തെരഞ്ഞെടുപ്പോടെ തളർവാതം പിടിപെട്ട ദേശീയ പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനാണ് ഇങ്ങനെ ഒരു പദ്ധതി തുടങ്ങിവച്ചത്. തോൽവിയുടെ ഉത്തരവാദിത്തം തലയിലേറ്റേണ്ടിവന്ന പാർട്ടിയുടെ സൈബർ വിഭാഗം തന്നെയായിരുന്നു ഇതിനു പിന്നിലെ ബുദ്ധികേന്ദ്രം.
അസംഘടിതരും പാർട്ടി അനുഭാവികളുമായ അസംഖ്യം ന്യായീകരണ തൊഴിലാളികളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്നതായിരുന്നു പ്രധാന ലക്‌ഷ്യം. പാർട്ടിയിലെ വിവിധ ഗ്രൂപ്പുകൾക്കു വേണ്ടി, ഒരേ സമയം, പല ദിശകളിൽ തള്ളുന്നകാരണം, പാർട്ടിവണ്ടി സ്ഥിരം ചത്തു കിടക്കുന്നു എന്ന പരാതി പണ്ടേ ഉണ്ടായിരുന്നു. അങ്ങനെ ഒരു തണുത്ത പാതിരാവിൽ "ആൾ കേരള ന്യായീകരണ തൊഴിലാളി ഫെഡറേഷൻ" സമുചിതമായി രൂപം കൊണ്ടു.
ആരെന്തു കണ്ടുപിടിച്ചാലും അതു മനോഹരമായി കോപ്പിയടിച്ചു വിൽക്കുന്ന ചൈനയുടെ പോളിസി നമ്മുടെ നാട്ടിലും വ്യാപകമായി ഉണ്ടല്ലോ. അതുകൊണ്ടാണല്ലോ ചാക്കോച്ചൻ ഇറച്ചിക്കോഴി വില്പന തുടങ്ങിയാൽ അടുത്ത ദിവസം തന്നെ അയൽവാസി കുട്ടൻപിള്ളയും അതു തുടങ്ങുന്നത്! എന്ത് പറഞ്ഞാലും തള്ളിന്റെ കാര്യത്തിലും ഇതു തന്നെ സംഭവിച്ചു.
"ദേശീയ ന്യായീകരണ മഞ്ച്" മറ്റൊരു ദേശീയ പാർട്ടി തുടങ്ങിയത് ഇതുകൊണ്ടാണെന്നു നാട്ടുകാർ അടക്കം പറഞ്ഞു. ദേശീയതിയിലൂന്നിയ ഒന്നര തള്ളായിരുന്നല്ലോ അവർ ചെയ്തിരുന്നത്. തള്ളുമ്പോൾ പുറകോട്ടു തള്ളണം എന്നതായിരുന്നു 'ദേശീയ ന്യായീകരണ മഞ്ച്' അതിന്റെ പ്രവർത്തകർക്കായി മുന്നോട്ടു വച്ച നിർദ്ദേശം. തള്ളിത്തള്ളി എല്ലാം പൗരാണികതയിൽ എത്തിക്കാനായി അവർ ന്യായീകരണ തൊഴിലാളികൾക്കു കർശനമായ നിർദ്ദേശം നൽകി.
തങ്ങൾ ഒട്ടും കുറയരുത് എന്ന വാശിയോടെ 'തള്ളു തൊഴിലാളി ലീഗ്' അടുത്ത ദിവസം തന്നെ രൂപം കൊണ്ടു. തള്ളുമ്പോൾ ദൈവത്തെ കൂട്ടുപിടിച്ചു തള്ളണം എന്നവർ അണികളോടു പറഞ്ഞു. 'എന്താണെങ്കിലും മതം വിട്ടുള്ള തള്ളുവേണ്ടാ' എന്ന രഹസ്യ നിർദ്ദേശവും അണികൾക്കു ലഭിച്ചിരുന്നു.
തള്ളുന്നതിൽ തങ്ങൾ തന്നെ കേമന്മാർ എന്നറിയാമായിരുന്ന തൊഴിലാളിപ്പാർട്ടി കുറച്ചുകൂടി വിശാലമായ കാഴ്ചപ്പാടുള്ളവരായിരുന്നു. അങ്ങനെയാണ് "ഇന്റർനാഷണൽ തള്ളു വർക്കേഴ്സ് യൂണിയൻ" രൂപം കൊള്ളുന്നത്. പാർട്ടിക്കുവേണ്ടി തള്ളുന്നതോടൊപ്പം എതിരാളിയെ നിർദ്ദോഷമെന്നു തോന്നുന്നരീതിയിൽ 'ചെറുതാക്കാനും' അവർ പണ്ടേ മിടുക്കരായിരുന്നു. "കുട്ടൻപിള്ള ചേട്ടൻ അന്റാർട്ടിക്ക കണ്ടുപിടിച്ചെങ്കിലും അയാളൊരു പിന്തിരിപ്പനാണല്ലോ!" എന്ന ലൈനിൽ അവർ തള്ളിക്കൊണ്ടിരുന്നു. ഗൾഫിലും, യൂറോപ്പിലും, അമേരിക്കയിലും എത്തിയ പാർട്ടി വിശ്വാസികൾ പാർട്ടിക്കുവേണ്ടി നിരന്തരം ന്യായീകരിച്ചുകൊണ്ടിരുന്നു.
ഇതിനിടയ്ക്ക് "രാഷ്ട്രീയ ന്യായീകരണ തൊഴിലാളി സഖ്യ" വും, "കേരളാ തള്ളു തൊഴിലാളി കോൺഗ്രസും", "സ്വതന്ത്ര തള്ളു യൂണിയനും" നനഞ്ഞ പടക്കം പോലെ ആരുമറിയാതെ ചീറ്റിപ്പോയി.
തള്ളു തൊഴിലാളികൾ ചായക്കടയും, കലിങ്കും വിട്ടു സൈബർ തട്ടകത്തിൽ ചേക്കേറിയപ്പോൾ അവർക്കായി ട്രേഡ് യൂണിയനുകൾ ഉണ്ടാകുമെന്നു സ്വപ്നേപി ആരും കരുതിയില്ല. "തൊലിയുടെ നിറം പലതാണെങ്കിലും രക്തത്തിന്റെ നിറം ഒന്നാണല്ലോ ചേട്ടാ" എന്നു പറഞ്ഞപോലെ, എല്ലാ ന്യായീകരണ തൊഴിലാളികളുടെയും തനിനിറം ഒന്നായിരുന്നു. പ്രഗത്ഭരായ എല്ലാ തള്ളൽ വിദഗ്ദ്ധരും കടുത്ത അന്ധവിശ്വാസികളായിരുന്നു. "ഇപ്പോൾ അർദ്ധരാത്രിയാണെന്നു" സ്വന്തം നേതാവു പറഞ്ഞാൽ, ഏതു നട്ടുച്ചയെയും അവർ ന്യായികരിച്ചു ഇരുട്ടാക്കും. സ്വന്തം നേതാവ് പെണ്ണുകേസിൽ കുടുങ്ങിയാൽ പിന്നെ 'പൊടിപോലുമില്ല കണ്ടുപിടിക്കാൻ' എന്ന പരസ്യ വാചകം പോലെ ഈ ജീവികൾ അപ്രത്യക്ഷമാകും. എങ്കിലും ചില വിളഞ്ഞ വിത്തുകൾ ഇങ്ങനെ തള്ളും, "ഞങ്ങടെ നേതാവ് (ചെറ്റ) പൊക്കിയെങ്കിൽ, നിങ്ങളെ നേതാവും പൊക്കിയിട്ടില്ലേ? ഞങ്ങൾ മനുഷ്യരെ വെട്ടിക്കൊന്നെങ്കിൽ നിങ്ങളും മനുഷ്യരെ കൊന്നിട്ടില്ലേ?"
കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെകിലും ഒരേസമയം വിവിധ തലങ്ങളിൽ തള്ളുന്നതിൽ പലരും പ്രാഗൽഭ്യം നേടിയിരുന്നു. സ്വന്തം പാർട്ടിക്കുവേണ്ടി തള്ളുമ്പോൾത്തന്നെ അവർ സ്വന്തം മതത്തിനും, സ്വന്തം ജാതിക്കും, സ്വന്തം പ്രവർത്തന മണ്ഡലത്തിനുവേണ്ടിയും തള്ളിക്കൊണ്ടിരുന്നു.
തള്ളു മേഖലയിലും പുരുഷാധിപത്യമാണു കൊടികുത്തിവാഴുന്നത് എന്നത് ഒരു നഗ്ന സത്യമാണ്. പെൺതള്ളൽ പൊതുവെ വളരെ കുറവാണ്. അഥവാ തള്ളിയാൽ തന്നെ, ആ തള്ളലുകൾ, ജെണ്ടർ (gender) മുന വച്ചുളള ഒരു തിരിച്ചു തള്ളലിൽ പൊടിഞ്ഞു തീരുകയും ചെയ്യും.
ഒരുകാര്യം ഉറപ്പാണ്. നിരന്തരം തള്ളുന്നവർക്കു മാത്രമേ വലിയ തള്ളുകാരാകാൻ കഴിയു. വ്യക്തമായ ലക്ഷ്യവും, സ്ഥിരോത്സാഹവും ഇക്കാര്യത്തിൽ അത്യന്താപേക്ഷിതമാണ്. ന്യായീകരിച്ചു ന്യായീകരിച്ചു ചോദ്യചിഹ്നം പോലെ വളഞ്ഞുപോയ ചേക്കുട്ടിയെ സ്മരിച്ചികൊണ്ടു, ഈ തള്ളു ഞാൻ ഇവിടെ ഉപസംഹരിക്കുന്നു.
എല്ലാർക്കും 'തള്ളു'വാദ്യങ്ങൾ!