ ജീവിക്കുന്നതെന്ന് ആർക്കും ചെറിയ സംശയം തോന്നും. വലിയ ഫ്ലാറ്റിന്റെ മുകളിൽ നിന്ന് നോക്കിയാൽ കാണാവുന്ന ഒരേ ഒരു പച്ചപ്പ് ശേഖരന്റെ രണ്ടേക്കർ ഭൂമിയാണ്. മഴ പെയ്ത് തോർന്നതിന്റെ രണ്ടാം നാൾ വെയിൽ കനത്തു.

വീശിയടിച്ചെത്തിയ ചൂട് കാറ്റ് ശേഖരന്റെ ചെറിയ കാടിന് മുന്നിൽ ശാന്തനായി നിന്നു. അനുവാദം കിട്ടിയിട്ടെന്ന പോലെ കാറ്റ് കാടിനുള്ളിലേയ്ക്ക് നിശബ്ദമായി കടന്നു. മരച്ചില്ലകൾ ഒന്നുലഞ്ഞു. വെള്ള മന്ദാരപ്പൂക്കളിൽ ചിലത് ചെടിയോട് വിടചൊല്ലി മണ്ണിലേയ്ക്ക് വീണു. മദ്ധ്യാഹ്നത്തിന് ശേഷം പറമ്പിലേയ്ക്കെത്തുന്ന കാറ്റേറ്റ് വള്ളിപ്പടർപ്പിനെ തലോടി ശേഖരൻ ഒന്നു നടക്കാനിറങ്ങും. രണ്ടേക്കർ പറമ്പിന് നടുവിലായി കാണുന്ന ചെറിയ വീട്ടിലാണ് ശേഖരൻ താമസിക്കുന്നത്. ഓട്ടിസം ബാധിച്ച പോപ്പി എന്ന ഇളയമകന്റെ കൈപിടിച്ചാവും ചിലപ്പോൾ ശേഖരൻ നടക്കാനിറങ്ങുന്നത്. തിത്തിരിപ്പക്ഷിയും, കുരുവിയും, മൈനയുമൊക്കെ ഒരു ചില്ലയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പറക്കുന്ന നേരം പോപ്പി ഉറക്കെ ചിരിക്കും. കോടിയ മുഖത്ത് നിന്ന് വികൃതമായ ശബ്ദങ്ങൾ കേട്ട് കിളികൾ ചിലയ്ക്കും, പോപ്പിയോടുള്ള സ്നേഹ ഭാഷണം പോലെ.

പ്രഭാത നടപ്പിന് ശേഷം ശേഖരൻ വരാന്തയിലെ കസേരയിൽ ചാരിയിരുന്നു. തലമുറകൾ ഉപയോഗിച്ച് കാലപ്പഴക്കത്തിന്റെ കരുത്താർജ്ജിച്ച ചാരുകസേര. തുറന്നിട്ട ഗേറ്റിലൂടെ റാമിന്റെ കാർ അകത്തേയ്ക്ക് കയറി വരുന്നത് കണ്ടാണ് ശേഖരൻ മെല്ലെ പടി കടന്ന് താഴേയ്ക്ക് ഇറങ്ങി നിന്നത്. മൂത്ത മകനും കുടുംബവും നഗരത്തിലെ ഫ്ലാറ്റിൽ നിന്നുള്ള വരവാണ്. കാറ് നിർത്തിയപ്പോഴേ കൊച്ചുമകൾ കുഞ്ഞു ലക്ഷ്മി ശേഖരന്റെ അരികിലേയ്ക്ക് ഓടിയെത്തി. അവളുടെ നോട്ടം പതിവു പോലെ ചാമ്പ മരത്തിലേയ്ക്കും ഞാവൽ മരത്തിലേയ്ക്കുമൊക്കെ നീണ്ടുപോയി. പുലരുമ്പോഴെത്തി ഇരുളും മുൻപേ അവർ ഫ്ലാറ്റ് ജീവിതത്തിലയ്ക്ക് മടങ്ങിപ്പോകുന്നു.

നാലു ചുവരുകൾക്കപ്പുറത്തേയ്ക്ക് പോകാൻ ഇഷ്ടപ്പെടാതെ റാമും ഭാര്യ സാന്ദ്രയും മുറിക്കുള്ളിൽ അടച്ചിരുന്നു. ശേഖരന്റെ നോട്ടമെത്തുന്ന ദൂരത്തോളം കൊച്ചുമകൾ ഒരു പക്ഷിയെപ്പോലെ കാട്ടിലൂടെ പാറി നടന്നു. ഇടയ്ക്ക് സാന്ദ്രയുടെ വിളി ഉയരുമ്പോൾ മാത്രം മുഖം കാണിച്ച് അവൾ വീണ്ടും മരങ്ങൾക്കിടയിലേയ്ക്ക് മറയും. ഉച്ചയൂണിന് മേശയ്ക്കരികിലെത്തിയപ്പോഴാണ് റാം അമ്മയെ അടുത്തൊന്ന് കണ്ടത്. ഇടം കൈ ഏണിനൂന്നി മെല്ലെ നടക്കുകയാണമ്മ. ഓരോ കാലടികളിലും അകന്നു പോകുന്ന കശേരുക്കളെ അടുപ്പിച്ച് നിർത്താനൊരു പാഴ്ശ്രമം പോലെ നടുവിന് നേരെ ഒരു കൈ സദാ നീണ്ടിരിക്കുന്നു. പ്രായത്തിന്റെ അവശതകൾ പെരുകി ഈ നിമിഷം തന്നെ അടുക്കളയിൽ താനവസാനിച്ചു പോകുമെന്ന ചിന്തയുമായാണ് അമ്മ നടക്കുന്നതെന്ന് റാമിന് തോന്നി. അടുത്ത് ചെന്ന് ചേർത്ത് നിർത്തി അമ്മയ്ക്ക് എങ്ങനെയുണ്ടെന്ന് ചോദിക്കാൻ അയാൾക്ക് തോന്നി. പക്ഷേ സാന്ദ്രയുടെ നോട്ടം റാമിനെ പിന്നിലേയ്ക്ക് വലിച്ചുകൊണ്ടിരുന്നു. പോപ്പിയുടെ ചിരിയെ അവഗണിക്കുമ്പോൾ നെഞ്ച് പിടഞ്ഞു. ചേട്ടാ എന്ന അവ്യക്തമായ വിളി കേൾക്കാത്ത ദൂരത്തേയ്ക്ക് മാറി നിന്നു.

ഞാവൽ പഴം പെറുക്കി, മാവിൻ കൊമ്പിലാടി, കാടിന്റെ തലോടലേറ്റ് കുഞ്ഞുലക്ഷ്മി സന്ധ്യയോളം കളിച്ചു നടന്നു. മടങ്ങാൻ നേരമായപ്പോൾ അവളുടെ കണ്ണുകൾ കലങ്ങി.ഫ്ലാറ്റിലെ തണുപ്പില്ലെങ്കിൽ ഉറക്കം വരാത്ത മാതാപിതാക്കൾ അവളെ അടർത്തിയെടുത്ത് കാറിലേയ്ക്കിട്ടു. കരഞ്ഞ് തളർന്ന് ഉറങ്ങിയ മകളെ കണ്ടപ്പോൾ സാന്ദ്രയ്ക്ക് സങ്കടവും ദേഷ്യവും ഒരുമിച്ച് വന്നു. " റാം ഇവൾക്ക് എന്താണിത്ര പിടിവാശി. നമ്മുടെ സർക്കിളിനപ്പുറം പോകാനാണ് കുഞ്ഞിലേ തന്നെ അവൾ ആഗ്രഹിക്കുന്നത് "  വാഹനം റോഡിലൂടെ കുതിക്കുകയാണ്. " അതിനവൾ കുഞ്ഞല്ലേ " റാമിന്റെ മറുപടിയിൽ തൃപ്തി പോരാതെ സാന്ദ്ര പതിവു ദിശയിലേയ്ക്ക് സംഭാഷണത്തെ വഴി തിരിച്ച് വിടാനുള്ള പഴുതുകൾ തിരഞ്ഞു. " ഇത്തവണയും സ്ഥലം വിൽക്കുന്ന കാര്യം പറയാതെ റാമിങ്ങ് പോന്നു. രണ്ടേക്കർ വിൽക്കാനുള്ള കാര്യങ്ങൾ ഞാൻ ശരിയാക്കി വച്ചതാ. നിങ്ങൾ ഒന്നനങ്ങണ്ടേ?" റാം നിശബ്ദനായിരുന്നു. വാഹനം ആറ് വരി റോഡിൽ നിന്ന് രണ്ട് വരിയിലേയ്ക്ക് പ്രവേശിച്ചു. "റാം നിങ്ങൾ ഇപ്പോഴും ഇരുപതാം നൂറ്റാണ്ടിൽ തന്നെയാണോ ജീവിക്കുന്നത്. സിക്സ്റ്റിയിൽ ഓൾഡ് എയ്ജ് ഹോം അഡ്മിഷൻ ഓപ്പൺ ചെയ്യുന്നതാണിപ്പോൾ സിറ്റിയിലെ രീതി. ഫാമിലി പാക്കേജിന് ഓഫർ വരുന്ന സമയത്ത് അഡ്മിഷൻ തുക കൊടുത്തിട്ടേക്കണം. പോപ്പിയ്ക്ക് എന്നും അച്ഛന്റേയും അമ്മയുടേ കൂടെ നിൽക്കാം. അഡ്മിഷൻ തുകയിൽ ഫ്യുനറൽ ഫീസ് വരെ ഇൻക്ലൂഡഡാണ്. ആരെങ്കിലും മരിച്ചു പോയാൽ പോലും സമയമുണ്ടെങ്കിൽ അവിടം വരെ പോയാൽ മതി. അവർക്ക് ഒന്നിലും ഒരു പിടിവാശിയുമില്ല. ഈ സിറ്റിയിൽ തന്നെ ഇപ്പോൾ ഇരുപത് ഓൾഡ് ഏജ് ഹോമുകളുണ്ട് " സ്വന്തം മാതാപിതാക്കളെ അനാഥാലയത്തിലേയ്ക്ക് തള്ളിവിട്ട് സ്വത്ത് സഹോദരനുമായി ഭാഗിച്ചെടുത്തവൾക്ക് എന്തു മനസാക്ഷിയാണുള്ളത്. ഉത്തരം കൊടുക്കാൻ നിന്നാൽ പിന്നെ സ്വസ്ഥത കിട്ടില്ല. ആത്മ നിയന്ത്രണത്തിന്റെ ചരടുകൾ കൊണ്ട് അയാൾ സ്വയം ബന്തിച്ചു.

മെയ് മാസമായിട്ടും മഴ കാലം തെറ്റി ചെയ്യുകയാണ്. പ്രളയം നഗരത്തേയും താഴ്ന്ന പ്രദേശങ്ങളേയും വിഴുങ്ങിക്കഴിഞ്ഞു. ഈ വർഷത്തെ രണ്ടാം പ്രളയമാണിത്. വാർത്തയിലാകെ തല ചായ്ക്കാനിടമില്ലാതായവരുടെ കഥകൾ വന്നുകൊണ്ടിരിരുന്നു. കഴിഞ്ഞ സെപ്റ്റംബറിൽ ജലത്തിനു വേണ്ടിയുണ്ടായ വിപ്ലവത്തിൽ എഴുപത് പേരാണ് കേരളത്തിൽ മരിച്ചത്. പുഴകൾ സ്വകാര്യവത്കരിക്കപ്പെട്ടു. പുഴയോരത്ത് വേലി കെട്ടി അവർ കാവലേർപ്പെടുത്തി. അൻപത് ലിറ്റർ ജലത്തിന് സാധാനരണക്കാരൻ ഒരു ദിവസത്തെ കൂലി നൽകണം. ശേഖരൻ രാവിലെ ഉണർന്നത് വിനയന്റെ കോൾ അറ്റൻഡ് ചെയ്തു കൊണ്ടാണ്. നിരാശ കലർന്ന ശബ്ദത്തിലാണ് അയാൾ സംസാരിച്ചത്. ശേഖരൻ തന്റെ വീട് വരെ ഒന്നുവരണമെന്ന് പറയുന്നതിനിടയിൽ അയാൾ കരയുകയായിരുന്നു. പുറത്ത് മഴ തിമിർത്ത് ചെയ്തു കൊണ്ടിരുന്നു.

മഴയിലൂടെയാണ് വിനയന്റെ വീട്ടിലേയ്ക്കെത്തിയത്. വീടിനുള്ളിലേയ്ക്ക് ഏത് നിമിഷവും കയറാൻ തയ്യാറായി നിൽക്കുകയാണ് ജലം. തമ്മിൽ തീർത്ത അകലത്തിൽ നിശബ്ദരായി കുറച്ച് മനുഷ്യർ നില്ക്കുന്നു. ഇണ്ടായിരത്തി പത്തൊൻപതിലാണ് കോവിഡ് എന്ന മഹാമാരി മനുഷ്യനെ ഇതേ പോലെ അകറ്റി നിർത്തിയത്. മുഖത്തെ മാസ്ക്കെടുത്ത് മനുഷ്യർ തമ്മിലടുക്കാൻ വർഷങ്ങളെടുത്തു. മനസ്സുകൊണ്ട് നൂറ് വർഷങ്ങൾക്ക് ശേഷവും അവർ അകന്നു നില്ക്കുന്നു. മുട്ടറ്റം വെള്ളത്തിൽ നിൽക്കുമ്പോഴാണ് വിനയൻ പുറത്തേയ്ക്ക് വന്നത്. "ഇന്നലെ രാത്രിയാ അവള് മരിച്ചത്. അറിയാല്ലോ സമുദായത്തിന്റെ ശ്മശാനം മുഴുവൻ വെള്ളം കയറി കിടക്കുവാ" എന്ത് സഹായമാണ് ഇയാൾക്ക് തന്നോട് ചോദിക്കാനുള്ളതെന്ന സംശയത്തിന് ഏകദേശ ധാരണയായതുപോലെ ശേഖരൻ അത് കേട്ടു നിന്നു. വിനയെന്റെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിറകൊണ്ടു. അയാൾ ശേഖരന്റെ കരം കവർന്നു "എന്റെ ഭാര്യയുടെ ശരീരം ഞാനെന്ത് ചെയ്യുണം, പത്ത് മണിക്ക് ഒരു ശ്മശാനത്തിൽ അടക്കാമെന്ന് അവരേറ്റതാ, ഇപ്പോ പറയുന്നു സ്വജാതിയേ മാത്രമേ അടക്കാൻ സമ്മതിക്കൂന്ന്"

ശേഖരൻ അയാളെ ആശ്വസിപ്പിച്ച് പുറത്തേയ്ക്കിറങ്ങി. ജാതിയും മതവുമാണ് മനുഷ്യനെ നിയന്ത്രിക്കുന്നത്. സമുദായ വാക്യങ്ങൾ മാത്രം ശ്രവിക്കാനുള്ള ഇന്ദ്രിയം മാത്രമായി കർണ്ണപുടങ്ങൾ പരുവപ്പെട്ടിരിക്കുന്നു. ജാതിയും രാഷ്ട്രീയവും ഇല്ലാത്തവന് കളിക്കളത്തിലെ കരുക്കളെ പുറത്ത് നിന്ന് നോക്കിക്കാണാം. മടുക്കുമ്പോൾ മടങ്ങാം. കളിക്കുന്നവനും കളിപ്പിക്കുന്നവനും അവകാശപ്പെട്ടതാണ് ഭൂമി. ദൈവത്തെ മറന്ന് ജനങ്ങൾ ചെകുത്താനെ പൂജിക്കുന്നു. മന്ത്രവാദക്കളങ്ങളിൽ കുരുന്ന് ജീവൻ പിടഞ്ഞു വീഴുകയാണ്. നേട്ടങ്ങൾക്ക് വേണ്ടി കുട്ടികളെ ബലി കൊടുക്കുന്ന മാതാപിതാക്കളുടെ എണ്ണം ഏറുന്നു.

ചിന്തയിലേയ്ക്ക് വിനയന്റെ നനഞ്ഞ കണ്ണുകൾ കടന്നുവന്നു. മനുഷ്യത്വത്തിന്റെ പേരിൽ ആ ശരീരത്തെ തന്റെ പറമ്പിൽ അടക്കാൻ അനുവദിക്കേണ്ടതാണ്. റാമിന്റെ അനുവാദത്തിനായി അയാൾ ഫോൺ കയ്യിലെടുത്തു. കാര്യങ്ങൾ കേട്ട് റാം അച്ഛന്റെ ഇഷ്ടത്തിന് നടക്കട്ടേ എന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. അടക്കിന് ശേഖരന്റെ സമ്മതം കിട്ടിയതോടെ കാര്യങ്ങൾ വേഗത്തിലായി. ഫോൺ സംഭാഷണം ശ്രദ്ധിച്ച സാന്ദ്ര റാമിന്റെ മുഖത്തേയ്ക്ക് പുശ്ചത്തോടെ നോക്കി " പുതിയൊരു ശ്മശാനം. നാട്ടുകാർക്ക് തുറന്ന് കൊടുക്ക്. ഇനിയും വരും പലരും " റാം സാന്ദ്രയുടെ വാക്കുകൾ കേട്ടതായി ഭാവിക്കാതെ ലാപ്ടോപ്പ് ഡിസ്പ്ലേയിലേയ്ക്ക് നോക്കിയിരുന്നു. "റാമിന്റെ ഈ മൗനമാണ് എന്നെ വീണ്ടും ചൊടിപ്പിക്കുന്നത് " റാം ശാന്തമായി മുഖം തിരിച്ച് സാന്ദ്രയെ നോക്കി. മെല്ലെ മന്ദഹസിച്ചു. " എന്റെ മൗനത്തെ കഴിവില്ലായ്മയായി നീ കണക്കാക്കുന്നു. അതാണ് സത്യം " റാം വീണ്ടും കീ പാടിലേയ്ക്ക് മടങ്ങി. സാന്ദ്രയുടെ മുഖത്തെ രോഷ ഭാവം പൊടുന്നനെ മാഞ്ഞു. " ദാമ്പത്യത്തിലെ ഈ മൗനം ഒരു അഡ്ജസ്റ്റ്മെന്റാണ്. ഒരിക്കലും ചേരാത്ത ഒന്നിനെ ചേർത്ത് നിർത്താൻ ഞാൻ നടത്തുന്ന ഒരു പാഴ്ശ്രമം " മറുപടിയ്ക്ക് വാക്കുകൾ കിട്ടാതെ സാന്ദ്ര ജനാലയോളം നടന്ന് പുറത്തേയ്ക്ക് നോക്കി നിന്നു. ഇരുവർക്കുമിടയിലെ നിശബ്ദതയിൽ വിദൂര ശബ്ദങ്ങൾ വലിയ മുഴക്കങ്ങളായി മുറിയിൽ നിറഞ്ഞു.

കുഞ്ഞുലക്ഷ്മി ഡിജിറ്റൽ ബുക്കിൽ നോട്ടുകൾ സേവ് ചെയ്തു വയ്ക്കുകയാണ്. ഇടയ്ക്ക് മൊബൈലിൽ നിന്ന് വെളുത്ത പ്രതലത്തിലേയ്ക്ക് ദൃശ്യങ്ങൾ പ്രെജക്ട് ചെയ്ത് കാണുന്നുമുണ്ട്. ഫ്ലാറ്റിന്റെ ജനാലയോട് ചേർന്ന് ഒരു പക്ഷിക്കൂട് കണ്ടെങ്കിലും കുഞ്ഞുലക്ഷ്മി അത് രഹസ്യമാക്കി വച്ചിരുന്നു. പക്ഷേ സാന്ദ്രയുടെ കണ്ണിൽ പെടുമ്പോൾ കൂട്ടിൽ മൂന്ന് മുട്ടകളുണ്ടായിരുന്നു. ചൂലു കൊണ്ട് സാന്ദ്ര കൂടിനെ തട്ടി താഴേയ്ക്കിടുന്നത് കുഞ്ഞുലക്ഷ്മി വേദനയോടെ നോക്കി നിന്നു. മുട്ടകൾ മൂന്നാം നിലയിൽ നിന്ന് താഴേയ്ക്ക് വീണ് ചിതറി. പ്രതികരണ ശേഷിയെ കാലം മരവിപ്പിച്ചതു കൊണ്ടാവാം കുഞ്ഞുലക്ഷ്മിയിൽ വലിയ ഭാവഭേതങ്ങളൊന്നും ജനിക്കാതിരുന്നത്. തൊട്ടടുത്ത ഫ്ലാറ്റിലെ രേഖ പതിവില്ലാതെ സാന്ദ്രയെ കാണാനെത്തി. തന്റെ മൂന്നാം വിവാഹമോചനത്തെക്കുറിച്ച് പറയാനുള്ള വരവായിരുന്നു അത്. ഇഷ്ടപ്പെടാത്തതിനെ വലിച്ചെറിയാൻ പാകത്തിന് രാജ്യത്ത് അതിവേഗ കോടതികൾ പെരുകിയതിൽ രേഖ സന്തോഷവതിയാണ്. വിവാഹമോചനം വിരലിലെണ്ണാവുന്ന ദിനങ്ങൾ കൊണ്ട് സാധ്യമാവുന്നു. പിന്നെയും ലിവിങ്ങ് ടുഗദറിലൂടെ പുതിയൊരാൾ, ചിലപ്പോൾ ബന്ധങ്ങൾ വിവാഹത്തിലേയ്ക്ക് എത്തുകയോ പാതിയിൽ അവസാനിക്കുകയോ ചെയ്യും. മോചിതരാകുന്നവരുടെ കുട്ടികളെ ഏറ്റെടുക്കാൻ പണം വാങ്ങി പ്രവർത്തിക്കുന്ന ഒരു പാട് സ്ഥാപനങ്ങളുണ്ട് ഇന്നീ നാട്ടിൽ.

ഗേറ്റ് കടന്നെത്തിയ റാമിന്റെ കാറിനടുത്തേയ്ക്ക് നടന്നപ്പോൾ സുഭദ്രാമ്മ വേദന കൊണ്ട് വലം കൈ നടുവിൽ ഊന്നി. കിളികളുടെ വലിയ ആരവങ്ങൾക്കിടയിലേയ്ക്ക് കുഞ്ഞുലക്ഷമി ഓടിക്കയറി. പതിവു കാറ്റ് മരച്ചില്ലകളെ ഉലച്ചു കൊണ്ട് രണ്ടേക്കറിൽ ചുറ്റി നടന്നു. ഉച്ചയൂണിന് ശേഷമാണ് റാം അച്ഛന്റെ മുഖത്ത് നോക്കിയത്. തെറ്റ് ചെയ്യും മുൻപേ കുറ്റബോധം പേറി നിന്ന ഒരുവന്റെ മുഖമായിരുന്നു റാമിന് അപ്പോൾ. "ഒരു കാര്യം പറയാനുണ്ടായിരുന്നു" റാമിന്റെ ചോദ്യത്തെ കണ്ണട മുകളിലൂടെയുള്ള ഒരു നോട്ടത്തിലൂടെ ശേഖരൻ സ്വീകരിച്ചു. " ഗൗരവമുള്ള വിഷയമാണോ " അതേ എന്ന ഭാവത്തിൽ റാം തലയനക്കി. "എന്നാൽ വാ പുറത്തോട്ട് പോകാം . മരങ്ങൾക്കിടയിലാവുമ്പോ അതാ സുഖം "
എങ്ങനെ തുടങ്ങണമെന്നറിയാതെ റാം നിശബ്ദനായി അച്ഛനൊപ്പം നടന്നു. " ഞാൻ പറയന്നത് കേട്ട് അച്ഛന് വിഷമം തോന്നരുത് " ഇങ്ങനെ തുടങ്ങുന്ന എല്ലാ വാചകങ്ങളും അറുക്കാനൊരുങ്ങുന്ന പോത്തിന്റെ കുഞ്ചി തേടുന്ന അറവുകാരന്റെ തടവൽ പോലെയാണെന്ന് ശേഖരന് തോന്നി, കയ്യിൽ കരുതിയ കൂടത്തെ അയാൾ പിന്നിലൊളിപ്പിക്കുകയാണ്.
"നിന്റെ ഉള്ളിലുള്ളത് നീ പറയാതെ തന്നെ എനിക്കറിയാം. പണ്ട് നീ ഒന്ന് സൂചിപ്പിച്ചതല്ലേ? വിഷയം അത് തന്നെയല്ലേ?"
റാം അതേയെന്ന് പറഞ്ഞ് തലകുനിച്ച് നടന്നു " ഇപ്പഴാണെങ്കിൽ ഈ സ്ഥലം കൊടുത്താൽ പകരം ടൗണിലെ അൻപത് സെൻറ്റിലെ ബിൽഡിങ്ങ് നമുക്ക് കിട്ടും. മുപ്പത് ഫ്ലാറ്റുണ്ടതിൽ. അയാൽ ക്ക് ഈ രണ്ടേക്കറിൽ വലിയ ഒരു പ്രോജക്ടിന് പ്ലാനുണ്ട്. "
അതൊരു വലിയ നേട്ടമായിരിക്കുമെന്ന് റാം കരുതുന്നു. "നീ തീരുമാനിച്ചോ? ഈ മതിലിനുവെളിയിലെ പുകയും പൊടിയും, എന്തിനേറെ ചെറിയ ശബ്ദങ്ങൾ പോലും പോപ്പിയ്ക്ക് താങ്ങാൻ പറ്റില്ല. ഈ മരവും കിളികളുമൊക്കെയാണ് അവനെ ശാന്തനാക്കുന്നത്. നിന്റെ അനിയനെ ഇപ്പഴേ ...."
ശേഖരന്റെ ശബ്ദത്തിൽ ആകുലതകൾ വന്നു നിറഞ്ഞു. " എനിക്ക് ഒന്നിനോടും വിരോധമില്ല. എല്ലാം നിന്റെ ഇഷ്ടം പോലെയാവട്ടെ. പഴയ കാലമല്ലല്ലോ. എന്റെ അച്ഛൻ മരിച്ചു കഴിഞ്ഞും അസ്ഥിത്തറയിലെ വിളക്കിലൂടെ ഞാനച്ഛനെ പരിചരിക്കുന്നു. മരിച്ചവർ ഇതറിയുണ്ടോ? ഇല്ല. നമ്മുടെ ഒരു സമാധാനം. എന്നെപ്പോലെയുള്ള മനുഷ്യർ അറുപത് തികയുമ്പോഴേ മരിക്കുന്നതാണ് നല്ലത്. മനസ്സുകൊണ്ടിങ്ങനെ പല തവണ മരിക്കണ്ടല്ലോ"
ശേഖരന്റെ കൺകോണുകൾ ആരും കാണാതെ ഒന്ന് നനഞ്ഞു. പറമ്പിലേയ്ക്ക് ഒറ്റയ്ക്ക് നടക്കാൻ മകനെ ഉപദേശിച്ച് ശേഖരൻ നടപ്പു മതിയാക്കി പിൻതിരിഞ്ഞു. നെഞ്ചിലെ പിടച്ചിൽ ശബ്ദം ഉയരത്തിലെത്തുന്നതു പോലെ ശേഖരന് തോന്നി.

റാം പറമ്പിലൂടെ ഒറ്റയ്ക്ക് നടന്നു. കൂവ ചെടികൾക്കിടയിലെ ചെറിയ ശബ്ദം അയാളെ അവിടേയ്ക്ക് ആകർഷിച്ചു. കാൽ മുട്ടിനോളം വളർന്ന പുല്ലുകൾക്കിടയിലൂടെ റാം നടന്നു. വീതിയുളള ഇലയാണ് കൂവയ്ക്ക്. അത് ചുരുട്ടി കിളികൾ കൂടൊരുക്കിയിരിക്കുന്നു. ഒന്നല്ല, അനേകം കൂടുകൾ. റാം തല കുനിച്ച് കൂടിനുള്ളിലേയ്ക്ക് അതിശയത്തോടെ നോക്കി. കിളിക്കുഞ്ഞുങ്ങൾ വാപിളർത്തുന്നു. എവിടെയോ ഇരുന്ന് ഒരു തള്ളപ്പക്ഷി കരയുന്നുണ്ട്. കാഴ്ചയിൽ നിന്ന് കണ്ണെടുത്ത് റാം വീണ്ടും നടന്നു. ഒരു ചെറിയ കാറ്റ് റാമിനെ വലം വച്ചു കൊണ്ടിരുന്നു. ആരൊക്കയോ തനിക്കൊപ്പം നടക്കുന്നു. ഒറ്റപ്പെട്ടു പോയ ഒരുവന് ആരൊക്കയോ കൂട്ട് വന്നതു പോലെ ഒരു തോന്നൽ. തുമ്പികൾ ഒരിലത്തുമ്പിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പറക്കുന്നു. പൂക്കളിൽ നിന്ന് തേൻ നുകർന്ന് സൂചീമുഖി പക്ഷികൾ സ്വർണ്ണച്ചിറകുമായി പാറി നടന്നു., ഒന്നല്ല കണ്ണിന് മുന്നിൽ എണ്ണിയാലൊടുങ്ങാത്ത പക്ഷികൾ. അത് ഹൃദയ വാതിൽ തുറന്ന് ഉള്ളിലേയ്ക്ക് കയറി ചിറകടിക്കുന്നു. ചാഞ്ഞ് വളർന്ന മാവിന്റെ തായ്തടിയിൽ കിടന്നപ്പോൾ ആകാശം കണ്ടു. ഫ്ലാറ്റിന്റെ ജനാലയിലൂടെ കണ്ട ചതുരാകാശമല്ല. അതിരുകളില്ലാത്ത വലിയ ആകാശം. തിരികെ നടക്കുമ്പോൾ ആദ്യം കണ്ട കാഴ്ചകൾക്ക് ആരോ തൊങ്ങലുകൾ ചാർത്തുകയും അണിയിച്ചൊരുക്കുകയും ചെയ്തതുപോലെ തോന്നി.


മടങ്ങിപ്പോകാൻ കാറിൽ കയറും മുൻപ് റാം അച്ഛന്റെ അരികിലേയ്ക്ക് ചെന്നു " ഞാൻ പറഞ്ഞതെല്ലാം അച്ഛൻ മറന്നു കളയണം. ഈ മണ്ണ് നമ്മളാർക്കും കൊടുക്കുന്നില്ല. " വാഹനം ഗേറ്റ് കടന്നു പോകുന്നു. ഭൂമിയിലേയ്ക്ക് വീണ സ്വർണ്ണ വെളിച്ചത്തിൽ കാട് തിളങ്ങുകയാണ്.

ദേവലാൽ ചെറുകര

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter