എങ്ങിനെ ജീവിക്കാനാണ്?
നിൻ്റെ ശ്വാസത്തിലൂടെ മാത്രമിങ്ങനെ ശ്വസിച്ച്ശ്വസിച്ച്....
ഏത് കൊടുംതണുപ്പിലും
ഞാൻ മാത്രമിങ്ങനെ ചുട്ടുപൊള്ളുന്നതെങ്ങിനെയാണ്?
എന്തൊക്കെ സന്നാഹങ്ങളാണ്...
ശീതീകരിച്ച ചില്ലുമുറികൾ,
ഓക്സിജൻ സിലിണ്ടറുകൾ,
ശരീരത്തിൽ ഘടിപ്പിച്ച
നൂറുകണക്കിന് കോഡുകൾ,
ഒരു ആശുപത്രി മുഴുവനും
എപ്പോഴും കൂടെയുണ്ട്...
ഓടിപ്പോകുന്ന ഓർമ്മകളെ
പിടിച്ചു കൊണ്ടുവരാൻ
ഒരു അസ്സൽ പാറാവുകാരനും!
എന്നിട്ടും സുഖപ്പെടുന്നില്ല
പൂക്കളെ കാണുമ്പോൾ
മൃതദേഹങ്ങളെ ഓർമ്മവരുന്നു
ഇലകളും ശിഖരങ്ങളുമല്ല
മുള്ളുകൾ മാത്രമാണ്
ചെടികളെന്നു തോന്നുന്നു
നനഞ്ഞ മണ്ണിൽനിന്ന്
വേദനയുടെ ആരവമുയരുന്നു
ആകാശത്ത് നട്ടുച്ചയ്ക്കും
കറുത്ത ചോരപടരുന്നു
എല്ലാ സുഗന്ധങ്ങളിലും
ഏതോ രൂക്ഷഗന്ധം കൂടിക്കലരുന്നു.
...........
...........
ഇല്ല, ഒരിക്കലുമിത് സുഖപ്പെടില്ല....
നിങ്ങൾക്കറിയാഞ്ഞിട്ടാണ്
പ്രണയം, ഒരു ജനിതകവൈകല്യമാണ്...!!