കഥയിൽ അവഗണിക്കപ്പെടാൻ കഴിയാത്ത ഒരു ഘടകമാണ് 'കാലം'. എഴുതപ്പെടുന്ന കഥകളിൽ വലിയ ശതമാനവും ഭൂതകാല സംഭവങ്ങളുടെ പരമ്പരയായി അവതരിപ്പിക്കപ്പെടുന്നു.

അതിൽത്തന്നെ മുന്നിലേക്കും പിന്നിലേക്കും പലവട്ടം പോകുക എന്നതും സ്വാഭാവികമാണ്. അങ്ങനെ ചെയ്യുമ്പോളെല്ലാം, ഓരോ സംഭവവും, ഏതാണ് ആദ്യം സംഭവിച്ചത്, ഏതാണ് പിന്നീടു സംഭവിച്ചത് എന്നുള്ള കൃത്യമായ ബോധം രചയിതാവിനുണ്ടായിരിക്കണം. അതു കൃത്യമായി രേഖപ്പെടുത്തുവാനുള്ള ഭാഷാ നിപുണതയും രചയിതാവിനുണ്ടായിരിക്കണം. ചുരുക്കിപ്പറഞ്ഞാൽ ഭാവനയുടെ കുതിരപ്പുറത്തുകേറി കാലത്തിലൂടെ എവിടെ വേണമെങ്കിലും എത്ര തവണ വേണമെങ്കിലും രചയിതാവിനു പോകാം. പക്ഷെ കുതിരയുടെ കടിഞ്ഞാൺ കൈകളിൽ ഉണ്ടായിരിക്കണം.

എഴുത്തിന്റെ തുടക്കത്തിൽ പലരും കടിഞ്ഞാണില്ലാതെയാണ് കുതിര സവാരി ചെയ്യുന്നത്. എഴുത്തിന്റെ മുൻ നിരയിൽ എത്തണമെങ്കിൽ, ഭാവന മാത്രം പോരാ. അതു കൃത്യമായി രേഖപ്പെടുത്താനുള്ള ഭാഷാ നൈപുണ്യം അത്യാവശ്യമാണ്.