രംഗം - 1
(പറങ്കികൾ കോട്ടകൾ പിടിച്ചെടുക്കും കാലം, കോലത്തിരി നാട് വാഴും കാലം, ഒരു മലപ്രദേശത്തെ കൃഷിസ്ഥലം ,വട്ട്യനും സംഘവും പെരുച്ചാഴിയെ തുരത്താൻ വലിയൊരു കപ്പമൂടിന് ചുവട്ടിൽ ദ്വാരത്തിലൂടെ പുകയിട്ട് അങ്ങ്മിങ്ങും നടക്കുന്നു.)
ചെമ്മരൻ : വട്ട്യാ.... പെരുച്ചാഴി എത്രണ്ണായി.?
വട്ട്യൻ: ഹൂയി..... ചാക്കില് കേറ്റിക്കൊ....
ചെമ്മരൻ: ആ പത്ത് പന്ത്രെണ്ടെണ്ണായി ഇന്നത്തേക്കിത് മതി....
ചങ്കരൻ: ( ഉച്ഛത്തിൽ വിളിച്ചു പറയുന്നു) വട്ട്യാ... അമ്പും വില്ലും എട്ത്തൊ,.... പന്നി എളീറ്റ്ണ്ട്....
ചിങ്കാരൻ : പടിഞ്ഞാറ് നോക്ക്.... കുത്തിക്കെളച്ചിറ്റ്ണ്ട്.... വട്ട്യാ.... അമ്പെയ്യ്....
വട്ട്യൻ : ഞാൻ നോക്കിക്കോളാം....
(പുകമറയ്ക്കുള്ളിലൂടെ അമ്പെയ്ത്ത് നടത്തുന്ന വട്ട്യൻ.)
രംഗം -1 ബി
(പുകമറയും പണി ശബ്ദവും പോയി മറയുന്നു. കുറെ ആളുകൾ ഒന്നിച്ചിരുന്ന് ഒരു പന്നിയെ ചുട്ടെടുക്കുന്നു.)
വട്ട്യൻ : പറങ്കികള് കുരുമുളക് കൊണ്ടോയി, പറങ്കള് നമ്മള തീറ്റിച്ചു. ഞാന പറങ്കളെല്ലം വാരിക്കൂട്ടീറ്റ് പെരുച്ചായീനേം, പന്നീനേം പിടിച്ചു... ഇല്ലേങ്കില് കപ്പേണ്ടാവീല, കേങ്ങൂണ്ടാവീല....
ചിങ്കാരൻ : (പന്നിയിറച്ചി കടിച്ച്) വട്ട്യന കാൺക്കത്തെ നാലാള്ണ്ടെങ്കില് മതീപ്പ,....
(അവർ കളി തമാശകൾ പറഞ്ഞ് മലമുകളിൽ ഇരിക്കുമ്പോൾ ഒരു വിളംബരം ദൂരെ നിന്നും കേൾക്കുന്നു, പെരുമ്പറ ശബ്ദവും.)
വട്ട്യൻ : (ആ ശബ്ദം കേട്ടെന്ന പോലെ.) മിണ്ടല,.. മിണ്ടല,.... എന്തോ പറയ്ന്ന്ണ്ട്....( എല്ലാരും മിണ്ടാതിരിക്കുന്നു.ശബ്ദം പരക്കുന്നു.)
ശബ്ദം : ഏഴിമല വാഴും കോലത്തിരി രാജന്റെ തിരു അറിയിപ്പ്, പോർച്ചുഗീസ് പറങ്കികൾ കച്ചവട വ്യാജേന വന്ന് നമ്മുടെ നാട്ടിൽ ഭരണം തുടങ്ങിയിരിക്കുന്നു. വടക്ക് നായ്ക്കൻ മാരെ ചെറുത്ത് നിൽപ്പിനായി കെട്ടിയുണ്ടാക്കിയ ആയുധപ്പുരകളായ ബേക്കളം കോട്ടയും, കുമ്പളം കോട്ടയും പറങ്കികൾ കൈയ്യടക്കിയിരിക്കുന്നു... ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി ഇവർ കോട്ടയ്ക്കകത്ത് തുടരുകയാണ്. നമ്മുടെ തുളുവീരരും, പടനായകരും നിരവധി പേർ മരിച്ചു വീണിരിക്കുന്നു. ആയതിനാൽ ബഹുജനങ്ങളിൽ നിന്നും പടനായക സ്ഥാനത്തേക്ക് ആളുകളെ ക്ഷണിക്കുന്നു. കളരിപ്പയറ്റും,വാൾപയറ്റുമല്ലാതെ മറ്റെന്തെങ്കിലും യുദ്ധവിദ്യകളറിയാവുന്നവർ കോലത്തിരി രാജാവിനെ മുഖം കാണിക്കണമെന്നും, നാടിന്റെ അഭിമാനവും, വീര്യവും കാത്തുസൂക്ഷിക്കണമെന്നും അറിയിക്കുന്നു. ക്ഷണിക്കപ്പെട്ടവർ പടക്കളത്തിൽ വച്ച് വീരമൃത്യു വരിച്ചാൽ അവരുടെ നാമം തങ്കലിപികളിൽ കൊത്തി, വർഷാവർഷം വീരാരാധനയോടെ അനുസ്മരിക്കുമെന്നും ഉറപ്പ് നൽകുന്നു...... ( പെരുമ്പറ മുഴുകുന്നു.)
ചങ്കരൻ: നായന്മാരും,കുറുപ്പന്മാറും തോറ്റിനെങ്കില് നമ്മൊ പോയിറ്റ് ഒരു കാര്യൂല്ല.
ചെമ്മരൻ : വട്ട്യാ.... ഒരു കൈ നോക്ക്യാലൊ.? കിട്ട്യാല് രാജപടനായകൻ....
ചിങ്കാരൻ: നികുതി കൂട്ട്യേപ്പിന്ന നേരാം വണ്ണം തിന്നാനെന്നെ ഇണ്ടാന്നില്ല. പൊറത്ത്ന്ന് ആള വിളിക്കട്ട്ന്ന്, കൃഷി ചെയ്യാനെങ്കില് കൊഴപ്പൂല്ല... ഇത് കണ്ടവന്മാരെല്ലം സത്കരിച്ചിറ്റ് ഇരുത്തും, അവര് കുണ്ടിക്ക് വെടീം വെച്ചിറ്റ് പോവും.. അവസാനം ആരുല്ലാതാവുമ്പൊ നമ്മളെട്ത്തേക്കെന്നെ വരും...
വട്ട്യൻ: നമ്മക്ക് പോയി നോക്കാം.... കിട്ട്യാല് നമ്മൊ രക്ഷപ്പെട്ടിലെ.?
ചെമ്മരൻ: അതെന്നെ, നമ്മക്ക് പോയി നോക്കാം.
രംഗം - 2
(കോലത്തിരി രാജന്റെ രാജാങ്കണം, കോലത്തിരിയും സഭാംഗങ്ങളും ചർച്ചയിലാണ്.)
കോലത്തിരി: ശ്ശെ... ഇനിയെന്ത് ചെയ്യും, തുളുനായരും, പടനായകരും ഒതുങ്ങി തീർന്നു. എട്ടളം കോട്ടയും, ബേക്കളം കോട്ടയും ഇപ്പൊ പറങ്കികളുടെ കൈയ്യിലാണ്, ഇങ്ങനെ പോയാൽ ജനങ്ങളുടെ മേൽ നികുതി ചുമത്താനുള്ള അവകാശവും അവർ നേടിയെടുക്കും.! ആട്ടെ വിളംബരം ഏതുവരെയായി.?
കാര്യപാലകൻ : കോലത്തിരി അതിരുകളിലെല്ലാം പെരുമ്പറ കൊട്ടി കാര്യമറിയിച്ചു. ഇടനാട്ടിലും,മലനാട്ടിലും, കടലോരത്തും വിവരമറിയിച്ചു. ആരും ഇതുവരെ വന്ന് കാണുന്നില്ല.
സഭാംഗം 1 : അത് പറങ്കികളുടെ യുദ്ധതന്ത്രങ്ങളൊന്നും നമ്മുടെ പടവീരന്മാർക്കറിയില്ല. അത് മാത്രമല്ല, ജനങ്ങൾക്ക് രാജനികുതിയിൽ അത്ര മതിപ്പ് തോന്നുന്നില്ല.
കാര്യപാലകൻ: അതും ശരിയാണ് രാജൻ, ജനങ്ങൾക്ക് അങ്ങിലുള്ള വിശ്വാസം നഷ്ടപ്പെടുന്നുണ്ട്.
കോലത്തിരി: നാടൊട്ടുക്കും വിളംബരം നടത്തിയിട്ടും ആരും വരുന്നില്ലെ.! പൊന്നും,പണവും,പദവിയും നൽകാമെന്ന് പറഞ്ഞിട്ടും ആരും വന്നില്ലെ.! കഷ്ടം....
കാര്യപാലകൻ: അതെ, ഇനിയൊരു രക്ഷയുമില്ല, നായ്ക്കർ സൈന്യത്തെ ചെറുക്കാനാണ് നമ്മൾ കോട്ട പണിതത്,ഇതിപ്പൊ പറങ്കികൾക്ക് അടിയറവ് വച്ചാൽ,! നമ്മുടെ മൊത്തം ആയുധവും അതിനകത്താണ്.
സഭാംഗം 2: നമ്മുടെ നാട്ടിൽ ഏറിയ കൂറും അടിമകളും,കൃഷിക്കാരുമാണ്, പടനായകന്മാർ തോറ്റിടത്തേക്ക് ജീവനിൽ ഭയന്ന് ആരും വരില്ല... അത് തീർച്ചയാണ്.
കോലത്തിരി: (കോലത്തിരി ദീർഘനിശ്വാസം വിടുന്നു.) എന്തെങ്കിലും വഴി കാണും, നോക്കാം.
( രണ്ട് ഭടന്മാർ വരുന്നു.)
ഭടന്മാർ: കോലത്തിരി രാജൻ വിജയിക്കട്ടെ.... കുറച്ച് പുലയന്മാർ വന്നിട്ടുണ്ട്, അവർ കർഷകരാണ് അങ്ങയെ മുഖം കാണിക്കണമെന്നാണ് പറയുന്നത്.
കോലത്തിരി: ആരെങ്കിലും ആയിക്കോട്ടെ... കടത്തിവിടൂ....
(കോലത്തിരിയും സഭാംഗങ്ങളും പരസ്പരം നോക്കി ചിരിക്കുന്നു.വട്ട്യൻ വരുന്നു.)
വട്ട്യൻ: (വണങ്ങി) കോലത്തിരി രാജൻ വിജയിക്കട്ടെ..... ഞാങ്ങൾ പറങ്കികളെ തുരത്താൻ തയ്യാറാണ്. ഞാൻ പട നയിക്കാൻ തയ്യാറാണ്.
കോലത്തിരി: അതെയൊ..! നല്ല കാര്യം, എന്തൊക്കെയാണ് ചെയ്ത് തരേണ്ടത്.? എങ്ങനെയാണ് കാര്യങ്ങൾ, വിശദീകരിക്കാമൊ.?
വട്ട്യൻ: അങ്ങേയ്ക്കെന്നെ വിശ്വസിക്കാം. ഞങ്ങൾ കർഷകരാണ്. ഞങ്ങടെ കൃഷി ഇല്ലാതാക്കാൻ വരുന്ന ദുഷ്ടമൃഗങ്ങള കൊല്ലുന്നത് പോലെ, ഞങ്ങൊ പറങ്കികള തുരത്തും. പുകച്ച് പുറത്ത് ചാടിക്കും അതാണ് എങ്ങടെ തന്ത്രം... നമ്മളെ കണ്ടത്തില് ഉണങ്ങാന്ട്ട അമ്പത് കാളവണ്ടിയോളം വൈക്കോല്ണ്ട്, കോട്ടയ്ക്ക് ചുറ്റും കെടങ്ങുണ്ടാക്കി അതിലിട്ട് പൊകയ്ക്കണം. പിന്നെ പറങ്കികൾ നമ്മളെ നാട്ടില് വിതച്ച വറ്റൽമുളക് ഉണക്കിയത് നാല് കൂമ്പാരമുണ്ട് എല്ലം കൂടി ഒരു പ്രയോഗം. ഒന്നുകില് അവര് ചുമച്ച് ചാവും, കവാടത്തിലെ പൊറത്തേക്ക് വരുന്നവരെ കഴുത്ത് വെട്ടും, കോട്ടയ്ക്കകത്തെ കണക്കെടുപ്പിന് മുമ്പെ അവരെല്ലം ചാവും, ഇല്ലേങ്കില് കൊല്ലും. രഹസ്യ തൊരങ്കം വഴി പൊക അകത്തേക്ക് കേറ്റും.പന്നീന എയ്യുന്ന വിഷം നെറച്ച അമ്പുണ്ട്, കൊറച്ച് വടീം കുന്തോം ഇണ്ട്.
കോലത്തിരി: അവർ പുറത്തിറങ്ങും മുൻപ് ചെയ്തോളു സൂക്ഷിക്കണം.
(വട്ട്യൻ കോലത്തിരിയെ താണ് വണങ്ങി പോകുന്നു.)
രംഗം - 3
(പാതിരാത്രി, ഒരു യുദ്ധരംഗത്ത് ബേക്കളം കോട്ട. കാളവണ്ടിയിൽ വൈക്കോലുകൾ അവിടെ എത്തുന്നു. ഉണങ്ങിയ വറ്റൽമുളകിന്റെ കൂനകൾ കാണാം കോട്ടയ്ക്ക് ചുറ്റുമുള്ള കിടങ്ങുകളിലേക്ക് വൈക്കോൽ കെട്ടുകൾ വലിച്ചെറിയുന്ന വട്ട്യനും കൂട്ടരും, വറ്റൽമുളക് നിറച്ച് അവരതിന് തീ കൊളുത്തുന്നു. ചുമയുടെ ശബ്ദം. കാറിക്കലിന്റെയും, ഞെരക്കത്തിന്റേയും, ശ്വാസം മുട്ടിയ മട്ടിലുള്ള നിലവിളി, അലർച്ച മരണങ്ങൾ, ചില പറങ്കികൾ കോട്ടമതിൽ എടുത്ത് ചാടുമ്പോൾ അമ്പെയ്ത് വീഴ്ത്തുന്ന വട്ട്യൻ സൈന്യം.ഒച്ചേം ബഹളോം നിറയുന്നു.)
വട്ട്യൻ : ചെമ്മാരാ.... പെരുച്ചാഴി പൊറത്ത് വരുന്നുണ്ട്, അമ്പെയ്തൊ.... എല്ലാട്ത്തും തീയിട് ഒരാളും രക്ഷപ്പെട്ടൂട.... ശരിക്ക് നോക്കിക്കൊ പൊറത്തേക്ക് വന്നാല് തച്ചിറ്റ് കൊന്നോ.... നാല് ഭാഗത്തും ആള് നിന്നൊ...
( ഒരു പാട്ട് പരക്കുന്നു.)
പുനം കൃഷിക്കാരൻ വട്ട്യൻ
കോട്ടകൾ കൊള്ളയടിക്കാനെത്തിയ
പറങ്കിപ്പടയുടെ നേരെ ചാടി
മാനം കാത്തു, ദേശം കാത്തു
മാളത്തിലൊളിച്ചോരു ശത്രൂന്റെ നേരെ
കാട്ടമ്പയച്ചു.തീയിട്ടാർത്തു.
കോലത്തിരി കോവിലകം പട്ടുംവളേം നൽകി
കോലത്തിരി കോവിലകം വീരാളി നൽകി
പുനം കൃഷിക്കാരൻ വട്ട്യൻ....!
രംഗം - 3 ബി
(പറങ്കികളുടെ പരാചയത്തിന് ശേഷമുള്ള കോലത്തിരി രാജന്റെ രാജാങ്കണം, വട്ട്യനും സംഘവും സഭയിലുണ്ട്. സഭാംഗങ്ങളും.)
കോലത്തിരി: ഞാൻ അഭിമാനിക്കുന്നു. നമ്മുടെ ദേശത്തെ കർഷകരിലൊരാളായ വട്ട്യനെ അഭിനന്ദിക്കുന്നു. നമ്മുടെ വില്ലാളികളായ സൈന്യത്തിന് ചെയ്യാൻ പറ്റാത്ത കാരിയം വട്ട്യന്റെ പടനായകത്വത്തിൽ നടന്നിരിക്കുന്നു. പോർച്ചുഗീസുകാർ കോട്ടകൾ വിട്ട് പുറത്ത് പോയിരിക്കുന്നു. ഇനി മുതൽ വട്ട്യൻ, വട്ട്യൻ പൊള്ള എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്നതാണ്. ഈ വിജയത്തോടെ ആജീവനാന്ത വീരപദവിയും, രാജസൗകര്യങ്ങളും വട്ട്യന് നൽകുന്നു. മരണാനന്തരം വട്ട്യൻ പൊള്ള വീരപുരുഷനായി കൊട്ടിഘോഷിക്കപ്പെടാനും ഉത്തരവാകുന്നു...