(Bindu Dinesh)
നിർത്താൻ കഴിയാത്തതുകൊണ്ടുമാത്രം
ഓടിച്ചുപോകുകയാണ് ഞാനിത്
മുന്നിലോടിച്ചു കയറുന്നവരുടെ പരിഹാസങ്ങൾ
വെട്ടിച്ചു കയറാൻ നോക്കുന്നവരുടെ ശകാരങ്ങൾ
എല്ലാമുണ്ട്
എങ്കിലും പിൻമാറാൻ വയ്യ...
ലൈസൻസുണ്ട്
ഗതാഗതനിയമങ്ങളുമറിയാം
എന്നിട്ടും
ഇതൊന്നുമറിയാത്ത ചിലർ
പൂ പോലെ ഓടിച്ചുപോകുന്നു..!!
അരുതാത്ത സ്ഥലങ്ങളിൽ
യുടേൺ എടുത്ത്,
ഒരു സിഗ്നലും ശ്രദ്ധിക്കാതെ,
വശമേതെന്നുപോലും നോക്കാതെ...
'ഏതെങ്കിലുമൊരു നിയമം
അല്പമൊന്നു തെറ്റിച്ചാലോ '
എന്നോർക്കുമ്പോഴേക്കും
തുറിച്ചു നോക്കാൻ തുടങ്ങും
ലോകം മുഴുവനുമെന്നെ...!
ബ്രേക്കിൽ പതുക്കെയൊന്നമർത്തി
വശത്തേക്ക് മാറി വിശ്രമിക്കാനാഞ്ഞാലോ
കൂകിയാർത്ത് കോക്രികാട്ടി പാഞ്ഞു പോകുന്നു
പിറകേ വന്നവർ
മടുത്തെനിക്ക്..!!
എന്നിട്ടും
ഞാനിതിട്ടിട്ട് പോകാത്തത്
'ആത്മഹത്യ ചെയ്തവൾ' എന്ന ദുഷ്പേര് കേൾക്കാതിരിക്കാനാണ്...