• MR Points: 0

മായിലാനും, പുന്നാടനും, തലയെടുപ്പുള്ള മൂരികൾ..!! അവരെ തൊഴുത്തിൽ കൊണ്ടുവന്നു കെട്ടി അവക്ക് കാടിയും വെള്ളവും കൊടുത്തു മാട്ട ഹാജ്യാരുടെ മുന്നിൽ തല ചൊറിഞ്ഞു നിന്നു. അരയിൽ കെട്ടിയ സിംഗപ്പൂർ ബെൽറ്റിനുള്ളിൽ നിന്നും ഹാജ്യാർ പച്ചനോട്ടുകൾ വലിച്ചെടുത്തു മാട്ടയുടെ കൈവെള്ളയിൽ വെച്ചു കൊടുത്തു. അതുമായി മാട്ട പാഞ്ഞു.

കോഴിമുട്ട തെച്ചിപ്പൂവ്, ഇത്യാദികളുമായി തൃസന്ധ്യ ക്ക് മാട്ട ഓടികയറി വന്നു!

ഹാജ്യാർ കോഴിമുട്ടയിൽ അറബി അക്ഷരങ്ങൾ വരച്ചു. എല്ലാം കൂടി മണ്കുടുക്കയിൽ ആക്കി വായ് ഭദ്രമായി മൂടി, മാട്ടയെ ഏല്പിച്ചു. മാട്ട അതുമായി ഓടി പാട വരമ്പത്തുകൂടെ.

തിരിഞ്ഞു നോക്കിക്കൂടാ! ഉരിയാടിക്കൂടാ!

"എങ്ങട്ടാ മാട്ടേ?", നാടിച്ചി യാണ്.

ചൂണ്ടു വിരൽ ചുണ്ടിനു കുറുകെ വെച്ചു മാട്ട.

ശൂ പ്..!! പിന്നെ നാടിച്ചിയെയും കടന്നു ഓടി..

ഒഴുകുന്ന തോട്ടിൽ ഇരുൾ വീഴുന്നു..

അയ്യോ..!!

പിന്നിൽ നാടിച്ചിയുടെ നിലവിളി. മാട്ടനിന്നു ,!

മാട്ട തിരിഞ്ഞു നോക്കി...!

"എന്തുപറ്റി ഏടത്ത്യെ..?", മാട്ട ഉരിയാടി..!!

വായ്മൂടിയ മണ്കുടം ഉരുണ്ടുരുണ്ട വീണു ചിതറി..!! നാടിച്ചി ഒരു പാമ്പിനെ കണ്ട തായിരുന്നു. മാട്ട തിരിഞ്ഞോടി ഹാജ്യാരുടെ കാൽക്കൽ വീണ് കരഞ്ഞു.!! ഹാജ്യാരുടെ അഴിച്ചെടുത്ത ബെൽറ്റു വായുവിൽ പുളഞ്ഞു! മാട്ടയുടെ എണ്ണക്കറുപ്പാർന്ന മേനിയിൽ സിന്ദൂരം പൊടിഞ്ഞു!

തൊഴുത്തിനു മുന്നിൽ കിടക്കുന്ന മാട്ടയെ മായിലാനും, പുന്നാടനും സദയം നോക്കി..!

ഒച്ച പുറത്തു വരാതിരിക്കാൻ പുല്ലൂട്ടിൽ നിന്നും വൈക്കോലെടുത്തു മാട്ട വായിൽ തുറ്റു..,

നെറ്റിയിയിൽ ചുട്ടി കുത്തിയ പുന്നാടന്റെ മിഴികളിൽ നിന്നും വെള്ളമൊഴുകി!

ഹാജ്യാരുടെ കൂടെ ഒരു നിഴലായി നിന്നു മാട്ട! മാട്ടയുടെ കുടിക്കു മുന്നിലെ വേലിക്കൽ ഹാജ്യാർ നോക്കി നിന്നു. മിന്നായം പോലെ കൊലായിലേക്കും, മുറ്റത്തേക്കും, കിണറ്റിൻ കരയിലേക്കും നടക്കുന്ന മാട്ടയുടെ പെണ്ണിനെ കണ്ണാലെ നുണഞ്ഞു.

മാട്ടയുടെ പെണ്ണ് സുന്ദരിയാണെന്ന് ഹാജ്യാർ ഇടക്കിടെ ഓർമിപ്പിച്ചു..!

മാട്ട പനിച്ചു വിറച്ചു കിടന്നു. മേലാസകലം മുത്തുകൾ പൊങ്ങി.!

തൃസന്ധ്യ, ഇരുൾ!, നാടിച്ചിയുടെ പിൻ വിളി, മാട്ട തിരിഞ്ഞു നോക്കി, മിണ്ടി.!!.കൂടോത്രം തിരിച്ചടിച്ചിരിക്കുന്നു..!

അവൻ ഞരങ്ങിയും, മൂളിയും കിടന്നു. മാട്ടയുടെ പെണ്ണ് ഹാജ്യാരുടെ വീട്ടിൽ അടുക്കള പ്പണിക്ക് പോയി തുടങ്ങി.

ഹാജ്യാർ വിധിയെഴുതി. ഹാജ്യാർ നാടു മുഴുവൻ പറഞ്ഞു നടന്നു. മാട്ട ആഭാസൻ,! മാട്ടും, മാരണവും ചെയ്യുന്നോൻ! നാടിച്ചിയെ ബലാത്കാരം ചെയ്യാൻ നോക്കിയോൻ..! അതിനു കിട്ടിയ ഫലം ആണ് ഇപ്പോൾ അനുഭവിക്കുന്നത്.

മാട്ടയുടെ ചാണകം മെഴുകിയ കോലായിൽ താമസിയാതെ വെളുത്തു തുടുത്ത കുഞ്ഞു മുട്ടിലിഴഞ്ഞു.

"ഈ മാട്ട തീയിൽ കുരുത്തതാണ്.. അത് ഒരു വസൂരിയിൽ കരിഞ്ഞുപോകില്ല..!!"

അവൻ തടുക്കിൽ കിടന്നു പിറുപിറുത്തു. മെല്ലെ മെല്ലെ മാട്ടയുടെ കണ്ണുകൾ തെളിച്ചം വെച്ചു. കറുത്ത ദേഹത്തിനുള്ളിൽ വെണ്ണ പോലത്തെ മാനസമുള്ള മാട്ട! മാസങ്ങൾക്കൊടുവിൽ മുഖത്തു മുഴുവൻ വസൂരി ക്കലകളുമായി ദീനക്കിടക്കയിൽ നിന്നെണീറ്റു മൂരിനിവർത്തി!

പിന്നെ ഉള്ളിലെ വെണ്ണ പോലത്തെ മനസ് പറിച്ചു, ചാളക്ക് മുന്നിലൂടൊഴുകുന്ന തോട്ടിൽ കളഞ്ഞു..!!റോട്ടുവക്കിൽ നിക്കുന്ന മൈൽ കുറ്റിയെടുത്തു മനസിന്റെ സ്ഥാനത്ത് നാട്ടി..! പിന്നെ കാലുകൾ വലിച്ചു വെച്ച് നടന്നു. പച്ച പെയിന്റടിച്ച മാളിക വീടിന്റെ മുറ്റത്തു ചവിട്ടി..

"മാപ്ലരെ, മാട്ട മുരണ്ടു..

തൊഴുത്തിൽ നിന്നും മൂരികൾ വിളികേട്ടു..!
മൈൽ കുറ്റി ഇളകി..!
മാട്ടതൊഴുത്തിലെ വെള്ളതൊട്ടികൾ ചാടിക്കടന്നു മായിലാനേയും,പുന്നാടനേയും കെട്ടിപ്പിടിച്ചു.. താട ചൊറിഞ്ഞു.. അവരുടെ രാഗവിലോലമായ കണ്ണുകളിൽ നിന്നും കുടുകൂടാ കണ്ണീരൊഴുകി..

മൈൽക്കുറ്റി വെണ്ണയാവുന്നു..!
പാടില്ല..!!

കൊപ്രയും അടക്കയും ഉണക്കാനിട്ട വലിയ മുറ്റത്തി ൻറെ നടുക്ക് നിന്ന് മാട്ട അലറി..!

മാപ്ലരെ...!

പൂമുഖത്തെ കഅബ കൊത്തിയ വാതിൽ തുറന്നു ഹാജ്യാർ കോലായിലേക്ക് വന്നു..`

മേനി നിറയെ മുത്തുകൾ വാരിയണിഞ്ഞു കൊണ്ട്..!

 

No comments