• MR Points: 100
  • Status: Ready to Claim

man in sea story by hareesh v in Malayalam

"It was the first time that an oil drum had washed up on the scattered pebbles of the Island shore." Keren Jennings (AN ISLAND)

നൃപിൽ രാവിലെ എഴുന്നേൽക്കും, കോട്ടുവാ വിട്ട് കൈകൾ വിടർത്തി, മടുപ്പിന്റെ ആലസ്യത്തിൽ അമർന്നു വീഴും.

ടോയ്ലെറ്റിൽ നിന്നിറങ്ങി, ബ്രഷിൽ ടൂത്ത് പേസ്റ്റ് നിറച്ച്, ടംഗ് ക്ലീനറും, വെള്ളക്കുപ്പിയും കൈയ്യിൽ പിടിച്ച് ലൈറ്റ്ഹൗസിന് മുകളിലേക്ക് നടക്കും. പിരിയൻ ഗോവണി വഴി മുന്നൂറടിയിലധികം ഉയരമുള്ള ആ ഗോപുരത്തിന്റെ മുകളിലേക്ക്....... പിരിയൻ ഗോവണിയുടെ ഇരുമ്പ് ദണ്ഡുകൾ തുരുമ്പിച്ചെങ്കിലും നല്ല ബലമാണ്. കിതപ്പകറ്റാൻ ചിലപ്പോഴവൻ അതിൽ താങ്ങിപ്പിടിച്ച് നൽക്കും. മുകളിലെ സിറ്റൗട്ട് വൃത്തത്തിലെത്തിക്കഴിഞ്ഞാൽ പത്തേക്കറോളം വിസ്തൃതിയിലുള്ള ദ്വീപിനെ കാണും.എല്ലാം പിഴുതെറിഞ്ഞ് കിടക്കുന്ന നിരപ്പായ ഭൂമി. പൂഴി മണലിൽ ചെറുതായി മുളച്ച് പൊന്തുന്ന പച്ചപ്പ്. മുകളിൽ നിന്നും ബ്രഷ് ചെയ്ത് താഴേക്ക് തുപ്പി നോക്കും. താഴേക്ക് തുപ്പൽ എത്താറില്ല. അതിന് മുൻപെ കാറ്റിൽ പെട്ട് അത് ലൈറ്റ് ഹൗസിന്റെ ചുമരിൽ തന്നെ പറ്റിപ്പിടിക്കും. താഴെ നിന്നും നോക്കിയാൽ കാണാം, ചാര നിറത്തിലുള്ള ലൈറ്റ് ഹൗസ് ചുമരിന് ചുറ്റും ടൂത്ത് പേസ്റ്റിന്റെ വെളുത്ത പുള്ളികളാൽ അലങ്കാര പണി നടത്തി കറുത്ത പുള്ളിക്കുപ്പായമണിഞ്ഞ സുന്ദരിയെ പോലെ, ലൈറ്റ് ഹൗസിന്റെ അടിവശം വിസ്താരം കൂടുതലാണ്. അതിനകത്ത് മൂന്ന് നിലകളിലായി മുറികളുണ്ട്. അവിടെ പണ്ട് ഓഫീസർമാർ താമസിച്ചിട്ടുണ്ടാകണം. എല്ലാ മുറികളിലും കട്ടിലും, കസേരയും, അലമാരിയുമുണ്ട്. എല്ലാം പഴകി പൊളിഞ്ഞവ. മുകളിലേക്ക് അടുക്കും തോറും കൂർത്ത്, ക്യൂബിന്റെ ആകൃതിയാണ് ലൈറ്റ് ഹൗസിന്. ഗോവണി കയറിയിറങ്ങുന്നത് ഒരു തരം വ്യായാമമായതിനാലാവാം ദിനചര്യയിൽ മറ്റൊരു വ്യായാമക്രമങ്ങളൊന്നും അവൻ ഉൾപ്പെടുത്തിയിരുന്നില്ല. പട്ടാളത്തിലായിരുന്നെങ്കിൽ പ്രഭാതനടത്തം നിർബന്ധമാണ്. ചെറുപ്പകാലത്ത് പഠിച്ച് മറന്ന യോഗാസനങ്ങൾ ഇടുങ്ങിയ സിറ്റൗട്ട് വിടവിലിരുന്ന് ചെയ്യാൻ ശ്രമിച്ചതാണ്. രാവിലത്തെ കാറ്റിനൊപ്പം, സൂര്യപ്രകാശത്തിനൊപ്പം, എന്തൊ അത് ദിനചര്യയായി മാറിയിരുന്നില്ല. ഉദയസൂര്യനേക്കാൾ അവനിഷ്ടം അസ്തമയ സൂര്യനെയാണ്. അതിനാണ് ആകർഷണത്വം കൂടുതൽ. അതിന്റെ രശ്മികളും ഇളം കാറ്റും കൂടിയാകുമ്പോൾ എല്ലാം തികഞ്ഞത് പോലെ ഒരനുഭവം.

ഫ്രിഡ്ജിൽ സൂക്ഷിച്ച ആപ്പിളിൽ നിന്നും രണ്ടെണ്ണമെടുത്ത് തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി. ഐസ് ക്യൂബും പഞ്ചസാരയും ചേർത്ത് ഒന്ന് അരച്ചെടുത്ത് കുടിച്ചു നോക്കി. കുറെ ദിവസമായി കട്ടിയുള്ള ഭക്ഷണമെന്തെങ്കിലും അകത്തേക്ക് പോയിട്ട്. രണ്ടാഴ്ചയായി ഭക്ഷണമെത്തിക്കാൻ സ്ഥിരം താഴേക്കിറങ്ങുന്ന ഹെലികോപ്റ്ററിനെ കാണാതായിട്ട്. ആദ്യമാദ്യം കിട്ടിയ ഭക്ഷണപ്പൊതികളെല്ലാം പെട്ടെന്ന് തീർക്കുമായിരുന്നു. മാസത്തിൽ ഒരു തവണ മാത്രമെത്തുന്ന ആ ഹെലികോപ്റ്ററിനെ വിശ്വസിക്കുന്നതിൽ കഴമ്പില്ലെന്ന് തോന്നിത്തുടങ്ങിയപ്പോൾ കുറച്ച് പഴങ്ങൾ ഉണക്കിയും, കൊറിക്കാനുള്ളവ ചില്ല് ഭരണിയിലും സൂക്ഷിച്ചു തുടങ്ങി. കടൽ വെള്ളത്തിൽ കുളിച്ചാൽ മുടി കൊഴിയും കിണറുകളെല്ലാം മൂടി, പാർപ്പിടങ്ങളെല്ലാം നിരത്തി ആളുകളെയെല്ലാം ഒഴിപ്പിച്ചത് മുതൽ ദ്വീപൊരു മൃതഭൂമിയായിരിക്കുന്നു. ഒരു പണിയായുധത്തിനായി പരതി നടന്നു. ഒടുവിൽ ലാന്റ് ലൈനിൽ ആഴ്ചയിൽ ഒരു ദിവസം മാത്രം വിളിക്കാറുള്ള അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലേക്ക് വിളിച്ചു.

"ഹലോ ഒരു പിക്കാസും, കൈക്കോട്ടും പിന്നെയൊരു കപ്പിയും, കയറും ഒരു വട്ടിയും ഉടനെ വേണം."

ഇനിയവൻ ലാന്റ് ഫോണിനെ കുറെ നേരം നോക്കിയിരിക്കും, ഒരു കോൾ വന്നിരുന്നെങ്കിൽ നല്ലതായിരുന്നു എന്ന് കരുതും. അടുത്ത മാസത്തെ ഗഡു വരാൻ ഒരാഴ്ച കൂടി കാത്തിരുന്നാൽ മതി. വിളിച്ച് പറഞ്ഞ പ്രകാരം വല്ല പണിയായുധങ്ങളും ഉണ്ടായാൽ മതിയായിരുന്നു. അത്രയൊന്നും സാധനങ്ങൾ ബാക്കിയില്ല. കഴിഞ്ഞ മാസത്തേതിൽ റെഡിമെയ്ഡ് ചപ്പാത്തിയുടെ ഒരു പാക്കറ്റ്, അതിൽ പന്ത്രണ്ടെണ്ണം കാണും. ഒരു നേരം രണ്ട് വീതം ആറ് ദിവസം ഒപ്പിക്കാം. അരിയൊന്നുമില്ല. ബെർഗ്ഗറും പിസയും ആദ്യത്തെ ആഴ്ച തന്നെ തീരും. വളർത്തുമൃഗങ്ങളുണ്ടായിരുന്നെങ്കിൽ ഒരു ഫാം തുടങ്ങാമായിരുന്നു. പച്ചപ്പുല്ലുകൾ ദ്വീപിൽ അവിടവിടെയായി പൊന്തി വരുന്നുണ്ട്. കടലിന്റെ ഓരങ്ങളിൽ കരിങ്കല്ലിൽ പറ്റിപ്പിടിച്ച കല്ലുമ്മക്കായ ചെത്തിയെടുത്ത് രണ്ട് മൂന്ന് ദിവസം കഷ്ടിച്ച് കറി വയ്ക്കാം. കുറച്ച് പഴങ്ങളുണ്ട്. കൃഷി ചെയ്യാൻ പദ്ധതിയിട്ട് ഉണക്കിയ പച്ചക്കറി വിത്തുകൾ ഇരിപ്പുണ്ട്. ഒന്ന് വിതറി വിട്ടാൽ മുളച്ചു പൊന്തും. മീൻ പിടിക്കാൻ ചൂണ്ടയുമായി കടൽക്കരയിലേക്ക് തിരിക്കും നേരം, തൊപ്പിയെടുക്കാൻ മറന്നതോർത്ത് ജാള്യത നടിച്ച് നിക്കോൺ തൊപ്പി തലയിൽ തിരുകി. താനെന്തിനാണ് ജാള്യത നടിച്ചതെന്ന് നൃപിന് ശരിക്കും മനസിലായില്ല. തന്റെ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടാനൊ, കളിയാക്കാനൊ ആരുമില്ലാഞ്ഞിട്ടും എവിടുന്നാണ് ചമ്മലിന്റെ ബോധമുണ്ടായത്.!  ഇങ്ങനെ ഒറ്റയ്ക്ക് നിൽക്കാൻ ആഗ്രഹമുണ്ടായിട്ടൊന്നുമല്ല. എവിടയൊ ഗുരുക്കന്മാരുടെയും, മാതാപിതാക്കളുടെയും ഗുണദോഷങ്ങൾ ജീവിതവെളിപാടുകൾ, കർത്തവ്യബോധമന്ത്രം തന്നിലും പറ്റിച്ചേർന്ന് പിടിച്ചിരിക്കുന്നു. മാസാമാസം തന്റെ അക്കൗണ്ടിലേക്ക് പൈസ വീഴുന്നുണ്ട്. അതിന്റെ സ്റ്റേറ്റ്മെന്റ് കോപ്പി ഓരൊ മാസവും ഹെലികോപ്റ്ററിൽ വരാറുമുണ്ട്. പക്ഷെ ആ കാശ് വീട്ടിലെത്തിക്കാനുള്ള സൗകര്യമൊന്നുമില്ല. വളരെ കാര്യഗൗരവമുള്ള ഉദ്യോഗസ്ഥരാണ് ഹെലികോപ്റ്ററിൽ വരാറുള്ളത്. അവർക്ക് തന്റെ ജീവിതം അത്ര വലിയ കാര്യമായൊന്നും തോന്നാറില്ല. ഒന്നാമത് കല്ല്യാണം കഴിച്ചിട്ടില്ല. പിന്നെ എന്തിനോടും ലാഘവത്തോടെ പെരുമാറുന്ന പ്രകൃതമായിരുന്നു. ഒരു മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും അവിടെ ഉണ്ടായിരുന്നില്ല. ഉണ്ടായിരുന്നെങ്കിൽ ഓൺലൈൻ ആപ്പുകൾ വഴി എളുപ്പത്തിൽ വീട്ടിലേക്ക് കാശയക്കാമായിരുന്നു. വീടിന്റെയൊ നാടിന്റെയൊ അവസ്ഥ അറിയാൻ യാതൊരു വഴിയുമില്ല. ഇവരെന്താണ് മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അനുമതി തരാത്തത്.? എന്തിനാണ് എന്നെ മാത്രം ഇവിടെ താമസിപ്പിച്ചിരിക്കുന്നത്.? ചൂണ്ടയിൽ മീനൊന്നും കുലുങ്ങിയില്ല. ഒരു രക്ഷയുമില്ല. കല്ലുമ്മക്കായ ശേഖരിച്ച് പോകാമെന്നുറച്ച് ഹാഫ് ട്രൗസറും ധരിച്ച് കടലിലിറങ്ങി. പാറക്കല്ലിൽ പറ്റിപ്പിടിച്ച ഓരൊ ചിപ്പിക്കൂടും അടർത്തിയെടുത്ത് കരയിലേക്കെറിഞ്ഞു. കരയിലിപ്പോൾ ഒരു കൂമ്പാരം കല്ലുമ്മക്കായുണ്ട്. അതെല്ലാം ഒരു കൊട്ടയിലാക്കി ശാന്തമായി കടൽത്തിരകളെ നോക്കിക്കൊണ്ടിരുന്നു. നൃപിനറിയാം ഇനിയതിനെ കഴുകി ചൂടുവെള്ളത്തിൽ പുഴുങ്ങിയെടുക്കണം. സോളാർ ഘടിപ്പിച്ച കറന്റടുപ്പായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒന്ന് തിളച്ച് കഴിഞ്ഞാൽ നുര പൊന്തും. പിന്നീടത് ഇറക്കി ആറ്റിച്ച്, ഓരോ ഇളമ്പക്കയും പിച്ചാത്തി കൊണ്ട് അടർത്തി ഇറച്ചി തുണ്ട് പുറത്തെടുക്കണം. ഒരു കവർ നിറച്ചുണ്ടെങ്കിലും ഒരു പിടി മാത്രമെ ഇറച്ചി കാണു. നല്ല മസാലപെരക്കി മൂപ്പിച്ച് ആ പഴകിയ ബ്രഡ്ഡിന് നെടുകെ വിതറി സാൻവിച്ച് പോലെ കഴിക്കാം. വേറെ രക്ഷയൊന്നുമില്ല. ഉച്ചയ്ക്കുള്ള ഭക്ഷണം ശരിയായി കഴിഞ്ഞാൽ ദ്വീപിലെ ഒഴിഞ്ഞ മണൽപരപ്പിലൂടെ നടക്കണം. പിഴുതെറിയപ്പെട്ട ജീവിതങ്ങളുടെ കാല്പാടുകൾ തേടി.

മാതൃഭൂമിയിലെ അധികാരികൾക്ക് എന്തൊക്കയൊ പ്ലാനിംഗുകളുണ്ട്. അതെന്തായിരിക്കും.? എന്തായാലും തന്നെ ഏൽപ്പിച്ച ജോലി വൃത്തിയായി ചെയ്യുക എന്നതിൽ കവിഞ്ഞ് മറ്റൊരു ഉദ്ദേശവും വയ്ക്കേണ്ടതില്ല. അല്ലെങ്കിലും ദ്വീപ് നിവാസികളാരും സ്വാതന്ത്ര്യദിനം കൊണ്ടാടുന്നവരല്ല. ഒരധിനിവേശ ചരിത്രവും നിവാസികൾക്കില്ല. പിന്നീട് ഒരു വലിയ രാജ്യത്തിലേക്ക് ലയിക്കാൻ മുൻകൈ എടുത്തിട്ടുമില്ല. എന്നിട്ടും ആ വലിയ ഭൂവിസ്തൃതിയുള്ള രാജ്യം ദ്വീപിനെ വിഴുങ്ങാൻ പദ്ധതികൾ തയ്യാറാക്കുന്നു. ആ വലിയ രാജ്യത്തിന് ചൂറ്റുമായി ഇരുപതിലധികം വലുതും ചെറുതുമായ ദ്വീപുകളുണ്ട്. അവയ്ക്ക് മേലെല്ലാം അധികാരം സ്ഥാപിക്കാൻ മാതൃരാജ്യം തുനിഞ്ഞിരിക്കുന്നു. മാതൃരാജ്യത്തിന് സ്വാതന്ത്ര്യ സമര ചരിത്രമുണ്ട്. കോളനിവത്കരിക്കപ്പെട്ട ചരിത്രം. അവിടെ ചരിത്രപുരുഷന്മാരുണ്ട്, മഹതികളും അവരുടെ ഓരോരുത്തരുടെയും പേരുകൾ ഓരൊ ദ്വീപിലും നാമകരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ദ്വീപ് നിവാസികളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. ഒന്നാമത് അവർ വികലമായ ഉച്ചാരണമാണ് ഭാഷയോട് പുലർത്തുന്നത്. രണ്ടാമത് തന്റെ ബന്ധുക്കളാരും ഇവിടെ ഇല്ലായിരുന്നു. ഒരു ഫോൺ വിളി ഏത് നിമിഷവും ഉണ്ടാവും. മിന്നൽ പിളർപ്പ് പോലുള്ള ഓർമ്മപ്പെടുത്തലിലൂടെ നൃപിൻ ലൈറ്റ് ഹൗസ് മുറിയിലേക്ക് നടന്നു. ഫോൺ ശബ്ദിച്ചു.

"ഹലൊ നൃപിനാണ്. "

കുറെ സമയം റിസീവർ ചെവിയിൽ വച്ചതിന് ശേഷം ഫോൺ തിരിച്ചു വച്ചു. എന്തൊരു ഖനഗാംഭീര്യമുള്ള ശബ്ദമാണെന്നൊ.! മറ്റന്നാൾ ഹെലികോപ്റ്റർ വരും എന്നൊരു ശബ്ദം മാത്രം. കുറെ നേരം സംസാരിക്കണമെന്ന് നൃപിനുണ്ടായിരുന്നു. അല്ലെങ്കിൽ കോച്ചുവർത്തമാനം പറയാൻ തനിക്കാരാണുള്ളത്.? എന്നും മാസത്തിലൊരിക്കൽ താഴെയിറക്കുന്ന പൊതി മാത്രമാണ് തന്റെ സുരക്ഷിതത്വത്തിനുള്ള ഏക തെളിവ്. പട്ടാളച്ചിട്ടയോടെ വന്നിറങ്ങുന്ന ഉദ്യോഗസ്ഥർ. അവരുടെ മുഖത്ത് എപ്പോഴും ഗൗരവം മാത്രം. ഒരു ചിരിയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ചില സമയങ്ങളിൽ ഹെലികോപ്റ്റർ ദ്വീപിന് മുകളിൽ ചുറ്റിക്കറങ്ങി കയറ് കെട്ടിയിറക്കുന്ന ഒരു ചുമട് സാധനങ്ങൾ മാത്രമായിരിക്കും. ആ സാധനങ്ങൾ ക്രമമില്ലാതെ, വെട്ടുകത്തിക്ക് മുകളിൽ പഞ്ചസാര കെട്ട്. വെട്ടുകത്തിയുടെ മുനകൊണ്ട് അത് കീറി. ഓരൊ സാധനങ്ങളുടെ മീതെയും വെളുത്തമുത്തുകൾ പോലെ അതങ്ങനെ കിടക്കും. അത് അഴിച്ചെടുത്ത് യഥാസ്ഥാനം വച്ച് കഴിയുമ്പോഴേക്കും വിയർത്ത് കുളിക്കും. അടുത്ത മാസം ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റിൻ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് ധൃതിയോടെ ചിന്തിച്ചു. നാട്ടിലെ അടുക്കളയിലും, മെസ്സിലെ കലവറയിലും എന്തൊക്കെയൊ അടുക്കിവെച്ച പാത്രങ്ങൾ കണ്ടിരുന്നെന്ന് ചിന്തിച്ചു. അടുക്കി വച്ച മഞ്ഞൾപ്പൊടി ഡപ്പി, മുളക് പൊടി, ജീരകം, കുരുമുളക്, ഉപ്പ്, ചെറുപയർ,വൻപയർ, കടുക്,കടല,പുളി, എണ്ണ,അച്ചാറ്, ചിക്കൻ മസാല, സാമ്പാർ പൊടി, മീൻ മസാല അങ്ങനെ കുറെയെണ്ണം ഓർത്തെടുത്തിരുന്നു. അതുപോലെ ഫ്രിഡ്ജിലും എന്തൊക്കയൊ കാണും, പഴങ്ങൾ, പച്ചക്കറികൾ, പാല്, തൈര്, മുട്ട, ഫ്രഷ് ഡ്രിങ്കിനുള്ള പോടികൾ, വെള്ളം, പതിനഞ്ച് കിലൊ അരിയുണ്ടെങ്കിൽ ഒരു മാസം ഒരു നേരത്തെ അരിയാഹാരവും കഴിഞ്ഞ് മിച്ചം വരും. ചിലപ്പോൾ രണ്ട് നേരവും അരിയാഹാരത്തിന് തികയുമായിരിക്കും. ഒരു മീൻവല വേണം എപ്പോഴെങ്കിലും ഒരു ചങ്ങാടമുണ്ടാക്കി കുറച്ച് കൂടി കടലിനകത്തേക്ക് പോകാൻ സാധിച്ചാൽ വലവിരിച്ച് മീനിനെ പിടിക്കണം.കുളിസോപ്പ്, ടൂത്ത് പേസ്റ്റ്, ഫസ്റ്റ് ഐഡ് മരുന്നുകളെല്ലാം തീരാറായി. കുറച്ച് മരത്തെകൾ വേണം.പെട്ടെന്ന് കായ്ക്കുന്ന ഫലവൃക്ഷങ്ങൾ ദ്വീപ് നിറച്ചും വച്ച് കൊടുക്കണം. കുറച്ച് ഔഷധച്ചെടികളും അങ്ങനെ എന്തൊക്കെയൊ കുറിപ്പടി തയ്യാറാക്കി നൃപിൻ ഹെലികോപ്റ്ററിനെയും സ്വപ്നം കണ്ടിരുന്നു.

കടലിന്റെ തീരത്തിലൂടെ വെറുതെ നടക്കുമ്പോൾ ദൂരെയായി ഒന്നും കാണാറില്ല. ഈ ലോകത്ത് എന്തൊക്കെയൊ സംഭവിച്ച് കൊണ്ടിരിക്കുന്നു. അല്ലെങ്കിൽ വികസനത്തിന്റെ പേരിൽ ഒരു ദ്വീപിലെ മുഴുവൻ ജനതയേയും ഒഴിപ്പിച്ച്, താൽക്കാലികമായി തന്നെ കാവല് നിർത്തി എന്തൊക്കെ നിർമ്മാണപ്രവർത്തനങ്ങളായിരിക്കും ഈ ദ്വീപിന് മീതെ ഉണ്ടാവുക.? ഇവിടെ ജീവിച്ചിരുന്ന സകലരുടെയും തെളിവുകൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു വിശാലമായ മണൽപരപ്പ് മാത്രം. നട്ടുപിടിപ്പിക്കലും നിർമ്മാണ പ്രവർത്തനങ്ങളും ഒന്നേന്ന് തുടങ്ങേണ്ടിയിരിക്കുന്നു. എങ്കിലും ചെറിയ കാടുകൾ മുളച്ചു പൊന്തുന്നതിന് അധികം സമയമൊന്നും വേണ്ടല്ലൊ.! പലതരം വള്ളിപ്പടർപ്പുകളാൽ അത് സമൃദ്ധമായിരിക്കുന്നു. പാറക്കല്ലുകൾ ദ്വീപിൻ കരയിൽ സമൃദ്ധമായുണ്ട്. ബോട്ട് ജെട്ടികൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കുറെ പക്ഷികൾ ദേശാടന യാത്രയിലെ വിശ്രമകേന്ദ്രം പോലെ ദ്വീപിൽ നിലയുറപ്പിച്ചിരുന്നു.അവയ്ക്ക് നേരെ ചിപ്പി കൊണ്ട് ഒരേറ്,കുലുക്കമില്ലാതെ അവ ഒഴിഞ്ഞു മാറി.വീണ്ടും വിശ്രമം തുടർന്നു. ദ്വീപ് തീരത്ത് കെട്ടിക്കിടക്കുന്ന കുറെ പ്ലാസ്റ്റിക് മാലിന്യങ്ങൾ, പലതിനകത്തും ജൈവ മാലിന്യങ്ങളാണ്. അവയെല്ലാം വൃത്തിയാക്കാമെന്ന തീരുമാനത്തോടെ ഒരു വേസ്റ്റ് കുഴിയുണ്ടാക്കി. ദ്വീപ് തീരം മാലില്യവിമുക്തമാക്കി തുടങ്ങി. എല്ലാടവും വൃത്തിയാക്കിത്തുടങ്ങി. അതിനിടയിൽ ഒരു പ്ലാസ്റ്റിക് കവർ നൃപിന്റെ ശ്രദ്ധയിൽ പെട്ടു. ചില സാധനങ്ങൾ അവൻ മാറ്റി വച്ചിരിക്കുന്നു അതിന്റെ കൂട്ടത്തിൽ ഇതും. ചില പാവകൾ, കുരങ്ങിന്റെയും, പെൺകുട്ടിയുടെയും, ആനയുടെയും രൂപങ്ങളുള്ളത്. വെള്ളം നിറയ്ക്കാനുള്ള പ്ലാസ്റ്റിക് കുപ്പികൾ, മഷി തെളിയാത്ത പേനകൾ അങ്ങനെ പലതും. ആ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ചതുരക്കവറിൽ എന്താണുള്ളത്.! അവനറിയില്ല.പണിയെല്ലാം കഴിഞ്ഞ് ഉച്ചയോടെ കടലിൽ നീരാടി. സ്വന്തം മുറിയിലേക്ക് വന്ന് ഡ്രസ് മാറി. ഒരു ഗ്ലാസ് ബിയറൊഴിച്ച് വലിച്ചതിന് ശേഷം ശേഖരിച്ച സാധനങ്ങൾ വൃത്തിയാക്കിത്തുടങ്ങി. പാവകളെ ഷൊകേസിലേക്ക് വലിച്ചെറിഞ്ഞു. എന്തൊക്കയൊ കുഞ്ഞുടുപ്പുകളാൽ അതിന്റെ ഭംഗി കൂട്ടണമെന്ന് കണക്ക് കൂട്ടി. മഞ്ഞക്കവർ പൊട്ടിച്ചു നോക്കി. നൃപിന് അത്ഭുതമായി ഒരു സ്മാർട്ട് ഫോൺ. കൂടെ കവറിൽ ചാർജ്ജറും ഇയർഫോണുമുണ്ട്. ഉപയോഗിച്ചതാണ്. നൃപിൻ കൗതുകത്തോടെ സ്വിച്ചോണാക്കി. വൈബ്രേഷനൊപ്പം ചെറിയ ശബ്ദത്തോടെ അതിൽ വെളിച്ചം വന്നു. രണ്ട് തവണ മുകളിലേക്ക് സ്ക്രോൾ ചെയ്തു. അത് ഓണാകുകയും പെട്ടെന്ന് ഓഫാകുകയും ചെയ്തു. നൃപിനതിന്റെ ഓരൊ ഭാഗങ്ങളായി അഴിച്ചു മാറ്റിത്തുടങ്ങി. ബാറ്ററി, സിംകാർഡ്, മെമ്മറി കാർഡ്, ഇയർഫോണും, ചാർജ്ജറുമടക്കം വെയിലത്ത് ഉണങ്ങാനിട്ടു. കണ്ടിട്ട് നല്ല കമ്പനി ഫോണാണ്. അത്ര പെട്ടെന്നൊന്നും മരിച്ചു പോകില്ല. അത് കടലിലൊഴുകാൻ തുടങ്ങിയിട്ട് അധിക കാലമാകില്ല. നൃപിന് ആവേശമായി പാവക്കുട്ടികൾ തന്റെ ഷൊകേസ് അലങ്കരിക്കാനുള്ളതാണ്. ഇതാ ഇപ്പോൾ സ്മാർട്ട് ഫോണും കൂടിയായി. ഒരു നല്ല സുഹൃത്തിന്റെ സിം കാർഡിൽ നിന്നും ഈ ലോകത്തോട് പലതും വിളിച്ചു പറയാനും, ബന്ധം പുലർത്താനും അവന്റെ മനസ് ധൃതിപ്പെട്ടു. ആലോചിച്ചാലോചിച്ച് നാല് ബിയർ ബോട്ടിൽ തീർത്തിരുന്നു. വൈകുന്നേരമായപ്പോൾ എല്ലാം എടുത്ത് വീണ്ടും യോജിപ്പിച്ചു. ചാർജ് കുറവാണെന്ന തിരിച്ചറിവിൽ ഇന്നിനി വേണ്ട എന്ന തീരുമാനത്തോടെ പ്ലഗ്ഗിൽ ചാർജ്ജറ് കുത്തി. അതാരുടേതായിരിക്കും പുലരാനൊരു കാരണമുള്ള പ്രഭാതം അവനെ കാത്തിരിക്കുന്നെന്ന തോന്നലിൽ തലചായ്ച്ചു. 

ഇനി നൃപിന്റെ മുന്നിലിനി പുതിയ പ്രഭാതങ്ങളാണ് വെർച്ച്വൽ ലോകം. അപ്പൊഴും നൃപിൻ രാവിലെ എഴുന്നേൽക്കും മൊബൈൽ ഫോൺ ശബ്ദത്തിനൊപ്പം. ഭാഗ്യം ലോക്കുകളില്ല, സിംകാർഡ് പ്രവർത്തിക്കുന്നുമുണ്ട്. ഒരു സുഹൃത്തിനയച്ചു കൊടുത്ത പാർസൽ പോലെ നൃപിന് തോന്നി. എല്ലാം സശ്രദ്ധം നോക്കി. ഗൂഗിൾ, ക്രോം, ജി.മെയിൽ, യുറ്റൂബ്, ഡ്രൈവ്, ഗൂഗിൾ മീറ്റ്, ഗൂഗിൾ ന്യൂസ്, പ്ലെസ്റ്റോർ,തീം സ്റ്റോർ, കലണ്ടർ, ആപ് മാർക്കറ്റ്, ക്ലോക്ക്, റെക്കോർഡർ, കാൽക്കുലേറ്റർ, കോംബസ്, എഫ്.എം റേഡിയൊ, ഗ്യാലറി,ഫയൽ മാനേജർ, ആന്റി വൈറസ്, ഗെം സെന്റർ, മ്യൂസിക് പാർട്ടി, ഡിക്ഷണറി ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, വാട്സപ്പ്, ട്വിറ്റർ, ഗൂഗിൾ പെ,ട്രാൻസ്ലേറ്റിംഗ് ആപ്, ലേണിംഗ് ആപ്, ക്യൂ ആർ കോഡ് റീഡർ, പിന്നെ രണ്ട് മൂന്ന് മാട്രിമോണിയൽ ആപ്പുകളും. എല്ലാം ശരിയായി കണ്ടുവന്നപ്പോഴേക്കും ഉച്ചയായിരുന്നു. ആ നമ്പറിനുടമ ഒരു പെണ്ണായിരുന്നു. നെറ്റ് റീചാർജ് ഉണ്ടൊ എന്നറിയാൻ വെറുതെ ഓണാക്കി നോക്കി. പടാപടാന്ന് മെസ്സേജുകൾ, വാട്സപ്പിൽ മാത്രം അഞ്ഞൂറിലധികം, ഇ.മെയിലിലും, ഫേസ്ബുക്കിലും വേറെ, നൃപിൻ വാട്സപ്പ് തുറന്നു നോക്കി കുറെ ഗ്രൂപ്പുകൾ,കുറേ പേഴ്സണൽ മെസേജുകൾ ഇരുന്നൂറിലേറെ ഗുഡ്മോർണിംഗ് ഗ്രാഫിക്സ് ചിത്രങ്ങൾ. എല്ലാം ഒന്ന് ശരിയാക്കിയെടുക്കാൻ ഏറെ പണിപ്പെട്ടു. നിറഞ്ഞു കവിഞ്ഞ ഗ്യാലറികളെല്ലാം വൃത്തിയാക്കി. പല വാട്സപ്പ് നമ്പറുകളും ബ്ലോക്ക് ചെയ്തവയായിരുന്നു. പത്തോളം ഗ്രൂപ്പുകളുടെ അഡ്മിനായിരുന്നു. കുറെ കാലമായി മെസേജുകളൊന്നുമില്ല, അവസാനത്തെ മെസേജ് അഞ്ച് മാസം മുമ്പ് അയച്ചതാണ്. കോൾ ഹിസ്റ്ററി ക്ളിയർ ചെയ്ത് അവളുടെ മായാത്ത വാട്സപ്പ്, ഫെയ്സ്ബുക്ക്, ഗൂഗിൾ, പ്രൊഫൈലുകളിലേക്ക് അവൻ വെറുതെ നോക്കി നിന്നു. നോട്ടിഫിക്കേഷൻ ബാറിലെ തിരക്ക്, കുറെ ഫ്രണ്ട് റിക്വസ്റ്റുകൾ, കുറെ ടാഗ് പോസ്റ്റുകൾ, ആറ് മാസത്തോളമായി ചേതന പുതിയ ഫെയ്സ്ബുക്ക് പോസ്റ്റുകളൊന്നും സൃഷ്ടിച്ചിരുന്നില്ല. ഒരു വർഷത്തോളമായി പ്രൊഫൈൽ പിക്ചറൊ ബാഗ്രൗണ്ട് പിക്ചറൊ മാറ്റിയിരുന്നില്ല. ഹൈലി സ്പിരിച്വൽ, ആക്റ്റിവിസ്റ്റ് എന്നീ വാക്കുകൾ പ്രൊഫൈലിന് താഴെ കണ്ടിരുന്നു. പഠിച്ച സ്കൂളിന്റെ പേരൊ കോളേജിന്റെ പേരൊ ഒന്നുമില്ല. ഒരു ദിവസം കൊണ്ടൊന്നും ക്രമപ്പെടുത്തി വരാൻ സാധിക്കില്ല. എങ്കിലും ഇതൊരു ത്രില്ലടിപ്പിക്കുന്ന പണിയാണ്. പച്ചക്കറി കൃഷിക്കും, ശുചീകരണ പ്രവൃത്തിക്കുമൊപ്പം കൊണ്ട് പോകാനൊക്കുന്നത്. എല്ലാ സമയവും നൃപിൻ ഫോണിൽ കുത്തിക്കളിക്കാറില്ല. രാവിലെയും വൈകുന്നേരവും മാത്രം. ഫേസ്ബുക്കിലും, വാട്സപ്പിലുമാണ് ചേതന കൂടുതൽ ആക്റ്റീവായി കാണുന്നത്. രണ്ടായിരത്തി പതിനെട്ട് പത്തൊമ്പത് കാലങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പോസ്റ്ററുകൾ സൃഷ്ടിച്ചതായും, ഷെയർ ചെയ്തതായും കാണുന്നുണ്ട്. അതിന് ശേഷം ദ്വീപിലെ പ്രശ്നങ്ങളാണ് അവതരിപ്പിച്ചത്. എല്ലാറ്റിലും ഒളിഞ്ഞും തെളിഞ്ഞും ഭരണകൂടത്തെ വിമർശിച്ചിരുന്നു. അങ്ങനെ വെറുതെ നോക്കിയിരിക്കവെ ചേതനയുടെ ചേതനയറ്റ രൂപം മനസ്സിൽ തെളിഞ്ഞു വന്നു. ഒരു വെടിയുണ്ട യൊ, കത്തികൊണ്ട് കുത്തിയതൊ എന്ന് വെക്തമല്ല. കടലിലേക്കാണ് അവൾ തെറിച്ച് വീണത്. ഇപ്പോഴും കടലിൽ പൊങ്ങ് തടിപോലെ അവളുടെ മൃതദേഹം ഒഴുകി നടക്കുന്നുണ്ട്. ഭദ്രമായി കവറിലിട്ട് സൂക്ഷിച്ച മൊബൈൽ ഫോൺ കടലിലൂടെ ഒഴുകി നടന്നു.

"ഛെ" ഊഹാപോഹങ്ങൾക്ക് വിശ്വാസ്യത പോര. ഇനിയും ചിന്തിച്ചാൽ എങ്ങനെയൊ അതിവിടെയെത്തി എനിക്കൊരു കൂട്ടുകാരാനെ കിട്ടി, കുറേ പരിചയക്കാരെയും നൃപിന് അത്രമാത്രമെ അറിയൂ.

മാസങ്ങളങ്ങനെ പണിചെയ്തും ഫോണിൽ തെളിവെടുപ്പ് നടത്തിയും കൊഴിഞ്ഞു പോയി.ദിവസങ്ങൾ കൊഴിയവെ ആ ഫോൺ നൃപിന്റേതാകാൻ തുടങ്ങി. ഒരു ഫോൺ കോൾ ഭരണസിരാകേന്ദ്രത്തിൽ നിന്നാണ്. 

"ഹലൊ നൃപിൻ നിങ്ങൾക്ക് ചേതനയുടെ ശവം കിട്ടിയിട്ടുണ്ടൊ.?"

നൃപിന് അത്ഭുതം തോന്നി, ഇതെങ്ങനെ.? 

ചേതനയുടേതായിട്ടുള്ളതെല്ലാം ഇല്ലാതായിരിക്കുന്നു. പുതിയൊരു ഗൂഗിൾ അക്കൗണ്ട് അത് ക്രിയേറ്റ് ചെയ്യാൻ പാകത്തിന് ഫോൺ വൃത്തിയാക്കിയെടുത്തു. എല്ലാ ആപ്ലിക്കേഷനുകളും നൃപിന്റേതായിരുന്നു. രണ്ടാമത്തെ സിം കാർഡാണ് ഉപയോഗിച്ചത് എന്നിട്ടും. ഇതെങ്ങനെ.? നമ്മുടെ പ്രവൃത്തികളെ ല്ലാം ഒപ്പിയെടുക്കാൻ പാകത്തിന് ഒരു മൂന്നാം കണ്ണ് പ്രവർത്തിക്കുന്നുണ്ട്. ഭരണാസിരാകേന്ദ്രത്തിൽ നിന്നും പിന്നെയും വിളിച്ചിരുന്നു. അന്നവർ സോഷ്യൽ മീഡിയ ഉപയോഗിക്കരുതെന്ന് താക്കീത് ചെയ്തു. ദ്വീപിലെ ഫോട്ടോകൾ പോസ്റ്റ് ചെയ്യരുതെന്നും, ശൂന്യമായ ദ്വീപിനെ ചുറ്റിപ്പറ്റി സമരചരിത്രങ്ങൾ സമരനായികാനായകന്മാരാൽ സമൃദ്ധമായി എഴുതപ്പെടുന്നുണ്ടെത്രെ.! മാധ്യമങ്ങളിപ്പോഴും വാർത്തകൾക്ക് പ്രാധാന്യം നൽകുന്നുണ്ടെത്രെ.! ദ്വീപിൽ ഇൻവെസ്റ്റ്മെന്റ് നടത്തിയ കമ്പനിക്കാരും ദ്വീപ് നിവാസികളിലെ സാമൂഹ്യപ്രവർത്തകരും ഇപ്പോഴും തങ്ങളുടെ വാദങ്ങൾ കോടതിയിൽ തുടരുകയാണെത്രെ.! അതിനിടയിൽ സോഷ്യൽ മീഡിയയിലെ തന്റെ വിശേഷം പങ്കുവയ്ക്കൽ തന്നെയൊരു രാജ്യദ്രോഹിയാക്കുമെത്രെ.! പങ്കിട്ട പോസ്റ്റുകൾ ഇല്ലാതാക്കി. ഫോൺ എപ്പോഴും സ്വിച്ച് ഓഫാക്കി. സൗഹൃദത്തിന്റെ പങ്കുവയ്ക്കലുകളാഗ്രഹിച്ച മനസ് എവിടെയൊക്കയൊ തഴയപ്പെട്ടു. പുതിയ ഫ്രണ്ട് റിക്വസ്റ്റുകൾ വരുമ്പോൾ, ലൈക്ക് കൂടിയ പോസ്റ്റുകൾ ഉണ്ടാകുമ്പോൾ, റീച്ച് കൂടിയ വീഡിയോകൾ ഉണ്ടാക്കുമ്പോൾ, സ്റ്റാറ്റസുകൾ പരമാവധി ആളുകൾ കാണുമ്പോൾ എല്ലാത്തിനും നൃപിൻ സന്തോഷിച്ചിരുന്നു. പച്ചക്കറി തോട്ടത്തിലെ പച്ചക്കറികളും. പൂന്തോട്ടത്തിലെ പൂക്കളും, ഭക്ഷ്യവസ്തുക്കളിൽ നിന്നും മാറി എന്നാണൊ ആ ലൈറ്റ് ഹൗസിന്റെ മുകളിൽ നിന്നും ദ്വീപിന്റെ അതിർവരമ്പുകളെല്ലാം കിട്ടുംവിധം ഒരു ഫോട്ടൊ പോസ്റ്റ് ചെയ്തത് അന്ന് മുതലാണ് ഹെഡ് ഓഫീസിൽ നിന്നും കൂടുതൽ വിളികളുണ്ടായത് നൃപിനോർക്കുന്നുണ്ട്. ഒരു ദിവസം ഭക്ഷണപ്പൊതികൾക്കൊപ്പം അന്വേഷണ ഉദ്യോഗസ്ഥരായ രണ്ട് പേർ വരും. അവർ കൈയ്യാമം വച്ച് ഹെലികോപ്റ്ററിൽ തന്നെയും വഹിച്ച് മറ്റൊരു കാരാഗൃഹത്തിലേക്ക് പറക്കും. ചോദ്യങ്ങളാൽ പൊതിഞ്ഞ ഇരുട്ടുമുറിയിൽ കാവൽക്കാരന്റെ ജാഗ്രതയില്ലാതെ, കുറ്റവാളിയുടെ കുറ്റബോധമില്ലാതെ..... എനിക്കും ഫോണിനും, ചേതനയ്ക്കും നടുവിൽ ഒരു ദ്വീപ്. ദ്വീപിൽ പുതിയ പദ്ധതി ആവിഷ്കരിക്കും വരെ സംശയവും, ചോദ്യവും തുടരും..... നൃപിനിപ്പോൾ ഭക്ഷണമാവിശ്യപ്പെടാനായി വിളിക്കാറില്ല. പുതിയ പുസ്തകങ്ങളൊ, ജോലിചെയ്യാൻ ആയുധങ്ങളൊ ആവശ്യപ്പെടാറില്ല. തീരത്തെ ശാന്തമായ തിരമാലകളിൽ നോക്കി നിൽക്കും. ഹെലികോപ്റ്ററിന്റെ ഒച്ച കേട്ടാൽ പാറക്കെട്ടുകൾക്കിടയിൽ ഒളിക്കാറാണ് പതിവ്. എങ്കിലും സൈബർ ലോകം സ്വിച്ചോണാകുന്ന ഫോണിനെയും കാത്ത് ഇന്നും കാത്തിരിപ്പാണ്....

No comments