(Sarath Ravikarakkadan)
1. ഭ്രമം
അറിയാതെ കൈ തട്ടി വീണ സ്ഫടികകുപ്പികണക്കെ നിലാവ് എനിക്ക് ചുറ്റും ചിതറി തെറിച്ചു കിടന്നു. കരിന്തിരി കത്തിയ വിളക്ക് പോലത്തെ ആകാശത്തു നോക്കി അമ്പലകുളത്തിൻ്റെ പടവുകളിൽ കിടക്കാൻ തുടങ്ങിയിട്ട് നേരം കുറേ ആയി. അങ്ങ് ആകാശത്തു ഒരേ തരം ജോലി ദിവസവും ചെയ്യുന്ന ഒരുവനെപ്പോലെ ചന്ദ്രനും പരിവാരങ്ങളും താല്പര്യം കെട്ട് നിൽക്കുന്നു.
കുളത്തിൽ ഈ സമയം ആരും വരാറില്ല. കുളത്തിനോട് ചേർന്നാണ് ഉപദേവതകളായ ഭഗവതിയും, യക്ഷിയമ്മയും ഇരിക്കുന്നത്. അല്ല ദൈവങ്ങൾ ഇരിക്കുവല്ലല്ലോ അധിവസിക്കുവല്ലേ. യക്ഷിയമ്മക്കായി ഒരു തറ മാത്രേ ഉള്ളു. ഭഗോതിക്കായി ചെറിയ ക്ഷേത്രം ഉണ്ട്. കരിവളകൾ കൊണ്ട് നിറഞ്ഞ ആ ചെറിയ തറയിൽ യക്ഷിയമ്മ എങ്ങനെ ഇരിക്കുന്നു എന്ന് ഞാൻ ആലോചിച്ചു. അത്താഴ പൂജ കഴിഞ്ഞു എല്ലാരും പോകുമ്പോൾ ആ കുളപ്പടവുകൾ എനിക്കായി കാത്തിരിക്കും. അവധിക്കു നാട്ടിൽ വന്നാൽ എനിക്ക് വേണ്ടി കാത്തിരിക്കുന്ന രണ്ടിടങ്ങളെ ഉള്ളു. ഒന്ന് വായനശാലയും മറ്റൊന്ന് ഈ അമ്പലകുളവുമാണ്. കേശുവേട്ടൻ അടിച്ചു ഓവർ ആയാൽ വരുമെന്നൊഴിച്ചാൽ അങ്ങനെ ആരും വരാറില്ല. വെറുപ്പിക്കും ചിലപ്പോൾ എങ്കിലും പുള്ളി ഉണ്ടാരുന്നേൽ എന്ന് ആഗ്രഹിക്കുന്ന ദിവസങ്ങൾ ഉണ്ട്. വാറ്റിൻ്റെ മണം കാറ്റിലൂടെ നമുക്കടുത്തെത്തി പിന്നെയും അഞ്ചു മിനിറ്റ് കഴിഞ്ഞേ കേശുവേട്ടൻ നമുക്കടുത്തെത്തൂ. ഇന്ന് അങ്ങനൊരു മണം ഇല്ല. വന്നാൽ പുള്ളി പാട്ടു തുടങ്ങും. ഒട്ടുമിക്ക തെറികളും ചേർത്ത് ഇമ്പത്തിൽ ഒരു പാട്ട്.
ഈ സമയം ആരും വരാത്തത് യക്ഷിയമ്മയെ പേടിച്ചാണെന്നു അമ്മൂമ്മ പറയുന്നേ കേൾക്കാം. ജോലിക്കു മുംബൈയിൽ പോയതിനു ശേഷം, താൻ നാട്ടിൽ ഒരു അപരിചിതനാണ്. വെറും കുശലത്തിൽ ഒതുക്കാവുന്ന ചില മനുഷ്യരില്ലേ? ആ ഗണത്തിൽ പെട്ടതാണ് താൻ. ലീവ് സത്യത്തിൽ ഒറ്റപ്പെടലിൻ്റെ ദിവസങ്ങളാണ്. മുംബൈക്ക് പോയേനു ശേഷമാണ് ഈ ശീലം തുടങ്ങിയത്. ഈ നോക്കി ഇരിപ്പ്. ഈ കുളത്തിനു എൻ്റെ മനസ്സിൽ ഉദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തരാൻ കഴിയാറുണ്ട്. എങ്കിലും ചിന്തകൾക്ക് വല്ലാത്ത ഒരു കുഴപ്പം ഉണ്ട്. അത് തുടങ്ങിയിടത്തേക്ക് തിരിഞ്ഞോടിയെത്തുന്നത് ഞൊടിയിടയിലാണ്. ചരാചര കോടികളുടെ രക്ഷക അപ്പുറത്തു അന്തി ഉറങ്ങുന്നത് ആലോചിക്കാതെ ചില ചൂടൻ ചിന്തകളും കയറിക്കൂടി ഒളിച്ചിരിയ്ക്കും.
നാളെ ശനിയാഴ്ച് ആണ്. ഇന്ദിരേച്ചി തൊഴാൻ വരുന്ന ദിവസം. അവരെ മുഴുവനായി, മനസിലേക്ക് ആവാഹിച്ച് തുടങ്ങുമ്പോളേക്കും കുളത്തിൽ വെള്ളം തെന്നി നീങ്ങുന്ന ഒച്ച കേട്ടു. അതാ ഒത്ത നടുക്കായി ഒരു പെണ്ണ് ഉടയാടകളോടെ കുളിക്കുന്നു. ഇതെപ്പോൾ ഇങ്ങനൊരാൾ ഇറങ്ങിയതെന്നു ഓർമയില്ല. മൊബൈലിൽ സമയം പത്തായി.
ഈ നേരത്തു ആരാണിവർ! ആ കൗതുകവും ഭയവും ഉള്ളിൽ ഉണ്ടായെങ്കിലും പെണ്ണുടൽകാഴ്ച ഒഴിവാക്കാൻ കഴിയാത്ത വെറും പുരുഷനായി അവരെ നോക്കിക്കൊണ്ട് തന്നെ ഞാൻ അവിടെ ഇരുന്നു. നീരാട്ടിനു ശേഷം കടവിലേക്ക് അവർ കയറി വന്നു. കച്ച കണക്കെ ഒരു കറുത്ത തുണി കൊണ്ട് മുലകൾ മറച്ചിട്ടുണ്ട്, ചെളി നിറം ഉള്ള ഒരു ഉടുത്തുകെട്ടു കൊണ്ട് അരയും മറച്ചിട്ടുണ്ട്. ആ ഉടുത്തുകെട്ടു പുക്കിൾ ചുഴിക്ക് നേരെ താഴെ തുടങ്ങി മുട്ടിനു തൊട്ടു മുകളിലായി നിൽക്കുന്നു. മഴ വരും മുമ്പ് പിണങ്ങി മുഖം കറുപ്പിക്കും ആകാശത്തെ എന്ന പോലെ അവളുടെ മുടിക്കെട്ട് നനഞ്ഞു കുതിർന്നിരുന്നു. മടുത്തുറക്കത്താൽ തൂങ്ങി നിന്ന ചന്ദ്രൻ അവളെ ഇറുകണ്ണിട്ട് നോക്കും പോലെ നിലാവ് തൂകാൻ തുടങ്ങി. ആ ശരീരത്തിൽ നിന്ന് വെള്ളം കടൽവരി കല്ലുകളിലേക്കു എന്നപോലെ ചിതറിതെറിച്ചുപോകുന്നു. അവർ അടുത്തേക്ക് വരുന്തോറും അളവിൽ കൂടിയ ഭയം ഒളിപ്പിക്കാൻ പറ്റിയ ചെപ്പ് തിരയും കണക്കെ ഞാൻ ചുറ്റും പരതി. കൂടുതൽ അടുത്തെത്തിയപ്പോൾ ആണ് അവളുടെ ചുണ്ടിൻ്റെ നിറം ശരിക്ക് കണ്ടത്, തടിച്ച കീഴ്ചുണ്ടിന് സിന്ദൂരത്തിൻ്റെ നിറമാണോ അതോ മുറുക്കി ചുവന്നതാണോ? എന്ത് കൊണ്ട് തന്നെ ആയാലും ആ ചുണ്ടുകൾക്ക് ഏത് മനുഷ്യനെയും മത്തു പിടിക്കാൻ തക്ക കെൽപ്പുണ്ട്. ഒരു ചുംബനത്തിനു യോഗമുണ്ടായിരുന്നെലെന്നു ആ അങ്കലാപ്പിലും ചിന്തിച്ചു പോയി. വിളക്കെണ്ണയുടെ മണം നിറച്ചും കൊണ്ട് അവൾ പടവിലേക്ക് കയറി നിന്നു.
“എന്താടാ നോക്കി എരിക്കുമോ? കുളപ്പടവുകളിലേക്കു കേറി നിന്ന് കൊണ്ടവർ ചോദിച്ചു. മുപ്പത് വയസിനടുത്ത പ്രായം ഉണ്ടവൾക്കെന്നു എനിക്ക് തോന്നി. ഒരു പെണ്ണ് നേരെ നിന്ന് കനപ്പിച്ചു നോക്കിയാൽ തന്നെ ചൂളി പോകുന്നതാണ് ഈ കാണായ ആൺ പിറന്നവന്മാരൊക്കെ. അത് പുറത്തു കാട്ടാത്തതാണ് വിജയം. ഓരോ പുരുഷന്മാരും ഓരോ പൂഴ്ത്തിവെപ്പുകേന്ദ്രങ്ങളാണ്. അവർ ധൈര്യം, അഹന്ത, പൗരുഷം എന്നീ സാധനങ്ങള്‍ വെളിയിൽ എടുത്തുവെച്ചു ഭയം, വിഷാദം ഇവയൊക്കെ ഉള്ളിലെവിടെയോ ഇല്ലാതാക്കോലിട്ടു പൂട്ടി ഒളിപ്പിച്ചുവെക്കുന്നു.
ഞാൻ ഒന്ന് ചൂളി അല്ലെങ്കിൽ പരുങ്ങി. സത്യം തന്നെ. എന്നാൽ പുറത്തു കാട്ടാൻ പറ്റുമോ. “ആഹാ അടിപൊളി, ഈ പാതിരാത്രിക്ക് ഞങ്ങടെ കുളത്തിൽ ഇറങ്ങി നീരാടിയതും പോരാ കലിപ്പിക്കുന്നോ പെണ്ണുമ്പിള്ളേ? ഇത് ദേവനും ദേവിക്കും അവഭൃതഃ സ്നാനത്തിനുള്ള കൊളമാ. ഏതവൾക്കും കേറി അങ്ങ് ഒണ്ടാക്കാനൊള്ള ഇടമല്ല.” എൻ്റെ ഉള്ളിൽ പുഴു കുത്തി കിടക്കുന്ന ആണത്തതിനെ ആനന്ദിപ്പിക്കാനെന്നോണം ഞാൻ അലറി.
“എന്നാ ഒലക്കക്കാന്ന പറഞ്ഞേ? അവർക്ക് കളിയാക്കുന്ന ഭാവം.
ദേ, ആക്കാൻ നിക്കല്ലേ പന്നമോളേ, എൻ്റെ ശബ്ദം ഉയർന്നുപൊങ്ങി ആകാശത്തു ചെന്നിടിച്ചു. അവിടെ ഉറക്കം തൂങ്ങി നിന്ന ചന്ദ്രൻ ഞെട്ടി ഉണർന്നു. നിലാവ് വീണ്ടും പരക്കാൻ തുടങ്ങി.
ഡാ നീ പറഞ്ഞ ആ സ്നാനക്കാരി തന്നെയാ കുളിച്ചത്, കൊച്ചനു അത്ര രോഷം വേണ്ടാ”
“ഭയങ്കരം, തൊടലൊന്നും കാണുന്നില്ലല്ലോ!! എങ്ങനെ ഇവിടെ വരെ വന്നു. നോക്കൂ ഭഗവതീ, ജഗത്കല്യാണകാരിണി, ആനന്ദരൂപിണി നിങ്ങൾടെ കയ്യിൽ ശൂലം വേണം ഗദ വേണം താമരപ്പൂ വേണം എന്നൊന്നും പറയുന്നില്ല എന്നാലും അല്പം മെനയുള്ള വേഷം ധരിച്ചൂടെ ഒന്ന് വിശ്വസിപ്പിക്കാനായിട്ടു”. ഇങ്ങോട്ടും അങ്ങോട്ടും ടേബിൾ ടെന്നീസ് കളിക്കാരുടെ കളിമികവോടെ വാക്കുകൾ വന്നും പോയും കൊണ്ടിരുന്നു.
“ഓ, പിന്നെ കുളിക്കുമ്പോൾ സകലതും എടുത്തുടുത്തല്ലേ എല്ലാരും കുളിക്കുന്നേ?? സർവ്വാഭരണ വിഭൂഷിതയായി കുളത്തിൽ നീരാടുന്ന ഭഗവതി, നിൻ്റെ ഒക്കെ ചിന്ത എങ്ങനാടാ ഇങ്ങനെ ആയിപ്പോന്നെ. നീ വന്നിട്ട് ആറേഴു ദിവസമായില്ലേ, നീ വന്നാൽ പിന്നെ മനസറിഞ്ഞു ഒന്ന് തുടിച്ചു കുളിക്കാൻ പറ്റുമോ. സാധാരണ ഇത് പോലും കാണത്തില്ല. മാനം നോക്കി ഇരിക്കാൻ നീ കാണും എന്ന് വച്ചാ ഇതേലും ഉടുത്തെ. ഇതുംകൂടി ഇല്ലാരുന്നേ എന്നെ കണ്ടു നീ ഇപ്പോൾ ചങ്കു പൊട്ടി ചത്തേനെ. ഇപ്പോൾ തന്നെ കണ്ണ് രണ്ടും നെഞ്ചത്താ അപ്പോൾ പറയണോ. അല്ലേൽ തന്നെ ആരാ പറഞ്ഞേ ഈ വാളും പരിചയും പട്ടുസാരീം ഒള്ള സ്വർണപണ്ടങ്ങളും ഒക്കെ ഇട്ടാ ഞാൻ അതിനകത്തിരിക്കുന്നേ എന്ന്?” ദേവി ചൊടിച്ചു.
“അപ്പോൾ ശങ്കരൻ വർണിച്ചതൊക്കെ!!! അതിൽ ഇപ്പോൾ ആകെ ഒരു മാച്ച് ഒള്ളത് നിങ്ങടെ മുലകൾ മാത്രമാണ്, കുംഭങ്ങൾ കണക്ക്”. എൻ്റെ ചിന്ത അറിയാതെ പുറത്തു വന്നു.
“ഏതു ശങ്കരൻ കണ്ടത്തിൻ്റെ പടിഞ്ഞാറേത്തൊള്ള അവനോ, അവനെന്നാ പറഞ്ഞു എന്നേ പറ്റി? അതുപോട്ടെ നീ എന്നെ അങ്ങ് ഉഴിഞ്ഞെടുത്തല്ലേ ഇതിനെടക്ക്” ദേവി ഒരു ഭാവവ്യത്യാസവും ഇല്ലാതെയാണ് അത് ചോദിച്ചത്. "അയ്യോ ആ പുള്ളിയല്ല നമ്മുടെ ശങ്കരാചാര്യർ, മറ്റേ സൗന്ദര്യലഹരീടെ ആള്." ഞാൻ തിരുത്തി.
“ആ എനിക്കറിയില്ല ആരേം ,എനിക്ക് മനസിലാവാത്ത ഭാഷയിൽ എന്തൊക്കെയോ ചൊല്ലുന്ന കേൾക്കാം ആളോൾ, ഈ ചൊല്ലുന്ന മിക്കവർക്കും ആ ഭാഷ അറിയില്ല എന്നെനിക്കുറപ്പാ. അറിയാത്ത ആ ഭാഷ കേൾക്കുമ്പോൾ എന്തോ ചൊറിയൻ പുഴു ഇഴയുന്ന പോലെ തോന്നും. നീ പഠിച്ചിട്ടുണ്ടല്ലേ ആ ഭാഷ? നിനക്കൊരു കാര്യം അറിയാമോ ഇപ്പോൾ ആ വടക്കൂന്നു വന്ന നമ്പൂരി ഇല്ലേ അവൻ ദീപാരാധനക്കെന്നും പറഞ്ഞു അകത്തുകേറി എന്നാ ചെയ്യുന്നെ എന്നറിയാമോ, മൊബൈലിൽ കളി”. ദേവിക്ക് നിർത്താൻ ഭാവമില്ല. മതി ഒരാളെ വർത്താനം പറയാൻ കിട്ടിയപ്പോൾ കത്തി അങ്ങ് കേറുവാണോ? ഇനി എന്താ അകത്തുകേറി ഇരിക്കുവല്ലേ? ഞാൻ പൊക്കോട്ടെ, ഞാൻ ഭഗോതിയ്യേ കണ്ടു എന്നു പറഞ്ഞാ ആരേലും വിശ്വസിക്കുമോ. എൻ്റെ ചിറിക്കു ആദ്യം ഞൊട്ടുന്നെ അമ്മൂമ്മയാരിക്കും, പിന്നെ ബാക്കി ഉള്ളോരും. ഞാൻ ചോദ്യവും പറച്ചിലും ഒക്കെയായി നിന്നു.
പിന്നേ ! അകത്തിരുന്നു എനിക്ക് വേറെ പണി ഉണ്ട്. നീ വരുന്നോ എകൂടെ, നമുക്ക് ഒരിടം വരേ പോയാലോ. ഭഗോതി എന്നോടായി ചോദിച്ചു.
അയ്യാ ! ഞാൻ എങ്ങുമില്ല. ഒന്നാമത് അമ്മൂമ്മ തന്നേ ഉള്ളൂ. വീട്ടിൽ കേറണ്ട സമയം ഇപ്പോളെ കഴിഞ്ഞു. എൻ്റെ ദേവീ പതിനൊന്നു മണി ആയി. ഞാൻ ഒഴിവുകഴിവ് പറഞ്ഞുകൊണ്ട് അവിടെ നിന്നു. “അപ്പോ നിനക്ക് കേശൂൻ്റെ കൂടെ നാട് തെണ്ടാൻ ഈ അമ്മൂമ്മ ഒറ്റക്കാവും എന്ന പ്രശ്നമില്ല അല്ലേ? അവൻ്റെ കൂടെ നീ കറങ്ങിയതും എവിടൊക്കെ പോയെന്നും എനിക്കറിയാം. ഇന്ദിരേടെ വീട്ടിൽ അവൻ്റെ കൂടെ നീ പോയത് ഏതു നേരത്താരുന്നു? രാവിലെ അല്ലല്ലോ? പാതിരാത്രീലല്ലേ. നീ വരുന്നോ? ഇല്ലേല്ലും ഞാന്‍ പോകും. നീ വന്നാല്‍ എനിക്കൊരു കൂട്ടാകും അത്രേ ഉള്ളു. ഏകാന്തത എന്താന്നറിയുന്നോണ്ട നിന്നെ വിളിച്ചേ. നിനക്ക് താല്പര്യം ഇല്ലേ പൊക്കോ. മടുപ്പിക്കുന്ന ഈ ഏകാന്തതയില്‍ നിന്നെന്നെ രക്ഷിക്കമ്മേ എന്നും പറഞ്ഞോണ്ട് നാളെ വരരുത്. ദേവി ദേഷ്യത്തില്‍ പറഞ്ഞു നിര്‍ത്തി.
ശരി പോയേക്കാം. ഈ നാട് വാഴുന്ന ദേവീടെ കൂടെ വലത്ത്പോക്കിന് പോകാന്‍ എനിക്കാ ഇന്ന് ഭാഗ്യം എങ്കില്‍ ആ ക്രെഡിറ്റ് എന്തിനാ വേണ്ടെന്നുവെക്കുന്നെ. അല്ല ഞാന്‍ ആദ്യത്തെ ആളു തന്നെ അല്ലേ. വേറെ ആളോള്‍ടേം കൂടെം പോയിട്ടുണ്ടോ. സംശയം തീർക്കാൻ എന്ന വണ്ണം ഞാൻ ചോദിച്ചു. പുരുഷൻ സ്ത്രീയേക്കാൾ സ്വാർത്ഥനാണ് എന്ന് എനിക്ക് അറിവുള്ളതാണ്, അത്തരം സ്വാർത്ഥത തന്നെ ആവാം ആ ചോദ്യം ഉണ്ടാവാൻ കാരണം.
“എന്താടാ നീ ചോദിക്കുന്നേ ആദ്യത്തെ ആളോ?എന്തിന്‍റെ ആദ്യത്തെ ആള്‍” കുസൃതി ചിരിയോടെ ദേവി തിരക്കി, ഓ അതല്ല ഈ വലത്തുപോക്ക്? സത്യത്തില്‍ എനിക്ക് ദേഷ്യം വന്നു. ഭഗോതി ആണെന്നോ അമ്മയാണെന്നോ ഇടക്ക് ഇപ്പോള്‍ ഓര്‍ക്കുന്നില്ല. ഒരു സമപ്രായക്കാരി പെണ്ണിനോടൊപ്പം പാതിരാക്ക് ഊരു ചുറ്റാൻ പോന്ന പോലെ തോന്നി. “ഒരു അറുപതാണ്ടിനെടേല്‍ നീ ആദ്യത്തെ ആളാ. മുമ്പ് പോയിട്ടുള്ളാളെ പറ്റി നിന്നോടിപ്പോൾ പറഞ്ഞിട്ട് കാര്യമില്ല. നീ അറിയില്ല. അത്ര പേരെടുത്തോനൊന്നുമല്ല. എങ്ങുന്നോ വന്നു ഇവിടെ കഴിഞ്ഞ ഒരുത്തനാരുന്നു. വെണ്ണ കണക്കേ നിറമുള്ള ഒരു പരദേശി. കുറെ കാലം അമ്പലത്തിന്റെ ആലിൻചോട്ടിലാരുന്നു കിടപ്പ്. അവിടെ തന്നെ കിടന്നു ചത്തു. ആരും തിരക്കി ഒന്നും വന്നില്ല പിന്നെ ഇവിടെ തന്നെവിടോ അടക്കി. നീ വാ നടക്ക്."
ഞങ്ങള്‍ രണ്ടാളും കൂടി അമ്പലത്തിന്‍റെ കിഴക്കേനട കടന്നു വെളിയില്‍ ഇറങ്ങുമ്പോള്‍ ദേവി ഓരോന്നും പറഞ്ഞോണ്ടിരുന്നു. വര്‍ഷങ്ങളായി സംസാരശേഷി നഷ്ട്ടപ്പെട്ട ഒരാള്‍ പെട്ടെന്ന് അത് തിരിച്ചുപിടിച്ച കണക്കെ ആര്‍ത്തിയോടെ എന്തൊക്കെയോ. പ്രധാന ദേവന്‍ ഉറക്കം പിടിച്ചു കാണും എന്നും, പുള്ളി ഒരു മടിയന്‍ ആണെന്നും, പറക്കെടുപ്പ് സമയത്തല്ലാതെ പുള്ളി നാട് കാണാന്‍ ഇറങ്ങില്ലെന്നും, അതും ആരുടേലും തോളെ കേറിയേ സഞ്ചരിക്കൂന്നും ഒക്കെ ഇങ്ങനെ പറയുന്നുണ്ടാരുന്നു. അല്പം അസൂയ ഉണ്ടോ ആ വാക്കുകളില്‍ എന്ന് ഞാന്‍ ചിന്തിച്ചു.
റോഡിലേക്കിറങ്ങി തെക്ക്ഭാഗത്തേക്ക് ചൂണ്ടി ദേവി പറഞ്ഞു. “വാ നമുക്കങ്ങോട്ടു പോവാം”.
തുടരും....