• MR Points: 50
  • Status: Ready to Claim


ഭാഗം - 1

അതെ .... ബിയ്യാത്തൂന് എല്ലാമെല്ലാം അവളുടെ ഭർത്താവും സുന്ദരനും സുമുഖനുമായ ഒപ്പം സ്നേഹസമ്പന്നനുമായ ബീരാൻ ആണ്. ദൂരെ ഒരു കുഗ്രാമത്തിലാണ് അവരുടെ താമസം. ഓലകൊണ്ടു മേഞ്ഞ സുന്ദരമായ ഒരു വീട് തന്നെയാണ് അവരുടെത്. രണ്ടുമൂന്നു മുറികൾ ഉള്ള ഒരു വീട്.

പാരമ്പര്യമായി കൈമാറി കിട്ടിയ തറവാട് എന്ന് വേണം പറയാൻ . ആ ഗ്രാമത്തിൽ വീടുകൾ അധികം ഒന്നും ഉണ്ടായിരുന്നില്ല.എന്നാലും ഒരു 10 വീടിലെ കുടുംബങ്ങൾ അവിടെ താമസിക്കുന്നുണ്ട്.ആ ഗ്രാമത്തിൽ തന്നെ കൃഷി ചെയ്താണ് അവിടെയുള്ളവർ ജീവിക്കുന്നത്.കൃഷി എന്ന് പറഞ്ഞാൽ നെല്ല് പച്ചക്കറികൾ ,പഴവർഗ്ഗങ്ങൾ,പശുക്കൾ ആടുകൾ കോഴികൾ,എന്നിങ്ങനെ നീളും.നഗരവുമായി അധികം അടുപ്പം ഒന്നും ആ ഗ്രാമവാസികൾക്ക് ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് സ്ത്രീകൾ ആരും നഗരത്തിൽ പോയിട്ടില്ല ഇതുവരെ. മാസത്തിലൊരിക്കൽ തുണിത്തരങ്ങൾ വാങ്ങാനും കൃഷി ചെയ്തെടുത്ത കിഴങ്ങുകളും പച്ചക്കറികളും പഴങ്ങളും വിൽക്കാനായി രണ്ടുപേർ നഗരത്തിലേക്ക് ഒരു ലോറിയിൽ പോകും.മിക്കവാറും ലോറി ഡ്രൈവർ ആയ വാസു തന്നെയാണ് നഗരത്തിൽ പോയി വരാറ്.

അങ്ങനെ ഒരു ദിവസം വാസുവിന്റെ ഭാര്യ സുനന്ദ നമ്മുടെ ബീയ്യാത്തു നോട് നഗരത്തെപ്പറ്റി വിശേഷങ്ങൾ പറഞ്ഞു. വാസു പറഞ്ഞ അറിവുകൾ ആണ് സുനന്ദയ്ക്ക് ഉണ്ടായിരുന്നത്. വായ അടക്കാതെ സുനന്ദ നഗരത്തെക്കുറിച്ച് ഓരോ കാര്യങ്ങൾ പറഞ്ഞപ്പോൾ നമ്മുടെ ബീയ്യാത്തൂന്ഒരു  ആഗ്രഹം ഉദിച്ചു. നഗരം ഒന്നു കാണാൻ പോയാലോ? എന്തായാലും വേണ്ടില്ല ബീരാനോട് പോയി പറയട്ടെ അവൾ വേഗം വീട്ടിലേക്ക് പോന്നു. കൃഷിയിടത്തിൽജോലി ചെയ്യുകയായിരുന്നു ബീരാന്റെ അടുത്ത് ഓടിച്ചെന്നു.

ബീരാനെ.... ബീരാനെ....ഇങ്ങള് കേട്ടോ നഗരത്തിലെ ഓരോ വിശേഷങ്ങള് . അവിടെ സ്വിച്ചിട്ടാൽ കത്തുന്ന വിളക്കുണ്ടത്രെ. പിന്നെ ലോകം മുയുമനും കാണണ ഏതോ ഒരു കുന്തം ഉണ്ടത്രെ.

കുന്തമോ? അതെന്താ ബീയ്യാത്തു അങ്ങിനെ ഒരു സാധനം ബീരാൻ കണ്ണ് മിഴിച്ചു ചോദിച്ചു.

ഓ ...ഞമ്മക്കറിഞ്ഞൂടാ എന്ത് പണ്ടാരമാണെന്ന്  വാസുവിന്റെ ഓള് പറഞ്ഞതാ ....ഞമ്മള് കാണാത്തെ പെരുത്ത് കാഴ്ചകൾ ഉണ്ടത്രെ അവിടെ .

അതിനിപ്പോ എന്താ ബീയ്യാത്തു?

ഞമ്മക്കൊരീസം പോണം ബീയ്യാത്തുകൊച്ചു കുട്ടികളെപോലെ പറഞ്ഞു.

അതിപ്പോ എങ്ങനെ പോകാൻ പഹയത്തി ഇജ്ജ് ഞമ്മളെ ഇങ്ങനെ ബേജാറാക്കല്ലേ ബീരാൻ വിഷമത്തോടെ പറഞ്ഞു.

അതൊന്നും ഞമ്മക്ക് അറിഞ്ഞുകൂടാ ഞമ്മക്ക് എന്തായാലും പൂതി പെരുത്തുക്കണ്. ഇങ്ങളെന്നെകൊണ്ടോവന്നെ വേണം. ഇല്ലേൽ പിന്നെ ഇങ്ങള് ഞമ്മളോട് മിണ്ടണ്ട... അവൾ പിണങ്ങി വീട്ടിലേക്ക് ഓടി കയറി.

ഓ.... എന്നാലും എന്റെ വാസുവേ ....ഇങ്ങള് എന്തിനാ പെണ്ണുങ്ങളോട് ഓരോന്ന് പറഞ് പെരുപ്പിക്കണത്. ബീരാൻ സങ്കടത്തോടെ പറഞ്ഞു.

ഉച്ചക്ക് കൈയും മുഖവും ഒക്കെ കഴുകി ചോറ് കഴിക്കാൻ വീട്ടിലേക്ക് കയറി ബീരാൻ കണ്ടു മുഖം വീർപ്പിച്ചിരിക്കുന്ന ബീയ്യാത്തൂനെ. 

ഹാ ...എന്റെ ബീയ്യാത്തു ....ഇജി ഞമ്മടെ ഖൽബല്ലേ ഇങ്ങനെ മുഖം വീർത്ത് ക്കെട്ടി ഇരുന്നാല് ഞമ്മക്കത് സഹിക്കൂലാ. അവളുടെ തോളത്ത് സ്നേഹത്തോടെ തട്ടിക്കൊണ്ട് ബീരാൻ പറഞ്ഞു.

അവൾ മിണ്ടാതെ തലതിരിച്ചു.

പിണങ്ങാതെ മുത്തേ....ഇജ്ജ് ഇങ്ങോട്ട് വന്നേ ബീയ്യാത്തൂനെ ച്ചേർത്ത് നിറുത്തി മുഖത്തോട് മുഖം നോക്കി നിന്നിട്ട് ബീരാൻ പറഞ്ഞു.നോക്കൂ പെണ്ണേ ...ഇജ്ജ് നമ്മുടെ കരളാണ് അന്റെ ഏത് ആഗ്രഹവും ഈ ബീരാൻ സാധിപ്പിച്ചു തരും .

ങ്ങേ .....അപ്പോ ഇങ്ങള് എന്നെ കൊണ്ടോ വോ ....ഉത്സാഹത്തോടെ അവൾ ചോദിച്ചു.

കൊണ്ടോവാം ....ആദ്യം ഞാൻ ആ കള്ള ബലാൽ വാസുവിനോട് ഒന്ന് ചോദിച്ചു മനസ്സിലാക്കട്ടെ. എന്നിട്ട് ഒരു ദിവസം കൊണ്ടോ വാട്ടോ. ഇപ്പോഴേ ... അന്റെ ബീരാന് പള്ള വല്ലാതെ വൈച്ചിട്ട് വയ്യാ ....പോയി ചോറ് എടുത്ത് വാ ..വയറിൽ തലോടിക്കൊണ്ട് അയാൾ പറഞ്ഞു.

ങ്ങാ....ഞമ്മൾ ഇപ്പോൾ തന്നെ കൊണ്ടോരാം സന്തോഷത്തോടെ ബീയ്യാത്തുതുള്ളിച്ചാടി  അടുക്കളയിലേക്ക് ഓടി.

വൈകുന്നേരം സുനന്ദയെ കണ്ടപ്പോൾ ബീയ്യാത്തുസന്തോഷത്തോടെ പറഞ്ഞു. ഞമ്മള് നഗരം കാണാൻ പോണുണ്ട് ഒരീസം . ഞമ്മളെ കൊണ്ടോയി കാണിക്കാന്ന് ബീരാൻ പറഞ്ഞക്ക ണു .

ങ്ങാ...സുനന്ദ കണ്ണുമിഴിച്ചു പോയി.

അന്റെ ഭാഗ്യം ...അല്ലെങ്കിലും അന്റെ ബീരാന് അന്നോട് പെരുത്ത് സ്നേഹമുണ്ട്.ഇവിടെ എൻ്റെ കെട്ടിയോന് തീരെ അതില്ല അതുകൊണ്ടാ എന്നെ കൊണ്ടുപോയി കാണിക്കാത്തത് .

അത് ശരിയാ സുനന്ദ ചേച്ചി   എല്ലാ മാസവും വാസുവേട്ടൻ നഗരത്തിലേക്ക് പോകുന്നതല്ലേ ഒരു ദിവസം പോലും എന്താ ചേച്ചീനെ ഒന്ന് വിളിച്ചാല് ....മൂപ്പര് വല്ലാത്ത ഒരു ജാതി സാധനം തന്നെ. നീ വിഷമിക്കേണ്ട സുനന്ദേച്ചിആദ്യം ഞമ്മള് കണ്ടിട്ട് വരാം പിന്നെ വാസുവേട്ടനോട് ഞാനും ബീരാനും പറയുന്നുണ്ട് അന്നെകൊണ്ടുപോയി കാണിക്കാൻ. സുനന്ദയെ സമാധാനിപ്പിക്കാനായി ബീയ്യാത്തുപറഞ്ഞു.

അങ്ങനെ ബീരാൻ വാസുവിനോട് കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. അടുത്തമാസം പോകുമ്പോൾ കൂടെ കൂട്ടാമെന്ന് വാസു പറയുകയും ചെയ്തു. ബീയ്യാത്തു നാണങ്കിൽ സന്തോഷം കൊണ്ട് ഇരിക്കാനും വയ്യാ കിടക്കാനും വയ്യ എന്ന് പറഞ്ഞ അവസ്ഥയായി.  രാത്രി കിടന്നാൽ ആണെങ്കിൽ ഉറക്കവുമില്ല. എന്റെബീരാനെ... എനിക്ക് ഓർത്തിട്ട് മേലൊക്കെ കോരിത്തരിക്കണ് പാതിരാക്ക് ഉറക്കത്തിൽ നിന്നും എണീറ്റ് അവൾ പറഞ്ഞു കൊണ്ടിരുന്നു.

ബീരാൻ കോട്ടുവാ ഇട്ട് ക്കൊണ്ട് .....നീയിപ്പോഴും നമ്മുടെ മണിയറ ഓർത്ത് കിടക്കാണോ ?

ഇങ്ങള് എന്ത് ഭ്രാന്താ മനുഷ്യാ ... ഈ പറയണേ  ആരു മണിയറ ഓർത്തു .

പിന്നെ ഇജിയല്ലേ പറഞ്ഞേ  മേലൊക്കെകോരിത്തരിച്ചിട്ട് വയ്യ എന്ന് ബീരാൻ ചിരിയോടെ പറഞ്ഞു.

എൻെറ ബീരാനെ അതൊന്നും അല്ല ..ഞമ്മളേ നഗരത്തിൽപോണത് ഓർത്തപ്പോൾ രോമാഞ്ചം വന്നതാ. അവൾ നാണത്തോടെ പറഞ്ഞു.

ഓ.....ഇജ്ജ് ഇപ്പോഴും അതോർത്ത് നടക്കാ അല്ലേ. ഇജിവല്ലാത്തൊരു പഹയത്തി തന്നെ മനുഷ്യൻെറ ഉറക്കവും കളഞ്ഞു . ബീയ്യാത്തു നീ കിടന്നുറങ്ങ് .പോകാൻ ഇനി ദിവസങ്ങൾ ഉണ്ട് അതിനിപ്പോ തന്ന  ഊണുംഉറക്കവും ഇല്ലാണ്ടായാൽ എന്താ ചെയ്യാ .ബീരാൻ തിരിഞ്ഞു കിടന്ന് കുറച്ചു കഴിഞ്ഞപ്പോൾ കൂർക്കം വലിച്ചുറങ്ങി.

അതുനോക്കി ബീയ്യാത്തു നെടുവീർപ്പിട്ടു.

തുടരും

No comments